സ്വയം മുറി വൃത്തിയാക്കുന്ന കുട്ടി

സ്വയം മുറി വൃത്തിയാക്കുന്ന കുട്ടി

സി. ഡോ. പ്രീത സി.എസ്.എന്‍.

സേറായുടെ മുറിയുടെ ഫോട്ടോ എടുത്ത് അയച്ചുതന്ന അമ്മയുടെ ആഗ്രഹം എങ്ങനെയെങ്കിലും അവളെ അടുക്കും ചിട്ടയും പഠിപ്പിച്ചെടുക്കണം എന്നാണ്. പലവട്ടം പറഞ്ഞിട്ടും കേള്‍ക്കാതിരിക്കുമ്പോള്‍, പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അമ്മയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഒച്ചവയ്ക്കും. അവളുടെ മുറിയിലേക്ക് കയറിയാല്‍ സേറ ഒന്നിലും തട്ടി വീഴാതെ പുറത്തേക്ക് വരുന്നതിന് അവള്‍ക്കൊരു സമ്മാനം നല്കണം. എല്ലാം വലിച്ചു വാരിയിട്ട് ഒന്നിനും അതിന്‍റേതായ സ്ഥലങ്ങളില്ല. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കട്ടിലിന്‍റെ അടിയിലേക്ക് തള്ളിയിട്ട് ആ മുറിയില്‍ത്തന്നെയാണ് സേറയുടെ കിടപ്പും. വൃത്തിയില്ലാത്ത മുറിയില്‍ കിടന്നുറങ്ങുന്ന അവള്‍ ഈ അവധിക്കാലത്ത് എഴുന്നേറ്റ് വരുന്നത് അവള്‍ക്ക് തോന്നുന്ന നേരത്താണ്. ആരെങ്കിലും വഴക്ക് പറഞ്ഞ് എഴുന്നേല്‍പ്പിച്ചാല്‍ അന്നത്തെ ദിവസം അവള്‍ മറ്റുള്ളവര്‍ക്ക് സ്വസ്ഥത കൊടുക്കില്ല. അതിനാല്‍ വീട്ടിലുള്ളവര്‍ സേറയുടെ കുത്തഴിഞ്ഞ ജീവിതത്തെ പിടിച്ചു നിര്‍ത്താന്‍ ആകാത്ത വിധം നിയന്ത്രണം വിട്ടുതുടങ്ങി. പറഞ്ഞു മടുക്കുന്ന അമ്മ തന്നെ എല്ലാ ആഴ്ചയും അവളുടെ മുറി വൃത്തിയാക്കും. മാതാപിതാക്കളുടെ ദൗര്‍ബല്യം മനസ്സിലാക്കിയ സേറ അവരെകൊണ്ട് സ്വന്തം മുറിപോലും അടുക്കിവെപ്പിക്കും.

കുട്ടികളെ സംബന്ധിച്ചിടത്തോളം മുറി വൃത്തിയാക്കുന്നതിനേക്കാള്‍ എളുപ്പം മുറി വൃത്തികേടാക്കുന്നതാണ്. കുട്ടികള്‍ അവരുടെ ആദ്യവിദ്യാലയമായ വീട്ടില്‍നിന്ന് പഠിക്കുന്നത് എവിടെ ചെന്നാലും തുടരും. മാതാപിതാക്കള്‍ മടി കാണിക്കുന്ന ചില കാര്യങ്ങള്‍ മക്കളെ നിര്‍ബന്ധിച്ച് ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ അവര്‍ അത് പ്രവര്‍ത്തിക്കണമെന്നില്ല. സേറായോട് സംസാരിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ആ കുട്ടി അനുദിനം കാണുന്നത് പപ്പ പത്രം വായന കഴിഞ്ഞാല്‍ അത് എവിടെയെങ്കിലും ഇട്ടിട്ടുപോകും. അമ്മ അടുക്കളയിലെ പാത്രങ്ങള്‍ പലതും യഥാസ്ഥാനത്ത് വയ്ക്കാറില്ല. ഇതെല്ലാം കാണുന്ന കുട്ടിക്ക് കിട്ടുന്ന സന്ദേശം അടുക്കും ചിട്ടയും അത്ര പ്രധാനപ്പെട്ട കാര്യം ഒന്നുമല്ല എന്നതാണ്. ചെറിയപ്രായത്തില്‍ തന്നെ വീട്ടില്‍ നിന്ന് മാതാപിതാക്കളില്‍ നിന്ന് അടുക്കും ചിട്ടയും വൃത്തിയുമൊക്കെ പഠിക്കുന്ന കുട്ടികള്‍ നല്ല മൂല്യങ്ങള്‍ ഒപ്പിയെടുക്കുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുന്ന ജോലി മാതാപിതാക്കള്‍ പൂര്‍ണമായി ഏറ്റെടുക്കുമ്പോള്‍ അവര്‍ മടിയന്മാരായി മാറും.

– ഓരോ സാധനവും അതാതിന്‍റെ സ്ഥലങ്ങളില്‍ വയ്പ്പിക്കുക

– മുറി വൃത്തിയാക്കാന്‍ പ്രേരിപ്പിക്കുക.

– കുറച്ചു സമയം കൂടെ നിന്ന് വൃത്തിയാക്കാന്‍ പഠിപ്പിക്കുക. പിന്നെ തനിയെ ചെയ്യിപ്പിക്കുക.

– എടുത്ത സാധനങ്ങള്‍ സ്വസ്ഥാനങ്ങളില്‍ തിരിച്ച് വയ്ക്കാന്‍ പഠിപ്പിക്കുക.

– ഒരു നിശ്ചിത സമയ പരിധി വയ്ക്കുക.

– ചെയ്ത കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

– ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി കൊടുക്കാതിരിക്കുക.

കുട്ടികളെ കൊണ്ട് പറ ഞ്ഞ് ചെയ്യിപ്പിക്കുന്നതിനേക്കാള്‍ സ്വയം വൃത്തിയാക്കി കൊടുക്കുന്നതാണ് എളുപ്പം, പക്ഷേ അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കുന്നതാണ് നല്ല ശീലം പഠിപ്പിക്കാനുള്ള മാര്‍ഗം. സ്വന്തം മുറി വൃത്തിയാക്കാന്‍ പഠിക്കുന്ന കുട്ടി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. തങ്ങള്‍ക്കുള്ള സാധനങ്ങള്‍ വൃത്തിയായും അതോടൊപ്പം കൃത്യമായും സൂക്ഷിക്കാന്‍ പഠിക്കുന്നു. കുട്ടികള്‍ക്കായി എല്ലാം ചെയ്തു കൊടുക്കുന്ന മാതാപിതാക്കള്‍ ഒരു കാര്യം മറക്കരുത്; എത്ര മിടുക്കരായിട്ടാണ് കുട്ടികള്‍ മൊബൈല്‍, ടാബ് ഗെയിമിലും ടിവി പരിപാടികളിലും ജിജ്ഞാസ കാണിക്കുന്നത്. ഇതിനൊക്കെ സമയം കണ്ടെത്തി താല്പര്യപൂര്‍വം ചെയ്യാനും അവര്‍ക്ക് സാധിക്കുന്നു. ഈ കുട്ടികള്‍ക്ക് സ്വന്തം മുറി വൃത്തിയാക്കാനും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനും കഴിവില്ല എന്നു കരുതരുത്. സ്വയം ഏറ്റെടുത്ത് ചെയ്യുന്ന പല കാര്യങ്ങളും അവരെകൊണ്ട് തന്നെ ചെയ്യിപ്പിച്ച് ശുചിത്വമുള്ള മുറി കണ്ടാസ്വാദിക്കാനും അതിലിരുന്ന് പഠിക്കാനും പ്രോത്സാഹിപ്പിക്കുക. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ സ്വന്തം കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കണം. സ്വന്തം മുറി വൃത്തിയാക്കാന്‍ ചെറുപ്പത്തില്‍ പഠിക്കുന്ന കുട്ടികള്‍ ജീവിതംതന്നെ ക്രമപ്പെടുത്താനും ലക്ഷ്യബോധത്തില്‍ വളരാനും അപരനെ പരിഗണിക്കാനും പഠിക്കുന്നു.

Phone : 0484-2600464
E-mail : jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org