യേശുവിന്‍റെ കാലത്തെ സാമ്പത്തിക തൊഴില്‍ മേഖലകള്‍

യേശുവിന്‍റെ കാലത്തെ സാമ്പത്തിക തൊഴില്‍ മേഖലകള്‍

പാലസ്തീനായിലെ ബഹുഭൂരിപക്ഷം ആളുകളുടെയും ഉപജീവനമാര്‍ഗം കൃഷിയായിരുന്നു. ജെസ്റീല്‍, ഷാരോണ്‍, ഷെഫേലാ സമതലങ്ങളും ഗലീലി, സമരിയാ, യൂദയാ പ്രദേശങ്ങളും കൃഷിയോഗ്യമായിരുന്നു. ജോര്‍ദ്ദാന്‍ സമതലത്തിലെ ജെറീക്കോ ഫലപുഷ്ടമായ പ്രദേശമാണ്. ശീതകാലത്താണു മഴ ധാരാളം കിട്ടിയിരുന്നത്. വെള്ളം വലിയ സംഭരണികളില്‍ (cistern) ശേഖരിക്കുകയായിരുന്നു പതിവ്. ഗോതമ്പും ബാര്‍ലിയുമായിരുന്നു പ്രധാന കൃഷികള്‍. ഒലിവുകൃഷിയും വളരെ വ്യാപകമായിരുന്നു. പ്രാചീനകാലത്തുതന്നെ പാലസ്തീനായില്‍ നിന്ന് ഈജിപ്തിലേക്കും സിറിയായിലേക്കും ഒലിവെണ്ണ കയറ്റി അയച്ചിരുന്നു. അതുപോലെ അത്തിപ്പഴം റോമിലേക്കും. മുന്തിരികൃഷി യൂദയായിലാണ് പ്രചരിച്ചിരുന്നത്. ഗോപുരങ്ങളോടു കൂടിയ ചുറ്റുമതില്‍ കൊണ്ടു മുന്തിരിത്തോട്ടം സംരക്ഷിച്ചിരുന്നു. പലതരം പച്ചക്കറികളും കൂണുകളും പഴങ്ങളും (മാതളനാരങ്ങ, ഈന്തപ്പഴം) പൂക്കളും (റോസ് – സുഗന്ധ ദ്രവ്യമുണ്ടാക്കാന്‍) പാലസ്തീനായില്‍ കൃഷി ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ പാലസ്തീനായില്‍ ധാരാളം വനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആടു വളര്‍ത്തലും കൃഷിയും വര്‍ദ്ധിച്ചതോടെ അവയുടെ വലിപ്പം കുറഞ്ഞു വന്നു. ഇറച്ചി, പാല്‍, തോല്‍, കമ്പിളി എന്നിവയ്ക്കുവേണ്ടി കോലാടുകളെയും ചെമ്മരിയാടുകളെയും വളര്‍ത്തിയിരുന്നു. ദേവാലയത്തില്‍ ബലിയര്‍പ്പിച്ചിരുന്നതു മുട്ടാടുകളെയാണ്. ചെറിയ ഭാരം വഹിക്കാനും കൃഷിപ്പണിക്കും കഴുതകളെയും വലിയ ഭാരം വഹിക്കാന്‍ ഒട്ടകങ്ങളെയുമാണ് ഉപയോഗിച്ചിരുന്നത്. കുതിരകള്‍ പ്രധാനമായും ഒരു യുദ്ധമൃഗമായിരുന്നു.

പ്രധാനപ്പെട്ട ഒരു തൊഴിലായിരുന്നു മീന്‍ പിടുത്തം. ജോര്‍ദ്ദാന്‍, യാര്‍മുക്ക്, യാബോക്ക്, അര്‍നോന്‍, സെരെദ്, ലിത്തനി നദികളിലും ഗലീലി തടാകത്തിലുമാണു മത്സ്യബന്ധനം നടന്നിരുന്നത്. നിര്‍മാണമേഖലകള്‍ വളരെപ്പേര്‍ക്കു തൊഴില്‍ നല്കി. പ്രത്യേകിച്ച് ജെറുസലേം ദേവാലയം (ബി.സി.25-ഏ.ഡി. 64), അന്തിപ്പാസ് പണിത തിബേരിയാസ്, മോടിപിടിപ്പിച്ച സെഫോറിസ്, ജൂലിയാസ് (ബേദ്സയ്ദാ), അഗ്രിപ്പാ പണിത ജെറുസലേമിന്‍റെ വടക്കന്‍ ഭിത്തി, പീലാത്തോസിന്‍റെ ജല സംഭരണികള്‍ എന്നിവ. കൈത്തൊഴില്‍ മേഖല വളരെ വിപുലമായിരുന്നു (വസ്ത്രനിര്‍മാണം, നൂല്‍നൂല്പ്പ്, നെയ്ത്ത്, നിറം കൊടുക്കല്‍, തുന്നല്‍, പാത്ര, ആഭരണനിര്‍മാണം) ദേവാലയത്തില്‍ കൊല്ലപ്പെടുന്ന ബലിമൃഗങ്ങളുടെ തോല്‍ സംസ്കരിക്കുന്നതു വലിയൊരു വ്യവസായമായിരുന്നു. നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നിരുന്നതുകൊണ്ടു ദേവാലയപരിസരത്തിന് ഒരു കച്ചവടകേന്ദ്രത്തിന്‍റെ പ്രതീതിയാണ് ഉണ്ടായിരുന്നത്. കൈത്തൊഴിലുകളില്‍ ഏറ്റവും പ്രധാനം ലോഹപ്പണിയായിരുന്നു. കൃഷിയുപകരണങ്ങള്‍, വീട്ടുസാമാനങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ലോഹപ്പണിക്കാര്‍ ഉണ്ടാക്കി. അവരുടെ ഇന്ധനം മരക്കരി ആയിരുന്നു. ജോര്‍ദ്ദാനക്കരെനിന്നാണു ഇരുമ്പയിര് കുഴിച്ചെടുത്തിരുന്നത്. നല്ല ഇരുമ്പ് ഇന്ത്യയില്‍ നിന്നാണു വരുന്നതെന്നു താല്‍മൂദില്‍ പരാമര്‍ശമുണ്ട്. മരപ്പണിക്കാരും വളരെ വലിയ സേവനമാണു നിര്‍വ്വഹിച്ചിരുന്നത്. ഈശോ മരപ്പണിക്കാരനായിരുന്നല്ലോ (മര്‍ക്കോ 6, 3). മീന്‍പിടുത്തക്കാരും തുണി നെയ്ത്തുകാരും മര, ലോഹപ്പണിക്കാരും കൃഷിക്കാരുമൊക്കെ ഉള്‍പ്പെടുന്ന സാധാരണക്കാരാണ് പുതിയ നിയമകാലത്തെ യഹൂദര്‍. സ്ത്രീകള്‍ ശരീരവും കൈകളും മറയ്ക്കുന്ന നീണ്ട ഉടുപ്പും മേല്‍മുണ്ടുമാണു ധരിച്ചിരുന്നത്. വീടിനു പുറത്തിറങ്ങുമ്പോള്‍ ഒരു ശിരോവസ്ത്രവും പതിവാണ്. പുരുഷന്മാരുടെ വേഷം മുട്ടിനു താഴെവരെ ഇറക്കമുള്ള ഒരു 'പാവാട'യായിരുന്നു. പുറത്തിറങ്ങുമ്പോള്‍ ചിലര്‍ ഒരു മേല്‍മുണ്ടുകൂടി ധരിക്കും. ചിലര്‍ ഒരു ഒറ്റയുടുപ്പ് അണിഞ്ഞ് അരക്കെട്ടും കെട്ടിയാണു നടന്നിരുന്നത്.

ഓരോ വീട്ടിലും ഓരോ ധാന്യക്കല്ല് ഉണ്ടായിരുന്നു. ഉരലും അരകല്ലും ചേര്‍ന്ന് ഒരു പ്രത്യേക നിര്‍മാണമാണത്. ചോളവും ഗോതമ്പും പൊടിക്കാനാണ് ഇവ ഉപയോഗിക്കുക. അന്നന്നത്തെ അപ്പത്തിന് ആവശ്യമുള്ളതു മാത്രമേ പൊടിച്ചിരുന്നുള്ളൂ. ഈ അപ്പത്തിനായുള്ള അപേക്ഷ ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ (ലൂക്കാ 11:3). തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളെപ്പറ്റി ഈശോ പറയുകയുണ്ടായി (മത്താ. 24:41). പാവപ്പെട്ടവര്‍ തറയിലെ പായയിലിരുന്നാണു ഭക്ഷണം കഴിച്ചിരുന്നത്. പണക്കാര്‍ക്കു സൗകര്യ പ്രദമായ മെത്തകള്‍ ഉണ്ടായിരുന്നു. ചപ്പാത്തിപോലെ പരന്ന റൊട്ടിയായിരുന്നു പ്രധാന ഭക്ഷണവിഭവം. പരിപ്പ്, ഒലിവെണ്ണ, മത്സ്യം, ഈന്തപ്പഴം എന്നിവ സാധാരണ ഭക്ഷിച്ചിരുന്നു. മാതളനാരങ്ങ, അത്തിപ്പഴം, ഓറഞ്ച്, തണ്ണിമത്തന്‍, തേന്‍, ഉളളി, വിനാഗിരി, പാല്‍ക്കട്ടി, ചെറുനാരങ്ങ എന്നിവയൊക്കെ പുതിയനിയമകാലത്തെ പാലസ്തീനില്‍ ലഭ്യമായിരുന്നു. ഇറച്ചിയും വീഞ്ഞും ആഘോഷവേളകളില്‍ മാത്രമാണുണ്ടായിരുന്നത് (ലൂക്കാ 15:27). സാബത്തുഭക്ഷണം വിഭവസമൃദ്ധമാക്കുവാന്‍ യഹൂദര്‍ ത്പരരായിരുന്നു. പാലസ്തീനില്‍ ലഭ്യമായ ഏഴു പ്രകൃതിവിഭവങ്ങളെപ്പറ്റി നിയ. 8:7-10 ല്‍ പറയുന്നുണ്ടല്ലോ. ഗോതമ്പ്, ബാര്‍ലി, ഒലിവ്, മുന്തിരി, അത്തി, മാതളനാരങ്ങ, തേന്‍ (ഈന്തപ്പഴം).

ആഭ്യന്തരവിപണിയില്‍ സാധനങ്ങളുടെ വച്ചുമാറ്റമാണു നടന്നിരുന്നത്. ആഡംബരവസ്തുക്കള്‍ വിദേശങ്ങളില്‍നിന്നു വന്നിരുന്നു (ലെബനോനിലെ ദേവതാരുമരം; അറേബ്യയില്‍നിന്ന് ഇരുമ്പ്, ചെമ്പ്, സുഗന്ധദ്രവ്യങ്ങള്‍, ഇന്ത്യയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍, തുണികള്‍). കയറ്റുമതി വസ്തുക്കളില്‍ പഴങ്ങള്‍, മത്സ്യം, ഒലിവെണ്ണ, വീഞ്ഞ്, തോല്‍, സുഗന്ധലേപനങ്ങള്‍, ചാവുകടലില്‍നിന്നുളള ബിറ്റുമീന്‍ എന്നിവയായിരുന്നു മുഖ്യം. സ്വാധീനശക്തിയുള്ള വന്‍കച്ചവടക്കാരാണ് ഇവയുടെ വ്യാപാരം നിയന്ത്രിച്ചിരുന്നത്. സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടാതിരുന്നതിനാല്‍ പാലസ്തീനിലെ ജനസാമാ ന്യം അസംതൃപ്തരായിരുന്നു.

വിവിധ കാരണങ്ങളുടെ പേരില്‍ നികുതി കൊടുക്കാന്‍ ഓരോ പൗരനും ബാദ്ധ്യതയുണ്ടായിരുന്നു. സ്വകാര്യസമ്പത്തിലുള്ള നികുതിക്കു പുറമേ (ഭൂസ്വത്ത്, മൃഗങ്ങള്‍, ഉത്പന്നങ്ങള്‍) പരോക്ഷ നികുതികളും (വില്പനനികുതി, അനുവാദങ്ങള്‍ക്കും കൈമാറ്റങ്ങള്‍ക്കുമുള്ളവ) ധാരാളമുണ്ടായിരുന്നു. നികുതിപിരിവു കാര്യക്ഷമമാക്കുവാന്‍ വേണ്ടിയാണു ജനസംഖ്യാ കണക്കെടുപ്പു നടത്തിയിരുന്നത് (ലൂക്കാ 2: 1-3). നികുതി പിരിക്കാന്‍ നിയുക്തരായ ചുങ്കക്കാരെപ്പറ്റി പുതിയ നിയമത്തില്‍ പല പരാമര്‍ശങ്ങളുമുണ്ടല്ലോ. വാണിജ്യപാതകളിലെ പട്ടണങ്ങളാണു ചുങ്കക്കാര്‍ താവളമാക്കിയത് (കഫര്‍ണാം, ജെറീക്കോ). യൂഹദരായിരുന്നിട്ടും വിജാതീയരായ കോളനിവാഴ്ചക്കാര്‍ക്കുവേണ്ടി അവര്‍ നികുതി പിരിച്ചിരുന്നു. സാധാരണ യഹൂദര്‍ക്ക് അചിന്ത്യമായ ഒരു പാതകമായിരുന്നു അത്. മാത്രമല്ല, സ്വന്തം സാമ്പത്തികനേട്ടവും അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കാതിരുന്നില്ല. ഒന്നാം പ്രമാണത്തിനു വിരുദ്ധമായ ചിത്രീകരണങ്ങളുള്ള റോമന്‍ നാണയങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടും കൂടെയാണു ചുങ്കക്കാര്‍ക്കു പാപികള്‍ എന്ന് പേരുണ്ടായത് (മത്താ. 5:45; 9:10-11; 11:19; 21:31-32).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org