റാഹേൽ

റാഹേൽ

ബൈബിൾ വനിതകൾ

ജെസ്സി മരിയ

"പ്രണയം മരണത്തേക്കാള്‍ ശക്തമാണ്. ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെ കെടുത്താനാവില്ല" – ബൈബിളിലെ ആദ്യത്തെ പ്രണയവിവാഹം യാക്കോബിന്‍റെയും റാഹേലിന്‍റെയുമായിരുന്നു. പക്ഷേ, ആ പ്രണയത്തിനു യാക്കോബ് വലിയ വില കൊടുക്കേണ്ടി വന്നു. തന്‍റെ പ്രണയിനിക്കുവേണ്ടി നീണ്ട 14 വര്‍ഷങ്ങളാണ് അയാള്‍ തന്‍റെ അമ്മായിയപ്പന്‍റെ കീഴില്‍ ജോലി ചെയ്തത്. ഉത്പത്തി 29:20-ല്‍ പറയുന്നു. "അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളൂ" – റാഹേല്‍ ഭാഗ്യവതിയാണ്; വളരെ ഭാഗ്യവതിയാണ്.

യാക്കോബ് റാഹേലിനെ അതിരറ്റു സ്നേഹിച്ചിരുന്നു. പക്ഷേ, അവനൊരു കുഞ്ഞിനെ കൊടുക്കാന്‍ അവള്‍ക്കു സാധിച്ചില്ല. തന്‍റെ സഹോദരിയും യാക്കോബിന്‍റെ ആദ്യഭാര്യയുമായ ലെയാ അവനു മക്കളെ കൊടുത്തപ്പോള്‍ റാഹേലിനു തന്‍റെ സഹോദരിയോടു സ്വാഭാവികമായ അസൂയ തോന്നുകയും അവള്‍ യാക്കോബിനോടു തന്‍റെ ദാസിയായ ബിന്‍ഹായെ പ്രാപിച്ചു തനിക്കുവേണ്ടി മക്കളെ തരാന്‍ പറയുന്നുമുണ്ട്. യാക്കോബ് റാഹേലിനുവേണ്ടി ദാസിയെ പ്രാപിക്കുകയും അവള്‍ക്കു മക്കളെ നല്കുകയും ചെയ്യുന്നു. കാലം കടന്നുപോകവേ ലെയാ യാക്കോബിന് ആറ് ആണ്‍മക്കളെയും ഒരു മകളെയും കൊടുത്തു. അപ്പോള്‍ ദൈവം റാഹേലിനെ ഓര്‍ത്തു. അവള്‍ വന്ധ്യത മാറി ഗര്‍ഭം ധരിക്കുകയും ജോസഫിനെ പ്രസവിക്കുകയും ചെയ്തു. ജോസഫിന്‍റെ ജനനത്തിനുശേഷം യാക്കോബ് തന്‍റെ ഭാര്യമാരെയും മക്കളെയുംകൊണ്ടു സ്വദേശത്തേയ്ക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അമ്മായിയപ്പനായ ലാബാന്‍ സമ്മതിക്കുന്നില്ല. അയാള്‍ക്കറിയാം തന്‍റെ എല്ലാ സമൃദ്ധിയുടെയും പിന്നില്‍ യാക്കോബാണെന്ന്. അവസാനം യാക്കോബ് തന്‍റെ ഭാര്യമാരെയും മക്കളെയും ആടുമാടുകളെയും കൊണ്ട് ഒളിച്ചോടുന്നു. ഈ ഓട്ടത്തിനിടയില്‍ റാഹേല്‍ തന്‍റെ പിതാവിന്‍റെ കുലവിഗ്രഹങ്ങള്‍ കട്ടെടുക്കുന്നു. അവള്‍ക്കറിയാം തന്‍റെ ഭര്‍ത്താവ് തന്‍റെ അപ്പനുവേണ്ടി വര്‍ഷങ്ങളോളം എല്ലുമുറിയെ പണിയെടുത്തതും അപ്പന്‍ അയാളെ പറ്റിച്ചതുമെല്ലാം. അതുകൊണ്ടാണ് അവള്‍ വിലപിടിപ്പുളള ആ വിഗ്രഹങ്ങള്‍ എടുത്തത്. യാത്രയ്ക്കിടെ ലാബാന്‍ യാക്കോബിനെ പിന്തുടര്‍ന്നുചെന്നു വിഗ്രഹങ്ങള്‍ എന്തിനു മോഷ്ടിച്ചുവെന്നു ചോദിച്ചപ്പോള്‍ ഇതൊന്നുമറിയാതിരുന്ന യാക്കോബ് രോഷാകുലനാകുന്നുണ്ട്. അവിടെയും റാഹേല്‍ വളരെ ബുദ്ധിപരമായി പെരുമാറി. റാഹേല്‍ അതീവസുന്ദരിയായിരുന്നു. അഴകും ആരോഗ്യവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ സ്ത്രീയായിരുന്നു. തന്‍റെ രണ്ടാമത്തെ മകനെ പ്രസവിച്ച ഉടനെ റാഹേല്‍ മരിച്ചു. തന്‍റെ കുഞ്ഞിനെ ബനോനി (എന്‍റെ ദുഃഖത്തിന്‍റെ പുത്രന്‍) എന്നു പേരുവിളിച്ചാണ് അവള്‍ മരിച്ചത്. എന്നാല്‍ യാക്കോബ് അവനെ ബെഞ്ചമിന്‍ എന്നാണു വിളിച്ചത്.

ഇസ്രായേലിന്‍റെ രണ്ടു മക്കളുടെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച റാഹേല്‍ എന്നും ഓര്‍മിക്കപ്പെടേണ്ടവള്‍ തന്നെയാണ്. പ്രത്യേകിച്ചു പൂര്‍വ ജോസഫിനു ജന്മം കൊടുത്ത ധന്യയായ അമ്മ എന്ന നിലയില്‍ അവളുടെ പേരു തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org