വി. തോമസ് വില്ലനോവ (1488-1555) മെത്രാൻ

വി. തോമസ് വില്ലനോവ (1488-1555) മെത്രാൻ

സെയിന്‍റ്സ് കോര്‍ണര്‍

സ്പെയിനില്‍ കാസ്റ്റീലില്‍ ജനിച്ച തോമസ്സിന്‍റെ വിദ്യാഭ്യാസം വില്ലനോവയില്‍ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമല്ലായിരുന്നുവെങ്കിലും മാതാപിതാക്കള്‍ കഴിവനുസരിച്ച് ദരിദ്രരെ സഹായിച്ചിരുന്നു. കാര്‍ഷികാദായങ്ങള്‍ വിറ്റു കാശാക്കാതെ ദരിദ്രര്‍ക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. മാതാപിതാക്കന്മാരുടെ ഈ മനോഭാവം തോമസ്സില്‍ ആശാനിഗ്രഹവും തജ്ജന്യമായ ശുദ്ധതയും സത്യസന്ധതയും ഉളവാക്കി. മാതാപിതാക്കന്മാര്‍ തോമസ്സിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം എന്നാണ്. ജീവിതം മുഴുവനും ദൈവമാതാവിനോട് തോമസ്സിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു.

26-ാമത്തെ വയസ്സില്‍ പഠനം പൂര്‍ത്തിയാക്കി തിരികെവന്നപ്പോള്‍ താമസിക്കാന്‍ പിതാവുണ്ടാക്കിയ ഭവനം ഒരാശുപത്രിയായി മാറി. കുറേനാള്‍ അദ്ദേഹം സലമാങ്ക സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചു. 1518-ല്‍ വി. അഗസ്റ്റിന്‍റെ സന്യാസസഭയില്‍ ചേര്‍ന്നു. തലേവര്‍ഷമാണ് ലൂഥര്‍ ആ സഭ ഉപേക്ഷിച്ചുകൊണ്ട് വിവാഹം കഴിച്ചത്. 1520-ല്‍ അദ്ദേഹം വൈദികനായി; സലമാങ്ക, ബുര്‍ഗോഡ്, വല്ലഡോയിഡ് മുതലായ സ്ഥലങ്ങളില്‍ അടുത്തടുത്ത് സുപ്പീരിയറായി. 1545-ല്‍ വലെന്‍സിയായിലെ ആര്‍ച്ചുബിഷപ്പായി. സ്ഥാനമാനങ്ങളെ വെറുത്തിരുന്ന ഫാദര്‍ തോമസ് സിംഹാസനാരോഹണദിവസം സിംഹാസനത്തില്‍ വിരിച്ചിരുന്ന പട്ടുവസ്ത്രം നീക്കി പീഠം മുത്തുകയുണ്ടായി. സന്യാസസഭയില്‍നിന്ന് നല്കിയ സമ്മാനം 4000 സൂക്കറ്റ്സ് അതേപടി വില്ലനോവയിലെ ആശുപത്രി നന്നാക്കാന്‍ അയച്ചുകൊടുത്തു.

ആര്‍ച്ചുബിഷപ്പായശേഷം പഴയവസ്ത്രങ്ങള്‍ തന്നെത്താന്‍ തയിച്ചു ശരിയാക്കുന്നതു കണ്ട് ഒരു കാനണ്‍ ചോദിച്ചു: "ഒരു നിസ്സാര സംഖ്യയ്ക്ക് അത് ആരെങ്കിലും തയിച്ചു തരുമല്ലോ?" "ആ നിസ്സാരസംഖ്യ ഒരു ദരിദ്രനു നല്കിക്കൂടെ?" എന്നായിരുന്നു മറുപടി. ബുധനാഴ്ചയും വെള്ളിയാഴ്ചയും അല്പം റൊട്ടിയും വെള്ളവുമാണ് കഴിച്ചിരുന്നത്. ദിവസംതോറും അദ്ദേഹത്തിന്‍റെ വാതില്‍ക്കല്‍ 500 ദരിദ്രര്‍ വന്നിരുന്നു; അവര്‍ക്കെല്ലാം അദ്ദേഹം എന്തെങ്കിലും നല്കിയിരുന്നു. തൊഴില്‍കാര്‍ക്ക് ഉപജീവനം നേടാന്‍ സഹായകമായ ഉപകരണങ്ങള്‍ വാങ്ങികൊടുത്തിരുന്നു; അങ്ങനെ അദ്ദേഹത്തിന്‍റെ ജീവിതം ഉപവി പ്രവൃത്തികളുടെ നീണ്ട ശൃംഖലയായിരുന്നു.

അറുപത്തേഴാമത്തെ വയസ്സില്‍ ഒരു കാഴ്ചകൊണ്ട് മനസ്സിലായി ദൈവമാതാവിന്‍റെ പിറവിത്തിരുന്നാള്‍ ദിവസം താന്‍ മരിക്കുമെന്ന്. ആഗസ്റ്റ് 29-ാം തീയതി ശക്തിയായ ഒരു പനി തുടങ്ങി. സെപ്തംബര്‍ എട്ടാം തീയതി രാവിലെ വി. യോഹന്നാന്‍ എഴുതിയ പീഡാനുഭവചരിത്രം വായിച്ചുകേട്ടു. അനന്തരം തന്‍റെ മുറിയില്‍ ഒരു ദിവ്യബലി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. പുരോഹിതന്‍റെ ദിവ്യകാരുണ്യം സ്വീകരണം കഴിഞ്ഞപ്പോള്‍ "അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" എന്നു പറഞ്ഞ് ആര്‍ച്ചുബിഷപ് തോമസ് ദിവംഗതനായി. അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ 20 പതിപ്പു കണ്ടു കഴിഞ്ഞിട്ടുണ്ട്.

വിചിന്തനം: "ഉത്തമജീവിതമാണ് ശ്രേഷ്ഠമായ വിജ്ഞാനം. ഈ വിജ്ഞാനം നീ കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ നീയാണ് എത്രയും വിജ്ഞന്‍." – വി. തോമസ് വില്ലനോവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org