ഒരു സാമൂഹിക റേഡിയോ മുന്നേറ്റ ഗാഥ

ഒരു സാമൂഹിക റേഡിയോ മുന്നേറ്റ ഗാഥ

വയനാട്ടിലെ മുഴുവന്‍ ജനത്തിനും, പ്രത്യേകിച്ച് പാര്‍ശ്വവത്കൃതരായ കാര്‍ഷികജനങ്ങള്‍ക്കും ആദിവാസി ഗോത്രജനതയ്ക്കും വലിയ ഉണര്‍വ്വും ഉത്തേജനവുമാണ് മാറ്റൊലി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്ന സമയത്താണ് ഒരു പുത്തന്‍ കാര്‍ഷിക സംസ്കൃതി തന്നെ റേഡിയോ മാറ്റൊലി അവതരിപ്പിച്ചത്. മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍, വയനാടന്‍ കാര്‍ഷിക മുന്നേറ്റങ്ങളില്‍ പ്രചോദനപരമായി നില്‍ക്കുന്ന അത്ഭുത പ്രതിഭകളെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു മാറ്റൊലി. ഇങ്ങനെയും ചിലരുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍, അതുവഴി കര്‍ഷകര്‍ക്ക് പ്രോത്സാഹനവും കരുത്തും പകരാന്‍. ആദിവാസി ഗോത്രജനതയെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരുക എന്നത് മാറ്റൊലിയുടെ ലക്ഷ്യമായിരുന്നു.

വയനാടന്‍ ജനതയുടെ നീതിക്കുവേണ്ടിയുള്ള വിലാപങ്ങളും സഹായത്തിന് വേണ്ടിയുള്ള കരച്ചിലുകളും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥനകളും പലപ്പോഴും കേള്‍ക്കേണ്ടവര്‍ കേള്‍ക്കാറില്ല. ഇവ സര്‍വ്വരേയും, പ്രത്യേകിച്ച് സര്‍ക്കാരിനെയും സര്‍ക്കാര്‍ സംരംഭങ്ങളെയും സര്‍ക്കാരിതര സംഘടനകളെയും കേള്‍പ്പിക്കാനുള്ള ഒരു മാധ്യമമാണിത്. വികസന പാക്കേജുകളുടെ അപര്യാപ്തതയെക്കാള്‍ വികസനമാധ്യമ ഇടപെടലുകളുടെ വിടവാണ് വയനാടിന്‍റെ വികസനസ്വപ്നങ്ങള്‍ക്ക് എന്നും വിഘാതമായി നില്‍ക്കുന്നത്. ഈ തിരിച്ചറിവിലൂന്നിയാണ് മാറ്റൊലി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിനുളള വികസനാത്മകവും വിമോചനാധിഷ്ഠിതവുമായ ധര്‍മ്മമാണ് മാറ്റൊലി നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കുന്നതിനൊപ്പം കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം തുടങ്ങി സമസ്ത മേഖലകള്‍ക്കും മാറ്റൊലിയില്‍ പ്രത്യേകയിടമുണ്ട്. നല്ല മാനുഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കര്‍ഷകര്‍, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ഉദ്യോഗാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഇവരുടെയെല്ലാം ആഗ്രഹങ്ങളുടെയും, ഉത്കണ്ഠകളുടെയും, സ്വപ്നങ്ങളുടെയും സ്വരാവിഷ്കാരമാണ് മാറ്റൊലിതരംഗങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ നിലയുറപ്പിച്ച് കാലിക പ്രസക്തിയുള്ള ശബ്ദാവതരണത്തിലൂടെ ശ്രോതാക്കളില്‍ ദേശസ്നേഹവും പൗരധര്‍മ്മബോധവും വളര്‍ത്താനും മതേതരത്വത്തിനും ഭാരതീയ സങ്കല്‍പം ഉയര്‍ത്തിപിടിക്കാനും മാറ്റൊലി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

സാമൂഹിക റേഡിയോ എന്ന മാധ്യമം, വിജ്ഞാന വിനിമയ ഉപാധി എന്നതിനേക്കാള്‍ ഒരു സമാന്തര മാധ്യമ മുന്നേറ്റമാണ്. ആകാശവാണിയില്‍ നിന്നും മറ്റ് എഫ്.എം. റേഡിയോകളില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്വമാണ് സാമൂഹിക റേഡിയോയ്ക്കുള്ളത്. ജനങ്ങളുടെ റേഡിയോ, ജനങ്ങളാല്‍ നടത്തപ്പെടുന്ന റേഡിയോ, പൊതുസമൂഹത്തെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചയുളള റേഡിയോ, ജനങ്ങളുടെ ഹൃദയവിചാരങ്ങള്‍ കൃത്യമായി മനസ്സിലാക്കി അവ തിരികെ നല്‍കാന്‍ അക്ഷീണം പ്രയത്നിക്കുന്ന റേഡിയോ, ഇതാണ് സാമൂഹിക റേഡിയോ മാറ്റൊലി.

വനിതാ മാറ്റൊലി
വയനാടിന്‍റെ ശബ്ദമായി മാറിയ മാറ്റൊലി, വനിതകള്‍ക്കു ഏറെ ഉപകാരപ്രദമായ നിരവധി പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് മാറ്റൊലി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് വനിതാ മാറ്റൊലി. ഈ ഒരു ശീര്‍ഷകത്തിന്‍റെ ഉള്ളില്‍ നിരവധി കാര്യങ്ങള്‍ ആണ് റേഡിയോ മാറ്റൊലി കൈകാര്യം ചെയ്യുന്നത്. സ്ത്രീകളുടേയും കുട്ടികളുടെയും ആരോഗ്യം, അടുക്കള വിശേഷം, പെണ്‍കരുത്തിന്‍റെ കൈയൊപ്പുകള്‍, സ്ത്രീ സൗഹൃദ വാര്‍ത്തകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് പെണ്‍ചക്രത്തെ കൃത്യമായി രേഖപ്പെടുത്തുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകളും റേഡിയോയുടെ ഒരു ഭാഗം തന്നെ ആകുന്നു.

ആരോഗ്യജാലകം തുറന്നിട്ട് മാറ്റൊലി
ആരോഗ്യമേഖലയിലെ അറിവുകളോരോന്നും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് മാറ്റൊലി. ശാരീരിക-മാനസികാരോഗ്യമുളള വ്യക്തികളാണ് സമൂഹത്തിന്‍റെ മുതല്‍ക്കൂട്ടെന്ന തിരിച്ചറിവില്‍ ഇതിനുതകുന്ന പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. വകുപ്പിന്‍റെ പദ്ധതികള്‍, ആതുരരംഗത്തെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍, രോഗാവസ്ഥകളും അവയ്ക്കുളള പ്രതിവിധികളുമെല്ലാം ഒരു മാലയുടെ ഇഴതെറ്റാത്ത കണ്ണികള്‍ പോലെ ശ്രോതാക്കളിലേക്ക് എത്തുന്നു. വിവിധ സര്‍ക്കാരുകള്‍ ആരോഗ്യരംഗത്ത് നടപ്പാക്കുന്ന പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കിയും ഈ രംഗത്ത് വേറിട്ട വഴി വെട്ടിതെളിക്കുന്നു. ഡോക്ടര്‍മാരുമായുളള അഭിമുഖങ്ങളിലൂടെ മാത്രമല്ല, അവര്‍ പങ്കെടുക്കുന്ന തത്സമയ ഫോണ്‍ ഇന്‍ പരിപാടികളിലൂടേയും ആരോഗ്യ രംഗത്തെ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ യഥാസമയം അറിയുന്നുണ്ട്.

കലാ കായിക സാഹിത്യരംഗം
റേഡിയോ മാറ്റൊലി കലാകായികരംഗത്ത് കഴിഞ്ഞ പത്തു വര്‍ഷക്കാലം സാധാരണക്കാരന്‍റെ വേദിയായി മാറുകയായിരുന്നു. ഇവിടെ റേഡിയോയുടെ നിലവാരത്തിനുമപ്പുറം സാധാരണക്കാരന്‍റെ അവസരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. 'അരങ്ങ്' എന്ന പേരില്‍ കലാരംഗത്തെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് റേഡിയോ തുറന്നിട്ടത്. കലയുടേയും സാഹിത്യത്തിന്‍റേയും സര്‍ഗ്ഗവേദിയായിക്കഴിഞ്ഞു ഇപ്പോള്‍ ഈ പ്രോഗ്രാം. ആദിവാസി സമൂഹത്തിന്‍റെ തനതുകലകള്‍, നാടന്‍പാട്ടുകള്‍, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കഥകളും, പാട്ടുകളും ആചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാരൂപങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നത്.

ജനങ്ങള്‍ക്കൊപ്പം
വയനാടന്‍ ജനതയ്ക്കായി ആരംഭിച്ച റേഡിയോ മാറ്റൊലി ഇന്ന് വിദേശമണ്ണിലെ ശ്രോതാക്കളുടെ വരെ പ്രിയപ്പെട്ട ശ്രാവ്യമാധ്യമമായി മാറിയിട്ടുണ്ടെങ്കില്‍ അത് പരിപാടികളുടെ വൈവിധ്യം ഒന്നുകൊണ്ടു മാത്രമാണ്. കര്‍ഷകര്‍ക്കും ആദിവാസി വിഭാഗത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്ന് വേണ്ട ഏത് വിഭാഗക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാനാവുന്ന പരിപാടികളാണ് മാറ്റൊലിയുടെ മുഖ മുദ്ര. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം നിന്ന് ജനോപകാരപ്രദമായ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് യഥാസമയം എത്തിച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് മാറ്റൊലി നടത്തുന്നത്. അഭിമുഖങ്ങള്‍, തത്സമയ ഫോണ്‍ ഇന്‍ പരിപാടികള്‍, ക്യാംപെയ്നുകള്‍ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഇതിനായി പ്രക്ഷേപണം ചെയ്യുന്നത്.

ജില്ലയിലെ 23 പഞ്ചായത്തുകളുടേയും പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍സാക്ഷ്യമായിരുന്നു 'സര്‍വോദയ സദസ്സ്' എന്ന പരിപാടി. പഞ്ചായത്തുകളുടെ ഓരോ ഇടനാഴിയിലൂടേയും സഞ്ചരിച്ച് വികസനത്തിന്‍റെ സത്യസന്ധമായ ചിത്രമാണ് വാക്കുകളിലൂടെ ശ്രോതാക്കളിലേക്ക് എത്തിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന്‍റെ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ വിജയത്തിനായി മാറ്റൊലി നിലക്കൊണ്ടത് ഈ വിഭാഗത്തിന്‍റെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയാണ്. ഇതിനായി ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രത്യേക പാഠ്യ ക്രമം തന്നെ തയ്യാറാക്കി പ്രക്ഷേപണം ചെയ്തു. പഠിതാക്കള്‍ക്കൊപ്പം നിന്ന് അവരിലൊരാളായി മാറി. ജില്ലാ എക്സൈസ് വകുപ്പിനൊപ്പം ചേര്‍ന്ന് ലഹരി വിമുക്ത വയനാട് എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള തീവ്രശ്രമവും റേഡിയോ മാറ്റൊലി നടപ്പാക്കി വരുന്നു. പത്താംവര്‍ഷത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മറ്റൊരു പരിപാടി കൂടി ആവിഷ്കരിച്ചിരിക്കുന്നു. 'ജനങ്ങള്‍ക്കൊപ്പം' എന്ന പരിപാടി വിവിധ വകുപ്പുകള്‍ മുന്നോട്ടു വയ്ക്കുന്ന പദ്ധതികളുടെ ഒരു നേര്‍ച്ചിത്രമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ ഇത്തരം പരിപാടികള്‍ക്കൊപ്പമാണ് വകുപ്പു മേധാവികള്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങളും മാറ്റൊലി യഥാസമയം പ്രക്ഷേപണം ചെയ്യുന്നത്.

ഒത്തൊരുമയുടെ സംഘഗാഥ
നമ്മളൊന്നായ് നന്മയുള്ള നാടിനായ് എന്ന ആപ്തവാക്യവുമായി വയനാടിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ റേഡിയോ മാറ്റൊലിയുടെ ശ്രോതാക്കള്‍ ഒത്തുകൂടി രൂപീകരിക്കുന്ന കൂട്ടായ്മയാണ് മാറ്റൊലിക്കൂട്ടങ്ങള്‍. ധാര്‍മ്മിക, രാഷ്ട്രീയ, കുടുംബ, തൊഴില്‍ തുടങ്ങിയ സമസ്ത തലങ്ങളിലും സംതൃപ്തമായ ജീവിതത്തിനുള്ള ഉപകാരപ്രദമായ അറിവുകളും വിവരങ്ങളും റേഡിയോ മാറ്റൊലിയിലൂടെ ശ്രവിക്കുന്ന ഒരു ദേശത്തെ ജനങ്ങള്‍ ഒത്തുകൂടി നാടിനും നന്മയ്ക്കും വയനാടിന്‍റെ സമഗ്രവികസനത്തിനും മാനവപുരോഗതിക്കും വേണ്ടി ഒരു സമൂഹമായി ഉത്തരോത്തരം രൂപപ്പെടുക എന്നതാണ് മാറ്റൊലിക്കൂ ട്ടം ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും, പ്രത്യേകിച്ച് പാര്‍ശ്വവത്കൃതവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായി തങ്ങളെതന്നെ ആവിഷ്കരിക്കുവാനുമുള്ള സാധ്യതയാണ്

മാറ്റൊലിക്കൂട്ടങ്ങള്‍.

നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരാണ് മാറ്റൊലിയുടെ മുതല്‍ക്കൂട്ട്. വിദ്യാര്‍ത്ഥികള്‍ മുതല്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ വരെ മാറ്റൊലിയുടെ ഭാഗമാണ്. ഇവരില്‍ പലരും മുഴുവന്‍ സമയ പ്രവര്‍ത്തകരായി നിഴല്‍ പോലെയുള്ളത് മാറ്റൊലിയുടെ മാത്രം പ്രത്യേകത. തികച്ചും സൗജന്യമായി നല്‍കുന്ന വിദഗ്ധ മാധ്യമ പരിശീലനവും ഇന്‍റേണ്‍ഷിപ്പ് പരിപാടികളും വിദ്യാര്‍ത്ഥികളെ മാറ്റൊലിയിലേക്ക് ആകര്‍ഷിക്കുന്നു. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനവിഷയമായി മാറ്റൊലിയെ തെരഞ്ഞെടുക്കുന്നതും സാമൂഹിക റേഡിയോകളില്‍ മാറ്റൊലിയെ വ്യത്യസ്തമാക്കുന്നു. രണ്ടര ലക്ഷത്തിലധികം ശ്രോതാക്കളും നൂറ്റി ഇരുപതിലധികം സന്നദ്ധ പ്രവര്‍ത്തകരും ഇരുപത് സ്റ്റാഫുമായി പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ച മാറ്റൊലിക്ക് ഇനിയും ഒരുപാട് നല്‍കാനുണ്ട് ശ്രോതാക്കള്‍ക്കും ഈ സമൂഹത്തിനും. വയനാടന്‍ മണ്ണില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ മാറ്റൊലിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അത് പ്രക്ഷേപണത്തിന്‍റെ വൈവിധ്യം കൊണ്ട് മാത്രമാണ്. അകത്തളങ്ങളില്‍ ഇരുന്ന് തയ്യാറാക്കുന്ന യാന്ത്രിക പരിപാടികള്‍ കൊണ്ടല്ല, മറിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് തയ്യാറാക്കിയ പരിപാടികള്‍ കൊണ്ടാണ് മാറ്റൊലി വയനാടിന്‍റെ ഹൃദയസ്പന്ദനമായി മാറിയത്. ജനങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളിലേക്ക് നേരോടെയും അവര്‍ മുന്നോട്ടു വെയ്ക്കുന്ന സേവനം വളച്ചൊടിക്കാതെ ജനങ്ങളിലേക്കും എത്തിച്ച് വേറിട്ടൊരു മാധ്യമ സംസ്കാരത്തിന്‍റെ ഉദാത്ത മാതൃക തീര്‍ക്കുന്നു റേഡിയോ മാറ്റൊലി.

റേഡിയോ മാറ്റൊലി 90.4 FM
Mob : 94460 34422
E-mail: radiomattoli@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org