റോമായിലെ പീഡനചരിതം

റോമായിലെ പീഡനചരിതം

റോമാ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭരണകാലം മുതല്‍ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി 313-ല്‍ മിലാന്‍ വിളംബരം ഒപ്പുവയ്ക്കുന്നതുവരെയുള്ള കാലഘട്ടം ഏതാണ്ട് ഒരു കോടി പത്തു ലക്ഷം രക്തസാക്ഷികള്‍ സഭയിലുണ്ടായി എന്ന് പറയപ്പെടുന്നു. ക്രൈസ്തവ പീഡനങ്ങള്‍ സംഘടിതമായി ആരംഭിച്ചത് നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്തായിരുന്നു. ക്രിസ്തുവര്‍ഷം 54 മുതല്‍ 68 വരെയായിരുന്നു നീറോയുടെ ഭരണകാലം. അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ പത്താം വര്‍ഷം അതായത് 64-ാമാണ്ട് ജൂലൈ മാസം റോമില്‍ വലിയ അഗ്നിബാധയുണ്ടായി. ആറു പകലും ഏഴു രാത്രിയും തീ കത്തിക്കൊണ്ടേയിരുന്നു. അഗ്നി, നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു. അനേകം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. പ്രത്തോറിയത്തിന്‍റെ കാവല്‍ക്കാരനായ ടി ജെല്ലിനൂസിന്‍റെ തോട്ടവും കത്തി. അഗ്നിശമിച്ചപ്പോഴെയ്ക്കും റോമിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ചാമ്പലായി. 3-ാം ദിവസം നീറോ അഗ്നി കാണാനെത്തി. നാടകീയവസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. കാടത്തമായ സന്തോഷം അദ്ദേഹം അനുഭവിച്ചു. അദ്ദേഹം തന്നെയാണ് തീ കൊളുത്താന്‍ നിര്‍ദ്ദേശം കൊടുത്തതെന്ന സംസാരമുണ്ടായി. ആരോപണം ശക്തമായപ്പോള്‍ തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അതിന്‍റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ മേല്‍ കെട്ടിവച്ചു. ക്രിസ്ത്യാനികളാണുപോലും റോമാ നഗരം കത്തിച്ചത്!

ചരിത്രകാരനായ ടാസിറ്റസ് പറയുന്നു: "ക്രിസ്ത്യാനികളാണിത് ചെയ്തതെന്ന നീറോയുടെ കെട്ടുകഥ ആരും വിശ്വസിച്ചില്ല. എന്നാല്‍ നീറോ അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ക്രിസ്ത്യാനികളെ പിടിച്ചു ബന്ധിച്ച് പെട്രോളും മെഴുകും മറ്റു പദാര്‍ത്ഥങ്ങളും ടാറും ചേര്‍ത്ത് പൊതിഞ്ഞ് പന്തങ്ങളായി തൂണില്‍ ഉയര്‍ത്തി നിര്‍ത്തി കത്തിച്ചു. ചിലരെ കാട്ടുമൃഗങ്ങളുടെ തോലു ധരിപ്പിച്ച് വിശക്കുന്ന വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു. അവ അവരെ കടിച്ചു കീറി കഷണങ്ങളാക്കി തിന്നു. ചിലരെ കുരിശില്‍ തറച്ചു. ഇവയൊക്കെ നീറോ തന്‍റെ പൂന്തോട്ടത്തില്‍ പൊതു ആഹ്ലാദത്തോടും സംഗീതത്തോടും കൂടെ ആഘോഷിച്ചു. ഇവയെല്ലാം വിനോദങ്ങളും ഷോ-കളുമായി നടത്തപ്പെടുകയായിരുന്നു. ആ സമയത്തു തന്നെ കുതിരസവാരിയും നടത്തി ദൃശ്യങ്ങള്‍ ആസ്വദിച്ചു. ഗ്ലാഡിയേറ്ററുകളുമായി മല്ലയുദ്ധത്തിനും ആംഫി തീയേറ്ററുകളില്‍ ക്രൂരമൃഗങ്ങള്‍ക്ക് ഭക്ഷണത്തിനും ഇരയായി ക്രൈസ്തവര്‍ എറിയപ്പെട്ടു."

ക്രിസ്ത്യാനികള്‍ക്കെതിരായി പുതിയ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. അവര്‍ രഹസ്യത്തില്‍ സമ്മേളിച്ച് കുറ്റകൃത്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു എന്നതായിരുന്നു ഒരാരോപണം. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാ സമ്മേളനങ്ങളെയാണ് ഇപ്രകാരം അവതരിപ്പിച്ചത്. ക്രൈസ്തവര്‍ നരഭോജികളാണെന്നും അവരുടെയിടയില്‍ സഹോദരങ്ങളും ബന്ധുക്കളും തമ്മിലുള്ള ലൈംഗിക ബന്ധം നിലനില്‍ക്കുന്നു എന്നതും ആയിരുന്നു മറ്റൊരാരോപണം. വിശുദ്ധ കുര്‍ബാനയില്‍ മിശിഹായുടെ തിരുശരീര രക്തങ്ങളിലുള്ള പങ്കുചേരലും, സഹോദരീ സഹോദരങ്ങള്‍ എന്ന് പരസ്പരം അഭിസംബോധന ചെയ്തുകൊണ്ടുള്ള സമാധാനാശംസകളുമാണ് ഈ വിധം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. മൂന്നാമത്തെ ആരോപണം, ക്രൈസ്തവ വിശ്വാസികള്‍ റോമന്‍ ദൈവാരാധനയില്‍ പങ്കുചേരുന്നില്ല, ചക്രവര്‍ത്തിക്ക് ധൂപം സമര്‍പ്പിക്കുന്നില്ല എന്നതായിരുന്നു. തന്മൂലം റോമന്‍ ദേവന്മാര്‍ പിണങ്ങുകയും പകര്‍ച്ച വ്യാധികളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാവുകയും ചെയ്യുന്നു!

നീറോ ക്രൂരതയുടെ പ്രതിരൂപമായി മാറി. 59-ല്‍ സ്വന്തം അമ്മയെ വധിച്ച അദ്ദേഹം ഒടുവില്‍ ആത്മഹത്യയിലൂടെ സ്വന്തം ജീവിതവും അവസാനിപ്പിച്ചു.

ഡൊമിഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (81-96) പീഡനങ്ങള്‍ കുറവില്ലാതെ തുടരുകയുണ്ടായി. വെളിപാടു ഗ്രന്ഥം രണ്ടാം അദ്ധ്യായം പതിമൂന്നാം വാക്യം ഈ കാലഘട്ടത്തിലെ പീഡനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതമതം.

ട്രോജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (98-117), സാമ്രാജ്യത്തിലുടനീളമുള്ള പ്രാദേശിക ഭരണകര്‍ത്താക്കളായ ഗവര്‍ണര്‍മാര്‍ക്ക് ക്രിസ്ത്യാനികളെ വധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. ക്രിസ്ത്യാനിയായിരിക്കുക എന്നതു മാത്രം മതിയായിരുന്നു ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍. ട്രോജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഒരു മാസത്തില്‍ മാത്രമായി 17,000 ക്രൈസ്തവ രക്തസാക്ഷികള്‍ ഉണ്ടായതായി പറയപ്പെടുന്നു.

മര്‍ക്കസ് ഒറേലിയസിന്‍റെ ഭരണകാലത്താണ് (161-180) ഫ്രാന്‍സില്‍ ലിയോണ്‍സില്‍ വച്ച് മതപീഡനവും കൂട്ടരക്തസാക്ഷിത്വവും അരങ്ങേറിയത്. ക്രിസ്ത്യാനികളെ പൊതുസ്ഥലത്തുനിന്നും ചന്തകളില്‍ നിന്നും കുളിസ്ഥലത്തുനിന്നുമെല്ലാം മാറ്റി നിര്‍ത്തി. തുടര്‍ന്ന് കൂട്ടത്തോടെ അറസ്റ്റു ചെയ്ത് മൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു. ലിയോണ്‍സിലുള്ള ത്ര്വ ഗോള്‍സ് എന്ന സ്ഥലത്ത് ആംഫി തിയേറ്ററില്‍ ക്രൈസ്തവ രക്തസാക്ഷിത്വം വിനോദമായി ആഘോഷിച്ചു.

സെപ്ററിമൂസ് സേവരൂസിന്‍റെ ഭരണകാലത്ത് (193-211) ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചു.

249 മുതല്‍ 251 വരെ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു ഡേസിയൂസ്. 250-ല്‍ അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ കല്പനകൊണ്ടു വന്നു. ഈ കാലഘട്ടത്തിലാണ് ഫാബിയന്‍ മാര്‍പാപ്പ രക്തസാക്ഷിത്വം വരിക്കുന്നത്. തുടര്‍ന്നു വന്ന വലേരിയന്‍, ഡയക്ലീഷ്യന്‍, ഗലേറിയൂസ്, സെവേരൂസ്, മാക്സെന്‍റിയൂസ് എന്നീ ചക്രവര്‍ത്തിമാര്‍ ക്രൈസ്തവപീഡനം നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരുന്നു. കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി 307-ല്‍ ഭരണസാരഥ്യം ഏറ്റെടുത്തു. കുരിശിന്‍റെ കൊടിക്കീഴില്‍ അദ്ദേഹം നേടിയ ചരിത്ര വിജയവും 313-ല്‍ പ്രഖ്യാപിച്ച മിലാന്‍ വിളംബരവും ചരിത്രത്തെ മാറ്റിമറിച്ചു. റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം നല്കുകയും ക്രിസ്തുമതം റോമിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. കോടിക്കണക്കിന് രക്തസാക്ഷികളുടെ സഹനവും പ്രാര്‍ത്ഥനയും സ്വര്‍ഗ്ഗം മാനിച്ചതിന്‍റെ പരിണിത ഫലം കൂടിയാണ് റോമാ സാമ്രാജ്യത്തിന്‍റെ ചരിത്രഗതിയിലുണ്ടായ ഈ മാറ്റം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org