
ഒരാളുടെ ഹൃദയത്തില്‍ നിന്നു മറ്റൊരാളുടെ ഹൃദയത്തിലേക്കു നാം നടത്തുന്ന യാത്രയാണ് ഓരോ വാക്കും സംസാരവും. ഒറ്റപ്പെടലില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നുമൊക്കെയുള്ള രക്ഷയാണു നല്ല വാക്കുകള്‍. എന്നാല്‍ തിരക്കുപിടിച്ച ഈ ലോകത്തില്‍ വാക്കുകള്‍ക്കുപോലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരാളെ തകര്‍ക്കാനും ഉയര്‍ത്താനും സംസാരത്തിനു കഴിയും. നമ്മുടെ വാക്കുകള്‍ മറ്റൊരാളെ വേദനിപ്പിക്കുമെങ്കില്‍ പറയാതിരിക്കുക. എന്നാല്‍ വേദനയുളവാക്കുമെങ്കിലും അയാള്‍ക്ക് അതു വളര്‍ച്ചയ്ക്കു കാരണമെങ്കില്‍ ക്ഷമ യാചിച്ച് അവ പറയുക. ആരോടാണു സംസാരിക്കുന്നതെന്ന ഉത്തമബോദ്ധ്യത്തോടുകൂടി സംസാരിക്കണം. സംസാരിക്കുമ്പോള്‍ നമുക്ക് ആവശ്യമായ വികാരങ്ങള്‍: ആഗ്രഹം, വിശ്വാസം, സ്നേഹം, ഊര്ജ്ജസ്വലത, പ്രതീക്ഷ.
ആവശ്യമില്ലാത്ത വികാരങ്ങള്‍: ഭയം, അസൂയ, വിദ്വേഷം, പ്രതികാരം, അത്യാഗ്രഹം, അഹങ്കാരം, അന്ധവിശ്വാസം, ദേഷ്യം.