Latest News
|^| Home -> Suppliments -> Familiya -> ദാമ്പത്യത്തിൽ വേണ്ടത് സമർപ്പണം അഡ്ജസ്റ്റുമെന്റല്ല

ദാമ്പത്യത്തിൽ വേണ്ടത് സമർപ്പണം അഡ്ജസ്റ്റുമെന്റല്ല

Sathyadeepam

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍ ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ കുറിപ്പുകള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

വിവാഹത്തിന്‍റെ ആദ്യനാളുകളും നാടുചുറ്റലും വിരുന്നുസത്കാരങ്ങളും ഒക്കെ കഴിഞ്ഞു നവദമ്പതികളുടെ പുതുമോടിയും പുത്തന്‍മണവും അകന്നുപോയിത്തുടങ്ങവേ തന്നെ സ്നേഹയ്ക്ക് ഒരു കാര്യം മനസ്സിലായി – രാഹുലിന്‍റെ കൂടെയുള്ള ജീവിതം ഒത്തിരി അഡ്ജസ്റ്റ് മെന്‍റ് വേണ്ട സംഗതിയാണെന്ന്. താന്‍ ചിന്തിക്കുന്നതുപോലെയോ പ്രവര്‍ത്തിക്കുന്നതുപോലെയോ ഒന്നുമല്ല രാഹുലിന്‍റെ ശൈലികള്‍. ഒരുപാടു സംസാരിക്കുന്ന ആളാണു താനും തന്‍റെ വീട്ടുകാരും. രാഹുലിന്‍റെയും വീട്ടുകാരുടെയും കാര്യത്തില്‍ സംസാരം കുറവാണെന്നു മാത്രമല്ല, ഒരുപാടു സംസാരിക്കുന്നവരെയും തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നവരെയുമെല്ലാം അവര്‍ക്കു പുച്ഛമാണ്. സംസ്കാരമില്ലാത്തവരാണു വായിട്ടടിക്കുന്നതെന്നാണ് അവരുടെ ഭാഷ്യം. ‘കിലുക്കാംപെട്ടി പോലെ നടന്ന തനിക്കു പഴയ അവാര്‍ഡ് സിനിമപോലത്തെ ആളെയാണല്ലോ ദൈവമേ കിട്ടിയത്’ എന്ന് ആലോചിച്ചപ്പോള്‍ സ്നേഹയ്ക്ക് ചങ്കു പൊട്ടുന്നതുപോലെ തോന്നി.

അഡ്ജസ്റ്റ്മെന്‍റ്… എല്ലാം ശരിയാക്കാന്‍… കൂടെ ഉപദേശങ്ങളും:
വീട്ടുകാരോടു സങ്കടം പങ്കുവച്ച സ്നേഹയെ വീട്ടുകാര്‍ ആശ്വസിപ്പിച്ചു. എല്ലാവരുടെയും കാര്യവും ഇങ്ങനെയൊക്കെയാണെന്നും നീ അഡ്ജസ്റ്റ് ചെയ്യണമെന്നും കുറച്ചു കഴിയുമ്പോള്‍ ‘എല്ലാം ശരിയാകും’ എന്നും പറഞ്ഞു പ്രചോദിപ്പിച്ചു. കൂട്ടുകാരോടു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ‘ഒരു മിണ്ടാമൂളി കെട്ടിയോന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ ‘ചോദ്യോത്തര പംക്തി’ മാത്രം നടത്തി നശിപ്പിച്ചു കളയേണ്ടതാണോ നിന്‍റെ ജീവിതം… നിനക്കതിനെ പറ്റുന്നില്ലെങ്കില്‍ വിട്ടുപോയിക്കൂടേ… വിവാഹമോചനമൊന്നും ഇക്കാലത്ത് അത്ര വലിയ കാര്യമൊന്നുമല്ലടി.” കൂട്ടുകാരുടെ ഉപദേശത്തിന്‍റെ കൂടെ ഒരു ഡയലോഗും കൂടെ അവരടിച്ചു, ‘അല്ലെങ്കിലും ഇത്രയും സ്മാര്‍ട്ടായ നിന്നെ ഭാര്യയായി ‘അയാള്‍’ അര്‍ഹിക്കുന്നുമില്ല… തീരുമാനം നിന്‍റേതാണ്.’

നിസ്സഹകരണം… സഹകരണത്തിലേക്ക്:
മനസ്സ് ഭര്‍ത്താവില്‍ നിന്നും അകന്നുപോകാന്‍ കൂട്ടുകാരുടെ വക ‘സ്നേഹോപദേശം’ കൂടിയായപ്പോള്‍ സ്നേഹ വീട്ടില്‍ ‘നിസ്സഹകരണം’ ആരംഭിച്ചു. പെരുമാറ്റം മോശമാക്കി, തറുതല ശീലമാക്കി. കാര്യം നിസ്സാരമെങ്കിലും പ്രശ്നം ഗുരുതരമായി. വീട്ടുകാര്‍ മനഃശാസ്ത്രജ്ഞനെ തേടി. അങ്ങനെ അവര്‍ എന്‍റെ അടുത്തെത്തി. ഗുരുതരമായിക്കഴിഞ്ഞ നിസ്സാര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയേ ഞങ്ങള്‍ യാത്ര തുടങ്ങി. വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തുകയും ബന്ധം പൂര്‍വാധികം ശക്തി പ്രാപിക്കുകയും ചെയ്തു.

അഡ്ജസ്റ്റുമെന്‍റല്‍ അഡ്ജസ്റ്റുമെന്‍റുകള്‍:
മേല്പറഞ്ഞ സംഭവം യഥാര്‍ത്ഥവും വ്യക്തികളും പേരുവിവരങ്ങളും വ്യാജവുമാണ്. ഏതൊരു ദാമ്പത്യമെടുത്തു പരിശോധിച്ചാലും അതില്‍ കുറവുകളും കുറ്റങ്ങളും യോജിക്കാത്ത മേഖലകളും കണ്ടേക്കാം. വിയോജിപ്പിന്‍റെയോ ചേര്‍ച്ചക്കുറവുകളുടെയോ മേഖല കാണുമ്പോള്‍ ‘അഡ്ജസ്റ്റ് ചെയ്യൂ’ എന്നാണു പൊതുവേ പഴയതലമുറ പുതിയ തലമുറയോടു പറയുന്നത്. എന്നാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി അഡ്ജസ്റ്റ് ചെയ്താല്‍ അതു മനസ്സ് വിങ്ങിയുള്ള അഡ്ജസ്റ്റുമെന്‍റല്‍ അഡ്ജസ്റ്റ് ആയിരിക്കും. പങ്കാളികള്‍ രണ്ടുപേരുമോ ഒരാളോ അതില്‍ വേദനിക്കുന്നുണ്ടാകും. അതു സുഖകരമായിരിക്കില്ല; സന്തോഷദായകവും.

വേണ്ടതു സമര്‍പ്പണം… വേദന മാറ്റാം:
യഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തില്‍ വേണ്ടതു പരസ്പരസമര്‍പ്പണമാണ്. സമര്‍പ്പണമുണ്ടെങ്കില്‍ പോസിറ്റീവായ അഡ്ജസ്റ്റുമെന്‍റ് താനേ വരും. വ്യക്തമായ പോസിറ്റീവ് കാഴ്ചപ്പാടോടെ വിവാഹജീവിതത്തിലേക്കു കടന്നുവന്നാല്‍ മാത്രമേ ദാമ്പത്യത്തിന്‍റെ നന്മകള്‍ ആസ്വദിക്കാനാകൂ… സ്വപ്നം കണ്ടയാളെപ്പോലുള്ളവരെയല്ല പങ്കാളിയായി കിട്ടിയിട്ടുണ്ടാവുക. നിറം, പൊക്കം, ഭാഷ, ശൈലി, സംസ്കാരം, സാമ്പത്തികം, ജോലി, വീട്ടിലെ രീതികള്‍, ബന്ധുജനങ്ങളുടെ ശൈലികള്‍, വീടിന്‍റെ വലിപ്പവും ഭംഗിയും, യാത്രാസൗകര്യം തുടങ്ങി വ്യത്യസ്ത കാര്യങ്ങള്‍ നാം ചിന്തിച്ചതുപോലെയാവണമെന്നില്ല. ആഗ്രഹിച്ചതിനു വിരുദ്ധമായ അവസ്ഥയിലാണു വിവാഹം കഴിഞ്ഞ് എത്തിപ്പെടുന്നതെങ്കില്‍ മനസ്സ് വേദനയിലും സംശയത്തിലും മുങ്ങും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് ഇതു കൂടുതല്‍ ഫീല്‍ ചെയ്യും. ഇതെല്ലാം യാഥാര്‍ത്ഥ്യം.

ശീലിക്കാം മൈന്‍ഡ്ഫുള്‍നെസ്:
എന്നാല്‍ ലോകപ്രശസ്തമായ ‘മൈന്‍ഡ്ഫുള്‍നെസ്’ രീതിയനുസരിച്ചു രണ്ടു പ്രധാന സന്ദേശങ്ങളാണു കുടുംബജീവിതക്കാര്‍ക്കുള്ളത്. ഒന്ന്, ‘Accept the person as it is’ -അഥവാ വ്യക്തിയെ അയാളുടെ എല്ലാ കുറവുകളോടും നന്മയോടുംകൂടി അയാളായിത്തന്നെ മനസ്സുകൊണ്ട് അംഗീകരിച്ചു സ്വീകരിക്കുക. രണ്ട് ‘Accept the situation as it is – സാഹചര്യങ്ങള്‍ എങ്ങനെയാണോ അതിനെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുകയും അതിന്‍റെ കുറവുകളോടുകൂടിത്തന്നെ അംഗീകരിച്ച് അതിനോടു താദാത്മ്യപ്പെടുന്ന അവസ്ഥ. ‘മൈന്‍ഡ് ഫുള്‍നെസ്’ മൂഡില്‍ കാര്യങ്ങളെ സ്വീകരിക്കുന്ന വ്യക്തിക്കു വേദനയോടെ ഒന്നും സഹിക്കേണ്ടി വരില്ല. കാരണം അവര്‍ സ്വയം അറിയുന്നു, സ്വയം വിലയിരുത്തുന്നു, സ്വയം സമര്‍പ്പിക്കുന്നു, സന്തോഷമായി ജീവിക്കുന്നു.

ദാമ്പത്യത്തില്‍നിന്നു രാജി വയ്ക്കുന്നവരാകാതിരിക്കട്ടെ:
എന്‍റെ പങ്കാളിയിലേക്ക് എന്നെത്തന്നെ സമര്‍പ്പിക്കാന്‍ അയാളെ / അവളെ തന്‍റെ ജീവിതത്തില്‍ നമ്പര്‍ വണ്ണായി കാണാന്‍, അവളുടെ/ അയാളുടെ സുഖ-ദുഃഖങ്ങള്‍ തന്‍റേതുകൂടിയാണെന്നു മനസ്സിലാക്കി പെരുമാറാനുള്ള ഒരു ആന്തരികഭാവമാണു ദാമ്പത്യത്തെ സുന്ദരമാക്കുന്നത്. ഇതു തകര്‍ന്നാല്‍ ബന്ധം ഉലയും. ഓഫീസ് ജോലിയല്ല കുടുംബജീവിതം. അതൊരു കൂട്ടായ്മയാണ്, യാത്രയാണ്. അല്ലാതെ ഇടയ്ക്കുവച്ച് ഓഫീസ് ജോലിപോലെ രാജിവയ്ക്കാന്‍ വേണ്ടിയുള്ളതല്ല. ദാമ്പത്യത്തില്‍നിന്നു രാജിവയ്ക്കാതിരിക്കാന്‍ ജീവിതത്തെ കുറച്ചുകൂടി നന്നായി ഡിസൈന്‍ ചെയ്യുന്നവരാകാം… സമര്‍പ്പണത്തോടെ.

Mob: 9744075722

www.roldantz.com

സമര്‍പ്പണമനോഭാവം ദാമ്പത്യത്തില്‍ വരാന്‍ ചില ചിന്ന ടിപ്സ്:

1. കെട്ടിക്കഴിഞ്ഞല്ലാട്ടോ മാറേണ്ടത്
മനസ്സ് മാറ്റേണ്ടതും ഒരുക്കേണ്ടതും കെട്ടിക്കഴിഞ്ഞല്ല. വിവാഹത്തിനുമുമ്പേതന്നെ തന്‍റെ ഭാവി ജീവിതപങ്കാളിയെ അയാളായിരിക്കുംവിധം സ്വീകരിക്കുവാനും അംഗീകരിക്കുവാനുമുള്ള മനസ്സ് ശരിയാക്കിയിരിക്കണം. അല്ലെങ്കില്‍ പിന്നെ ‘സീനാകും’ ജീവിതം.

2. ക്യാമറക്കണ്ണുകള്‍ കാണേണ്ടതു നന്മകള്‍… കുറ്റങ്ങളല്ല:
ദമ്പതികള്‍ പരസ്പരം കുറവുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ പോയാല്‍ ജീവിതം പോര്‍ക്കളമാകും. നന്മകള്‍ കാണുക, അതു തുറന്നുപറഞ്ഞ് അഭിനന്ദിക്കുക, അപ്പോള്‍ അതു വ്യക്തിത്വത്തില്‍ വളരും, പങ്കാളി സൂപ്പറാകും.

3. ഞാന്‍ നിന്‍റേത്… നീ എന്‍റേത്:
‘ഞാന്‍ നിന്‍റേതു മാത്രം, നീ എന്‍റേതും’ എന്ന ആന്തരികസമര്‍പ്പണചിന്ത അനുനിമിഷം വേണം മനസ്സില്‍. വഴക്കുകളുണ്ടാകുമ്പോള്‍പോലും ഈ ആശയത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ വഴക്കു ശമിക്കും… സ്നേഹം വര്‍ദ്ധിക്കും.

4. സമര്‍പ്പിച്ചവര്‍ക്കേ ക്ഷമിക്കാനാകൂ:
മനസ്സും ജീവിതവും പരസ്പരം സമര്‍പ്പിച്ചവര്‍ക്കേ പങ്കാളിയുടെ തെറ്റുകുറ്റങ്ങള്‍ കണ്ടാലും ക്ഷമിക്കാനാകൂ… സമര്‍പ്പിക്കാത്തവരെ തിരിച്ചറിയാന്‍ എളുപ്പവഴിയുണ്ട്. അവര്‍ ചെറിയ മുറിവു ചൊറിഞ്ഞു ചൊറിഞ്ഞു വലുതാക്കും, അതു പഴുപ്പിക്കും; ബന്ധം തകരും.

5. പ്രാര്‍ത്ഥിക്കുക… പ്രവര്‍ത്തിക്കുക:
കുടുംബജീവിതത്തില്‍ യഥാര്‍ത്ഥ സമര്‍പ്പണം നടത്തിയവര്‍ തന്‍റെ പങ്കാളിക്കുവേണ്ടി പ്രാര്‍ത്ഥിക്കും. പങ്കാളിയുടെ കരിയറിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചയുണ്ടാകാന്‍ പ്രവര്‍ത്തിക്കും. പരസ്പര പ്രചോദനത്തിന്‍റെ വഴിയേ ചരിച്ചാല്‍ ജീവിതം സുന്ദരമായൊരു സംഗീതംപോലെയാകും.

Leave a Comment

*
*