Latest News
|^| Home -> Suppliments -> CATplus -> വി. ആഗ്നെസ് (292-304) കന്യക, രക്തസാക്ഷി

വി. ആഗ്നെസ് (292-304) കന്യക, രക്തസാക്ഷി

Sathyadeepam

കുഞ്ഞാട് എന്നു വാച്യാര്‍ത്ഥമുള്ള “ആഗ്നെസ്” റോമില്‍ ജനിച്ചു. പുണ്യവതിയെ ചിത്രീകരിക്കാറുള്ളത് ഒരു കുഞ്ഞാടിനെ കൈയില്‍ വഹിക്കുന്നതായിട്ടാണ്. പുണ്യവതിയുടെ തിരുനാള്‍ ദിവസം ആശീര്‍വദിക്കുന്ന രണ്ടു കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ് ആര്‍ച്ചുബിഷപ്പുമാര്‍ അണിയുന്ന “പാലിയം” നെയ്തെടുക്കുന്നത്.

റോമയില്‍ ജനിച്ച ഈ സുന്ദരിയെ വിവാഹം ചെയ്യാന്‍ റോമന്‍ യുവാക്കള്‍ ആഗ്രഹിച്ചു. ഒരു സ്വര്‍ഗ്ഗീയ മണവാളനു തന്‍റെ കന്യാത്വം നേര്‍ന്നിരിക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി. മധുരവചസ്സുകളോ ഭീഷണിയോ അവളുടെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. ഭഗ്നാശരായ കാമുകന്മാര്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ചു. റോമന്‍ ജഡ്ജി അവളോട് ജൂപ്പിറ്ററെ ആരാധിക്കാന്‍ ആജ്ഞാപിച്ചു. അവള്‍ അതിനു വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ മര്‍ദ്ദകര്‍ പീഡനോപകരണങ്ങളെല്ലാം അവളെ കാണിച്ചുകൊടുത്തു. ബിംബത്തിന്‍റെ അടുക്കലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുചെന്ന് ധൂപം കൈകൊണ്ട് എടുപ്പിക്കാന്‍ ആരാച്ചാരന്മാര്‍ നിര്‍ബന്ധിച്ചു നോക്കി. എന്നിട്ടും ബിംബത്തെ ആരാധിക്കയില്ലെന്ന് കണ്ടപ്പോള്‍, അവളെ വേശ്യാഗൃഹത്തില്‍ യഥേഷ്ടം ആര്‍ക്കും ഉപയോഗിക്കാന്‍ നിയോഗിക്കുമെന്ന് ചക്രവര്‍ത്തി കല്പിച്ചു. “ഈശോ തന്‍റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും” എന്നായിരുന്നു അവളുടെ മറുപടി.

ഇതുകേട്ട് ക്രൂദ്ധനായ ന്യായാധിപന്‍ ആഗ്നെസ്സിന്‍റെ വസ്ത്രങ്ങള്‍ നീക്കി നഗ്നയാക്കാന്‍ ആജ്ഞാപിച്ചു. ഇത് അവള്‍ക്ക് എത്രയും വേദനാജനകമായിരുന്നെങ്കിലും ഈശോയില്‍ത്തന്നെ ശരണംവച്ച് നിര്‍ഭയം നിന്നു. ദൈവം ഒരദ്ഭുതം പ്രവര്‍ത്തിച്ചു. ഒരു യുവാവൊഴികെ മറ്റെല്ലാവരും അവിടെനിന്ന് പലായനം ചെയ്തു. അശുദ്ധതാല്‍പര്യത്തോടെ ആഗ്നെസിനെ നോക്കിയ ആ യുവാവ് ഒരു മിന്നലിന്‍റെ പ്രകാശത്തോടെ അന്ധനായി. അര്‍ദ്ധപ്രാണനായ യുവാവിനെ അവന്‍റെ കൂട്ടുകാര്‍ സംവഹിച്ചു കൊണ്ടുപോയി. തന്നെ വിവാഹം കഴിച്ചാല്‍ അവളെ സ്വതന്ത്രയാക്കാമെന്ന് ന്യായാധിപന്‍ അവളെ ഗ്രഹിപ്പിച്ചു. അവള്‍ പ്രതിവചിച്ചു: “ഈശോയാണ് എന്‍റെ മണവാളന്‍. അവടുന്ന് ആദ്യം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവിടുത്തെ മാത്രമായിരിക്കും.”

അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ആ കുഞ്ഞുകൈകളില്‍ വച്ച കൈയ്യാമം ഊര്‍ന്നുപോന്നെങ്കിലും ആഗ്നെസ് ആരാച്ചാരന്മാരെ സസന്തോഷം അനുഗമിച്ചു. ഒരു നിമിഷനേരം അവള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അനന്തരം വാളിന് അവള്‍ കഴുത്തു കാണിച്ചുകൊടുത്തു. ഒരു വെട്ടിന് ആ കുഞ്ഞാടിന്‍റെ ശിരസ്സ് നിലത്തുവീണു. “എല്ലാ രാജ്യക്കാരുടെയും നാവുകളും തൂലികകളും ഈ കന്യകയുടെ സ്തുതികള്‍ പാടിയിട്ടുണ്ട്. കന്യാത്വത്തിന്‍റെ മഹത്വത്തെ ഇവള്‍ രക്തസാക്ഷിത്വം കൊണ്ട് മകുടം ചാര്‍ത്തി” എന്ന് വി.ജെറോം പറയുന്നു.

വി.അംബ്രോസിന്‍റെ പ്രസംഗം ശ്രവിച്ചാലും: “ഇത് ഒരു കന്യകയുടെ പിറന്നാളാണ്. അവളുടെ കന്യാത്വം നമുക്ക് അനുകരിക്കാം. ഒരു രക്തസാക്ഷിയുടെ പിറന്നാളാണ്; നമുക്ക് ത്യാഗങ്ങള്‍ കാഴ്ചവയ്ക്കാം. ഇത് വി. ആഗ്നെസ്സിന്‍റെ തിരുനാളാണ്. എല്ലാ മനുഷ്യരും വിസ്മയിക്കട്ടെ. കുട്ടികള്‍ പ്രത്യാശിക്കുകയും വിവാഹിതരായ സ്ത്രീകള്‍ ആശ്ചര്യപ്പെടുകയും; അവിവാഹിതര്‍ അവളെ അനുകരിക്കുകയും ചെയ്യട്ടെ.”

വിചിന്തനം: “നിങ്ങളുടെ വാളും എന്‍റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാല്‍ ക്രിസ്തുവിനു പ്രതിഷ്ഠിതമായ എന്‍റെ ശരീരത്തെ നിങ്ങള്‍ക്ക് മലിനമാക്കാന്‍ കഴിയുകയില്ല” (വി. ആഗ്നെസ്സ്).

Leave a Comment

*
*