Latest News
|^| Home -> Suppliments -> ULife -> സഭാ കോടതിയും സിവില്‍ കോടതിയും

സഭാ കോടതിയും സിവില്‍ കോടതിയും

Sathyadeepam

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
വിവാഹബന്ധം വേര്‍പെടുത്തുന്നതിന് സഭ പരിഗണിക്കുന്ന കാരണങ്ങള്‍ ഏതെല്ലാമാണ്? ഇതര ക്രൈസ്തവസഭകളിലും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് നിയമങ്ങളും സംവിധാനങ്ങളും ഉണ്ടോ? സഭാകോടതികളെ അപേക്ഷിച്ച് സിവില്‍ കോടതി വഴി വിവാഹമോചനം എളുപ്പത്തില്‍ ലഭിക്കുമല്ലോ. സിവില്‍ കോടതി ഇതിനുവേണ്ടി പരിഗണിക്കുന്ന കാരണങ്ങളും നടപടി ക്രമങ്ങളും വിശദീകരിക്കാമോ?

ഉത്തരം
ക്രൈസ്ര്തവരെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായൊരു കൂദാശയും അവിഭാജ്യമായൊരു ബന്ധവുമാണ്. വിവാഹ ബന്ധം നിലവില്‍ വരുന്നത് ദമ്പതിമാര്‍ ഉഭയസമ്മതം പ്രകടമാക്കുന്നതു വഴിയായതിനാല്‍ ഉഭയസമ്മതത്തിന് സംഭവിക്കുന്ന ന്യൂനത വിവാഹ ഉടമ്പടിയെ അസാധുവാക്കും. ഉഭയ സമ്മതത്തിനുണ്ടാകുന്ന ന്യൂനതകളുടെ അടിസ്ഥാനത്തിലാണ് സഭാ കോടതികളില്‍ വരുന്ന വിവാഹക്കേസുകള്‍ ഒട്ടുമിക്കതും. ഉഭയസമ്മതത്തില്‍ ഉണ്ടാകാനിടയുള്ള ന്യൂനതകള്‍ക്കു കാരണമാകുന്ന സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. മാനസികരോഗങ്ങള്‍; 2. സന്താനോല്പാദനം നിര്‍വ്വഹിക്കുന്നതിനുള്ള സ്ത്രീ-പുരുഷ ബന്ധമാണ് വിവാഹം എന്ന വസ്തുതയെപ്പറ്റി അറിവില്ലായ്മ; 3. തെറ്റായ ധാരണയിലൂടെ വിവാഹനിശ്ചയം ചെയ്തയാള്‍ക്കു പകരം മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഇടവരിക; 4. വഞ്ചന മൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണ; 5. കപടഭാവം; 6. ബലപ്രയോഗവും ഭയവും; 7. വ്യവസ്ഥകളോടു കൂടിയ ഉഭയസമ്മതം; ലൈംഗികശേഷിക്കുറവ് (CCEO. cc. 818-826; CIC. cc.1095-1102). വിവാഹത്തിന്‍റെ ഉത്ക്കര്‍ഷത്തേയും പവിത്രതയേയും, അവിഭാജ്യതയേയും മുന്‍നിര്‍ത്തി അവയ്ക്ക് ഹാനികരമായി ഭവിക്കാവുന്ന പ്രതികൂലസാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പ്രസ്തുത സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ വിവാഹം നടത്തിക്കൂടെന്നാണ് സഭ മേല്പറഞ്ഞ വിവാഹതടസ്സങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത്. ദമ്പതിമാരില്‍ ആരെങ്കിലും ഒരാള്‍ മേല്പറഞ്ഞ ഏതെങ്കിലും ഒരു തടസ്സത്തിന് ഇരയായിരുന്നാല്‍ ആ വിവാഹം ആരംഭത്തിലേ അസാധുവായിരിക്കും. നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിട്ടുള്ള സഭാകോടതികള്‍ക്ക് അത്തരം വിവാഹങ്ങള്‍ അസാധുവായിരുന്നെന്ന് പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. വിവാഹത്തിന് എപ്പോഴും നിയമത്തിന്‍റെ ആനുകൂല്യമുണ്ട്. തന്മൂലം ഏതെങ്കിലും ഒരു വിവാഹത്തിന്‍റെ സാധുതയെപ്പറ്റി സംശയം ഉണ്ടായാല്‍ത്തന്നെ മറിച്ച് തെളിയിക്കുന്നതുവരെ സാധുവായ വിവാഹമായിട്ടാണ് അതിനെ പരിഗണിക്കേണ്ടത് (CCEO.c.779; CIC. c.1060).

കത്തോലിക്കാ സഭയും ഇതര സഭാവിഭാഗങ്ങളും
കത്തോലിക്കര്‍ക്ക് പള്ളിയില്‍ വച്ച് പുനര്‍വിവാഹം നടത്തണമെങ്കില്‍ ഒരേ സമയം സിവില്‍കോടതിയിലും സഭാകോടതിയിലും പോകേണ്ടിവരുന്നുണ്ട്. സിവില്‍ കോടതിയില്‍ നിന്ന് ലഭിക്കുന്ന വിവാഹമോചന ഡിക്രികൊണ്ട് മാത്രം ദേവാലയത്തില്‍ വച്ച് കത്തോലിക്കര്‍ക്ക് പുനര്‍വിവാഹം നടത്താനാവില്ല. കത്തോലിക്കേതര സഭാ വിഭാഗങ്ങള്‍, വിവാഹത്തിന്‍റെ അവിഭാജ്യത അംഗീകരിക്കുന്നവ പോലും, സിവില്‍കോടതി വിവാഹമോചനം നല്കുന്ന പക്ഷം പുനര്‍വിവാഹത്തിന് അനുവദിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലുള്ളതുപോലെ നിയമനടപടിക്രമങ്ങളോ, കോടതി സംവിധാനമോ കത്തോലിക്കേതര സഭാവിഭാഗങ്ങള്‍ക്കില്ല.

സിവില്‍ നിയമത്തിലെ ഉദാരവത്കരണം
കത്തോലിക്കര്‍ക്ക് പുനര്‍വിവാഹത്തിന് ഒരേ സമയം സിവില്‍ കോടതിയിലും സഭാ കോടതിയിലും പോകേണ്ടിവരുന്നത് സാമ്പത്തികഭാരവും സമയനഷ്ടവും വരുത്തിവയ്ക്കുന്നുണ്ട്. വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിന് സഭ ആധാരമാക്കുന്ന കാരണങ്ങളും വിവാഹമോചനം നല്കുന്നതിന് സിവില്‍ കോടതി അവലംബിക്കുന്ന കാരണങ്ങളും വ്യത്യസ്തമാണ്. 1872-ലെ ക്രിസ്തീയ വിവാഹ നിയമമനുസരിച്ചോ, ക്രൈസ്തവ സഭാവിഭാഗങ്ങളുടെ വ്യക്തിനിയമമോ പാരമ്പര്യമോ അനുസരിച്ചോ വിവാഹിതരാകുന്ന എല്ലാവര്‍ക്കും വിവാഹമോചനത്തിനും വിവാഹം ആരംഭം മുതല്‍ക്കേ അസാധുവായിരുന്നെന്ന് പ്രഖ്യാപിക്കുന്നതിനും (Nullity), ഭാര്യയ്ക്കും ഭര്‍ത്താവിനും യോജിച്ച് പെറ്റീഷന്‍ സമര്‍പ്പിച്ച് (mutual consent) വിവാഹമോചനം നേടുന്നതിനും സിവില്‍ കോടതി അവംലബിക്കുന്ന കാരണങ്ങള്‍ 1869-ല്‍ ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ വകുപ്പുകള്‍ 2001-ലെ വിവാഹമോചന ഭേദഗതി നിയമം വഴി നിലവില്‍ വന്ന വകുപ്പുകളനുസരിച്ചാണ്. അതനുസരിച്ച്, വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്:

1) വ്യഭിചാരം; 2) മതംമാറ്റം; 3) കടുത്ത മാനസിക രോഗം; 4) കുഷ്ഠരോഗം; 5) ഗുഹ്യരോഗങ്ങള്‍; 6) ഏഴു വര്‍ഷമോ അതിലധികമോകാലം വിവാഹപങ്കാളിയെ കാണാതാവുകയും ജീവിച്ചിരിപ്പുണ്ടെന്ന തെളിവില്ലാതിരിക്കുകയും ചെയ്യുക; 7) വിവാഹശേഷം സംഭോഗത്തിന് സമ്മതിക്കാതിരിക്കു ക; 8) ദാമ്പത്യാവകാശം പുനഃസ്ഥാപിക്കാന്‍ കോടതിവിധി ഉണ്ടായിട്ട് രണ്ടു വര്‍ഷത്തിലേറെയായിട്ടും അതിന് സമ്മതിക്കാതിരി ക്കുക; 9) രണ്ടു വര്‍ഷത്തിലേറെക്കാലമായി ഉപേക്ഷിക്കുക; 10) ക്രൂരത.

ഇവകൂടാതെ, സ്ത്രീകള്‍ക്കു വിവാഹമോചനം നേടുന്നതിന് പുരുഷന്‍റെ ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ച എന്നിവയും കാരണങ്ങളാണ് (Indian
Divorce Act, section-10). 1869-ലെ ഇന്ത്യന്‍ വിവാഹമോചന നിയമത്തില്‍ 2001-ല്‍ വരുത്തിയ ഭേദഗതിയനുസരിച്ച,് സിവില്‍ കോടതി വഴിയുള്ള വിവാഹമോചനം കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. വിവാഹശേഷം ഒരു വര്‍ഷമോ അതിലധികമോ കാലം വേര്‍പിരിഞ്ഞു ജീവിക്കുന്ന ദമ്പതികള്‍ തങ്ങള്‍ക്കിനി ഒരുമിച്ച് ജീവിക്കാനാവില്ലയെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തിത്തരണമെന്നും യോജിച്ച് അപേക്ഷിക്കുന്ന പക്ഷം. 2. ആറുമാസത്തെ കാലാവധി കേസുകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരാഴ്ചയായി കുറവുചെയ്തു കൊടുക്കാനുള്ള വിവേചനാധികാരം കുടുംബകോടതികള്‍ക്കുണ്ട്. കൂടാതെ, കുടുംബകോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കണമെന്ന മുന്‍നിയമത്തിലെ (Indian Divorce Act, 1869) വ്യവസ്ഥയും 2001-ലെ ഭേദഗതിവഴി എടുത്തു കളഞ്ഞിട്ടുണ്ട്.

മേല്പറഞ്ഞതില്‍നിന്ന് സിവില്‍ കോടതി വിവാഹമോചനം (Divorce) മാത്രമാണ് നല്കുന്നതെന്ന് വിചാരിക്കരുത്. സഭാകോടതികള്‍ ചെയ്യുന്നതുപോലെ സിവില്‍ കോടതിയും വിവാഹം ആരംഭം മുതല്ക്കേ അസാധുവായിരുന്നുവെന്ന് (Nullity) പ്രഖ്യാപിക്കുന്നുണ്ട്. വിവാഹമോചനം എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കുന്നത്, വിവാഹശേഷം ഉണ്ടായ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സാധുവായി നടത്തപ്പെട്ട വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുന്ന നടപടിയാണ്. എന്നാല്‍ വിവാഹം അസാധുവായിരുന്നെന്ന് പ്രഖ്യാപിക്കുക (Nullity) എന്നു പറഞ്ഞാല്‍, വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ഉണ്ടായിട്ടുള്ള ഗൗരവമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ അസാധുവായ വിവാഹത്തെ, ആരംഭം മുതല്ക്കേ അവ അസാധുവായിരുന്നുവെന്ന് പ്രഖ്യാപിക്കുകയെന്നാണ് മനസ്സിലാക്കേണ്ടത്. കുടുംബകോടതി ഒരു വിവാഹം ആരംഭം മുതല്ക്കേ അസാധുവായിരുന്നെന്ന് പ്രഖ്യാപിക്കുമ്പോള്‍ സിവില്‍ നിയമമനുസരിച്ച് സാധുവായ വിവാഹം നടന്നിട്ടില്ലായെന്നു തന്നെയാണ് പ്രഖ്യാപിക്കുന്നത്.

ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 അനുസരിച്ച്, ഭാര്യയ്ക്കോ ഭര്‍ത്താവിനോ തങ്ങളുടെ വിവാഹം അസാധുവായിരുന്നെന്ന് പ്രഖ്യാപിക്കാന്‍ ഫാമിലി കോടതിയില്‍ കേസ്സ് കൊടുക്കാവുന്നതാണ്. നിയമപ്രകാരം വിവാഹം അസാധുവായി പ്രഖ്യാപിക്കണമെങ്കില്‍ കേസ്സിലെ കക്ഷികള്‍ (ഏതെങ്കിലും ഒരു കക്ഷിയായാലും മതി) 1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമ പ്രകാരമോ, തങ്ങളുടെ മതത്തിന്‍റെ വ്യക്തി നിയമമോ, പാരമ്പര്യമോ അനുസരിച്ച് വിവാഹച്ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 19-ല്‍ കുടുംബ കോടതിയില്‍നിന്ന് വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള (Nullity) കാരണങ്ങള്‍ നല്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:

1. ലൈംഗികശേഷിക്കുറവ്; 2. രക്തബന്ധവും ചാര്‍ച്ചാബന്ധവും (prohibitted degrees of consanguinity and affinity); 3. സാധുവായ മുന്‍ വിവാഹബന്ധം നിലനില്ക്കു ക; 4. ഉഭയസമ്മതം നല്കിയത് നിര്‍ബന്ധംമൂലമോ കപടതമൂലമോ ആണെന്ന് തെളിയുക. മേല്പറഞ്ഞ കാരണങ്ങള്‍ സംശയാതീതമായി കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചാല്‍ സിവില്‍കോടതി വിവാഹം ആരംഭം മുതല്ക്കേ അസാധുവായിരുന്നുവെന്ന് പ്രഖ്യാപിക്കും.

സിവില്‍കോടതിയുടെ നടപടിക്രമം
1984-ലാണ് ഫാമിലികോടതി ആക്ട് നിലവില്‍ വന്നത്. അതനുസരിച്ച് ഫാമിലി കോടതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള എല്ലായിടത്തും വിവാഹമോചനത്തിനും, വിവാഹം അസാധുവാക്കാനുമുള്ള കേസ്സുകള്‍ ഫയല്‍ ചെയ്യേണ്ടത് ഫാമിലികോടതികളിലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാമിലികോടതികള്‍ പ്രവര്‍ത്തിക്കു ന്നുണ്ട്. ഫാമിലി കോടതികള്‍ നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ ജില്ലാക്കോടതികളിലാണ് മേല്പറഞ്ഞ കേസ്സുകള്‍ക്കുള്ള പെറ്റീഷനുകള്‍ സമര്‍പ്പിക്കേണ്ടത്. 1984-ലെ ഫാമിലിക്കോടതി ആക്ട് അനുസരിച്ചും സിവില്‍ കോഡ് നടപടിക്രമങ്ങള്‍ അനുസരിച്ചുമാണ് ഫാമിലി കോടതി കേസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

3. കക്ഷി നേരിട്ട് ഹാജരായോ അഭിഭാഷകന്‍ മുഖേനയോ ആണ് കേസ് ഫയല്‍ ചെയ്യേണ്ടത്. പെറ്റീഷന്‍ നിയമാനുസൃതം ഫയല്‍ ചെയ്താല്‍ വാദിയോടും കേസ്സിലെ എതിര്‍കക്ഷിയോടും കോടതി നിശ്ചയിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെടും. എതിര്‍കക്ഷിക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ കോടതിയില്‍ ഹാജരാകാവുന്നതാണ്.

നിശ്ചയിക്കപ്പെട്ട ദിവസം കോടതിയില്‍ ഹാജരാകുന്ന വാദിയേയും എതിര്‍കക്ഷിയേയും കോടതി നിശ്ചയിക്കുന്ന ഒരു കൗണ്‍സലറുടെ അടുക്കലേയ്ക്ക് കൗണ്‍സലിംഗിന് അയയ്ക്കും. കേസ്സിലെ കക്ഷികള്‍ പരസ്പരം രമ്യതപ്പെടാന്‍ സാധ്യതയുണ്ടോ അതോ വേര്‍പിരിയാന്‍ തന്നെയാണോ തീരുമാനം എന്ന് അറിയുന്നതിനു വേണ്ടിയാണിത്. ഫാമിലികോടതി സംവിധാനം നിലവില്‍ വന്നതിനു ശേഷം ഉണ്ടായൊരു മാറ്റമാണ് ഈ കൗണ്‍സലിങ്ങ്. കൗണ്‍സലിങ്ങിനുശേഷവും ദമ്പതികള്‍ വേര്‍പിരിയാനാണ് തീരുമാനിക്കുന്നതെങ്കില്‍ പ്രസ്തുത വിവരം കൗണ്‍സലര്‍ ഫാമിലി കോടതിയുടെ ജഡ്ജിയെ അറിയിക്കണം. അതേതുടര്‍ന്ന് എതിര്‍കക്ഷിയോട് പെറ്റീഷനില്‍ വാദി ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങള്‍ക്കുള്ള എതിര്‍ ന്യായങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. എതിര്‍ന്യായങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കേസ്സിന്‍റെ തുടര്‍ നടപടികളിലേയ്ക്ക് പ്രവേശിക്കും. തുടര്‍ന്ന് കേസ് മീഡിയേഷന് വിടും. മീഡിയേഷന്‍ പരാജയപ്പെട്ടാല്‍ കേസ് തെളിവെടുപ്പിനായി മാറ്റും. തെളിവെടുപ്പിനുവേണ്ടി സാക്ഷികളുടെ പട്ടിക, ഇതര രേഖകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കണം.

തുടര്‍ന്ന് കേസ്സിലെ വാദി വിവാഹമോചനം ആവശ്യപ്പെടുന്നതിനുള്ള ന്യായങ്ങള്‍ സത്യവാങ് മൂലത്തിലൂടെ സമര്‍പ്പിക്കും. തുടര്‍ന്ന് എതിര്‍കക്ഷിയുടെ വക്കീല്‍ വാദിയെ കോടതിയില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചശേഷം ക്രോസ്സ് വിസ്താരം ചെയ്യും. സത്യവാങ് മൂലത്തില്‍ വാദി ഉന്നയിച്ചിരിക്കുന്ന വാദമുഖങ്ങളുടെ സത്യാവസ്ഥ അറിയുന്നതിനുവേണ്ടിയാണ് ക്രോസ്സ് വിസ്താരം. തുടര്‍ന്ന് വാദിയുടെ സാക്ഷികളേയും ഇപ്രകാരം കോടതിയില്‍വച്ച് എതിര്‍കക്ഷിയുടെ വക്കീല്‍ ക്രോസ്സ് വിസ്താരം ചെയ്യും. വാദിയുടെ ഭാഗത്തുനിന്നുള്ള തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ എതിര്‍കക്ഷി തെളിവ് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യണം. തുടര്‍ന്ന് എതിര്‍കക്ഷിയേയും, എതിര്‍കക്ഷിയുടെ സാക്ഷികളേയും വാദിയുടെ വക്കീലും ഇപ്രകാരം ക്രോസ്സ് വിസ്താരം ചെയ്യും.

തെളിവെടുപ്പ് ഘട്ടം പൂര്‍ത്തിയായാല്‍ വാദിയുടെ വക്കീല്‍ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വാദിക്ക് അനുകൂലമായിട്ടുള്ളതുമായ വാദമുഖങ്ങള്‍ കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കും. തുടര്‍ന്ന് എതിര്‍കക്ഷിയുടെ വക്കീലും എതിര്‍കക്ഷിക്ക് വേണ്ടി ഇപ്രകാരം ചെയ്യും. ഇതിനുശേഷമാണ് ജഡ്ജി വിധി പുറപ്പെടുവിക്കുന്നത്.

ഫാമിലികോടതിയുടെ വിധിക്കെതിരെ കേസ്സിലെ ഏതെങ്കിലും ഒരു കക്ഷി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നില്ലെങ്കില്‍ പ്രസ്തുത വിധി അന്തിമമാണ്. ഫാമിലികോടതി വിധിക്കെതിരെ അപ്പീലുണ്ടെങ്കില്‍ ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ചിനു മുമ്പാകെ 90 ദിവസത്തിനുള്ളില്‍ അപ്പീലിന് പോയിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വിവാഹമോചന നിയമത്തില്‍ 2001-ല്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും യോജിച്ച് വിവാഹമോചനത്തിന് ഫാമിലികോടതിയില്‍ അപേക്ഷിക്കാവുന്നതാണെന്ന് നാം കാണുകയുണ്ടായി (section 10A). ഇതനുസരിച്ച് വിവാഹശേഷം ഒരു വര്‍ഷമെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കുകയും ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഇത്തരം അപേക്ഷകള്‍ നല്കാവുന്നത്.

സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്
മേല്‍വിവരിച്ച നടപടിക്രമങ്ങള്‍ എല്ലാം 1872-ലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ വിവാഹ നിയമം അനുസരിച്ചോ, ക്രൈസ്തവസഭകളുടെ വ്യക്തിനിയമമനുസരിച്ചോ, പാരമ്പര്യമനുസരിച്ചോ വിവാഹിതരാകുന്നവര്‍ക്ക് വിവാഹമോചനമോ, വിവാഹം അസാധുവായി പ്രഖ്യാപിക്കേണ്ട സാഹചര്യമോ, ഭാര്യഭര്‍ത്താക്കന്മാര്‍ക്കു യോജിച്ച് വിവാഹമോചനത്തിന് അപേക്ഷിക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്വീകരിക്കുന്ന നടപടികളും അവലംബിക്കുന്ന നിയമങ്ങളുമാണ്. എന്നാല്‍, ഒരു മതത്തിന്‍റെയും വ്യക്തിനിയമങ്ങള്‍ക്കോ, പാരമ്പര്യങ്ങള്‍ക്കോ വിധേയരാകാതെ 1954-ലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവര്‍ ഉണ്ടാകും. ക്രിസ്ത്യാനിക്കും, ഹിന്ദുവിനും, മുസല്‍മാനുമൊക്കെ ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്യാവുന്നതാണ്.

1954-ലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം, വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ തങ്ങളുടെ വിവാഹം നടത്തിക്കിട്ടുന്നതിനുള്ള നോട്ടീസ് നല്കണം. അതതുപ്രദേശത്തെ മാര്യേജ് ഓഫീസ്സറായി നിയമിതരാകുന്ന സബ്രജിസ്ട്രാറുടെ പക്കലാണ് നോട്ടീസ് നല്കേണ്ടത്. നോട്ടീസില്‍ കക്ഷികളുടെ വയസ്സ്, മുന്‍ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവാഹം വേര്‍പെടുത്തിയിട്ടുണ്ടോ അതോ വിവാഹപങ്കാളി മരിച്ചുപോയോ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. തുടര്‍ന്ന് വിവാഹത്തിന്‍റെ നോട്ടീസ് മാര്യേജ് ഓഫീസര്‍ പരസ്യപ്പെടുത്തും. നോട്ടീസ് പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളില്‍ ആര്‍ക്കെങ്കിലും മേല്‍പറഞ്ഞ വിവാഹത്തെപ്പറ്റി എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാം. ഗൗരവമായ പരാതികളാണെങ്കില്‍ മാര്യേജ് ഓഫീസര്‍ കക്ഷികളുടെ വിവാഹം നടത്തിക്കൊടുക്കില്ല. പരാതികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് തെളിയുകയോ പരാതികള്‍ ഉന്നയിച്ചവര്‍ പിന്‍വലിക്കുകയോ ചെയ്താലേ വിവാഹം നടത്തിക്കൊടുക്കൂ. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സാധുതയില്ലാത്തതാണെന്നും സദുദ്ദേശ്യത്തോടുകൂടിയുള്ളതല്ലെന്നും ബോധ്യപ്പെട്ടാല്‍ പരാതി ഉന്നയിച്ച വ്യക്തിയില്‍നിന്ന് 1000 രൂപ നഷ്ടപരിഹാരം ഈടാക്കാനും മാര്യേജ് ഓഫീസര്‍ക്ക് അധികാരമുണ്ട്. മാര്യേജ് ഓഫീസറുടെ സാന്നിധ്യത്തിലും മൂന്ന് സാക്ഷികളുടെ മുമ്പാകെയുമാണ് വിവാഹം നടത്തേണ്ടത്. മാര്യേജ് ഓഫീസറും സാക്ഷികളും കക്ഷികളും രജിസ്റ്ററില്‍ ഒപ്പിടുകയും വേണം.

ഇപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് വിവാഹമോചനത്തിനും വിവാഹം അസാധുവായി പ്രഖ്യാപിക്കാനും യോജിച്ച് വിവാഹമോചനത്തിന് പെറ്റിഷന്‍ സമര്‍പ്പിക്കുവാനും മറ്റുമുള്ള വ്യവസ്ഥകള്‍ സ്പെഷല്‍ മാര്യേജ് ആക്ടില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് (section 28). മേല്പറഞ്ഞവ സംബന്ധിച്ച്, സ്പെഷല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകളും ഇന്ത്യന്‍ വിവാഹ മോചന നിയമത്തിലെ വ്യവസ്ഥകളും തമ്മില്‍ വലിയ വ്യത്യാസമില്ല. സ്പെഷല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥയനുസരിച്ച് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ദമ്പതിമാര്‍ക്ക് യോജിച്ച് വിവാഹ മോചനത്തിന് അപേക്ഷിക്കാവുന്നതാണ്.

Leave a Comment

*
*