രോഗീലേപനം

രോഗീലേപനം

അന്തിമലേപനം, ഒടുവിലത്തെ ഒപ്രിശ്മ, മരണാസന്നരുടെ കൂദാശ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ കൂദാശയ്ക്ക് 'രോഗീലേപനം' എന്ന പേരാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനുള്ള കാരണവും പിതാക്കന്മാര്‍ നല്കുന്നുണ്ട്. 'അന്തിമലേപന'മെന്ന കൂദാശയ്ക്കു 'രോഗീലേപനം' എന്ന പേരാണു കൂടുതല്‍ അന്വര്‍ത്ഥം. മരണാസന്നര്‍ക്കു വേണ്ടി മാത്രമുള്ള ഒരു കൂദാശയല്ല ഇത്. ആകയാല്‍ രോഗമോ വാര്‍ദ്ധക്യമോ നിമിത്തം ആരെങ്കിലും മരണാവസ്ഥയിലായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഈ കൂദാശ സ്വീകരിക്കാന്‍ ഏറ്റവും പറ്റിയ അവസരമായിരിക്കും. (SC 73)

പൗരസ്ത്യ എഴുത്തുകാരില്‍ ഒരാളായ അഫ്രാത്ത് രോഗീലേപനത്തെക്കുറിച്ച് എഴുതുന്നുണ്ട്. എന്നാല്‍ ഓരോ സഭകളിലും അത് വ്യത്യസ്ത രീതികളിലാണ് ആഘോഷിച്ചിരുന്നത്.

"പീഡയനുഭവിക്കുന്നവനും മഹത്ത്വീകൃതനുമായ മിശിഹായ്ക്ക്, രോഗീലേപനവും വൈദികരുടെ പ്രാര്‍ത്ഥനയും വഴി സഭയാകെ രോഗികളെ ഭരമേല്പിക്കുകയും അവരെ സുഖപ്പെടുത്താനും രക്ഷിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മാത്രമല്ല, ദൈവജനത്തിന്‍റെ ക്ഷേമത്തിനുവേണ്ടി തങ്ങളെത്തന്നെ സ്വമനസ്സാ മിശിഹായുടെ പീഡാനുഭവത്തോടും മരണത്തോടും സംയോജിപ്പിക്കുവാനും അവള്‍ അവരെ ഉപദേശിക്കുന്നു." (LG. 11) രോഗീലേപനം അഥവാ ദിവ്യലേപനം വഴി രോഗികളെ ആശ്വസിപ്പിക്കുന്നു (PO 5). വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മേലുദ്ധരിച്ച പ്രബോധനങ്ങള്‍ ഈ കൂദാശ എന്തെന്ന് വ്യക്തമാക്കുന്നവയാണ്.

രോഗീലേപനം, ആന്തരികവും ബാഹ്യവുമായി, ആത്മീയവും ശാരീരികവുമായ സൗഖ്യം നല്കുന്ന കൂദാശയാണ്. ഇവിടെ സഭ സഹിക്കുന്ന തന്‍റെ സജീവാംഗത്തിന്‍റെ സഹനത്തില്‍ പങ്കുചേരുകയും, അതിന് പ്രാര്‍ത്ഥനയില്‍ ശക്തിപകരുകയും, ആ അംഗത്തോട് ഐക്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

അസ്വസ്ഥതകളുടെയും വേദനകളുടെയും നടുവില്‍ കഴിയുന്ന ഒരുവന് യുഗാന്ത്യോന്മുഖ പ്രത്യാശ പ്രതീക്ഷയും സ്നേഹവും പ്രദാനം ചെയ്യുന്നു. ഈ യുഗാന്ത്യോന്മുഖ പ്രത്യാശയ്ക്കു നിദാനമായ മിശിഹാരഹസ്യങ്ങളുടെ പ്രകാശനവും അവിടുത്തേക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ പ്രത്യക്ഷീകരണവും പ്രദാനം ചെയ്തുകൊണ്ട് വ്യക്തികളെ പ്രതീക്ഷയും അതില്‍നിന്നുരുത്തിരിയുന്ന ആത്മധൈര്യവും ഉള്ളവരാക്കിത്തീര്‍ക്കുന്ന ദൈവിക നിമിഷങ്ങളാണ് രോഗീലേപനവേള.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org