സഹിക്കലും സ്വീകരിക്കലും

സഹിക്കലും സ്വീകരിക്കലും

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin Universiry &
Roldants Behaviour Studio, Cochin

"സഹിച്ചു മടുത്തു. ദൈവം എന്നെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത്. ദൈവത്തിന് ഓരോ മനുഷ്യരുടെ ദുരിതവും രോഗങ്ങളും കണ്ടിട്ട് എന്തു ചെയ്യാനാണ്. എന്തൊരു കഷ്ടപ്പാട് പിടിച്ച ജീവിതമാണ് എന്‍റേത്."

"എത്രയോ ആളുകള്‍ സുഖമായി ജീവിക്കുന്നു. രോഗങ്ങളും ദുരിതങ്ങളുമില്ലാത്തവര്‍ എത്രയധികം. എന്നിട്ടും എനിക്കു മാത്രമെന്തേ ഇങ്ങനത്തെ അനുഭവങ്ങള്‍. രോഗങ്ങളും കഷ്ടപ്പാടുകളും വിട്ടൊഴിയുന്നേയില്ല."

"ഇനി എനിക്കു വയ്യ. സഹിച്ചു മടുത്തു. എന്‍റെ ജീവിതം ഇങ്ങനെ രോഗദുരിതങ്ങളില്‍ തള്ളിനീക്കാനായിരുന്നെങ്കില്‍ ഞാന്‍ ജനിക്കേണ്ടായിരുന്നു."

നിരന്തരമായി രോഗങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും അലട്ടുന്ന മനസ്സുകള്‍ ഒറ്റയ്ക്കും അല്ലാതെയുമൊക്കെ പറഞ്ഞുപോകുന്ന വേദനനിറഞ്ഞ വാക്കുകളാണിവ. ആര്‍ക്ക്, എന്ത്, എങ്ങനെ വരുമെന്ന് നിശ്ചയിക്കാനോ കണ്ടുപിടിക്കാനോ പറ്റിയ ഒരു ഉപകരണവും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നമ്മുടെ ജീവിതത്തില്‍ നാളെയെന്ത് വരുമെന്ന് നമുക്ക് നിശ്ചയവുമില്ല. ദൈവം മനഃപൂര്‍വ്വം രോഗങ്ങളും കഷ്ടപ്പാടുകളും തരുന്നതല്ലെങ്കിലും മനുഷ്യജീവിതത്തിന്‍റെ ഗതിവിഗതികളില്‍ നമ്മുടെയും മറ്റുള്ളവരുടെയും 'കയ്യിലിരുപ്പുകളുടെ' സ്വാഭാവിക റിസള്‍ട്ടായി അപകടങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും അപമാനങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാം. സംഭവിക്കപ്പെടുന്ന ജീവിതാവസ്ഥകളെ നാമെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചായിരിക്കും നമ്മുടെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍.

ഈ ചിന്തയില്‍ രണ്ടു വാക്കുകള്‍ കൂടുതല്‍ ചിന്തനീയമായി നില്‍ക്കുന്നു. സഹിക്കലും സ്വീകരിക്കലുമാണ് ആ രണ്ടു വാക്കുകള്‍. മനസ്സില്‍ പിറുപിറുത്തു കൊണ്ട്, ദൈവത്തെയും പൂര്‍വ്വികരെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ജീവിതപങ്കാളിയെയും മക്കളെയും ബന്ധുജനങ്ങളെയും നാട്ടുകാരെയുമൊക്കെ കഷ്ടപ്പാടുകളുടെ കാരണമായി കണ്ടുകൊണ്ട് നിരന്തരം ചീത്തവിളിയും ശാപവാക്കുകളും തലതല്ലിക്കരയിലും നെഞ്ചിനിട്ടടിയും പൊട്ടിത്തെറിക്കലുമായി ഗത്യന്തരമില്ലാതെ 'സഹിച്ചു' പ്രാന്തുപിടിച്ചവരെപ്പോലെ കഴിയുന്നതാണ് 'സഹിക്കല്‍'.

എന്നാല്‍ ഒരാവശ്യമില്ലാഞ്ഞിട്ടും ഒരു തെറ്റും ചെയ്യാഞ്ഞിട്ടും, ഒരുപാട് അപമാനവും അതിതീവ്രമായ വേദനകളും മാനവരാശിക്കുവേണ്ടി ഏറ്റെടുത്ത് ആത്മാക്കളെ രക്ഷപ്പെടുത്താനായി തന്‍റെ മുറിവുകളെ നീരുറവകളാക്കി മാറ്റി കാല്‍വരിയില്‍ പിടഞ്ഞു മരിച്ച യേശുനാഥന്‍റെ തിരുമുറിവുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, തന്‍റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന രോഗങ്ങളും കഷ്ടപ്പാടുകളും വേദനകളും അപമാനങ്ങളും സന്തോഷത്തോടെ ഏറ്റെടുക്കുന്ന പ്രക്രിയയാണ് 'സ്വീകരിക്കല്‍'.

സഹിക്കലായാലും സ്വീകരിക്കലായാലും വേദനയും കഷ്ടപ്പാടും പ്രതിസന്ധികളും ഒന്നു തന്നെ. പക്ഷെ, അവ അനുഭവിക്കേണ്ടി വരുന്ന രീതിയില്‍ മാറ്റം വരും. എന്‍റെ ജീവിതത്തില്‍ വന്നുചേരുന്ന പ്രശ്നങ്ങളെ ഞാന്‍ കഷ്ടപ്പാടും സഹിക്കലുമായിട്ടാണ് 'സഹികെട്ടാ'ണ് ഞാന്‍ എടുക്കുന്നതെങ്കില്‍ നമ്മുടെ സഹനം ഇരട്ടിയാകും. അനുദിനം അവസ്ഥയും ജീവിതവും മോശമാകും.

എന്നാല്‍ വേദനയെയും പ്രതിസന്ധികളെയും എന്‍റെ ആത്മാവിന്‍റെയും ജീവിതത്തിന്‍റെയും (purification) ശുദ്ധി ചെയ്യല്‍ പ്രക്രിയയായി കണ്ട് തുറന്ന മനസ്സോടെ 'സ്വീകരിക്കാന്‍' തയ്യാറായാല്‍ സൗഖ്യം ഉണരും. നൊമ്പരങ്ങള്‍ക്കിടയിലും മനസ്സ് ശാന്തമാകും. കൊടുങ്കാറ്റിനിടയിലും ജീവിതമാകുന്ന തോണി മുങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനാകും. ജീവിതത്തിനും ജന്മത്തിനും അര്‍ത്ഥതലങ്ങള്‍ മനസ്സിലാകും. ജീവിതം അനേകര്‍ക്ക് പ്രത്യാശയും കരുത്തും പകരുന്നതാകും.

നമ്മുടെ സ്വന്തം വി. അല്‍ഫോന്‍സാമ്മ തന്നെ ജ്വലിച്ചു നില്‍ക്കുകയല്ലേ 'സ്വീകരിക്കലി' ന്‍റെയും അതുവഴിയുള്ള വിശുദ്ധിയുടെയും ഉത്തമദൃഷ്ടാന്തമായിട്ട്. ക്രിസ്തുശിഷ്യരും, രക്തസാക്ഷിത്വം വരിച്ച അനേകായിരം വിശുദ്ധരും, എരിതീയില്‍ എറിയപ്പെടുമ്പോഴും എണ്ണയില്‍ വറുക്കപ്പെടുമ്പോഴും 'ഹല്ലേല്ലൂയ്യാ' പാടി തങ്ങളുടെ നിത്യജീവനില്‍ വിശ്വസിച്ച്, യഥാര്‍ത്ഥ ദൈവിക സഹനമെന്നാല്‍ സ്വീകരിക്കലാണെന്ന് നമ്മെ പഠിപ്പിച്ച ആദിമക്രൈസ്തവരുമെല്ലാം ഒന്നിനൊന്നു മികവോടെ നമ്മെ പ്രചോദിപ്പിക്കുന്നു.

അതുകൊണ്ട് നമുക്കും നമ്മുടെ മനസ്സിനെ ഒരുക്കാം. ഏതു വേദന വന്നാലും അതിനെ ദൈവാത്മാവുമായി ചേര്‍ത്തുനിര്‍ത്തി, കര്‍ത്താവിന്‍റെ ആണിപ്പാടുകളിലെ തിരുരക്തത്തില്‍നിന്നും തിലകക്കുറി തൊട്ടെടുത്ത്, പതറാത്ത വിശ്വാസത്തോടെ, ദൈവാശ്രയമെന്ന ശക്തിസങ്കേതം കൈമുതലാക്കി മുന്നോട്ടു പോകുമ്പോള്‍ ഓരോ ദിവസവും സംഗീതമാകും, നന്മയുടെ നല്‍ഫലങ്ങളുണ്ടാകും, ആത്മസന്തോഷം നിറയും, അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യുന്ന ശ്രേഷ്ഠവിശ്വാസികളായി നാം മാറും. പരസ്പരം പ്രാര്‍ത്ഥിക്കാം… കരുത്തു പകരാം… മുന്നോട്ടു കുതിക്കാം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org