പോര്‍ത്തുഗലിലെ വി. എലിസബത്ത് രാജ്ഞി (1271-1336)

പോര്‍ത്തുഗലിലെ വി. എലിസബത്ത് രാജ്ഞി (1271-1336)

സെയിന്‍റ്സ് കോര്‍ണര്‍

സ്പെയിനിലെ അരഗോണ്‍ പ്രദേശത്തെ പെഡ്രോ രാജാവിന്‍റെ മകളാണ് എലിസബത്ത്, പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ പോര്‍ത്തുഗലിലെ ഡെനിസു രാജാവ് എലിസബത്തിനെ വിവാഹം കഴിച്ചു. എലിസബത്തിന്‍റെ പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും എതിരല്ലായിരുന്നുവെങ്കിലും ഡെനിസു രാജകുമാരന്‍ രാജ്ഞിയുടെ സമ്പത്തും സൗന്ദര്യവും സാമര്‍ത്ഥ്യവുമാണ് കൂടുതല്‍ അമൂല്യമായി പരിഗണിച്ചത്. കിരീടത്തിലും രാജകീയ ആര്‍ഭാടങ്ങളിലും രാജ്ഞി ആനന്ദം കണ്ടെത്തിയില്ല. കൃത്യമായ ഒരു ആധ്യാത്മിക പരിപാടി രാജ്ഞിക്കുണ്ടായിരുന്നു. ധ്യാനം, കാനോന നമസ്കാരം, ദിവ്യബലി, ദൈവമാതാവിന്‍റെ ഒപ്പീസ്, ജ്ഞാന വായന എന്നിവയ്ക്കു സമയം നിശ്ചയിച്ചിരുന്നു. അനുവാദമുള്ളപ്പോഴെല്ലാം വി. കുര്‍ബാന സ്വീകരിച്ചിരുന്നു. ലളിതവും വിനീതവുമായ വസ്ത്രങ്ങളേ അണിഞ്ഞിരുന്നുള്ളൂ. ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിച്ചിരുന്നു. ദരിദ്ര യുവതികളുടെ വിവാഹത്തിനു രാജ്ഞി കൈയയച്ചു ദാനം ചെയ്തിരുന്നു. രോഗികളെ സന്ദര്‍ശിച്ചു മുറിവുകള്‍ വെച്ചുകെട്ടിയിരുന്നു. ഭര്‍ത്താവിനെ ഉപചാരപൂര്‍വ്വം പെരുമാറി സംതൃപ്തിപ്പെടുത്തിയിരുന്നതല്ലാതെ ഒരിക്കലും വേദനിപ്പിച്ചു സംസാരിച്ചിട്ടില്ല. ഒരു രാജഭൃത്യനു രാജ്ഞിയോടു വളരെ അടുപ്പമാണെന്ന് വേറൊരു ഭൃത്യന്‍ രാജാവിനെ അറിയിച്ചു. രാജാവ് അതു വിശ്വസിച്ച് അവനെ വധിക്കാനായി തീച്ചൂളക്കാരനോട് ഇങ്ങനെ കല്പിച്ചു: "ആരെങ്കിലും വന്നു കല്പന നിര്‍വ്വഹിച്ചുവോ എന്നു ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നവനെ ചൂളയിലിട്ടു ദഹിപ്പിച്ചു കൊള്ളണം." നിശ്ചിത ദിവസം ആ ഭൃത്യന്‍ കല്പനയും കൊണ്ടുപോകുംവഴി പള്ളിയില്‍ കയറി വിശുദ്ധ കുര്‍ബാന കണ്ടിട്ടേ പോയുള്ളൂ. സ്വല്പസമയം കഴിഞ്ഞപ്പോള്‍ വേറൊരു ഭൃത്യനെ അയച്ചു കല്പന നിറവേറ്റിയോ എന്നറിയുവാന്‍. അവന്‍ തീയിലിടപ്പെട്ടു. കളവു പറഞ്ഞുണ്ടാക്കിയ ഭൃത്യന്‍ അങ്ങനെ ദഹിപ്പിക്കപ്പെട്ടു. ആദ്യം അയച്ച ഭൃത്യന്‍ സുഖമായി രാജാവിന്‍റെ പക്കല്‍ മടങ്ങിയെത്തി. രാജാവു സംഗതികള്‍ മനസ്സിലാക്കി രാജ്ഞിയുടെ വിശുദ്ധി അംഗീകരിച്ചു.

എലിസബത്തിന് അല്‍ഫോണ്‍സ് എന്നും കോണ്‍സ്റ്റാന്‍സിയാ എന്നും പേരുള്ള രണ്ടു മക്കളുണ്ടായിരുന്നു. മകന്‍ രാജാവായശേഷം പിതാവിനെതിരായി പടവെട്ടി. അമ്മ അമിതമായി മകനെ താങ്ങിയതുകൊണ്ടാണെന്നു പറഞ്ഞു രാജ്ഞിയെ നാടുകടത്തി. വിപ്രവാസത്തില്‍ രാജ്ഞി പ്രാര്‍ത്ഥന വര്‍ദ്ധിപ്പിച്ചു. രാജ്ഞിയുടെ വിനയം കണ്ട് അവരെ കൊട്ടാരത്തിലേക്ക് മടക്കി വിളിച്ചു. രാജാവു രോഗിയായപ്പോള്‍ വിശ്വസ്തതയോടെ ശുശ്രൂഷിച്ചു. രാജ്ഞി തന്‍റെ സ്നേഹം പ്രകാശിപ്പിച്ചു. 1325-ല്‍ ഭര്‍ത്താവു മരിച്ചു. രാജ്ഞി ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു വളരെ ധര്‍മ്മ പ്രവൃത്തികള്‍ ചെയ്തു ജീവിച്ചു. 65-ാമത്തെ വയസ്സില്‍ രാജ്ഞി ദിവംഗതയായി.

വിചിന്തനം: വിശുദ്ധ കുര്‍ബാനയില്‍ ആശ്രയിച്ച രാജ്ഞിയെ കര്‍ത്താവു സംരക്ഷിച്ചു. സങ്കടങ്ങളില്‍ സക്രാരിയെ സമീപിച്ച് അപേക്ഷിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org