ഉണര്‍ന്നിരിക്കുന്നുണ്ട്, രാഷ്ട്രീയ ബോധമുള്ള ഒരു യുവസമൂഹം

ഉണര്‍ന്നിരിക്കുന്നുണ്ട്, രാഷ്ട്രീയ ബോധമുള്ള ഒരു യുവസമൂഹം
Published on

സെമിച്ചന്‍ ജോസഫ്
(എച്ച് ആര്‍ ട്രെയിനറും സോഷ്യല്‍ വര്‍ക് ഗവേഷകനുമാണ് ലേഖകന്‍)

"തെരുവിലുറങ്ങുന്ന ഒന്നരക്കോടി ഇന്ത്യക്കാരെ കാണാത്ത, പശുവിന്‍റെയും അലങ്കാര മത്സ്യത്തിന്‍റെയും ആരോഗ്യത്തെയോര്‍ത്ത് ആവലാതിപ്പെടുന്ന ഭരണത്തോട് വെറുപ്പല്ലാതെ മറ്റെന്താണ് തോന്നേണ്ടത്?"

"പട്ടാളം, ഭരണകൂടം, രാഷ്ട്രീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എല്ലാറ്റിനേയും കുറിച്ച് വാചാലമായി സംസാരിച്ചു. എവിടെയും കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെയൊന്നും പരാമര്‍ശിച്ചു കണ്ടില്ല. ഈ അന്ധതയെയാണ് ചേട്ടാ ഞങ്ങള്‍ ഫാസിസം എന്ന് വിളിക്കുന്നത്."

"ചോദ്യം: ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ഒന്നു വിവരിക്കാമോ?
ഉത്തരം: ഇന്ത്യയുടെ ഒരു കാല്‍ ചൊവ്വയിലെത്തിയിട്ടും മറ്റേക്കാല്‍ ചാണകക്കുഴിയില്‍ നിന്നും ഊരിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല."

സമകാലിക സാമൂഹ്യസാഹചര്യത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിവക്താക്കള്‍ ചാനല്‍ ചര്‍ച്ചകളിലോ മാധ്യമ ആസ്ഥാനങ്ങളിലോ ഇരുന്ന് നടത്തിയ അഭിപ്രായപ്രകടനങ്ങളോ പതിവു രാഷ്ട്രീയ വിശാരദന്മാരുടെ വിശകലന പ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളോ പാര്‍ട്ടി വിദൂഷകരുടെ കവലപ്രസംഗങ്ങളില്‍ നിന്നുള്ള നമ്പറുകളോ അല്ല മേല്‍ വിവരിച്ചത്. മറിച്ച് നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്ന പരസഹസ്രം ട്രോളുകളില്‍ ചിലതാണ്. കാലികമായ ഏത് വിഷയത്തിലും കുറിക്കുകൊള്ളുന്ന പ്രതികരണങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ ഉണ്ടാകുന്നതിനെ പ്രതീക്ഷയോടെയാണ് ചിലരെങ്കിലും നോക്കിക്കാണുന്നത്. എന്നാല്‍ ഏതു കാലത്തും എന്നതുപോലെ "ഭൂതകാലക്കുളിരില്‍" ജീവിക്കുന്ന മുന്‍പേ നടന്നവര്‍, പിന്നാലെ വരുന്നവരെ നോക്കി നെടുവീര്‍പ്പിടുന്ന കാഴ്ചയാണ് വളരെ സാധാരണമായി കാണുന്നത്. ഇക്കൂട്ടര്‍ ഇന്നിന്‍റെ യുവത്വത്തെ രാഷ്ട്രീയബോധമില്ലാത്തവരും ഒന്നിനും താല്പര്യമില്ലാത്തവരും അലസമനസരുമായി ചിത്രീകരിച്ച് കയ്യടി നേടാനും ശ്രമിക്കുന്നു. സത്യത്തില്‍ കാര്യങ്ങള്‍ അങ്ങനെയാണോ? രാഷ്ട്രീയപ്രബുദ്ധത ഈ തലമുറയ്ക്ക് അന്യമാണോ?

സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്‍റെ കെട്ടുകാഴ്ചകളില്‍ ഒരുപക്ഷേ യുവതയെ നിങ്ങള്‍ കണ്ടില്ലെന്നുവരാം, സമരമുഖങ്ങളില്‍ ആര്‍ക്കോവേണ്ടി ജ്വലിക്കുന്ന തീപ്പന്തമാകാനും അവരെ കിട്ടിയില്ലെന്നുവരാം. പാര്‍ട്ടി ആപ്പീസിന്‍റെ അരമതിലിലെ അന്തിച്ചര്‍ച്ചകളിലും നിങ്ങള്‍ക്കവരെ കാണാന്‍ സാധിക്കില്ല. രാഷ്ട്രീയം ഒരു ജീവനോപാധിയായി പരക്കെ അംഗീകരിക്കപ്പെട്ട കാലത്ത് ബഹുഭൂരിപക്ഷവും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ തേടിപ്പോകുന്നതിനെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാകും? പൊതുസമൂഹത്തിന്‍റെ ബോധ്യങ്ങളോട് ചേര്‍ന്നുനില്‍ക്കാത്ത പ്രവൃത്തികള്‍ 'പ്രഫഷണല്‍' രാഷ്ട്രീയക്കാരില്‍ നിന്നും ഉണ്ടാകുമ്പോള്‍ പ്രയോഗിച്ച് കാണാറുള്ള സാമാന്യവത്കൃത പ്രയോഗമാണ് "രാഷ്ട്രീയക്കാരല്ലേ, ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി" എന്നത്. അങ്ങനെവരുമ്പോള്‍ മൂല്യബോധവും ധാര്‍മ്മികതയുമൊന്നും അത്രകണ്ട് പ്രതീക്ഷിക്കപ്പെടാത്ത ഈ മേഖലയില്‍ നിന്നും പുതുതലമുറ ബോധപൂര്‍വ്വകമായ അകലം പാലിക്കുന്നതിനെ നാം എങ്ങനെ പഴിപറയും? പക്ഷേ അതുകൊണ്ടു മാത്രം 'അരാഷ്ട്രീയര്‍' എന്ന ലേബലൊട്ടിച്ച് ഈ തലമുറയെ മാറ്റി നിര്‍ത്താന്‍ ചില ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രവിശാരദന്മാരും നടത്തുന്ന ശ്രമങ്ങള്‍ തികച്ചും ബാലിശമാണെന്ന് പറയേണ്ടിവരും.

മത്സരാധിഷ്ഠിത ലോക ക്രമത്തില്‍ അവനവന്‍റെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍, സ്വയം യുദ്ധപ്രഖ്യാപനം നടത്തി അവര്‍ ഒഴുകുകയാണ്. നില്‍ക്കാനവര്‍ക്ക് സമയമില്ല, ജീവിതത്തിന്‍റെ തിളയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടി അവര്‍ മുന്നേറുന്നു……..അതിനിടയില്‍ പോലും ഈ തലമുറ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സത്യസന്ധത, മൂല്യബോധം, നിഷ്പക്ഷ നവമാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മൂടിവെയ്ക്കപ്പെടാവുന്ന സത്യങ്ങളെ തുറന്നുപറയാന്‍, അവനവന്‍റെ ബോധ്യങ്ങളുടെ സ്വതന്ത്രപ്രഖ്യാപനം നടത്താന്‍ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതുപോലും വിമര്‍ശന വിധേയമാക്കുന്നവരുണ്ട്. അവരോട് ഒന്നുമാത്രം പറയട്ടെ, സെന്‍സറിങ്ങും എഡിറ്റിങ്ങുമില്ലാത്ത നവയുഗത്തിന്‍റെ രീതിശാസ്ത്രങ്ങള്‍ നിങ്ങള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ നിങ്ങളുടെ അറിവില്ലായ്മയുടെ പേരില്‍ ഒരു തലമുറയെ വെറുതെയങ്ങ് വിമര്‍ശിക്കാന്‍ വരരുത്.

സത്യത്തില്‍, പ്രത്യയശാസ്ത്ര ബാധ്യതകളില്ലാത്ത, കക്ഷി രാഷ്ട്രീയത്തിന്‍റെ നൂലാമാലകളില്ലാത്ത, ഒത്തുതീര്‍പ്പുകാര്‍ക്ക് തീര്‍ത്തും വഴങ്ങാത്ത ഒരു പുത്തന്‍ രാഷ്ട്രീയം, നിരന്തരം 'സോഷ്യല്‍ ഓഡിറ്റിങ്ങിന്' വിധേയമായിക്കൊണ്ടിരിക്കുന്ന കൂടുതല്‍ ചലനാത്മകമായ ഒരു രാഷ്ട്രീയം, ആരെയും അന്ധമായി വിശ്വസിക്കാത്ത വസ്തുതകള്‍ മാത്രം സംസാരിക്കുന്ന ഒരു രാഷ്ട്രീയം – അതാണ് പുതുതലമുറ നവമാധ്യമങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അതിനവരെ സഹായിക്കുന്ന ശക്തമായ ഉപകരണങ്ങളാണ് ട്രോളുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും വാട്സ് ആപ്പ് സന്ദേശങ്ങളുമൊക്കെ. അവരുടേതായ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ആ ഭൂമികയില്‍ അവര്‍ മണിപ്പൂരിന് വേണ്ടാത്ത ഇറോം ശര്‍മ്മിളയ്ക്ക് ജയ് വിളിക്കും, അരവിന്ദ് കേജ്രിവാള്‍ എന്ന കുറിയ മനുഷ്യനു മുമ്പില്‍ പ്രതീക്ഷയോടെ അണിനിരക്കും. എന്നാല്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നിര്‍ദാക്ഷണ്യം തള്ളിക്കളയാനും അവരൊട്ടും മടിക്കുന്നില്ല. തിരഞ്ഞെടുക്കുവാന്‍ മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും തിരിച്ചുവിളിക്കുവാനും ശേഷിയുള്ള ഒരു സംഘടിത ശക്തിയായി കൂടി പുതുരാഷ്ട്രീയം മാറുന്നു. തങ്ങള്‍ക്കു ഹിതകരമല്ലാത്ത, പൊതുസമൂഹത്തിന്‍റെ ഉന്നതിക്ക് ഉപകരിക്കാത്ത എന്തിനേയും പ്രതിരോധിക്കാന്‍ യുവത്വം തെരഞ്ഞെടുക്കുന്ന ശക്തമായ ഉപകരണം 'പരിഹാസമാണ്'. ഉദ്യോഗസ്ഥ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നായകന്മാര്‍ മുതല്‍ സാമുദായിക നേതാക്കന്മാര്‍ വരെ അതിരൂക്ഷമായ ഈ പരിഹാസത്തിനുമുന്നില്‍ പതറി വീണുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ഇത്ര വ്യക്തവും സുതാര്യവുമായ ഒരു രാഷ്ട്രീയബോധം ഏത് തലമുറയാണ് ഇതിനു മുമ്പ് പ്രകടിപ്പിച്ചിട്ടുള്ളത്? സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെ തങ്ങളുടെ പൊതുബോധ നിര്‍മ്മിതിക്കായി ഉപയോഗപ്പെടുത്തുന്ന ഈ തലമുറ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. യഥാര്‍ത്ഥ സോഷ്യലിസത്തിന്‍റെ സ്ഥിതി, സമത്വചിന്തകള്‍, ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും. അതിരൂക്ഷമായ പരിഹാസത്തിന് മുമ്പില്‍ ഏവരും സമന്മാരാണിവിടെ. താന്‍പോരിമയും, അഹങ്കാരവും മാപ്പര്‍ഹിക്കാത്ത കുറ്റങ്ങളായി ഗണിക്കപ്പെടുമ്പോള്‍ നരേന്ദ്രമോഡിയും പിണറായി വിജയനും രാഹുല്‍ ഗാന്ധിയും മുതല്‍ ഇതിഹാസങ്ങള്‍ എന്നു വിളികേട്ടവര്‍ പോലും സമന്‍മാരായി മാറുന്നു.

തികച്ചും പ്രതീക്ഷ പകരുന്ന മറ്റൊരു മേഖല ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ്. പരമ്പരാഗതമായ സ്ത്രീവിമോചനവാദത്തിന്‍റെ ഉപരിപ്ലവചിന്തകള്‍ക്കപ്പുറത്ത് പുരുഷനും സ്ത്രീക്കും തുല്യതയുള്ള ഒരിടം മുന്നോട്ടുവയ്ക്കുകയാണ് ഈ കാലഘട്ടത്തിന്‍റെ യുവത. പരസ്പരം അംഗീകരിക്കാനും തുല്യരായ് ഗൗനിക്കാനും തെല്ലും മടിയില്ലവര്‍ക്ക്. മുന്‍കാലങ്ങളില്‍ സര്‍വ്വസാധാരണമായിരുന്ന ചില പദപ്ര യോഗങ്ങള്‍ പോലും കൂടുതല്‍ സഭ്യമായ, മാന്യമായ ശൈലികള്‍ക്ക് വഴിമാറുന്നു (ഉദാ: ശിഖണ്ഡി/ഭിന്നലിംഗക്കാര്‍). ഇത്തരം ശൈലികള്‍ അനുവര്‍ത്തിക്കാത്തവരെ അപരിഷ്കൃതരും പ്രാകൃതരുമായ് കണക്കാക്കുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം പിന്നില്‍ പുതിയ കാലത്തിന്‍റെ നന്മയുള്ള രാഷ്ട്രീയബോധമാണെന്നതാണ് സത്യം.

യുവത്വത്തിന്‍റെ ഈ മാറ്റത്തെ വിലയിരുത്തുന്നതില്‍ ഒരുപരിധി വരെയെങ്കിലും വിജയിച്ചിട്ടുള്ളത് നമ്മുടെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാര്‍ക്കശ്യത്തിന്‍റെ മുഖംമൂടികള്‍ അഴിച്ചുവെച്ച് നമ്മുടെ പല നേതാക്കന്മാരും പുഞ്ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സൈബര്‍ സ്പേയ്സുകളെ തങ്ങളുടേതാക്കിമാറ്റാന്‍ പ്രത്യേക ടീമുകള്‍ സജ്ജമാക്കി പാര്‍ട്ടികള്‍ മത്സരിക്കുന്നു. ഈ മാറ്റത്തിന്‍റെ വലിയ പരീക്ഷണവേദിയായിരുന്നു 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. നാലും അഞ്ചും തവണ മത്സരിച്ച് വിജയിച്ച മന്ത്രിപുംഗവന്മാര്‍ വരെ പടിക്കു പുറത്തായപ്പോള്‍ സകലപ്രാദേശികവാദങ്ങളേയും പണക്കൊഴുപ്പിനേയുമൊക്കെ അതിജീവിച്ച് അങ്കമാലിയിലും പട്ടാമ്പിയിലും തൃപ്പൂണിത്തുറയിലുമൊക്കെ ഉണ്ടായ ജനവിധി തുറന്നുകാട്ടുന്നത് പുതു കാലത്തിന്‍റെ മാറുന്ന രാഷ്ട്രീയമാണ്. വിജയതീരമണിഞ്ഞവര്‍ക്കെല്ലാം തന്നെ ചില വ്യക്തിപരമായ മഹിമകള്‍, സവിശേഷതകള്‍ കൂടി ഉണ്ടായിരുന്നു എന്ന് നാം തിരിച്ചറിയണം.

അതെ കേരളം മാറുകയാണ്. ഇവിടെ തികച്ചും രാഷ്ട്രീയബോധമുള്ള, ദേശീയോദ്ഗ്രഥന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ ചിറകേറി ഒരു പുത്തന്‍ രാഷ്ട്രീയബോധം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്‍റെ പതാക വാഹകരാകാന്‍ നമുക്ക് കഴിയട്ടെ…

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org