സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ

സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ

ജീവിച്ചിരിക്കുമ്പോള്‍ നാം പങ്കെടുക്കുന്ന ബലികള്‍ സ്വര്‍ഗ്ഗത്തിലുള്ള നമ്മുടെ നിക്ഷേപമാണ്. പല മാതാപിതാക്കളും പറയാറുണ്ട്, ഞങ്ങള്‍ക്കുള്ളതു മുഴുവന്‍ മക്കളുടെ പേരില്‍ എഴുതിക്കൊടുത്താല്‍ അവസാനകാലത്ത് അവര്‍ കൈവിട്ടാല്‍ എന്തു ചെയ്യും? ഈ ലോകജീവിതത്തില്‍ പോലും സ്വന്തമായുള്ളത് കൈവിട്ടാല്‍ ഞങ്ങള്‍ക്കൊന്നുമില്ലെന്ന് കരുതുന്നവര്‍ ഈ ചിന്താഗതിയനുസരിച്ച് തങ്ങളുടെ സ്വര്‍ഗ്ഗീയജീവിതത്തിലും നിക്ഷേപം കരുതിയിരുന്നെങ്കില്‍. നാം ശരിയായി സ്വീകരിക്കുന്ന കുര്‍ബാന തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലെ നമ്മുടെ നിക്ഷേപം തന്നെയാണ്.

നമുക്ക് ആരോഗ്യമുള്ള കാലത്തേ സ്വാതന്ത്ര്യത്തോടെ നമുക്ക് വി. ബലിക്ക് പോകാന്‍ പറ്റൂ. പ്രായമായാല്‍ പിന്നെ നമ്മള്‍ പലരുടെയും നിയന്ത്രണത്തിലാണ്. പള്ളിയില്‍ പോകാന്‍ ഇറങ്ങിയ അമ്മച്ചിയോട് ഒരു ഒറ്റപുത്രന്‍റെ പ്രതികരണം: "മര്യാദയ്ക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്ക്. പള്ളിയില്‍ പോയിട്ട് അവിടെ കിടന്ന് പ്രശ്നമുണ്ടാക്കണ്ട." കുമ്പസാരിക്കാന്‍ ആഗ്രഹം പറഞ്ഞ അമ്മച്ചിയോട് പ്രിയപുത്രന്‍റെ ഉപദേശം: 'അത് തമ്പുരാനോട് നേരിട്ടു പറഞ്ഞാല്‍ മതി. അങ്ങേര്‍ക്കറിയാം.' നമുക്ക് പറ്റില്ലാത്ത കാലത്ത് നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം. പള്ളിയില്‍ പോയ നല്ല ദിനങ്ങള്‍. പുണ്യപ്രവര്‍ത്തികള്‍ ചെയ്ത ആ നല്ല ദിനങ്ങള്‍. അതിനാല്‍ കുട്ടികളായിരിക്കുമ്പോള്‍തന്നെ സല്‍കൃത്യങ്ങള്‍ ചെയ്യുക അലസത കൂടാതെ.

നമുക്കുവേണ്ടിയുള്ള ഏറ്റവും പ്രയോജനകരമായ സമ്പാദ്യം, ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് സമ്പാദിക്കാം. ബാക്കിയൊക്കെ ലോട്ടറിയെടുക്കുന്നതുപോലെ കിട്ടിയാല്‍ കിട്ടി. നമുക്കാവും കാലത്ത് പലതും (സത്കൃത്യങ്ങള്‍) ചെയ്യാനുണ്ട്. ബാക്കിയെല്ലാം ഈശോ വെളിപ്പെടുത്തി തന്നുകൊള്ളും.

"അക്ഷയഭാഗ്യം നേടാനുതകും
നിക്ഷേപങ്ങള്‍ കരുതുക നിങ്ങള്‍."

"യേശു ഒരൊറ്റ ഓസ്തി മാത്രമല്ല, തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ജീവിതത്തിനുള്ള ഓരോ ദിവസത്തിനും ഓരോ ഓസ്തിവീതം തയ്യാറാണ്. നമുക്ക് അതില്‍ ഒന്നുപോലും പാഴാക്കി കളയാതിരിക്കാന്‍ ശ്രമിക്കാം."
– വി. പീറ്റര്‍ എമാര്‍ഡ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org