സമൂഹത്തില്‍ മാധ്യമസ്വാധീനം അന്നും ഇന്നും

സമൂഹത്തില്‍ മാധ്യമസ്വാധീനം അന്നും ഇന്നും

സണ്ണി കുറ്റിക്കാട്ട് സിഎംഐ

മാധ്യമങ്ങളാണ് ഇന്ന് ഈ തലമുറയുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചിന്തകള്‍, തീരുമാനങ്ങള്‍, വസ്ത്രം, വിശ്രമം, വായന, ഉറക്കം, ജോലി, സമയം, പ്രാര്‍ത്ഥന, കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം, അയല്‍വാസികളും സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കം, ആതിഥേയത്വം… എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങളാണ്.

അച്ചടിമാധ്യമത്തിന്‍റെ ജനസ്വാധീനം ഇന്നും കുറവൊന്നുമില്ലാതെ നിലനില്ക്കുന്നു. നൂതനങ്ങളായ കാഴ്ചപ്പാടുകളും ആശയങ്ങളും മനുഷ്യമനസ്സുകളില്‍ പകര്‍ന്നുകൊടുക്കുകയും അവരുടെ ജീവിതശൈലികളില്‍ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കുകയും അവരുടെ ചിന്താവഴികളും വ്യക്തിത്വവും അനുദിനം നവീകരിക്കുകയും ചെയ്യുന്നതില്‍ നിര്‍ണായകമായ സ്വാധീനമാണു മാധ്യമങ്ങള്‍, പ്രത്യേകിച്ചും അച്ചടിമാധ്യമങ്ങള്‍ ചെലുത്തുന്നത്. മാധ്യമങ്ങള്‍ ഒരു സമൂഹത്തിന്‍റെ ചിന്താധാരകളെ ഏതൊക്കെ വഴികളിലേക്കു തിരിച്ചുവിടുന്നുണ്ട് എന്നതിനെപ്പറ്റി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

വിവിധ തരത്തിലുള്ള മാധ്യമങ്ങളെപ്പറ്റി പറയുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കു കടന്നുവരുന്നത് അച്ചടിമാധ്യമം, ഇലക്ട്രോണിക് മാധ്യമം, നവയുഗ മാധ്യമം തുടങ്ങിയവയാണ്. ഈ അച്ചടിമാധ്യമത്തില്‍ത്തന്നെ പത്രങ്ങള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഉള്‍പ്പെടുന്നു. ടെലിവിഷനും റേഡിയോയും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഗണത്തില്‍പ്പെടുമ്പോള്‍ ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും നവയുഗ മാധ്യമങ്ങളുടെ മേഖല കീഴടക്കുന്നു.

മാധ്യമങ്ങളുടെ, പ്രത്യേകിച്ചു ടെലിവിഷന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സെല്‍ഫോണിന്‍റെയും അധിനിവേശത്തോടെ ലോകം ഒരു ആഗോളഗ്രാമമായി. പക്ഷേ, ഈ ആഗോളഗ്രാമത്തില്‍ നമ്മുടെ ഓരോ വീടും ഓരോ വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടിലുള്ളവരുടെ സ്വാതന്ത്ര്യവും മൗലികതയും അവിടെ വില്ക്കപ്പെടുകയോ പണയംവയ്ക്കപ്പെടുകയോ ചെയ്യുന്നു. മൂല്യരഹിതങ്ങളായ സീരിയലുകളുടെയും അര്‍ത്ഥമില്ലാത്ത കോമഡിഷോകളുടെയും കലാമൂല്യത്തെ പാടെ അവഗണിച്ചു വിപണനമൂല്യം മാത്രം മനസ്സില്‍ കണ്ടു പടച്ചുവിടുന്ന സിനിമകളുടെയും സംഗീതത്തിന്‍റെയും കാര്‍ട്ടൂണുകളുടെയും അതിപ്രസരംമൂലം വെറും 'മാര്‍ക്കറ്റു'കളായി മാറിയ നമ്മുടെ വീടുകളില്‍ നാം അടിമകളാക്കപ്പെട്ടിരിക്കുന്നു. പക്ഷേ, നാം വീട്ടുതടങ്കലിലാണെന്ന സത്യം നമ്മള്‍ പലരും തിരിച്ചറിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം.

പുതുതായി ഏതെല്ലാം മാധ്യമങ്ങള്‍ പിറവിയെടുത്താലും അച്ചടി മാധ്യമം, പത്രം അതിന്‍റെ അധീശത്വം വിളിച്ചുപറഞ്ഞുകൊണ്ട് ഇന്നും തലയുയര്‍ത്തിനില്ക്കുന്നു. ആനുകാലിക സംഭവവികാസങ്ങളെക്കുറിച്ച് അറിവു നേടുന്നതിന് ശക്തിയുള്ള ഒരു മാര്‍ഗമായി ദിനപത്രങ്ങള്‍ ഇന്നും അംഗീകരിക്കപ്പെടുന്നു. അതുപോലെ, ആശയങ്ങള്‍ കാര്യക്ഷമമായി കൈമാറുന്നതിനും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്‍റെ നടപടികളെയും പ്രവര്‍ത്തനങ്ങളെയും സൃഷ്ടിപരമായി വിമര്‍ശിക്കുകയും ആവശ്യമായ തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ പത്രങ്ങള്‍ വഹിക്കുന്ന പങ്കു നിര്‍ണായകംതന്നെയാണ്. ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഇടയ്ക്കിടെ കടന്നുവരാറുള്ള അപകടകരങ്ങളായ ചില സംഭവങ്ങളിലേക്കു പൊതുജനശ്രദ്ധ തിരിക്കുന്നതും അതു തടയാന്‍ അവരെ സഹായിക്കുന്നതും പത്രങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍, സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകളെ നിര്‍ഭയം പുറത്തുകൊണ്ടുവരിക. അതാണ്, അതായിരിക്കണം പത്രധര്‍മം.

പത്രങ്ങളുടെ ശക്തവും ഫലപ്രദവുമായ ഇടപെടലുകളായിരുന്നു ഒരുകാലത്തു കേരളത്തിലെ രാഷ്ട്രീയ-ഭരണ-ഉദ്യോഗസ്ഥ നേതൃത്വത്തെ നേര്‍വഴിക്കു നിര്‍ത്തിയിരുന്നത്. നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും കാവലാളായി, ആശയകൈമാറ്റത്തിന്‍റെ മുഖ്യഉപകരണമായി ജനമനസ്സുകളില്‍ വളരെ ആഴത്തിലുള്ള സ്വാധീനം ചെലുത്തുവാന്‍ ഒരു കാലത്തു പത്രങ്ങള്‍ക്കു സാധിച്ചിരു ന്നു. പക്ഷേ, വളര്‍ച്ചയിലും സ്വാധീനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടായ വര്‍ത്തമാനകാലത്തു പത്രങ്ങളുടെ തിരുത്തല്‍ശക്തിയെന്ന നിലയിലുള്ള കരുത്തും മൂര്‍ച്ചയും ഇടപെടലുമെല്ലാം കുറഞ്ഞുവരുന്ന അനുഭവം ചിലപ്പോഴെങ്കിലും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്.

ജനാധിപത്യസംവിധാനത്തിന്‍റെ നാലാം സ്തൂപമായിട്ടാണു മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നതെന്നു നമുക്കറിയാം. ജനനന്മയ്ക്ക് ഉതകാത്ത, അവരുടെ സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമെതിരായ നടപടികളും തീരുമാനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചോദ്യം ചെയ്യുകയും ഭരണനേതൃത്വങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും അവിശുദ്ധ കൂട്ടുകെട്ടുകളും സൂക്ഷ്മമായി നീരിക്ഷിക്കുകയും തിരിച്ചറിയുകയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണു മാധ്യമങ്ങള്‍ക്ക് ഇന്നു നിര്‍വഹിക്കാനുള്ളത്. പക്ഷേ, ഇന്ന് ഈ ഉത്തരവാദിത്വനിര്‍വഹണത്തില്‍ നമ്മുടെ പത്രമാധ്യമങ്ങള്‍ പൂര്‍ണവിജയം കൈവരിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതേസമയം നമ്മുടെ പത്രമാധ്യമങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഗ്രൂപ്പുവഴക്കുകളും വിഴുപ്പലക്കലുകളും താരവിവാഹവും ക്രിക്കറ്റ് വിശേഷങ്ങളും ഗോസിപ്പുകളും ആള്‍ദൈവ പ്രകീര്‍ത്തനങ്ങളും സമ്മാനപദ്ധതികളും നിറഞ്ഞുകവിയുന്നു. ഇതൊരു അശുഭലക്ഷണമല്ലേ?

കേരളത്തില്‍ ഭരണതലത്തിലും ഉദ്യോഗസ്ഥ വിഭാഗത്തിലും അഴിമതിയും കെടുകാര്യസ്ഥതയും ഏറെ വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവയ്ക്കെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട ശബ്ദങ്ങളായി തഴയപ്പെടുമ്പോള്‍ പത്രങ്ങളുടെ ഉറച്ച ശബ്ദമാണു മുഴങ്ങി കേള്‍ക്കേണ്ടത്. എന്നാല്‍ പത്രങ്ങളുടെ വിരുദ്ധതാത്പര്യങ്ങളും കിടമത്സരങ്ങളും പലപ്പോഴും അഴിമതിക്കും മറ്റുമെതിരായ സംഘടിത നീക്കത്തിനു വിഘാതമാകുന്നുണ്ട്. പണവും അധികാരവും എല്ലാം നിശ്ചയിക്കുന്നിടത്തു മാധ്യമങ്ങളും ഉറക്കമായാല്‍ അതു വലിയ വിപത്തിനു കാരണമായിത്തീരും. അതുകാണ്ടു മാധ്യമങ്ങള്‍ ഉറങ്ങാതെ, ഉറക്കം നടിക്കാതെ ജനപക്ഷത്തുനിന്നു പൊരുതാനുള്ള ധാര്‍മികബാദ്ധ്യത നിറവേറ്റുകതന്നെ വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org