റിസള്‍ട്ട്

റിസള്‍ട്ട്

മിനിക്കഥ

ടോംസ് ആന്‍റണി

വലിയ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവമായിരുന്നു അവര്‍ക്ക്. രണ്ടുപേരുടേയും മുഖത്ത് വിഷാദം. സ്കൂട്ടറില്‍ നിന്ന് മെല്ലെയിറങ്ങി മദ്ധ്യവയസ്കരായ ദമ്പതികള്‍ ലാബോറട്ടറിയിലേയ്ക്ക് കയറി.

"എന്താ, എന്താണ് പരിശോധിക്കേണ്ടത് ?"

റിസപ്ഷനിസ്റ്റ് ചോദിച്ചു.

"ഇവളുടെ മൂത്രമൊന്ന് ടെസ്റ്റ് ചെയ്യണം. പ്രഗ്നന്‍സി ടെസ്റ്റ്" – അയാളാണ് മറുപടി പറഞ്ഞത്.

"അരമുക്കാല്‍ മണിക്കൂറെടുക്കും കേട്ടോ"

പേരും വിവരങ്ങളും ചോദിച്ചെഴുതിയ ശേഷം റിസപ്ഷനിസ്റ്റ് പറഞ്ഞു.

"അകത്തേയ്ക്ക് പൊയ്ക്കോളൂ…."

ആ സ്ത്രീ അകത്തേക്ക് പോയി; വൈകാതെ തിരികെ വന്നു.

"എവിടെയെങ്കിലും പോകണമെങ്കില്‍ പോയിട്ടു വന്നോളൂ" – എന്ന് റിസപ്ഷനിസ്റ്റ്.

"വേണ്ട; ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം" പതിഞ്ഞ സ്വരത്തില്‍ അയാളുടെ മറുപടി.

ഇടയ്ക്കിടെ അയാള്‍ ആ സ്ത്രീയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ആകുലതയും ഭയവും നിറഞ്ഞ നാലുകണ്ണുകള്‍.

"പാവങ്ങള്‍; വര്‍ഷങ്ങളായി മക്കളില്ലാത്തവരായിരിക്കും !

ഒരു കുഞ്ഞിക്കാലുകാണാനുള്ള ആകാംക്ഷയായിരിക്കും."

ടെക്നീഷ്യകളായി ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ അടക്കം പറഞ്ഞു.

ചിലര്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

"ദൈവമേ, ഇവര്‍ക്ക് ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം……"

റിസള്‍ട്ടെത്തി – നെഗറ്റീവ്

"എങ്ങനെ പറയും ?" ഇപ്പോള്‍ ആശങ്ക ആ പെണ്‍കുട്ടികളുടെ ഉള്ളിലും പടര്‍ന്നു.

റിസള്‍ട്ട് ആയി എന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ചാടി എണീറ്റു. "എന്താണ് റിസള്‍ട്ട് ?" ആകാംക്ഷയോടുള്ള ചോദ്യം.

മ്ലാനവദനയായി ഒരുവളുടെ മറുപടി "നെഗറ്റീവ്".

ആഗ്രഹിച്ചിരുന്ന മറുപടി പോലെ പെട്ടെന്ന് അവര്‍ സന്തോഷഭരിതരായി.

എന്തെന്നില്ലാത്ത ഊര്‍ജ്ജം കിട്ടിയപോലെ…..

പണം അടച്ച് റിസള്‍ട്ടും വാങ്ങി തിടുക്കത്തോടെ പുറത്തേക്കിറങ്ങി.

പിന്തിരിഞ്ഞ് അയാള്‍ ഇങ്ങനെ പറഞ്ഞു.

"ഞങ്ങള്‍ ലിവിംഗ് ടുഗതറാ. വിവാഹം ചെയ്തിട്ടില്ല. മക്കള്‍ വേണ്ട എന്ന് അന്നേ തീരുമാനിച്ചതാ. ഇനിയും ഒരു അബോര്‍ഷന്‍ താങ്ങാനുള്ള ശേഷി ഇവള്‍ക്കില്ല."

സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി അവര്‍ മുന്നോട്ട് നീങ്ങി….

മക്കളില്ലാത്ത അവരുടെ സ്വന്തം ലോകത്തേയ്ക്ക്….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org