സഭ അന്തഃഛിദ്രമുള്ള ഭവനമോ…!

സഭ അന്തഃഛിദ്രമുള്ള ഭവനമോ…!

യൂത്ത് സ്പീക്കിംഗ്

ജിഫിന്‍ സാം
(കെ.സി.വൈ.എം., സംസ്ഥാന സെക്രട്ടറി)

നവസുവിശേഷവത്ക്കരണത്തിന്‍റെ രാജപാത വെട്ടിയൊരുക്കുവാന്‍ സമയമായിരിക്കുന്നു. ക്രിസ്തുസ്നേഹം എല്ലാവരിലേക്കും എത്തിക്കുവാനുള്ള ഉത്തരവാദിത്വം കേരളസഭയില്‍ നവീകരിക്കപ്പെടേണ്ടതാണ്. ആഗോളതലത്തില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍, വിശ്വാസത്തിനു നേരിട്ട മൂല്യശോഷണം പകര്‍ച്ചവ്യാധി പോലെ കേരളക്കരയിലേക്കും എത്തിയിരിക്കുന്നു. പുത്രന്‍ പിതാവിനെതിരെയും മകള്‍ അമ്മയ്ക്കെതിരേയും ശബ്ദമുയര്‍ത്തുന്ന നവീനസംസ്കാരത്തിന്‍റെ വക്താക്കളാകുകയാണ് ഇന്നിന്‍റെ സമൂഹം. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ തന്നെ നിരത്തിലിറങ്ങി മാതൃത്വത്തിന്‍റെ മഹത്ത്വം പ്രസംഗിക്കുന്ന വിരോധാഭാസത്തെ ദര്‍ശിക്കുമ്പോള്‍ സ്നേഹത്താല്‍ പ്രവര്‍ത്തനനിരതരാകാനും വിശ്വാസത്തില്‍ കുറേക്കൂടി ആഴപ്പെടുവാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു.
ഇന്ന് സഭ നേരിടുന്ന പ്രധാനവെല്ലുവിളികളില്‍ പലതും വിശ്വാസികളുടെ ഇടയില്‍ നിന്നുതന്നെ ഉയരുന്ന വിഭിന്ന സ്വരം മൂലം ഉടലെടുക്കുന്ന പുഴുക്കുത്തുകളും പല്ലുകടികളും മൂലമാണ്. ഏതാനും ചിലരുടെ വ്യക്തിതാല്പര്യങ്ങള്‍ക്ക് സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വേദിയാകേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ചോദ്യശരങ്ങള്‍ വ്യക്തികളെ ഉദ്ദേശിച്ചാണെന്നുള്ള അടിസ്ഥാനചിന്ത മറന്നുകൊണ്ട് അന്ധമായി സഭയുടെ വിശ്വാസസംഹിതകള്‍ക്കു നേരെ വിരല്‍ ചൂണ്ടുവാന്‍ പലരും ശ്രമിക്കുന്നു. ഇതിന് ഒത്താശപാടുന്നവര്‍ സ്വന്തം കുഴി തോണ്ടുകയാണെന്ന് ചിന്തിക്കുന്നതേയില്ല. സഭാമാതാവിന്‍റെ മടിത്തട്ടില്‍ ജന്മമെടുത്തവര്‍തന്നെ ഇവിടെ ഉച്ചനീചത്വവും കെടുകാര്യസ്ഥതയും അധികാരദുര്‍വിനിയോഗവും അരങ്ങുവാഴുന്നു എന്നു ചൂ ണ്ടിക്കാണിക്കുമ്പോള്‍ ഉത്തരവാദികള്‍ നാമോരുത്തരും ആണെന്നുള്ള തിരിച്ചറിവ് നല്ലതാണ്. ക്രിസ്തുവിനേയും സഭാ ദര്‍ശനങ്ങളേയും എതിര്‍ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് സ്തുതിപാടുന്നത് നമ്മുടെ സഹോദരങ്ങള്‍ തന്നെയാണെന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാണുവാനിടയായി. പിതാവായ ദൈവത്തിനെ സ്ഥിരം കോപത്തോടെ പെരുമാറുന്ന, തന്നെ മാത്രം ആരാധിക്കുവാന്‍ ആവശ്യപ്പെടുന്ന, അപരിഷ്കൃതനായ വ്യക്തിയായി പരിചയപ്പെടുത്തുന്ന പ്രസ്തുത വീഡിയോയില്‍ ക്രിസ്തു എന്നത് വെറും സങ്കല്പമാണെന്നും വ്യാഖ്യാനിക്കുന്നു. മാനവര്‍ക്ക് പാപമോചനബലിയായി കാല്‍വരിയില്‍ രക്തംചിന്തിയവന്‍ വേദനയാല്‍ പിടഞ്ഞു പിതാവിനെ വിളിച്ചു നിലവിളിക്കുന്നത് ഏതര്‍ത്ഥത്തിലാണെന്ന് ആരായുന്ന വീഡിയോ അവസാനിക്കുന്നത് സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ഒരുവനെങ്ങനെ നമ്മെ വീണ്ടെടുക്കും എന്ന ചോദ്യത്തോടെയാണ്. വിരോധാഭാസമെന്ന് പറയട്ടെ, ഉറച്ച ക്രൈസ്തവപാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ക്രൈസ്തവര്‍ തന്നെയായിരുന്നു ഇതിന്‍റെ മുഖ്യപ്രചാരകര്‍.

ക്രൈസ്തവദര്‍ശനത്തെപ്പറ്റി നാം ആഴത്തില്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അന്യമതസ്തരായ ഏറെയാളുകള്‍ നമ്മുടെ ദൈവാലയങ്ങളില്‍ വിലപിച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവതിരുമുന്‍പാകെ സ്വയം സമര്‍പ്പിക്കുമ്പോള്‍, നമ്മുടെ ക്രൈസ്തവ വിശ്വാസം നാള്‍ക്കുനാള്‍ ചോര്‍ന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

പാപം ചെയ്ത ആദിമാതാപിതാക്കളെ ക്രോധാഗ്നിയില്‍ ദഹിപ്പിക്കുവാന്‍ സാധിക്കുമായിരുന്നെങ്കിലും അപ്രകാരം പ്രവര്‍ത്തിക്കാതിരുന്ന സ്വര്‍ഗ്ഗീയപിതാവ് കോപത്തോടെ പ്രതികാരം ചെയ്യുന്നവനാണെന്ന് എങ്ങനെ സമര്‍ത്ഥിക്കാന്‍ സാധിക്കും? സ്വന്തം സഹോദരനെ കൊന്ന കായേനെ സംരക്ഷിക്കുവാന്‍ അവന്‍റെ മേല്‍ അടയാളം പതിപ്പിച്ചവനാണ് അവിടുന്ന്. തന്നെ എതിര്‍ക്കുകയും മറ്റു ദേവന്മാരെ ആരാധിക്കുകയും ചെയ്ത ഇസ്രായേല്‍ സമൂഹത്തെ ഉന്മൂലനം ചെയ്ത് നാമാവശേഷമാക്കുവാന്‍ ദൈവത്തിന് സാധിക്കുമായിരുന്നില്ലേ!

ക്രിസ്തു ജീവിച്ചിരുന്നില്ല എന്നും യേശുവിന്‍റേതായി പ്രചരിക്കുന്ന ചിത്രം ഒരു ദുഷ്ടമനുഷ്യന്‍റേതാണെന്നും പറയുന്നവര്‍ വി. ബൈബിള്‍ വരച്ചുകാണിക്കുന്ന സാക്ഷ്യങ്ങളും സ്ഥലങ്ങളും മറ്റ് അടയാളങ്ങളും കണ്ടില്ലെന്ന് നടിക്കുന്നവരല്ലേ? ഒരു സങ്കല്പ സൃഷ്ടിയാണെങ്കില്‍ ചരിത്രം ക്രിസ്തുവിനു മുന്‍പും പിന്‍പുമായി രേഖപ്പെടുത്തപ്പെട്ടത് വിവേകശൂന്യതയായിരുന്നുവോ? സാധാരണയായി ചരിത്രപുരുഷന്മാര്‍ രാജകീയ സുഖങ്ങളില്‍ ജനിച്ചുവളര്‍ന്നു വരുന്നവരായിരുന്നെങ്കില്‍ കാലിത്തൊഴുത്തില്‍ പിറന്ന് മുപ്പതുവയസ്സുവരെ ആരാലും തിരിച്ചറിയപ്പെടാതെ കഴിഞ്ഞ യേശുവിനെപ്പറ്റി വെറും മൂന്നു വര്‍ഷത്തെ കൃത്യമായ രേഖകളേയുള്ളൂ എന്നു ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നത് വെറും അറിവില്ലായ്മയായി കാണുന്നത് എങ്ങനെ! മനുഷ്യനായി പിറന്ന ദൈവപുത്രന് വേദനകൊണ്ട് പുളയുവാനും പിതാവിനെ വിളിച്ച് കരയുവാനും അവകാശമില്ലേ! ഉത്ഥിതനായ ക്രിസ്തുവിനെ നേരില്‍ക്കണ്ട ശിഷ്യന്മാരുടെ സുവിശേഷപ്രഘോഷണത്തില്‍ ആകൃഷ്ടരായ ജനസമൂഹം സഭയായി രൂപമെടുത്തപ്പോള്‍ യേശു നേരിട്ട് തന്നെ ദ്രോഹിച്ചവര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ ഉള്ളതിന്‍റേയും എത്രയോ മടങ്ങ് ക്രിസ്ത്യാനികള്‍ ലോകത്ത് ഉണ്ടാകുമായിരുന്നു. അതുവരേയും അവതാരമെടുത്തിട്ടുള്ള അമാനുഷികരായ വ്യക്തിത്വങ്ങളുടെ സാഹസികജീവിതം മുന്‍പിലുള്ളപ്പോള്‍ ക്രിസ്തുവിനെപ്പറ്റി 'കഥ മെനഞ്ഞുണ്ടാക്കിയവര്‍' സാധാരണക്കാരനായ ഒരു വ്യക്തിയെ അവതരിപ്പിച്ചത് ചരിത്ര മണ്ടത്തരമായി വിലയിരുത്തുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളേണ്ടതിനു പകരം വ്യാജപ്രചാരണങ്ങള്‍ക്കു വളംവച്ച് കൊടുക്കുന്ന നമുക്ക് എന്ത് ക്രൈസ്തവ ദര്‍ശനമാണ് കൈമുതലായിട്ടുള്ളത്. ജനിച്ചു വളര്‍ന്ന സാഹചര്യത്തേയും കുടുംബത്തേയും തള്ളിപ്പറയുന്ന പുതുയുഗ സംസ്കാരം വലിയ വിപത്തിനുള്ള സൂചനയായി തിരിച്ചറിഞ്ഞ് സ്വയം തിരുത്താന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

കേരളകത്തോലിക്കാ സഭയിലെ അസ്വാരസ്യങ്ങളും പടലപിണക്കങ്ങളും കാണുമ്പോള്‍ "അന്തഃഛിദ്രമുള്ള രാജ്യവും ഭവനവും നിലനില്‍ക്കില്ല" എന്ന കര്‍ത്തൃ വചനമാണ് ഓര്‍മ്മയിലേക്ക് വരുന്നത്. ക്രിസ്തുവിന്‍റെ മണവാട്ടിയുടെ മടിത്തട്ടില്‍ മാതൃവാത്സല്യവും പിതൃസ്നേഹവും വേണ്ടുവോളം ആസ്വദിച്ച ചിലരുടെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സഭാവിരോധികള്‍ നമ്മെ അടച്ചാക്ഷേപിക്കുമ്പോള്‍ വിശ്വാസിസമൂഹം കുടുംബത്തിലെ പോരായ്മകള്‍ പൊതുജനം മുമ്പാകെ അക്കമിട്ടു നിരത്തിക്കൊണ്ട് സഭാമാതാവിനെതിരെ ആയുധമെടുത്ത് രംഗത്തു വരുന്നു. നമ്മുടെ പ്രശ്നങ്ങള്‍ പുരമുകളില്‍ നിന്നു പ്രഘോഷിക്കാന്‍ പ്രേരിപ്പിക്കുന്ന നിക്ഷിപ്തതാല്പര്യക്കാരെ കണ്ണടച്ച് വിശ്വസിക്കുന്നതിനു മുമ്പ് തെറ്റ് ചൂണ്ടിക്കാണിച്ച് തിരുത്തുവാന്‍ നമുക്കു ശ്രമിച്ചുകൂടെ. വ്യക്തിതാല്പര്യങ്ങളെ സാമൂഹ്യവിരുദ്ധതയായി ചൂണ്ടിക്കാണിച്ച് സഭാമക്കള്‍ എല്ലാവരും ഇങ്ങനെയാണെന്ന് അടിവരയിടുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തലമുറകള്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളല്ലേ?

സാമൂഹികപ്രശ്നങ്ങളില്‍ സഭ നിഷ് ക്രിയരാകരുത് എന്ന് ആഗ്രഹിക്കുകയും നിലപാടെടുക്കുകയും ചെയ്ത യുവജനങ്ങളെ കല്ലെറിയാന്‍ മുമ്പില്‍ നിന്നത് സഭാവിശ്വാസികളായിരുന്നു. പുതുവൈപ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം കിടന്നപ്പോള്‍ മറ്റു പൊതുവിഷയങ്ങളില്‍ നിലപാട് ആരായാനും സമരത്തെ തകര്‍ക്കുവാനുമാണ് ക്രൈസ്തവ സഹോദരങ്ങളില്‍ പലരും ശ്രമിച്ചത്. അതിജീവനത്തിനായി, അവകാശ സംരക്ഷണത്തിനായി ഒരു ജനത നടത്തിയ സമാധാന സമരത്തെ അടിച്ചൊതുക്കിയ കിരാതനയത്തെ വിമര്‍ശിച്ചപ്പോള്‍ സഭയും യുവജനങ്ങളും സര്‍ക്കാര്‍ വിരുദ്ധരായി. സ്വകാര്യ ആശുപത്രികള്‍ നടത്തുന്നത് കത്തോലിക്കാസഭ മാത്രമല്ല എന്നിരിക്കെ നഴ്സുമാരുടെ സമരത്തില്‍ സഭയുടെ യുവജനപ്രസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നുള്ള മുറവിളി യാദൃശ്ചികമായി കരുതുവാന്‍ സാധിക്കില്ല. എല്ലാ ഭാഗത്തുനിന്നും സഭയ്ക്കെതിരെ ആയുധമെടുക്കുവാനും നിരത്തിലിറങ്ങുവാനും സമ്മര്‍ദ്ദം ഏറിയിട്ടും യുവജനങ്ങള്‍ മൗനം പാലിച്ചത് ആര്‍ജ്ജവം കുറവായ നട്ടെല്ലിന്‍റെ ഉറപ്പില്ലായ്മയായും ചിത്രീകരിക്കപ്പെട്ടു.

സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ അടിസ്ഥാന വേതനത്തിനുവേണ്ടിയുള്ള സമരത്തിന് പൂര്‍ണ്ണപിന്തുണ നല്കുവാനാണ് ആഗ്രഹിക്കുന്നത്. പിതാക്കന്മാരോടും സന്യസ്തരോടും പ്രസ്തുത വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ എല്ലാം മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുവാന്‍ സാധിക്കുകയില്ലല്ലോ. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞതിനുശേഷം ന്യായമല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളോടൊപ്പം സമരപ്പന്തലില്‍ ഞങ്ങളുമുണ്ടാകും. എന്നാല്‍ ഏതാനും സംശയങ്ങള്‍ ഇപ്പോഴും മനസ്സിനെ അലട്ടുന്നു. പുതുവൈപ്പിലെ പാവപ്പെട്ട ജനങ്ങളുടെ വിഷയത്തില്‍ ഒരു വാക്കു പോലും പ്രതികരിക്കുവാന്‍ തയ്യാറാകാതിരുന്ന പല വ്യക്തികളും സഭയ്ക്കെതിരെ ശക്തമായ എതിര്‍പ്പുകളോടെ നഴ്സുമാരുടെ വിഷയത്തില്‍ മുന്നോട്ടുവന്നു. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ കണ്ണടച്ച ഇവര്‍ എന്തു ലാഭമോഹത്തോടെയാകും ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്?

കഴിഞ്ഞദിവസം മുപ്പത്തഞ്ചു വയസ്സുകാരിയായ നഴ്സ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി സഭയുടെ പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് സംസാരിക്കുന്ന വീഡിയോദൃശ്യം ഫേസ്ബുക്കില്‍ കാണുവാനിടയായി. താന്‍ കത്തോലിക്കാ സഭാംഗം തന്നെയാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി സ്വകാര്യ ആശുപത്രികള്‍ രോഗികളെ മുതലെടുക്കുകയാണെന്നും അന്യായമായി പണം വാങ്ങുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ഇതൊന്നും പുറത്തുപറയാത്തത് സഭാസ്നേഹം കൊണ്ടാണെന്ന് സൂചിപ്പിച്ച ഭൂമിയിലെ മാലാഖയുടെ പ്രതിനിധിയെ തികച്ചും സ്വാര്‍ത്ഥമതിയായി മാത്രമേ ചിത്രീകരിക്കുവാന്‍ സാധിക്കൂ. പാവപ്പെട്ടവരെ പിഴിയുന്ന മാനേജുമെന്‍റുകളുടെ മനോഭാവത്തെ ഇന്നലെവരെ നിശ്ശബ്ദമായി കണ്ടുനിന്ന വ്യക്തി തനിക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്ന് കണ്ടപ്പോള്‍ 'സഭാസ്നേഹം' മറന്നു. അന്നുവരെ ശമ്പളം കുറവാണെന്നോ മാനേജ്മെന്‍റുകളുടെ നയം തെറ്റാണെന്നോ തിരിച്ചറിയാന്‍ സാധിക്കാതിരുന്ന വ്യക്തിത്വം ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ സമൂഹം വിധിയെഴുതുക എങ്ങനെയായിരിക്കും? ക്രിസ്തീയത കൈമോശം വന്ന വ്യക്തികളായല്ലേ നമുക്ക് ഇത്തരത്തിലുള്ളവരെ കാണുവാന്‍ സാധിക്കൂ.

സമരങ്ങള്‍ അവസാനിക്കുന്നില്ല. ഒരു കൂട്ടര്‍ സമരമുഖത്തുനിന്നും അവകാശങ്ങള്‍ നേടിയെടുത്ത് പിന്മാറിക്കഴിയുമ്പോള്‍ നാളെ മറ്റൊരു സംഘമാളുകള്‍ രംഗത്തെത്തും. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും അവകാശസംരക്ഷണങ്ങള്‍ക്കുമായി അനേകായിരങ്ങള്‍ നിരത്തിലിറങ്ങാം. സ്ത്രീസുരക്ഷയും ബാലവേലയുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. നീതിക്കായുള്ള പോരാട്ടത്തില്‍ എന്നും ഒപ്പമുണ്ടാകുവാന്‍, ശബ്ദമില്ലാത്തവന് ശബ്ദമാകുവാന്‍, അടിച്ചമര്‍ത്തപ്പെട്ടവരെ കരങ്ങളില്‍ താങ്ങുവാന്‍, കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനം കെസിവൈഎം സദാ സന്നദ്ധമാണ്. വിഭിന്നമായ സ്വരം പുറപ്പെടുവിക്കുന്ന ചെറിയ ശതമാനത്തെ നോക്കി ക്രിസ്തുവിന്‍റെ പാതയില്‍ ചരിക്കുവാനാഗ്രഹിക്കുന്ന, സഹനവഴികളിലൂടെ ആവേശത്തോടെ കുരിശുപേറി യാത്ര ചെയ്യുന്ന ഒരുപറ്റം വിശ്വാസികളെ അടിവരയിടരുത്. സമാധാനം, നീതി, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായി വിവിധ ക്രൈസ്തവ സമൂഹങ്ങള്‍, മറ്റു മതവിശ്വാസികള്‍, അവിശ്വാസികള്‍ ഏവരോടുമൊപ്പം ഐക്യത്തിലായിരിക്കുന്ന, സ്നേഹത്തിലായിരിക്കുന്ന പുതുസമൂഹ നിര്‍മ്മിതിയില്‍ നമുക്കു കൈകോര്‍ക്കാം. യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍നിന്നു ശക്തിയും പ്രതീക്ഷയും ആര്‍ജ്ജിച്ച് നന്മയുടെ സഹയാത്രികരായി മുന്നേറുവാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

(പത്തനംതിട്ട രൂപതയിലെ മൈലപ്ര ഇടവകാംഗമായ ലേഖകന്‍ കെസിവൈഎം മുന്‍രൂപതാ ജനറല്‍ സെക്രട്ടറിയാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org