സമയത്തിന്‍റെ വില

സമയത്തിന്‍റെ വില

അവധിക്കാലം കഴിയുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള പ്രശ്നമാണ്; ആഘോഷങ്ങളുടെ ആലസ്യം അങ്ങു വിട്ടുമാറുന്നില്ല. രാവിലെ എഴുന്നേല്ക്കാന്‍ ഒരു മടി, പള്ളിയില്‍ പോകാന്‍ മടി, കുളിക്കാന്‍ മടി, സ്കൂളില്‍ പോകാനോ അതിലും മടി.
ഈ ആലസ്യത്തില്‍നിന്നും അലസതയില്‍നിന്നും രക്ഷ നേടണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി. സമയത്തെക്കുറിച്ച്, സമയത്തിന്‍റെ വിലയെക്കുറിച്ച് ഒന്നു ധ്യാനിച്ചാല്‍ മതി. നമുക്ക് ഒന്നു ധ്യാനിച്ചു നോക്കിയാലോ?

സമയത്തെ പെട്ടിയിലോ ബാങ്കിലോ പൂട്ടിവയ്ക്കാന്‍ സാധിക്കുകയില്ല. ചാക്കിലോ കടലാസിലോ പൊതിഞ്ഞ് വയ്ക്കാന്‍ പറ്റില്ല. സമയം എല്ലാവര്‍ക്കും തുല്യ അളവില്‍ നല്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ പ്രസിഡന്‍റിനും സാധാരണക്കാരായ നമുക്കും തെരുവില്‍ പട്ടിണി കിടക്കുന്ന ഒരു യാചകനും എല്ലാം ഒരു ദിവസത്തില്‍ 24 മണിക്കൂറും ആ ഓരോ മണിക്കൂറിലും 60 മിനിറ്റും ആ ഓരോ മിനിറ്റിലും 60 സെക്കന്‍റും മാത്രമേ ലഭിക്കുകയുള്ളൂ. കഴിഞ്ഞുപോയ സമയത്തെ തിരിച്ചെടുക്കാനാവില്ല. വരാനുള്ളതിനെ ഒന്നിച്ചു വാരിക്കൂട്ടിയെടുക്കാനാവില്ല. കിട്ടുന്നതിനെ ഉപയോഗിക്കാനും തിരസ്കരിക്കാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. സമയം നമ്മെ നിര്‍ബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. എന്തെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സമയത്തിനു വിലയുണ്ടാകുന്നുളളൂ. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്ക്കുന്നില്ല.

സ്വര്‍ണത്തേക്കാളും രത്നത്തേക്കാളും പണത്തേക്കാളും വിലയേറിയ സമയത്തെ ശരിയായി വിനിയോഗിക്കുകയാണു നമുക്കു ചെയ്യാവുന്നത്. എല്ലാ ജീവിതവിജയങ്ങള്‍ക്കു പിന്നിലും സമയത്തിന്‍റെ പദ്ധതിയനുസരിച്ചുള്ള വിനിയോഗമുണ്ട്. വിദ്യാര്‍ത്ഥികളായ നിങ്ങളുടെ സമയത്തിനും വിലയുണ്ട്. സ്കൂളിലെ ഓരോ പീരിയഡും സമയക്രമമനുസരിച്ചാണ്. പരീക്ഷയ്ക്കു രണ്ടല്ലെങ്കില്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഉത്തരങ്ങളെഴുതി പൂര്‍ത്തിയാക്കണം. അതില്‍ത്തന്നെ ഒറ്റ വാക്കില്‍ ഉത്തരം എഴുതുന്നതിന് അര മിനിറ്റു വീതമോ ഉപന്യാസത്തിനു പതിനഞ്ചു മിനിറ്റു വീതമോ എന്നൊക്കെ സമയം ക്രമീകരിച്ചു വിനിയോഗിച്ചാല്‍ മാത്രമേ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുവാന്‍ സാധിക്കുകയുള്ളൂ.

പണത്തേക്കാള്‍ വളരെയേറ മൂല്യമുള്ളതാണു സമയം.

സമയത്തിന്‍റെ വിലയറിയണമെങ്കില്‍…
* ഒരു വര്‍ഷത്തിന്‍റെ വിലയറിയണമെങ്കില്‍ ഒരു വര്‍ഷം തോറ്റ ഒരു വിദ്യാര്‍ത്ഥിയോടു ചോദിക്കുക.

* ഒരു മാസത്തിന്‍റെ വിലയറിയണമെങ്കില്‍ മാസം തികയാതെ പ്രസവിക്കേണ്ടി വന്ന ഒരു അമ്മയോടു ചോദിക്കുക.

* ഒരു ആഴ്ചയുടെ വിലയറിയണമെങ്കില്‍ ഒരു ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററോടു ചോദിക്കുക.

* ഒരു ദിവസത്തിന്‍റെ വിലയറിയണമെങ്കില്‍ ഒരു ദിവസക്കൂലി വേലക്കാരനോടു ചോദിക്കുക.

* ഒരു മണിക്കൂറിന്‍റെ വിലയറിയണമെങ്കില്‍ താന്‍ സ്നേഹിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്ന ആളോടു ചോദിക്കുക.

* ഒരു മിനിറ്റിന്‍റെ വിലയറിയണമെങ്കില്‍ സമയത്ത് എത്താത്തതുമൂലം ട്രെയിനോ ബസ്സോ വിമാനമോ നഷ്ടപ്പെട്ടയാളോടു ചോദിക്കുക,

* ഒരു സെക്കന്‍ഡിന്‍റെ വിലയറിയണമെങ്കില്‍ വലിയ നീര്‍ക്കയത്തില്‍ നിന്നു രക്ഷപ്പെട്ട വ്യക്തിയോടു ചോദിക്കുക.

* ഒരു മില്ലി സെക്കന്‍റിന്‍റെ വിലയറിയണമെങ്കില്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടു വെള്ളിമെഡല്‍ കിട്ടിയ വ്യക്തിയോടു ചോദിക്കുക.

* ഒരു മൈക്രോസെക്കന്‍ഡിന്‍റെ വിലയറിയണമെങ്കില്‍ ഫിസിക്സിലും മറ്റും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരോടു ചോദിക്കുക.

ഇന്നത്തെ ലോകത്തില്‍ റോഡപകടങ്ങളും രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം നമ്മുടെ നാളെകളെക്കുറിച്ച് ഒരു ഉറപ്പും നല്കാത്ത അവസ്ഥാവിശേഷമുള്ളപ്പോള്‍ ഈ ദിവസത്തെ, ഈ നിമിഷത്തെ ഒരു ദാനമായി, നിധിയായി കണ്ടു വിനിയോഗിച്ചുകൂടേ. വാസ്തവത്തില്‍ നമുക്കുണ്ട് എന്നു പറയാവുന്നത് ഈ നിമിഷം മാത്രമാണ്. ഓരോ നിമിഷത്തിനും നാം നന്ദിയുള്ളവരായിരിക്കണം. നമുക്കുളളത് ഈ ശ്വാസം മാത്രം. അടുത്ത നിമിഷത്തില്‍ ശ്വസിക്കാനാകുമോ എന്ന് ഉറപ്പില്ല. ഓരോ ഉച്ഛ്വാസത്തിലും നാം മരിക്കുന്നു. ഇന്നലെകള്‍ കടന്നുപോയി നാളെയെക്കുറിച്ച് അടുത്ത നിമിഷത്തെക്കുറിച്ചു നമുക്ക് ഒരു ഉറപ്പുമില്ല. നമുക്കു സ്വന്തമായിട്ടുള്ളത് ഈ നിമിഷം മാത്രം. ഇതിനെ ഒരു നിധിയെന്നപോലെ കരുതി പാഴാക്കാത ഉപയോഗിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org