സഹായിക്കുന്നതിൽ മത്സരിക്കാം

സഹായിക്കുന്നതിൽ മത്സരിക്കാം
Published on

ഒരു മഴയുള്ള രാത്രി. സമയം പതിനൊന്നര. ആഫ്രോ-അമേരിക്കന്‍ വംശജയായ ഒരു യുവതി കൊടുംമഴയത്ത് അലാബാമയിലെ ഹൈവേയില്‍ ഒരു വാഹനവും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. അവരുടെ കാര്‍ കേടായിരിക്കുന്നു. നനഞ്ഞൊലിച്ച് പല കാറുകള്‍ക്കും നേരെ കൈനീട്ടിയെങ്കിലും അവരാരും കാര്‍ നിര്‍ത്തിയില്ല.

ഒടുവില്‍ വെള്ളക്കാരനായ ഒരു വ്യക്തി ആ യുവതിയുടെ സമീപം കാര്‍ നിര്‍ത്തി. അവരെ കാറില്‍ കയറ്റി. വര്‍ണ്ണവിവേചനം കൊടുമ്പിരിക്കൊണ്ടിരുന്ന 1960-കളില്‍ ഇത് ഒരു സാധാരണ സംഭവമായിരുന്നില്ല.

ടാക്സി കിട്ടുന്ന ഒരു സ്ഥലത്ത് അവരെ ഇറക്കുവാനുള്ള സന്മനസ്സ് ആ വ്യക്തി കാണിച്ചു. ആ യുവതി അയാളുടെ വിലാസവും വാങ്ങി ആ വ്യക്തിയോടുള്ള നന്ദിയും അറിയിച്ച് യാത്രയായി.

ഏഴു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ വീടിന്‍റെ വാതിലില്‍ ഒരു മുട്ട് കേട്ടു. അദ്ദേഹം വാതില്‍ തുറന്നു. പാഴ്സല്‍ കമ്പനിയുടെ ഓഫീസില്‍ നിന്നുള്ള ആളുകളാണ്. ഒരു വലിയ പാക്കറ്റ് അവര്‍ താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. ആ വ്യക്തി ആ പാക്കറ്റ് വാങ്ങി തുറന്നു നോക്കി. ഒരു വലിയ കളര്‍ ടെലിവിഷനാണതിലുണ്ടായിരുന്നത്. ഒപ്പം താന്‍ ഒരാഴ്ച മുമ്പ് ലിഫ്റ്റ് നല്കിയ ആഫ്രോ-അമേരിക്കന്‍ വംശജയായ യുവതിയുടെ വക ഒരു കുറിപ്പും അതിലുണ്ടായിരുന്നു. ആ കുറിപ്പ് ഇപ്രകാരമായിരുന്നു. കൊടുംമഴയത്ത് എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നപ്പോള്‍ എന്നെ സഹായിക്കുവാന്‍ കാട്ടിയ വലിയ മനസ്സിനു നന്ദി. മാനസികമായി ഞാന്‍ വളരെ തളര്‍ന്നിരിക്കുന്ന ഒരു സമയമായിരുന്നു അത്. എന്‍റെ ഭര്‍ത്താവ് രോഗം മൂര്‍ച്ഛിച്ച് മരണത്തോടു മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു. അങ്ങ് എനിക്ക് ലിഫ്റ്റ് തന്നതിനാല്‍ മരണത്തിലേക്ക് വഴുതി വീഴുന്നതിനു മുമ്പ് എന്‍റെ ഭര്‍ത്താവിനെ ഒരു നോക്കു കാണുവാന്‍ എനിക്ക് സാധിച്ചു. ഇത് എന്‍റെ വക ഒരു ചെറിയ സമ്മാനമാണ്. ദയവായി സ്വീകരിച്ചാലും. ആളുകളെ സഹായിക്കുവാന്‍ സന്മനസ്സ് കാണിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org