സഭയിലെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും

സഭയിലെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
സഭയില്‍ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കപ്പെട്ടവരുടെ തിരുനാളുകള്‍ സാര്‍വ്വത്രിക സഭയില്‍ ആഘോഷിക്കാമോ? വാഴ്ത്തപ്പെട്ടവരുടെ നാമത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കാമോ?

ഉത്തരം
വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുനാളുകള്‍ സാര്‍വ്വത്രിക സഭയില്‍ ആഘോഷിക്കാമോ എന്നും വാഴ്ത്തപ്പെട്ടവരുടെ നാമത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കാമോ എന്നുമുള്ള ചോദ്യകര്‍ത്താവിന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്നതിന് മുന്‍പായി സഭയില്‍ പരസ്യമായ വണക്കം സംബന്ധിച്ച നിബന്ധനകളുടെ ചരിത്ര പശ്ചാത്തലം ഹൃസ്വമായി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

പരസ്യവണക്കത്തിന്‍റെ ചരിത്രപശ്ചാത്തലം
സഭയുടെ ആദിമ നൂറ്റാണ്ടുകളില്‍ സത്യവിശ്വാസത്തിനുവേണ്ടി രക്തംചിന്തി വീരമരണം വരിച്ച രക്തസാക്ഷികളെ മാത്രമാണ് വണങ്ങിയിരുന്നത്. തന്മൂലം, അക്കാലത്ത് പരസ്യവണക്കം രക്തസാക്ഷികള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇതു സംബന്ധമായ നിയമ നടപടിക്രമങ്ങള്‍ പരി. സിംഹാസനത്തിനുമാത്രമായി സംവരണം ചെയ്തിരുന്നില്ല. ഒരോ രൂപതയുടെയും മെത്രാന്മാരായിരുന്നു തങ്ങളുടെ രൂപതാതിര്‍ത്തിക്കുള്ളില്‍ രക്തസാക്ഷിത്വം കൈവരിച്ചവരെന്നു പറയപ്പെട്ടിരുന്നവരെ സംബന്ധിച്ചുള്ള അന്വേഷണം നടത്തിയിരുന്നതും അവരെ വണങ്ങുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തിരുന്നതും. സ്ഥലത്തെ മെത്രാന്‍ സ്വന്തം അതിര്‍ത്തിക്കുള്ളിലെ രക്തസാക്ഷികളുടെ പട്ടിക ആവശ്യമായ നിയമ നടപടികള്‍ക്കുശേഷം ഇതര രൂപതകളിലേക്കും പരി. സിംഹാസനത്തിനും അയച്ചുകൊടുക്കുമായിരുന്നു.

മതപീഡനങ്ങളുടെ കാലഘട്ടം അവസാനിച്ചതോടെ രക്തസാക്ഷിത്വത്തിനു പുറമെ സാധാരണ മരണം കൈവരിച്ച പുണ്യചരിതരെയും വണങ്ങുന്ന സമ്പ്രദായം നിലവില്‍ വന്നു. സ്ഥലത്തെ മെത്രാന്‍ തന്നെയാണ് ഇക്കാര്യത്തിലും മേല്‍നോട്ടം വഹിച്ചിരുന്നതും നിയമ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതും. പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ മെത്രാന്മാരായിരുന്നു അതതുസ്ഥലങ്ങളിലെ പുണ്യചരിതരെ വാഴ്ത്തപ്പെട്ടവരെന്ന് പ്രഖ്യാപിച്ചിരുന്നതും അവരുടെ നേര്‍ക്കുള്ള വണക്കം സംബന്ധിച്ച് ആവശ്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നതും.

എന്നാല്‍ നാമകരണ നടപടികള്‍ പരി. സിംഹാസനത്തിന്‍റെ കീഴിലായിരിക്കണമെന്ന ആവശ്യം പില്‍ക്കാലത്ത് ഉയര്‍ന്നു വന്നു. മെത്രാന്മാരുടെ മേല്‍നോട്ടത്തില്‍ ഇതു സംബന്ധമായ നടപടിക്രമങ്ങള്‍ നടത്തുന്നത് വേണ്ടത്ര അവധാനതയോടുകൂടിയല്ലെന്ന ആരോപണവും തെളിവുകളും മറ്റും ശേഖരിക്കുന്നതു സംബന്ധിച്ച് വ്യക്തമായ നിബന്ധനകള്‍ വേണമെന്ന ആവശ്യവും ഉണ്ടായി. തത്ഫലമായി ദൈവദാസന്മാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക നടപടിക്രമങ്ങള്‍ പരി. സിംഹാസനത്തിനു മാത്രമായി സംവരണം ചെയ്യുകയുണ്ടായി. അതുസംബന്ധമായ നിയമം നിലവില്‍ വന്നത് അലക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പയുടെ (1159-1181) കാലത്താണ്. എന്നാല്‍, പ്രസ്തുത നിയമം സഭയില്‍ എല്ലായിടത്തും പ്രാബല്യത്തില്‍ വന്നില്ല. ആകയാല്‍ ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ, ഒരു പ്രത്യേക ഡിക്രി വഴി വാഴ്ത്തപ്പെട്ടവരായും വിശുദ്ധരായും പ്രഖ്യാപിക്കുന്നതു സംബന്ധമായി നടപടിക്രമങ്ങളെല്ലാം പരി. സിംഹാസനത്തിനു മാത്രമായി സംവരണം ചെയ്യുകയുണ്ടായി. തത്ഫലമായി, മെത്രാന്മാര്‍ പ്രാദേശികമായി നടത്തിവന്നിരുന്ന നാമകരണ നടപടിക്രമങ്ങളെല്ലാം നിരോധിക്കുകയുണ്ടായി.

പരസ്യവണക്കവും ത്രെന്തോസ് കൗണ്‍സിലും
വിശുദ്ധരുടെ പരസ്യ വണക്കം സംബന്ധിച്ച വിശദമായ നിയമനിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടത് ത്രെന്തോസ് സൂനഹദോസ് പുറപ്പെടുവിച്ച പ്രത്യേക ഡിക്രി വഴിയാണ്. പ്രസ്തുത ഡിക്രിയിലെ നിര്‍ദ്ദേശങ്ങളാണ് 1917-ല്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി ക്രോഡീകരിക്കപ്പെട്ട നിയമസംഹിതയിലും പിന്നീട് 1983-ല്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി പരിഷ്കരിച്ച് പുറത്തിറക്കിയ നിയമസംഹിതയിലും 1990-ല്‍ പ്രസിദ്ധീകരിച്ച പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനോന്‍ നിയമസംഹിതയിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാഴ്ത്തപ്പെട്ടവരും വിശുദ്ധരും
കൃത്യമായി പറഞ്ഞാല്‍ ആരാധന (latria cult) ദൈവത്തിനു മാത്രമെ നല്കുവാന്‍ പാടുള്ളൂ. വിശുദ്ധര്‍ക്ക് നല്കേണ്ടത് വണക്കം (dulia cult) മാത്രമാണ്. ദൈവമാതാവെന്ന നിലയില്‍ പരി. കന്യകാമറിയത്തിന് നല്കുന്ന പ്രത്യേകമായ വണക്കത്തെ hyperdulia cultî എ ന്നും തരംതിരിച്ചിട്ടുണ്ട്. ദൈവജനത്തിന്‍റെ വിശുദ്ധീകരണം ലക്ഷ്യം വച്ച് എല്ലാവരുടെയും അമ്മയായി യേശുനാഥന്‍ നിയോഗിച്ചിട്ടുള്ള പരി. കന്യകാമറിയത്തെ പ്രത്യേകമായും പുത്രസഹജമായും വണങ്ങുന്നതുവഴി വിശ്വാസികള്‍ക്ക് അവരുടെ മാതൃക അനുകരിക്കുന്നതിനുള്ള പ്രചോദനം ലഭിക്കുമെന്നും അവരുടെ മദ്ധ്യസ്ഥ സഹായം ജീവിതത്തില്‍ താങ്ങും തണലുമായി ഭവിക്കുമെന്നും സഭ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു (CCEO. c.884; CIC. c. 1186).

പരസ്യ വണക്കവും സ്വകാര്യ വണക്കവും
വിശുദ്ധരോടുള്ള വണക്കത്തെ അതിന്‍റെ മൂലഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യവണക്കമെന്നും (public cult) സ്വകാര്യവണക്കമെന്നും (private cult) തരം തിരിച്ചിട്ടുണ്ട്. സഭ അംഗീകരിച്ചിട്ടുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉപയോഗപ്പെടുത്തി നിയമാനുസൃതം നിയോഗിക്കപ്പെട്ട ശുശ്രൂഷകര്‍ സഭയുടെ നാമത്തില്‍ നടത്തുന്ന വണക്കമാണ് പരസ്യവണക്കമെന്ന് പറയുന്നത്. മേല്പറഞ്ഞ നിയമ വ്യവസ്ഥകള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളെല്ലാം സ്വകാര്യ വണക്കമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. സത്യവിശ്വാസത്തിന് യാതൊരു കോട്ടവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി പരസ്യമായ ആരാധന, വണക്കം എന്നിവയുടെ കര്‍തൃത്വം സഭയുടെ പരമാധികാരത്തിനായി സംവരണം ചെയ്തിരിക്കുകയാണ്.

ചുരുക്കത്തില്‍, പുണ്യാത്മാക്കളെ സഭയില്‍ വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കുന്നത് മാര്‍പാപ്പയാണ്. മാര്‍പാപ്പ ഒരാളെ വിശുദ്ധനോ വിശുദ്ധയോ ആയി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ മാര്‍പാപ്പയ്ക്ക് തെറ്റ് പറ്റുന്നില്ല (infallible) എന്നാണ് സഭയുടെ കാഴ്ചപാട്. എന്നാല്‍, ഒരാളെ വാഴ്ത്തപ്പെട്ടവനോ വാഴ്ത്തപ്പെട്ടവളോ ആയി പ്രഖ്യാപിക്കുന്നത് ഈ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല. വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കുന്നതുവഴി ആ വ്യക്തിയെ പരസ്യമായി വണങ്ങുന്നതിനുള്ള സഭയുടെ അനുവാദം മാത്രമാണ് ലഭിക്കുന്നത്.

തിരുസ്സഭയുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിശുദ്ധര്‍ക്കും വാഴ്ത്തപ്പെട്ടവര്‍ക്കും മാത്രമെ പരസ്യവണക്കം നല്കുവാന്‍ പാടുള്ളൂ (CCEO. c. 885;
CIC. c. 1187). അതായത്, വിശുദ്ധരായോ വാഴ്ത്തപ്പെട്ടവരായോ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കു മാത്രമേ സഭ പരസ്യവണക്കം അനുവദിക്കുകയുള്ളൂ.

പരസ്യവണക്കം സംബന്ധിച്ച നിബന്ധനകള്‍
വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സാര്‍വ്വത്രികമായുള്ള പരസ്യവണക്കത്തിന് അര്‍ഹതയുള്ളവരാണ്. വിശുദ്ധരുടെ തിരുനാളുകള്‍ സഭയില്‍ സാര്‍വ്വത്രികമായി ആഘോഷിക്കാവുന്നതാണ്. എന്നാല്‍, വാഴ്ത്തപ്പെട്ടവരുടെ തിരുനാളുകള്‍ പ്രാദേശികമായി മാത്രമെ ആഘോഷിക്കുവാന്‍ പാടുള്ളൂ. പരി. സിംഹാസനം അനുവദിച്ചിട്ടു ള്ള സ്ഥലങ്ങളിലും നിര്‍ദ്ദിഷ്ട രീതിയിലും മാത്രമെ വാഴ്ത്തപ്പെട്ടവര്‍ക്ക് പരസ്യവണക്കം അര്‍പ്പിക്കാനാവൂ. വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ ഒരു പ്രത്യേക പ്രദേശത്തെയോ സഭയിലെയോ വണക്കത്തിനായും വിശ്വാസികള്‍ക്ക് മാതൃകയായും സമര്‍പ്പിക്കപ്പെടുന്നു.

മറിയംത്രേസ്യയും തേവര്‍പറമ്പില്‍ കുഞ്ഞച്ചനും റാണി മരിയയും കേരളത്തില്‍നിന്നുള്ള വാഴ്ത്തപ്പെട്ടവരാണല്ലോ. തന്മൂലം, അവരുടെ തിരുനാള്‍ കേരള സഭയില്‍ ആഘോഷിക്കാവുന്നതാണ്. എന്നാല്‍ അവരുടെ സ്തുതിക്കായി അനുവദിക്കുന്ന പ്രത്യേക കുര്‍ബ്ബാനയോടുകൂടിയ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റോമില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്.

വിശുദ്ധരുടെ നാമത്തിലാണ് സാധാരണ ഗതിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുക. വാഴ്ത്തപ്പെട്ടവരുടെ നാമത്തില്‍ സാധാരണ ഗതിയില്‍ ദേവാലയങ്ങള്‍ പാടുള്ളതല്ല. അപ്രകാരം ദേവാലയങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ റോമില്‍ നിന്ന് പ്രത്യേക അനുവാദം ലഭിച്ചിരിക്കണം. എവിടെയെങ്കിലും വാഴ്ത്തപ്പെട്ടവരുടെ നാമത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വേണ്ടത്ര അനുമതിയോടുകൂടിയായിരിക്കും അപ്രകാരം ചെയ്തിട്ടുള്ളതെന്നുവേണം ന്യായമായി ചിന്തിക്കാന്‍.

റോമില്‍ നിന്നുള്ള അനുമതിയോടെ വാഴ്ത്തപ്പെട്ടവരുടെ തിരുനാളുകള്‍ നടത്തുകയോ അവരെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായി തെരഞ്ഞെടുക്കുകയോ, അവരുടെ നാമത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യാവുന്നതാണ്. പ്രത്യേക കുര്‍ബാനയോടുകൂടി തിരുനാള്‍ ആഘോഷിക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ള പള്ളികളിലെ അള്‍ത്താരയില്‍ വാഴ്ത്തപ്പെട്ടവരുടെ രൂപം പ്രതിഷ്ഠിക്കാവുന്നതാണ്. എന്നാല്‍, പ്രത്യേക കുര്‍ബാനയ്ക്കുള്ള അനുവാദം ലഭിച്ചിട്ടില്ലെങ്കില്‍ രൂപങ്ങള്‍ അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ പാടില്ലാത്തതാണ്. തിരുസ്വരൂപങ്ങള്‍ സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കുന്നതിനു മാത്രമെ അനുവാദം ഉള്ളുവെങ്കില്‍ ദേവാലയത്തിനകത്ത് ഉചിതമായ മറ്റ് ഏതെങ്കിലും സ്ഥാനത്ത് വണക്കത്തിനായി സ്ഥാപിക്കാവുന്നതാണ്.

ഒരു രാജ്യത്തിന്‍റെയോ രൂപതയുടെയോ സന്ന്യാസ സമൂഹത്തിന്‍റെയോ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി തെരഞ്ഞെടുത്ത് സ്ഥാപിക്കുന്നത് വിശുദ്ധനെയോ വിശുദ്ധയെയോ ആണെങ്കില്‍ പരി. സിംഹാസനത്തിന്‍റെ സ്ഥിരീകരണം (confirmation) മാത്രം മതി. എന്നാല്‍, വാഴ് ത്തപ്പെട്ടയാളെ മേല്പറഞ്ഞ പ്രകാരം തെരഞ്ഞെടുത്ത് സ്ഥാപിക്കുന്നതിന് പരി. സിംഹാസനത്തിന്‍റെ പ്ര ത്യേക അനുമതി (indult) ലഭിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org