റൂത്ത്

റൂത്ത്

ബൈബിള്‍ വനിതകള്‍ – 6

ജെസ്സി മരിയ

റൂത്ത്, ഏറ്റവും സുകൃതിനിയായ സ്ത്രീ; വിശ്വസ്തയായ മരുമകള്‍. അതുകൊണ്ടാണു യഹൂദവംശജയല്ലാതിരുന്നിട്ടും അവളുടെ പേരില്‍ പഴയ നിയമത്തിലെ ഒരു പുസ്തകംപോലും അറിയപ്പെടുന്നത്. തീര്‍ച്ചയായും ഇത് അവള്‍ക്കുള്ള വാഴ്ത്താണ്. റൂത്ത് തന്‍റെ ഭര്‍ത്താവ് മഹ്ലോനും വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മോവാബില്‍ താമസിക്കുമ്പോള്‍ മഹ്ലോന്‍ മരിച്ചു. നവോമി ജെറുസലേമില്‍ തന്‍റെ ചാര്‍ച്ചക്കാരുടെ അടുത്തേയ്ക്കു തിരിച്ചുപോകാനാഗ്രഹിച്ചപ്പോള്‍ തന്‍റെ ഭര്‍ത്താവിന്‍റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്ത പുലര്‍ത്തിക്കൊണ്ടു റൂത്തും അവളോടൊപ്പം ജെറുസലേമിലേക്കു പോന്നു. അവളെ തിരിച്ചയയ്ക്കാനുള്ള നവോമിയുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. അവള്‍ പറഞ്ഞ മറുപടി എല്ലാ മരുമക്കള്‍ക്കും പ്രചോദനമാകേണ്ടതാണ്. അവള്‍ പറഞ്ഞു: "അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ബന്ധുക്കള്‍ എന്‍റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും. അമ്മ മരിക്കുന്നിടത്തു ഞാനും മരിച്ച് അടക്കപ്പെടും" (റൂത്ത് 1:16-17). പിന്നീടു നവോമിക്ക് അവളെ തടയാനായില്ല. ബെത്ലഹേമില്‍ എത്തിയ നവോമിയെ പട്ടണവാസികള്‍ സന്തോഷത്തോടെ സ്വീകരിച്ചു; ഒപ്പം റൂത്തിനെയും. ഇങ്ങനെയൊരു മരുമകളെ ലഭിച്ചതില്‍ അവര്‍ നവോമിയെ അഭിനന്ദിച്ചു. ഏകമരുമകളെ പ്രതി അമ്മായിയമ്മ അഭിനന്ദിക്കപ്പെടുക വളരെ വിരളമാണ്. റൂത്ത് – അവള്‍ മകള്‍ക്കും മരുമകള്‍ക്കും ഉപരിയായിരുന്നു.

പിന്നീടു നമ്മള്‍ കാണുന്നതു നവോമിയുടെ ഭര്‍ത്താവായിരുന്ന എലിമെലെക്കിന്‍റെ ബന്ധു ബോവാസിന്‍റെ വയലില്‍ കാലാ പെറുക്കാന്‍ പോകുന്ന റൂത്തിനെയാണ്. ബോവാസ് റൂത്തിനെ പരിചയപ്പെടുമ്പോള്‍ അവളോടു വളരെ അനുഭാവത്തോടെയും അനുകമ്പയോടെയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. പിന്നീട് അവന്‍ ഇസ്രയേലിന്‍റെ നിയമപ്രകാരം തന്‍റെ ബന്ധുവായ മഹ്ലോന്‍റെ നാമം മാഞ്ഞുപോകാതിരിക്കാനും അനന്തരാവാകാശികളിലൂടെ അതു നിലനിര്‍ത്തുന്നതിനുംവേണ്ടി റൂത്തിനെ വിവാഹം ചെയ്യുന്നു. കര്‍ത്താവ് അവളെ സമൃദ്ധമായി അനുഗ്രഹിച്ചു. അവള്‍ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിച്ചു. റൂത്തിന്‍റെ പുത്രനെ കണ്ട് ഇസ്രായേല്‍ സ്ത്രീകള്‍ നവോമിയോട പറഞ്ഞു: "ഇവന്‍ ഇസ്രായേലില്‍ പ്രസിദ്ധിയാര്‍ജ്ജിക്കും. ഇവന്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരേക്കാള്‍ വിലപ്പെട്ടവളുമായ നിന്‍റെ മരുമകളാണ് ഇവനെ പ്രസവിച്ചത്." അവര്‍ അവനെ ഓബെദ് എന്നു പേരുവിളിച്ചു. അവന്‍ ദാവീദിന്‍റെ പിതാവായ ജസ്സെയുടെ പിതാവാണ്.

റൂത്ത് എല്ലാ സ്ത്രീകള്‍ക്കും പ്രത്യേകിച്ചു മരുമകള്‍ക്ക് ഉത്തമമാതൃകയാണ്. തന്‍റെ ഭര്‍ത്താവിന്‍റെ ദൈവത്തോടും അമ്മയോടും അവള്‍ കാണിച്ച സ്നേഹവും വിശ്വസ്തതയും അവള്‍ക്ക് അനുഗ്രഹവര്‍ഷമായി തീര്‍ന്നു. യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ മോവാബ്യയായ അവളുടെ പേരും എഴുതപ്പെട്ടു. വിവാഹമോചനങ്ങളും തര്‍ക്കങ്ങളും കൂടിക്കൂടി വരുന്ന ഇക്കാലത്ത് റൂത്ത് എല്ലാ സ്ത്രീകള്‍ക്കും കുടുംബിനികള്‍ക്കും മാതൃകയായി മുന്നിലുണ്ട്. അമ്മായിയമ്മ-മരുമകള്‍ ബന്ധത്തിന്‍റെ ഏറ്റവും ഉദാത്തവും ഉത്തമവുമായ മാതൃകയായി…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org