റൂബിക്‌സ് ക്യൂബ്

റൂബിക്‌സ് ക്യൂബ്

ആന്റണി വെളിയിലായകരിയില്‍

മഴവില്ലിന് ഏഴ് നിറങ്ങളാണുള്ളത്. അതുപോലെതന്നെ ഒരു റൂബിക്‌സ് ക്യൂബിനും ഉണ്ട്, പക്ഷെ ഏഴല്ല ആറു നിറങ്ങള്‍. എന്നെയും മോഹിപ്പിച്ചത് ഈ ആറു നിറങ്ങളാണ്. എനിക്ക് സ്വന്തമായി ഒരെണ്ണമില്ല. ചേട്ടന്റെ കൈയ്യിലുള്ളതാണെങ്കില്‍ എനിക്ക് ചോദിക്കാന്‍ തന്നെ പേടിയാണ്. ഒരു ദിവസം ചേട്ടന്‍ മുറിയിലില്ലാത്ത സമയം നോക്കി ഞാന്‍ അതെടുത്തു. മനസ്സില്‍ നിറയെ വാശിയാണ്: എങ്ങനെയെങ്കിലും ഈ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യണം. ചേട്ടനിതുകൊണ്ട് മണിക്കൂറുകളോളം കുത്തിയിരുന്ന് പരിശ്രമിച്ചിട്ടും നടന്നില്ല. കൈയ്യില്‍ എടുത്ത ഉടനെ ഞാനത് അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും മറിച്ചും കൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല. മനസ്സില്‍ നിറയെ വാശിയാണ്. സമയമറിയാനായി ക്ലോക്ക് നോക്കിയതും കറണ്ടു പോയതും ഒന്നിച്ചായിരുന്നു. ഇരുട്ടെന്നെ തളര്‍ത്താനനുവദിക്കാതെ ഞാന്‍ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. എനിക്കേതാണ്ടൊക്കെ ഉറപ്പായിരുന്നു എന്റെ ആത്മവിശ്വാസം എന്നെ കൈവിടില്ലായെന്ന്. ചുറ്റും ഇരുട്ട് കനത്തപ്പോള്‍ ചെറിയൊരു സംശയം: കൈയ്യിലുള്ളത് ഈ റൂബിക്‌സ് ക്യൂബ് തന്നെയാണോ….
പരാജയം സമ്മതിച്ച് കട്ടിലിന്മേല്‍ മലര്‍ന്ന് കിടക്കവേ അറിയാതെ ഞാനുറങ്ങിപ്പോയി. അല്‍പ്പം നേരത്തെയാണെണീറ്റത്. അദ്ഭുതം! കട്ടിലില്‍ കിടക്കുന്ന റൂബിക്‌സ് ക്യൂബിന്റെ ആറു വശങ്ങളിലും ഒരേ നിറം. സന്തോഷം പറഞ്ഞറിയിക്കാനായി ചേട്ടന്റെ അടുത്തേയ്‌ക്കോടി. എന്റെ അദ്ധ്വാനത്തിന്റെ ഫലം ചേട്ടന്‍ കാണണമെന്ന ഒരു നിര്‍ബന്ധബുദ്ധി എനിക്കുണ്ടായിരുന്നു. എന്റെ കൈയ്യില്‍ നിന്നുമത് വാങ്ങിച്ചിട്ട് തിരിച്ചും മറിച്ചും വച്ചശേഷം തിരികെ തന്നിട്ട് എന്നോടായി പറഞ്ഞു: ഇനി നീ ഇതൊന്നു ശരിയാക്കി കാണിച്ചേ, നോക്കട്ടെ നിന്റെ മിടുക്ക്…
വലിയ ആത്മവിശ്വാസത്തോടെ ഞാനത് വാങ്ങി ശ്രമം തുടങ്ങി…. എങ്ങുമെത്തിയില്ല… ഇരുട്ടത്ത് ഞാന്‍ കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം ഒറ്റ തിരിക്കലുകൊണ്ട് നശിപ്പിച്ചുകളഞ്ഞ ചേട്ടനോട് എനിക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. കണ്ണു നിറയുന്നതുപോലെ…. ഞാന്‍ തിരിച്ചും മറിച്ചും കുറേ പരിശ്രമിച്ചു. നടക്കുന്നില്ല. റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യാന്‍ പറ്റണില്ല. എന്തു ചെയ്യും നാണംകെടുമെന്നുറപ്പായപ്പോള്‍ ഞാന്‍ പറഞ്ഞു: ഇരുട്ടത്തേ എന്റെ ബുദ്ധി പ്രവര്‍ത്തിക്കൂ…
ചേട്ടന്റെ പരിഹാസചിരിക്കു മുമ്പില്‍ ജാള്യത തോന്നിയെങ്കിലും രാത്രിയാകാന്‍ ഞാന്‍ കാത്തിരുന്നു. ഒരിക്കല്‍ കൂടി ഇതെനിക്ക് സാധിക്കുമെന്ന് കാണിച്ചുകൊടുക്കാനായി….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org