സഭയിലെ ആലോചനാസമിതികളും നിയമനിര്‍മ്മാണസമിതികളും

സഭയിലെ ആലോചനാസമിതികളും നിയമനിര്‍മ്മാണസമിതികളും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
കത്തോലിക്കാസഭയിലെ ആലോചനാ സമിതികളും നിയമനിര്‍മ്മാണസമിതികളും ഏതൊക്കെയെന്ന് പറയാമോ?

ഉത്തരം
ചോദ്യകര്‍ത്താവിന്‍റെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനായി ആദ്യമെ സാര്‍വ്വത്രിക സഭയുടെ അധികാരം, ഭരണസംവിധാനം എന്നിവ ഹൃസ്വമായി വിവരിച്ച ശേഷം ലത്തീന്‍ രൂപതകളുടെ ഭരണസംവിധാനത്തെപറ്റി പ്രതിപാദിക്കും. പിന്നീട് പൗരസ്ത്യ പാത്രിയര്‍ക്കല്‍-മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ സഭകളുടെ അധികാരവും ഭരണസംവിധാനവും വിവരിച്ചശേഷം പൗരസ്ത്യ സഭകളിലെ രൂപതകളുടെ ഭരണ സംവിധാനത്തെപ്പറ്റിയും പ്രതിപാദിക്കുന്നതാണ്.

1. സാര്‍വ്വത്രിക സഭ (Universal Church)
സാര്‍വ്വത്രിക സഭയിലെ പരമോന്നതാധികാരികള്‍ മാര്‍പാപ്പയും മെത്രാന്മാരുടെ സംഘവുമാണ് (College of Bishops). മാര്‍പാപ്പയ്ക്ക് മെത്രാന്മാരുടെ സംഘത്തെക്കൂടാതെയും സഭയില്‍ ഈ പരമോന്നതാധികാരം വിനിയോഗിക്കാവുന്നതാണ്. മെത്രാന്‍സംഘത്തിന്‍റെ തലവന്‍ മാര്‍പാപ്പയാണ്. കൗദാശികാഭിഷേകം വഴിയും സംഘത്തിന്‍റെ തലവനായ മാര്‍പാപ്പയോടും അംഗങ്ങളോടുമുള്ള ഹയരാര്‍ക്കിക്കടുത്ത കൂട്ടായ്മ വഴിയുമാണ് മെത്രാന്മാര്‍ ഇതിലെ അംഗങ്ങളായി തീരുന്നത്. ഈ മെത്രാന്‍ സംഘത്തില്‍ അപ്പസ്തോലസംഘം അവിരാമം നിലനില്ക്കുന്നു. സംഘത്തിന്‍റെ തലവനായ മാര്‍പാപ്പയെ കൂടാതെ മെത്രാന്‍ സംഘമില്ല. ഈ സംഘത്തിനും സാര്‍വ്വത്രികസഭയില്‍ പൂര്‍ണ്ണ അധികാരമുണ്ട്. തന്മൂലം മാര്‍പാപ്പയും മാര്‍പാപ്പ തലവനായിട്ടുള്ള മെത്രാന്‍ സംഘവും സാര്‍വ്വത്രികസഭയില്‍ നിയമനിര്‍മ്മാണാധികാരമുള്ള സമിതികളാണ്.

മെത്രാന്‍ സംഘം സാര്‍വ്വത്രിക സഭയില്‍ ഈ അധികാരം നിര്‍വ്വഹിക്കുന്നത് സാര്‍വ്വത്രിക സൂനഹദോസുകളില്‍ (Ecumenical Council) മാത്രമാണ്. സാര്‍വ്വത്രിക സൂനഹദോസുകള്‍ വിളിച്ചുകൂട്ടാനും അതില്‍ അദ്ധ്യക്ഷം വഹിക്കാനും അതിന്‍റെ ഡിക്രികള്‍ അംഗീകരിക്കാനുമുള്ള അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണ്.

മെത്രാന്മാരുടെ സിനഡ് (Synod of Bishops)
മാര്‍പാപ്പയ്ക്കും മെത്രാന്മാരുടെ സംഘത്തിനും പുറമെ സാര്‍വ്വത്രികസഭയില്‍ മെത്രാന്മാരുടെ സിനഡ് നിലവിലുണ്ട്. മാര്‍പാപ്പയും മെത്രാന്മാരും തമ്മിലുള്ള ഗാഢമായ ബന്ധം പരിപോഷിപ്പിക്കുന്നതിന് നിശ്ചിതസമയങ്ങളില്‍ ഒരുമിച്ചുകൂട്ടുന്ന, ലോകത്തിന്‍റെ വിവിധഭാഗളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരുടെ സമ്മേളനമാണ് മെത്രാന്മാരുടെ സിനഡ്. ഈ മെത്രാന്മാര്‍ അവരുടെ ഉപദേശത്തിലൂടെ വിശ്വാസവും സന്മാര്‍ഗ്ഗവും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും സഭാപരമായ അച്ചടക്കം നിലനിറുത്താനും ശക്തിപ്പെടുത്താനും മാര്‍പാപ്പയെ സഹായിക്കുന്നു.

റോമന്‍ കൂരിയ (Roman Curia)
സാര്‍വ്വത്രിക സഭയുടെ ഭരണത്തില്‍ മാര്‍പാപ്പയെ സഹായിക്കുന്ന സംവിധാനമാണ് റോമന്‍ കൂരിയ. സാധാരണയായി സാര്‍വ്വത്രിക സഭയുടെ ഭരണചുമതലകള്‍ മാര്‍പാപ്പ നിര്‍വ്വഹിക്കുന്നത് റോമന്‍കൂരിയ വഴിയാണ്. സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സഭയുടെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലുകള്‍, കോണ്‍ഗ്രിഗേഷനുകള്‍, ട്രൈബൂണലുകള്‍, മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ അടങ്ങിയതാണ് റോമന്‍കൂരിയ. ഇവയുടെ ഘടനയും അധികാരവും പാസ്തോര്‍ ബോനൂസ് (Paster Bonus) എന്ന പ്രത്യേക നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നു.

കര്‍ദ്ദിനാളന്മാര്‍ (Cardinals)
സഭയുടെ കര്‍ദ്ദിനാളന്മാര്‍ ഒരു പ്രത്യേക സംഘമാണ്. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രത്യേക നിയമപ്രകാരം നടത്തുക കര്‍ദ്ദിനാളന്മാരുടെ ഉത്തരവാദിത്വമാണ്. കൂടുതല്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ദ്ദിനാളന്മാര്‍ വിളിച്ചുകൂട്ടപ്പെടുമ്പോള്‍ സംഘാതമായോ, അവര്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗങ്ങളിലൂടെ പ്രത്യേകമാംവിധം സാര്‍വ്വത്രികസഭയുടെ നടത്തിപ്പില്‍ വ്യക്തിപരമായോ അവര്‍ മാര്‍പാപ്പയെ സഹായിക്കുന്നു.

കര്‍ദ്ദിനാളന്മാരുടെ സംഘം മൂന്നു പദവികളില്‍ തരംതിരിച്ചിരിക്കുന്നു. റോമിനു സമീപമുള്ള രൂപത (Suburbicarian Church)കളുടെ സ്ഥാനം ലഭിച്ചിരിക്കുന്ന കര്‍ദ്ദിനാളന്മാരും കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗങ്ങളായിട്ടുള്ള പൗരസ്ത്യ സഭകളിലെ പാത്രിയര്‍ക്കീസുമാരുമടങ്ങിയ മെത്രാന്‍പദവി (Episcopal Order)യിലുള്ളവര്‍, പുരോഹിതപദവിയിലുള്ളവര്‍ (Presbyteral Order), ഡീക്കന്‍ പദവിയിലുള്ളവര്‍ (Dia-conal Order) എന്നിവരാണവര്‍.

മാര്‍പാപ്പയുടെ പ്രതിനിധികള്‍ (Papal legates)
മാര്‍പാപ്പയ്ക്ക് വിവിധരാഷ്ട്രങ്ങളിലോ മേഖലകളിലോ ഉള്ള പ്രാദേശിക സഭകളിലേക്കോ രാജ്യങ്ങളിലേക്കോ പൊതു അധികാരികള്‍ സമക്ഷമോ പ്രതിനിധികളെ അയയ്ക്കാനും അവരെ സ്ഥലം മാറ്റാനും തിരിച്ചുവിളിക്കാനും അവകാശമുണ്ട്. പേപ്പല്‍ ദൗത്യങ്ങള്‍ക്ക് ഡലഗേറ്റുകളെയോ അന്തര്‍ദേശീയ കൗണ്‍സിലുകളിലോ കോണ്‍ഫെറന്‍സുകളിലോ മീറ്റിംങ്ങുകളിലോ നിരീക്ഷകരായോ നിയുക്തരാക്കപ്പെട്ടവരും അപ്പസ്തോലിക സിംഹാസനത്തിന് പ്രതിനിധീഭവിക്കുന്നു. രാജ്യങ്ങളില്‍ നയതന്ത്രദൗത്യംകൂടിയുള്ള പേപ്പല്‍ പ്രതിനിധികളെ നുണ്‍സിയോമാര്‍ എന്നാണ് വിളിക്കുക.

2. സ്വയാധികാര സഭകള്‍ (Churches sui iures)
A. ലത്തീന്‍ സഭ
മെത്രാന്മാരുടെ കോണ്‍ഫ്രന്‍സുകള്‍ പ്ലിനറി കൗണ്‍സില്‍
ഒരു രാജ്യത്തെ മെത്രാന്മാരുടെ കോണ്‍ഫെറന്‍സിന് നിയമം അനുശാസിക്കുന്ന മേഖലകളില്‍ നിയമനിര്‍മ്മാണം നടത്താവുന്നതാണ്. ഇപ്രകാരം ഉണ്ടാക്കുന്ന നിയമങ്ങള്‍ക്ക് മെത്രാന്മാരുടെ കോണ്‍ഫെറന്‍സിന്‍റെ മൂന്നില്‍ രണ്ടുഭാഗം അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരിക്കണം. മാത്രവുമല്ല, പ്രസ്തുത നിയമങ്ങള്‍ മാര്‍പാപ്പ അംഗീകരിക്കുകയും വേണം.

പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍
അടുത്തടുത്തുള്ള വിവിധ രൂപതകളുടെ പൊതുവായ അജപാലന പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും രൂപതാ മെത്രാന്മാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ യോജിച്ചവിധം പരിപോഷിപ്പിക്കുന്നതിനും പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലുകള്‍ സഹായകരമാണ്. ഇത്തരം പ്രാദേശിക കൗണ്‍സിലുകള്‍ സമാപിക്കുമ്പോള്‍ കൗണ്‍സിലിന്‍റെ എല്ലാ നടപടികളും അദ്ധ്യക്ഷന്‍ അപ്പസ്തോലിക സിംഹാസനത്തിന് അയച്ചുകൊടുക്കേണ്ടതാണ്. കൗണ്‍സില്‍ തയ്യാറാക്കുന്ന ഡിക്രികള്‍ അപ്പസ്തോലിക സിംഹാസനത്തിന്‍റെ അംഗീകാരമില്ലാതെ വിളംബരം ചെയ്യാന്‍ പാടുള്ളതല്ല.

മേല്പറഞ്ഞതില്‍നിന്ന് മെത്രാപ്പോലീത്തക്കോ മെത്രാനോ തങ്ങളുടെ അതിരൂപതയ്ക്കോ രൂപത യ്ക്കോ വേണ്ടി മാത്രമേ നിയമനിര്‍മ്മാണം നടത്താനാവൂ.

ആലോചനാ സംഘവും വൈദികസമിതിയും
വൈദികഗണത്തിന് പ്രതിനിധീഭവിക്കുന്ന ഒരു വൈദികസമിതി (Presbyteral council) ഓരോ രൂപതയിലും സ്ഥാപിക്കപ്പെടേണ്ടതാണ്. രൂപതാഭരണത്തില്‍ മെത്രാനു ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തിന്‍റെ അജപാലനക്ഷേമം പരിപോഷിപ്പിക്കുന്നതിന് നിയമാനുസൃതം അദ്ദേഹത്തെ സഹായിക്കുകയാണ് വൈദികസമിതിയുടെ ചുമതല.

വൈദികസമിതിയുടെ അംഗങ്ങളില്‍നിന്ന് ആറില്‍ കുറയാതെയും പന്ത്രണ്ടില്‍ കൂടാതെയും ഉള്ള വൈദികരെ രൂപതാമെത്രാന്‍ ആലോചനാസംഘ(College of consulters)മായി അഞ്ചുവര്‍ഷത്തേയ്ക്കു നിയമിക്കുന്നു.

രൂപതാ കൂരിയ (Diocesan/Eparchial Curia)
രൂപതയുടെ മുഴുവന്‍ ഭരണത്തിലും പ്രത്യേകിച്ച് അജപാലന പ്രവര്‍ത്തനത്തിന്‍റെ നിയന്ത്രണത്തിലും രൂപതയുടെ ഭരണനിര്‍വഹണത്തിലും നീതിന്യായനിര്‍വഹണത്തിലും മെത്രാനെ സഹായിക്കുന്ന സംവിധാനമാണ് രൂപതാകാര്യാലയം അഥവ രൂപതാകൂരിയ. വികാരിജനറാള്‍ (Proto syncellus), സിഞ്ചെല്ലൂസുമാര്‍, ജുഡീഷ്യല്‍ വികാരി, രൂപതാ ധനകാര്യസ്ഥന്‍, ധനകാര്യ കൗണ്‍സില്‍, ചാന്‍സലര്‍, രൂപതാ ജഡ്ജിമാര്‍, നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, നോട്ടറിമാര്‍ എന്നിവരാണ് രൂപതാ കാര്യാലയത്തിലെ അംഗങ്ങള്‍ (CCEO c. 243/2).

രൂപതാ സിനഡ്
രൂപതാ സിനഡിന് നിയമനിര്‍മ്മാണത്തിനുള്ള ശുപാര്‍ശകള്‍ നല്കാന്‍ മാത്രമേ കഴിയുകയുള്ളൂ. അവ രൂപതാമെത്രാന്‍ അംഗീകരിക്കുകയും നിയമമായി പ്രസിദ്ധീകരിക്കുകയും ചെയ്യണം. കാരണം, രൂപതാ മെത്രാന് മാത്രമാണ് രൂപതയില്‍ നിയമനിര്‍മ്മാണാധികാരമുള്ളത്.

ഫൈനാന്‍ഷ്യല്‍ കൗണ്‍സില്‍
രൂപതയുടെ ധനപരമായ കാര്യങ്ങളില്‍ മെത്രാനെ സഹായിക്കുന്ന സമിതിയാണിത്.

അജപാലന സമിതി
രൂപതാ മെത്രാന്‍റെ അധികാരത്തിന് കീഴില്‍ രൂപതയിലെ അജപാലന പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനും വിലയിരുത്താനും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കാനും കഴിയുന്ന സമിതിയാണിത്.

3. പൗരസ്ത്യപാത്രിയര്‍ക്കല്‍ സഭകള്‍ (Eastern Catholic Patriarchal Churches)
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പൗരസ്ത്യസഭകള്‍ എന്ന ഡിക്രിയില്‍ പാത്രിയര്‍ക്കല്‍ സംവിധാനം കഴിയുന്നിടത്തോളം പുനഃസ്ഥാപിക്കണമെന്ന് പറയുന്നു (OE, 11). എന്നാല്‍, കൗണ്‍സിലിനുശേഷം പുതുതായി പാത്രിയര്‍ക്കല്‍ സഭകളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. സീറോ-മലബാര്‍ സഭ പാത്രിയര്‍ക്കല്‍ സഭയായി ഉയര്‍ത്തപ്പെടേണ്ടതിന്‍റെ ആവശ്യകത കൗണ്‍സില്‍ പിതാക്കന്മാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ കോപ്റ്റിക്ക്, മാറോനീത്ത, മെല്‍ക്കൈറ്റ്, സിറിയന്‍, കല്‍ദായ, അര്‍മേനിയന്‍ സഭകള്‍ക്കാണ് പാത്രിയര്‍ക്കല്‍ പദവി ഉള്ളത്.

പാത്രിയര്‍ക്കീസ്
പൗരസ്ത്യനിയമസംഹിത വിഭാവനം ചെയ്യുന്നതനുസരിച്ച്, ഭരണനിര്‍വ്വഹണാധികാരവും (executive power) അജപാലനാധികാരവുമാണ് പാത്രിയര്‍ക്കീസില്‍ നിക്ഷിപ്തമായിരിക്കുന്നത്. തന്‍റെ രൂപതയില്‍ മാത്രമേ പാത്രിയര്‍ക്കീസിന് നിയമനിര്‍മ്മാണാധികാരമുള്ളൂ. പാത്രിയര്‍ക്കീസിന്‍റെ ഭരണനിര്‍വഹണാധികാരം കുറെയൊക്കെ നിയമനിര്‍മ്മാണാധികാര സ്വഭാവമുള്ളതാണ്.

പാത്രിയര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ്
പാത്രിയര്‍ക്കല്‍ സഭയില്‍ നിയനിര്‍മ്മാണാധികാരമുള്ളത് പാത്രിയര്‍ക്കീസ് അദ്ധ്യക്ഷനായ മെത്രാന്മാരുടെ സിനഡിനാണ്. മെത്രാന്മാരുടെ സിനഡ് ഉണ്ടാക്കുന്ന നിയമങ്ങള്‍ പ്രസിദ്ധം (Promulgate) ചെയ്യുന്നത് പാത്രിയര്‍ക്കീസാണ്. മെത്രാന്മാര്‍ പാസ്സാക്കി പാത്രിയര്‍ക്കീസ് പ്രസിദ്ധം ചെയ്യുന്ന നിയമങ്ങള്‍ ആരാധനാക്രമസംബന്ധമാണെങ്കില്‍ അവയ്ക്ക് പാത്രിയര്‍ക്കല്‍ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നാലും ബാധകമാണ്. എന്നാല്‍ അവ ശിക്ഷണനിയമങ്ങളോ സിനഡിന്‍റെ മറ്റ് തീരുമാനങ്ങളെ സംബന്ധിക്കുന്നവയോ ആണെങ്കില്‍ പാത്രിയര്‍ക്കല്‍ സഭയുടെ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ മാത്രമേ നിയമപ്രാബല്യം ഉണ്ടാവുകയുള്ളൂ (CCEO. C. 150/2). പാത്രിയര്‍ക്കല്‍ സഭയുടെ അതിര്‍ത്തിക്കുപുറത്തുള്ള രൂപതാ മെത്രാന്മാര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ശിക്ഷണ നിയമങ്ങള്‍ക്കും സിനഡിന്‍റെ മറ്റു തീരുമാനങ്ങള്‍ക്കും തങ്ങളുടെ രൂപതകളില്‍ നിയമപ്രാബല്യം നല്കാം. എന്നാല്‍ ഈ നിയമങ്ങളോ തീരുമാനങ്ങളോ പരി. സിംഹാസനം അംഗീകരിച്ചവയാണെങ്കില്‍ അവയ്ക്ക് ലോകത്തില്‍ എല്ലായിടത്തും നിയമപ്രാബല്യമുണ്ടാകും (CCEO. C. 150/3).

പാത്രിയര്‍ക്കല്‍ സഭായോഗം
പാത്രിയര്‍ക്കല്‍സഭ ഒരു വലിയ കൂട്ടായ്മയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാന്മാരുടെയും, പുരോഹിത-സന്ന്യസ്ത-അല്മായപ്രധിനിധികളുടെയും സംയുക്തയോഗമാണ് പാത്രിയര്‍ക്കല്‍ സഭായോഗം. പാത്രിയര്‍ക്കീസിനെയും സിനഡിനെയും സഹായിക്കുവാന്‍ വേണ്ടിയുള്ള ഒരു ആലോചനായോഗമാണിത്. അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും സഭായോഗം വിളിച്ചുകൂട്ടിയിരിക്കണമെന്നുണ്ട്.

പാത്രിയര്‍ക്കല്‍ സഭയില്‍ വിവിധ അതിരൂപതകളും രൂപതകളും ഉണ്ടാകും. പ്രസ്തുത അതിരൂപതകളിലും രൂപതകളിലും ആലോചനാസംഘം, വൈദികസമിതി, രൂപതാകാര്യാലയം, രൂപതാ മെത്രാന്‍, രൂപതാ അസംബ്ളി, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, ഫൈനാന്‍സ് കൗണ്‍സില്‍ എന്നിവ ഉണ്ടായിരിക്കും.

4. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍
പൗരസ്ത്യ നിയമസംഹിതയനുസരിച്ച് പാത്രിയര്‍ക്കല്‍ സഭകള്‍ക്ക് തുല്യമായ സ്ഥാനമുള്ള സ്വയാധികാര സഭകളെയും അവയുടെ
തലവന്മാരെയും സൂചിപ്പിക്കുവാനായി ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നു.

നിലവില്‍ ഉക്രേനിയന്‍, സീറോ-മലബാര്‍, സീറോ-മലങ്കര, റുമേനിയന്‍ എന്നീ സഭകള്‍ക്കാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി ഉള്ളത്. അധികാരത്തിലും ഭരണസംവിധാനങ്ങളിലും പാത്രിയര്‍ക്കല്‍ സഭയോട് തുല്യത ഉള്ളവയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍.

പാത്രിയര്‍ക്കല്‍ സഭ എന്നതിനുപകരം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ എന്നു പറയുന്നുവെന്ന് മാത്രം.

അധികാരത്തിലും ഭരണസംവിധാനങ്ങളിലും പാത്രിയര്‍ക്കല്‍ സഭയോട് തുല്യത ഉള്ളവയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍.

പാത്രിയര്‍ക്കീസിന്‍റെ തെരഞ്ഞെടുപ്പിന് മാര്‍പാപ്പയുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍, മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് മാര്‍ പാപ്പയുടെ സ്ഥിരീകരണം ആവശ്യമാണ്.

5. മെത്രാപ്പോലിത്തന്‍ സഭകള്‍
മെത്രാപ്പോലീത്ത തലവനായ സ്വയാധികാര സഭകളാണ് മെത്രാപ്പോലിത്തന്‍ സഭകള്‍. നിലവില്‍ എത്യോപ്യന്‍, എറീത്രിയന്‍, റുത്തേനിയന്‍ എന്നീ സഭകളാണ് മെത്രാപ്പോലിത്തന്‍ സ്വയാധികാര സഭകള്‍.

മെത്രാപ്പോലീത്തന്‍ സഭയുടെ തലവന്‍ മെത്രാപ്പോലിത്തയായിരിക്കും. ഇദ്ദേഹത്തെ നിയമിക്കുന്നത് മാര്‍പാപ്പയാണ്. മെത്രാപ്പോലീത്തന്‍ സഭയുടെ ഭരണത്തില്‍ മെത്രാപ്പോലീത്തയെ സഹായിക്കാന്‍ മെത്രാന്മാരുടെ കൗണ്‍സില്‍ (Council of hierarchs) ഉണ്ടായിരിക്കും. മെത്രാന്മാരുടെ കൗണ്‍സിലിനാണ് നിയമനിര്‍മ്മാണാധികാരം. എന്നാല്‍ മെത്രാന്മാരുടെ കൗണ്‍സില്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ പ്രസിദ്ധം ചെയ്യുന്നതിനുമുന്‍പ് പരി. സിംഹാസനം അവ സ്വീകരിച്ചിരിക്കണം. തടസ്സങ്ങളൊന്നും ഇല്ലെന്നതിന്‍റെ തെളിവായി ഇപ്രകാരമൊരു രേഖ പരി. സിംഹാസനത്തില്‍നിന്ന് മെത്രാപ്പോലീത്തയ്ക്ക് ലഭിച്ചിരിക്കണം.
ഇത്തരം സഭകളില്‍ മെത്രാപ്പോലീത്തയ്ക്കും മെത്രാന്മാരുടെ കണ്‍സിലിനും പുറമെ മെത്രാപ്പോലിത്തന്‍ അസംബ്ളിയും ഉണ്ടായിരിക്കും. മെത്രാപ്പോലീത്തന്‍ സഭയുടെ കീഴിലുള്ള രൂപതകളുടെ അധികാരവും ഭരണസംവിധാനങ്ങളും മറ്റു രൂപതകളുടേതിന് തുല്യമാണ്.

6. മറ്റ് പൗരസ്ത്യ സ്വയാധികാര സഭകള്‍
പാത്രിയര്‍ക്കീസോ, മേജര്‍ ആര്‍ച്ചുബിഷപ്പോ, മെത്രാപ്പോലീത്തയോ തലവനായിട്ടില്ലാത്ത ഏതാനും പൗരസ്ത്യ സ്വയാധികാര സഭകളുണ്ട്. രൂപതാ മെത്രാനോ മെത്രാന്‍പട്ടം ലഭിച്ചിട്ടില്ലാത്ത എക്സാര്‍ക്കോ, അപ്പ. അഡ്മിനിസ്ട്രേറ്ററോ ആയിരിക്കും ഇത്തരം സഭകളുടെ തലവന്മാര്‍. അംഗസംഖ്യയില്‍ വളരെ ചെറുതായതിനാല്‍ ഇത്തരം സഭകള്‍ക്ക് പരിമിതമായ അധികാരമേ ഉള്ളൂ. ഇവരെ നിയമിക്കുന്നത് മാര്‍പാപ്പയായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org