സഭയിൽ പരിവർത്തനം ആവശ്യമോ?

സഭയിൽ പരിവർത്തനം ആവശ്യമോ?

ഫാ. മാത്യു പയ്യനാട്ട്
പെരുമ്പറ്റ, കാസര്‍ഗോഡ്

സഭയുടെ യഥാര്‍ത്ഥ ഫോക്കസ് എന്ത്? കാലപ്രവാഹത്തില്‍ ഈ ഫോക്കസിന് എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടോ? ചരിത്രപരമായ ഒരു ആത്മപരിശോധനയ്ക്കു സമയമായിട്ടില്ലേ? ഈ ചോദ്യങ്ങളാണു ലേഖനത്തിന്‍റെ ഉള്ളടക്കം. മിശിഹായുടെ സഭയ്ക്കും സഭയിലെ പൗരോഹിത്യ നേതൃത്വത്തിനും സംഭവിച്ച ഫോക്കസ് പിഴവുകള്‍ സത്യസന്ധമായി പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്.

സഭ പാപികളോടും പാവങ്ങളോടും ഒപ്പമോ?
തന്‍റെ പരസ്യജീവിതകാലത്തു യേശുവിന്‍റെ ക്യാമറക്കണ്ണുകള്‍ പതിഞ്ഞതെവിടെ? തിരക്കു പിടിച്ച യാത്രകളില്‍ അവന്‍റെ കണ്ണുകള്‍ ഫോക്കസ് ചെയ്തത് ആരെയൊക്കെ? ആള്‍ക്കൂട്ടങ്ങളിലെ ആരവങ്ങള്‍ക്കുമിടയിലും അവന്‍റെ ശ്രദ്ധ പോയത് എങ്ങോട്ട്? സുവിശേഷങ്ങളില്‍ വിശദമായി വിവരിക്കുന്നതുപോലെ അന്ധന്മാര്‍, മുടന്തന്മാര്‍, ചെകിടന്മാര്‍, തളര്‍വാതക്കാര്‍, കുഷ്ഠരോഗികള്‍, പകര്‍ച്ചവ്യാധികളില്‍പ്പെട്ടവര്‍ എന്നിങ്ങനെ സാമൂഹികജീവിതത്തിന്‍റെ മുഖ്യധാരയ്ക്കു പുറത്താക്കപ്പെട്ടവരും ഒറ്റപ്പെട്ടുപോയവരും തോരാത്ത കണ്ണുനീരുമായി തളര്‍ന്ന് അവശരായവരുമായ എല്ലാ ദുഃഖിതരെയും പീഡിതരെയും വ്യക്തിപരമായി കാണുകയും ഇടപെടുകയും ചെയ്തവനാണു നമ്മുടെ ഗുരു. എത്ര തിരക്കുള്ള യാത്രയിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നിരിക്കിലും ഒരു ദീനരോദനവും അവന്‍ കേള്‍ക്കാതെ പോയിട്ടില്ല. തന്‍റെ പക്കല്‍ വന്ന ഒരാള്‍ക്കുപോലും നിരാശനായി മടങ്ങേണ്ടി വന്നിട്ടില്ല.

'Quovadis, Domine
ഒന്നാം നൂറ്റാണ്ടില്‍ നീറോ ചക്രവര്‍ത്തി ആദിമ ക്രൈസ്തവരെ അതിനീചമായി പീഡിപ്പിച്ചു കൊന്നൊടുക്കിയപ്പോള്‍, ആ ഭീകരരംഗങ്ങള്‍ കാണാന്‍ കെല്പില്ലാതെ നിലവിളിച്ചുകൊണ്ട് ഓടിപ്പോയ പത്രോസിനെതിരെ കുരിശുചുമന്നുകൊണ്ടു പ്രത്യക്ഷപ്പെട്ട യേശുവിനെ കണ്ടപ്പോള്‍ മനസ്സ് തകര്‍ന്ന പത്രോസ് ചോദിച്ച വാക്യമാണ് 'Quovadis, Domine.'

"നാഥാ നീ എങ്ങോട്ട് പോകുന്നു?" ഈ അനുഭവത്തിനുശേഷം പത്രോസ് ആത്മധൈര്യം സംഭരിച്ചു പീഡിപ്പിക്കപ്പെട്ട റോമായിലെ ക്രിസ്ത്യാനികളുടെ അടുത്തേയ്ക്കു മടങ്ങിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും കൂടുതല്‍ ആവേശത്തോടെ റോമായിലെ സഭയ്ക്കു നേതൃത്വം നല്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ പത്രോസിനെപ്പോലെ ഒരു തിരിച്ചുനടത്തത്തിനു സഭയ്ക്കു സാധിക്കുമോ എന്നതാണു പ്രശ്നം.

യേശുവിന്‍റെ ആഭിമുഖ്യങ്ങളും ദൈവരാജ്യത്തിന്‍റെ മുന്‍ഗണനാക്രമങ്ങളും
മത്താ. 12:1-8-ല്‍ യേശു ദൈവരാജ്യപ്രഘോഷണവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ തന്‍റെ ഫോക്കസ് എവിടെയാണെന്നു പൊതുസമൂഹത്തിന്‍റെ മുമ്പില്‍ വ്യക്തമാക്കി. മൂന്നു ചോദ്യങ്ങള്‍ മതപുരോഹിതന്മാര്‍, നിയമജ്ഞര്‍, മതമൗലികവാദികള്‍ ഉള്‍പ്പെടെയുള്ള ശ്രോതാക്കളോടും പൊതുസമൂഹത്തോടും ഉന്നയിച്ചുകൊണ്ടാണ് അവനതു വ്യക്തമാക്കിയത്. ഒന്ന്, ഏതാണു വലുത് ദേവാലയമോ അതോ ദൈവമോ? രണ്ട് ഏതാണ് ശ്രേഷ്ഠം, ബലിയോ അതോ കരുണയോ? മൂന്ന്, ഏതാണു പ്രധാനം, മതമോ മനുഷ്യനോ? ഉത്തരം വ്യക്തമാണല്ലോ. ദേവാലയമല്ല ദൈവമാണു വലുത്. ബലിയല്ല കരുണയാണു ശ്രേഷ്ഠം. സഭയുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍വച്ചു ദൈവത്തേക്കാള്‍ ശ്രദ്ധ ദേവാലയത്തിനും അതിനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കും കൊടുത്തപ്പോള്‍ സഭയുടെ ഫോക്കസ് മാറിപ്പോയി എന്നു സ്പഷ്ടം. കരുണയുടെ പ്രവര്‍ത്തനങ്ങളേക്കാള്‍ മാഹാത്മ്യം ബലിയര്‍പ്പണത്തിനും അതോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കും നല്കിയപ്പോള്‍ പിഴവു പറ്റിയില്ലേ? മനുഷ്യനും അവന്‍റെ മഹത്ത്വത്തിനും അവന്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ക്കും ഉപരിയായി മതത്തിനും അതിന്‍റെ ആഘോഷപരിപാടികള്‍ക്കും പ്രാധാന്യം നല്കിയപ്പോഴും സുവിശേഷത്തിലെ ഫോക്കസ് തെറ്റിപ്പോയില്ലേ?

ചെങ്കല്‍ ചൂള കോളനി മുതല്‍ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ വരെ
സഭയുടെ സത്വബോധം വീണ്ടെടുക്കാന്‍ സഭയ്ക്ക് ഒരു തിരിച്ചുനടത്തം ആവശ്യമാണ്. അപ്രധാനവും ആലങ്കാരികവും ഭൗതികവുമായ താത്പര്യങ്ങള്‍ വിട്ട്, കാതലായ സുവിശേഷ തത്ത്വങ്ങളിലേക്കു തിരിച്ചു നടക്കാന്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നു. ദൈവരാജ്യത്തിന്‍റെ സുവിശേഷം അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കേണ്ടതെങ്കില്‍ സഭാനേതൃത്വം ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകള്‍ ഏതെന്നു വിശദീകരിക്കാന്‍ താഴെ പറയുന്ന ഉദാഹരണങ്ങള്‍ മതിയാകും.

1. ചെങ്കല്‍ ചൂള കോളനി
തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ പതിറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന ചെങ്കല്‍ചൂള കോളനിയിലെ ദുരിതകഥകള്‍ അടുത്തകാലത്തു പുറത്തുവിട്ടത് ഒരു ചാനല്‍മാധ്യമമാണ്. തകരപാട്ടകൊണ്ടു മേഞ്ഞതും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ചതുമായ ഒറ്റമുറി വീടുകളാണ് ഇവിടെയുള്ളത്. കക്കൂസോ മൂത്രപ്പുരയോ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളും പ്രായമായ സ്ത്രീകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ രാത്രികാലങ്ങളില്‍ വീടിന്‍റെ ഒരു മൂലമറച്ചു ക്യാനുകളിലും പ്ലാസ്റ്റിക് കുപ്പികളിലും മലമൂത്ര വിസര്‍ജ്ജനം നടത്തി നേരം വെളുക്കുമ്പോള്‍ വെളിമ്പ്രദേശങ്ങളില്‍ കൊണ്ടുപോയി കളയുന്ന അവസ്ഥ നമ്മുടെ ഈ കേരളത്തില്‍ ത്തന്നെയാണെന്നു ചിന്തിക്കാന്‍ വയ്യ.

2. ഇടമലക്കുടി ഹരിജന്‍ കോളനി
ഭാരത ക്രൈസ്തവസഭയുടെ ഉത്ഭവകേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന മദ്ധ്യതിരുവിതാംകൂറില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഹരിജന്‍കോളനിയിലെ കരിപുരണ്ട ജീവിതങ്ങളുടെ കദനകഥകള്‍ പുറത്തുവന്നത് അടുത്ത നാളിലാണ്. പത്തിരുപതു കിലോമീററര്‍ സഞ്ചാരയോഗ്യമല്ലാത്ത വഴികളിലൂടെ കാല്‍നടയായി നടന്നുചെന്നു കോളനിമക്കളെ സ്വന്തം കൂടപ്പിറപ്പുകളായി കണ്ടു ചികിത്സാസഹായം എത്തിച്ചുകൊണ്ട് അവരെ സ്നേഹിച്ച ഒരു സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ മുഖേനയാണു പുറംലോകം ഈ ദുരിതജീവിതങ്ങളെ അറിഞ്ഞത്.

3. അട്ടപ്പാടിയിലെ മധു
മധു ഒരൊറ്റപ്പെട്ട സംഭവമല്ല. ആള്‍ക്കൂട്ടം ചവിട്ടിക്കൊന്ന മധു അടുത്ത കാലംവരെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നു. അട്ടപ്പാടിയില്‍ത്തന്നെ നൂറ്റിയിരുപതോളം ട്രൈബല്‍കോളനികള്‍ ഉണ്ടത്രേ. മുഖ്യധാരാ ജീവിതത്തില്‍ നിന്ന് അടിച്ചിറക്കപ്പെട്ടവരും ഒറ്റപ്പെടുത്തപ്പെട്ടവരും ലൈംഗികപീഡനം ഉള്‍പ്പെടെ ക്രൂരമായ ചൂഷണത്തിനു വിധേയരുമായ നൂറുകണക്കിനു കോളനികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. യേശുവിന്‍റെ സുവിശേഷവും അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യവും ഇവര്‍ക്കെല്ലാം നിഷിദ്ധമാണോ?

4. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
ഭോപ്പാല്‍ ദുരന്തത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്നാണ് ഒരു ജില്ലയെ മുഴുവന്‍ പിടിച്ചുകുലുക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്. ഭരണകൂടത്തിന്‍റെയും ഉദ്യോഗസ്ഥ അഴിമതിയുടെയും വന്‍ ചതിക്കിരയായ ഹതഭാഗ്യരാണവര്‍. ഇതിനോടകം അയ്യായിരത്തിലധികം ആളുകള്‍ കാസര്‍കോട് ജില്ലയില്‍ മരിച്ചുവീണു. ഐക്യരാഷ്ട്രസഭയുടെ ജനീവ ഉച്ചകോടിയില്‍ ഇതു ചര്‍ച്ചാവിഷയമാക്കി. അതിനുമുമ്പുതന്നെ കാസര്‍കോട് കൃഷിവകുപ്പില്‍ ജോലി ചെയ്തിരുന്ന, തിരുവിതാംകൂറിലെ പയ്യാവൂരില്‍നിന്നും കുടിയേറി പാര്‍ത്ത ഒരു ലീലാകുമാരി ടീച്ചറാണ് ദുരിതബാധിതര്‍ക്കുവേണ്ടി കോടതിവരാന്തകള്‍ കയറിയിറങ്ങി കേസ് വാദിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള കോടതിവിധി സമ്പാദിച്ചത്.

5. ട്രാന്‍സ്ജെന്‍ഡറുകള്‍ (ഭിന്നലിംഗക്കാര്‍)
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ഇത്തരത്തില്‍ ജനിക്കേണ്ടി വന്ന ജീവിതങ്ങള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്നതേയുള്ളൂ. സമൂഹത്തിന്‍റെ പുച്ഛവും പരിഹാസവും ശാരീരിക-മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി മാന്യമായി ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ട് തെരുവില്‍ അലയേണ്ടി വരുന്നവര്‍ ആയിരക്കണക്കിനുണ്ട് കേരളത്തില്‍. സ്വന്തം വ്യക്തിത്വമോ ആത്മാഭിമാനമോ ഒന്നും കാത്തുസൂക്ഷിക്കാനാവാതെ സ്വന്തം വീട്ടില്‍ നിന്നുപോലും പുറത്താക്കപ്പെട്ടവരാണവര്‍. ഇവരൊന്നും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നതു ഖേദകരംതന്നെ.

ഉപസംഹാരം
"ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?" എന്ന കായേന്‍റെ ചോദ്യമാണ് ഓര്‍മ്മയില്‍ വരിക. കൊലയാളിയായ കായേന്‍റെ ധിക്കാരത്തിനു മറുപടി പറയാനും പരിഹാരം ചെയ്യുവാനുമാണു സാക്ഷാല്‍ യേശുക്രി സ്തു ജനിച്ചതും ജീവിച്ചതും പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും മരിച്ചതും. ക്രിസ്തുവിന്‍റെ തുടര്‍ച്ചയായ തിരുസഭയാണ് അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യം സാക്ഷാത്കരിക്കേണ്ടത്.

വിശപ്പടക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ട് മണ്ണുവാരി തിന്നു വിശപ്പടക്കുന്ന മനുഷ്യര്‍ ആഫ്രിക്കയിലല്ല, കേരളത്തിലുണ്ട് എന്നതു ഞെട്ടലോടെയാണു നാം തിരിച്ചറിയുക. കോടികള്‍കൊണ്ടു നമ്മള്‍ അര്‍മാദിക്കുമ്പോള്‍ ഓര്‍ക്കുക, പട്ടിണികൊണ്ടു ജീവിതം കോടിപ്പോയ ഒട്ടേറെ മനുഷ്യക്കോലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന്. മലയിലെ പ്രസംഗം കഴിഞ്ഞ് ഇറങ്ങിവന്ന യേശു ജനങ്ങളുടെ ആരവങ്ങളെല്ലാം ശമിച്ചപ്പോള്‍, ഒട്ടും ഗൗരവം വിടാതെ, ഗുരു തന്‍റെ പ്രേഷ്ഠശിഷ്യന്മാരോടായി പറഞ്ഞതും നമ്മള്‍ മറക്കേണ്ട: "ഉപ്പു വളരെ നല്ലതുതന്നെ. പക്ഷേ, ഉറ കെട്ടുപോയാല്‍, എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞ്, മനുഷ്യരാല്‍ ചിവിട്ടപ്പെടാനല്ലാതെ മറ്റൊന്നും അതുപകരിക്കില്ല."

"സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ,
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും" – വയലാറിന്‍റെ ഈ വരികളിലെ ആത്മീയരോഷം നമുക്കു തിരസ്കരിക്കാനാകുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org