റാഹാബ്

റാഹാബ്

ബൈബിൾ വനിതകൾ – 5

ജെസ്സി മരിയ

സുവിശേഷം കാണിച്ചുതരുന്ന ആദ്യഗണിക. സാധാരണ ഗണിക സ്ത്രീകളെ ആരും പേരുചൊല്ലി വിളിക്കാറില്ല. അവര്‍ക്ക് പൊതുവേ ഒരു പേരേയുള്ളൂ; വേശ്യ. പക്ഷേ, സുവിശേഷം പേരുവിളിച്ച് റാഹാബിനെ ആദരിക്കുന്നു. ഒരാളുടെ പേരു വിളിക്കുന്നത് അയാളോടുള്ള ആദരവുകൂടിയാണ്. പ്രത്യേകിച്ചു പേരില്ലാത്ത പലതരത്തിലുള്ള തൊഴിലാളികള്‍ (പേപ്പറുകാരന്‍, പാല്ക്കാരന്‍, തേപ്പുകാരന്‍, തയ്യല്‍ക്കാരന്‍, മീന്‍കാരന്‍, ബംഗാളി, നേപ്പാളി, ഹിന്ദിക്കാരന്‍, തമിഴന്‍… അങ്ങനെ പലതും) നമുക്കുചുറ്റും ഉള്ളപ്പോള്‍ പല സ്ത്രീകളും ഗണികവൃത്തിയിലേക്കു ചാഞ്ഞുപോകുന്നതു ജീവിതത്തിന്‍റെ ഭാരങ്ങളും കഷ്ടപ്പാടുകളുംകൊണ്ടായിരിക്കാം. അവരെ ന്യായീകരിക്കുകയല്ല; പലപ്പോഴും അതായിരിക്കാം കാരണം. ഇവരില്‍ പലരും ശരീരം മലിനമാക്കപ്പെട്ടവരെങ്കിലും മനസ്സില്‍ നന്മയുള്ളവരാണ്. റാഹാബ് ഇത്തരത്തിലുള്ള ഒരു സ്ത്രീയാണ്; ഗണികയെങ്കിലും ഹൃദയത്തില്‍ നന്മയും ദൈവഭയവുമുള്ളവള്‍.

ജെറീക്കോ പട്ടണം ഉറ്റുനോക്കാന്‍ വന്ന ജോഷ്വായുടെ ചാരന്മാര്‍ അവളുടെ വീട്ടിലാണു താമസിച്ചത്. അവര്‍ അവിടെയുണ്ടെന്നു ജെറീക്കോ രാജാവ് അറിഞ്ഞപ്പോള്‍ അവന്‍ റാഹാബിന്‍റെയടുത്ത് ആളയച്ച് അവരെ വിട്ടുകൊടുക്കാന്‍ പറയുന്നുണ്ട്. എന്നാല്‍ അവള്‍ അവരെ തന്ത്രപരമായി ഒളിപ്പിക്കുന്നു. ഇത് അവളുടെ ജീവന്‍വച്ചുള്ള കളിയാണ്. പക്ഷേ, ധൈര്യവും ദൈവഭയവുമുള്ള സ്ത്രീയായിരുന്നതിനാല്‍ റാഹാബ് ഭയപ്പെടുന്നില്ല. അതു മാത്രമല്ല ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു തന്നെയാണ് ഏകദൈവമെന്ന് അവള്‍ തിരിച്ചറിയുന്നുമുണ്ട്. ഇതൊക്കെതന്നെയാണല്ലോ ക്രിസ്തുവും പറഞ്ഞത് – ചുങ്കക്കാരും വേശ്യകളുമായിരിക്കും ആദ്യം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക എന്ന്. രാജാവിന്‍റെ ദൂതന്‍പോയ ശേഷം റാഹാബ് ജോഷ്വായുടെ ചാരന്മാരെ ജനലില്‍ക്കൂടി കയറുകെട്ടി കോട്ടയുടെ പുറത്തേയ്ക്ക് ഇറക്കിവിടുന്നു; ഒരു സിനിമയിലെ ദൃശ്യങ്ങള്‍പോലെ… ജെറീക്കോ പട്ടണം ജോഷ്വായുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയപ്പോള്‍ റാഹാബിന്‍റെ സഹായംകൂടി ഉണ്ടായിരുന്നുവെന്നതു നിഷേധിക്കാനാവാത്ത സത്യമാണ്.

റാഹാബ് ധൈര്യവും സ്ഥൈര്യവും ബുദ്ധികൂര്‍മതയുമുള്ള സ്ത്രീ. സുവിശേഷം ഗണികകള്‍ക്കും സവിശേഷമായ സ്ഥാനം കൊടുത്തിരുന്നുവെന്നതിന്‍റെ ഉത്തമോദാഹരണമാണു റാഹാബ്. ഇസ്രായേല്‍ ജെറീക്കോ പിടിച്ചെടുത്തപ്പോള്‍ അവളെയും കുടുംബത്തെയും സംരക്ഷിക്കുന്നുണ്ട്. പിന്നീടവള്‍ ഇസ്രായേലിലായിരുന്നു താമസിച്ചത്. ദാവീദ്രാജാവിന്‍റെ പിതാമഹനായ ബോപാസിന്‍റെ അമ്മയായിരുന്നു റാഹാബ് എന്നു പറയപ്പെടുന്നുണ്ട്. ഒരിക്കല്‍ക്കൂടി അടിവരിയിട്ടു പറയുന്നു, നന്മനിറഞ്ഞ മനസ്സും ആത്മാര്‍ത്ഥതയും ധൈര്യവും ബുദ്ധിയും സൗന്ദര്യവും എല്ലാറ്റിലുമുപരി ദൈവഭക്തിയും തികഞ്ഞ ഒരു സ്ത്രീയായിരുന്നു റാഹാബ്. വേശ്യയായിരുന്നിട്ടും ചരിത്രത്താളുകളില്‍, ബൈബിളില്‍ അവളുടെ പേര് പ്രശംസാവഹമായ രീതിയിലാണ് എഴുതപ്പെട്ടത്. ആരും ഗണികകളായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ ആക്കിത്തീര്‍ക്കുന്നതാകാം. ക്രിസ്തുവും ഗണികകളെ സ്നേഹിച്ചാദരിച്ചിരുന്നില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org