അനുയോജ്യമായ മണ്ണില്‍ നടുക

അനുയോജ്യമായ മണ്ണില്‍ നടുക

ബിനു കണ്ണന്താനം

ഒരു വിത്ത് നല്ല ഫലം നല്കണമെങ്കില്‍ എങ്ങനെയുള്ള മണ്ണില്‍ നടണം? സംശയമില്ല ഫലഭൂയിഷ്ടമായ മണ്ണില്‍. എന്നാല്‍ നമ്മുടെ പുരയിടത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണില്‍ ഒരു ഈന്തപ്പനയുടെ വിത്ത് നട്ടാല്‍ അത് ഫലം തരുമോ? ഒരിക്കലുമില്ല. അത് ഫലം തരണമെങ്കില്‍ അറേബ്യയില്‍ കൊണ്ടുപോയി നടണം. എന്നാല്‍ ഈ അറേബ്യയില്‍ ഒരു ജാതി കൊണ്ടു നട്ടാല്‍ ഫലം കിട്ടുമോ? ഇല്ല. അതു ഫലം തരണമെങ്കില്‍ കേരളത്തില്‍ നടണം. ഇതുപോലെയാണ് മനുഷ്യന്‍റെ കാര്യവും.

ഞാനൊരു വിത്താണെന്നും എന്നിലൊരു വൃക്ഷമുണ്ടെന്നും പുറത്തു കടന്ന് വളര്‍ന്ന് എനിക്കും എന്‍റെ സമൂഹത്തിനും പ്രയോജനമാകുന്ന വൃക്ഷമാകലാണ് എന്‍റെ ജീവിതസാഫല്യമെന്നും അറിയുന്ന ഒരു വിത്തായി നാം മാറണം. നാമാകുന്ന വിത്തിലെ മരം ഒരു പാഴ്മരമാകില്ലെന്നും അത് ഫലപൂയിഷ്ടിയുള്ളതായിരിക്കുമെന്നുമുള്ള ഉറച്ച തീരുമാനത്തോടെയാകണം നാം ഓരോ ചുവടും മുന്നോട്ടുവയ്ക്കുവാന്‍.

പ്രപഞ്ചവും കാലവും നമ്മുടെ ജീവിതത്തില്‍ ഒരുപാട് അടയാളങ്ങള്‍ തന്നുകൊണ്ടിരിക്കും. അവയാണ് നമ്മെ ലക്ഷ്യത്തിലേയ്ക്ക് നയിക്കുക. ഫ്ളാഷ് ലൈറ്റ് അടിക്കുന്നതുപോലെയായിരിക്കും ചില സമയങ്ങളില്‍ ചില ചിന്തകളും ആശയങ്ങളുമൊക്കെ നമ്മുടെ മനസ്സിലൂടെ മിന്നി മറയുന്നത്. ഇത് അവഗണിക്കുന്നവര്‍ക്ക് മുമ്പോട്ടു പോകുവാന്‍ സാധിക്കില്ല.

നാം പരാജയപ്പെടുന്നതുകൊണ്ട് ഈ ലോകത്തില്‍ ഒന്നും സംഭവിക്കുകയില്ല. പക്ഷെ അവസാനിക്കുന്നത് നമ്മള്‍ മാത്രമായിരിക്കും. മഹാന്മാര്‍ ബുദ്ധിമുട്ടുകളില്‍ സാധ്യത കണ്ടെത്തുന്നു. സാധാരണക്കാര്‍ സാധ്യതകളില്‍ ബുദ്ധിമുട്ട് കണ്ടെത്തും. നാം പലതും മൃഗങ്ങളില്‍നിന്ന് പഠിക്കേണ്ടതായുണ്ട്. ഒരു മൃഗം അതിന്‍റെ ഇരയെ പിടിക്കാന്‍ എത്ര പ്രാവശ്യം ശ്രമിച്ചാലാണ് വിജയിക്കുക. മൃഗം എത്ര പ്രാവശ്യം പരാജയപ്പെട്ടാലും അത് അതിന്‍റെ ലക്ഷ്യം നേടുന്നതു വരെ ശ്രമിച്ചുകൊണ്ടേയിരിക്കും. അല്ലാതെ ഒരു മൃഗവും പോയി ആത്മഹത്യ ചെയ്യില്ല. എന്നാല്‍ മനുഷ്യന് ഒരു ചെറിയ പരാജയം മതി; പോയി ഫാനില്‍ തൂങ്ങും.

മനുഷ്യജീവിതം ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിടുന്നതുപോലെയാണ്. റോക്കറ്റ് മുകളിലേയ്ക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം താഴോട്ട് വലിക്കും. ഇത് ഒരു പ്രകൃതി നിയമമാണ്. മനുഷ്യന്‍ എപ്പോഴെല്ലാം ഉയര്‍ന്നു പോകാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം അവനില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന നെഗറ്റീവ് ചിന്തകള്‍ അതല്ലെങ്കില്‍ എതിരാളികള്‍ അവനെ താഴേയ്ക്ക് വലിക്കും.

എല്ലാ റോക്കറ്റുകളും ഗുരുത്വാകര്‍ഷണ വലയത്തെ മറികടന്ന് പോകാറില്ല. ഗുരുത്വാകര്‍ഷണ വലയത്തെ ഭേദിച്ചുകൊണ്ട് ബഹിരാകാശത്തേയ്ക്ക് പോകുന്ന റോക്കറ്റുകളാണ് ചരിത്രത്തിന്‍റെ ഭാഗമാകുന്നത്. ഇതുപോലെയാണ് മനുഷ്യജീവിതവും. താഴോട്ടു വലിക്കുന്ന ശക്തികളെ അതിജീവിച്ച് മുകളിലേയ്ക്ക് പോകുന്നവരുടെ ജീവിതമാണ് വിജയകരമാവുന്നത്.

ഇതെങ്ങനെ സാധിക്കും? ധാരാളം ഇന്ധനം കത്തുന്നതിന്‍റെ ശക്തിയാണ് റോക്കറ്റിനെ മുകളിലേയ്ക്ക് നയിക്കുന്നത്. അതുപോലെ മനുഷ്യന്‍ തന്‍റെ കഠിനമായ പ്രയത്നം കൊണ്ട് ഉയരണം. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ചെയ്യുമ്പോള്‍ വലിയ ഊര്‍ജ്ജം ഉണ്ടാകും. താഴോട്ടു വലിക്കുന്ന ശക്തികളെ അതിജീവിച്ച് മുകളിലേയ്ക്ക് കുതിക്കുവാന്‍ ആ ഊര്‍ജ്ജം സഹായിക്കും.

ഒരു പരിധി കഴിഞ്ഞാല്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തും. പിന്നീട് റോക്കറ്റിന് ഒന്നും ചെയ്യേണ്ടി വരികയില്ല. കാരണം ഭ്രമണപഥത്തില്‍ അത് താനേ ചുറ്റിക്കൊണ്ടിരിക്കുകയും ഗ്രാവിറ്റേഷന്‍ ഫോഴ്സിന്‍റെ സ്വാധീനം ഇല്ലാതാവുകയും ചെയ്യും. ഇതുപോലെയാണ് മനുഷ്യ ജീവിതം. ഒരു പരിധി കഴിഞ്ഞാല്‍ പിന്നീട് മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഭ്രമണപഥത്തില്‍ എത്തിയ പോലെയാകും, മറ്റുള്ളവര്‍ക്ക് പ്രകാശമായി അവര്‍ മാറും.

പക്ഷെ പലര്‍ക്കും അതിന് സാധിക്കാത്തത് ഇവരെ പ്രോഗ്രാം ചെയ്ത് എടുത്തതിലെ പിഴവാണ്. ഇന്ന് പലരും വെറും മണ്‍കലങ്ങളായി മാറുകയാണ്. മണ്‍കലമുണ്ടാക്കുന്നവന്‍ മണ്ണുകുഴച്ച് മൃദുപ്പെടുത്തി അതിനെ തന്‍റെ താല്പ്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് മണ്‍കലമായി രൂപപ്പെടുത്തും. മണ്‍കലം ഉണ്ടാക്കിയവന്‍റെ ആഗ്രഹപ്രകാരമാണ് മണ്‍കലം ഉണ്ടാക്കിയത്. അതുകൊണ്ട് മണ്‍കലത്തിന്‍റെയോ മണ്ണിന്‍റെയോ ആവശ്യം നടപ്പിലാകണമെന്നില്ല. മണ്‍കലമുണ്ടാക്കിയത് അത് ഉണ്ടാക്കിയവന്‍റെ അഭിരുചിക്കനുസരിച്ച് ആയതുകൊണ്ട് ഒരു മണ്‍കലത്തിനും തന്‍റെ തനതായ ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ല.

ഇതുപോലെയാണ് മനുഷ്യ ജീവിതത്തിലും സംഭവിക്കുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ അച്ഛന്‍, അമ്മ, നാട്ടുകാര്‍, അധ്യാപകര്‍ എന്നിങ്ങനെ എല്ലാവരും കൂടി കുഴച്ച് അവരുടെ ആവശ്യങ്ങള്‍ക്കും അഭിരുചിക്കും താല്പ്പര്യങ്ങള്‍ക്കുമനുസരിച്ച് ഓരോ കുട്ടിയെയും രൂപപ്പെടുത്തിയെടുക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ താല്പ്പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെട്ടു വളര്‍ന്നു വരുന്ന ഈ കുട്ടിക്ക് വ്യക്തിജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും സന്തോഷമനുഭവിക്കുവാന്‍ സാധിക്കാതെ വരുന്നു. ഇതു മൂലമാണ് ലോകജനതയുടെ എണ്‍പത്തിയാറു ശതമാനം ആള്‍ക്കാരും ജീവിതത്തില്‍ സന്തോഷമില്ലാത്തവരും നിരാശരുമാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org