സംഗീതത്തിന്‍ ദിനങ്ങള്‍…

സംഗീതത്തിന്‍ ദിനങ്ങള്‍…

ഷിജു ആച്ചാണ്ടി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ജസ്റ്റിന്‍ വര്‍ഗീസ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്കു വേണ്ടി ഒരുക്കിയ ജാതിക്കാത്തോട്ടം എന്ന 'കട്ട ഫണ്‍' റൊമാന്‍റിക് ഗാനം മലയാളസിനിമയിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരിക്കുന്നു. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടി നേടിയ പരിശീലനമാണ് ഈ സംഗീതസംവിധായകന്‍റെ പശ്ചാത്തലം…

സംഗീതരംഗവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യണമെന്നത് ജസ്റ്റിന്‍ വര്‍ഗീസ് വളരെ മുമ്പേ മനസ്സില്‍ തീരുമാനിച്ച കാര്യമാണ്. അങ്ങിനെയാണ് ഉപരിപഠനത്തിനു സൗണ്ട് എന്‍ജിനീയറിംഗ് തിരഞ്ഞെടുക്കുന്നത്. ചെന്നൈയില്‍ സൗണ്ട് എന്‍ജിനീയറിംഗ് പഠനത്തോടനുബന്ധിച്ച് മ്യൂസിക് പ്രോഗ്രാമിംഗും ഓര്‍ക്കസ്ട്രേഷനും മനസ്സിലാക്കി. അതിന്‍റെ ഭാഗമായി പാട്ടുകളും ഈണങ്ങളും സ്വന്തമായി സൃഷ്ടിച്ചു നോക്കി. അതെല്ലാം റെക്കോഡ് ചെയ്തു മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

ഈ പാട്ടുകള്‍ കേട്ടിട്ട് "നിന്‍റെ എല്ലാ പാട്ടുകളും പള്ളിപ്പാട്ടുകള്‍ പോലുണ്ട്" എന്നു വിമര്‍ശിച്ചതു മറ്റാരുമല്ല, സ്വന്തം വീട്ടുകാര്‍ തന്നെ.

അതു സ്വാഭാവികമാണെന്നു ജസ്റ്റിന്‍ പറയുന്നു. കാരണം പള്ളികളിലെ പാട്ടു കേട്ടും പിന്നെ പാടിയും വളര്‍ന്ന കൗമാരവും യൗവനവുമാണ് ജസ്റ്റിന്‍റേത്. കീ ബോര്‍ഡ് വായിക്കാന്‍ പഠിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയിലെ മൈനര്‍ സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. സെമിനാരിയില്‍ നിന്നു തന്നെ കര്‍ണാട്ടിക് മ്യൂസിക്കിന്‍റെ അടിസ്ഥാന പാഠങ്ങളും പഠിച്ചു.

പള്ളികളിലെ പാട്ടുകള്‍ പ്രഥമതട്ടകമാക്കി, പാട്ടു പാടിയും പാട്ടുണ്ടാക്കിയും വളര്‍ന്നവര്‍ അനേകരുണ്ട്. സംഗീതസംവിധായകരായ ജെറി അമല്‍ദേവും ഔസേപ്പച്ചനും ഉദാഹരണങ്ങള്‍. ആ നിരയിലെ ഏറ്റവും പുതിയ താരോദയമാണ് ജസ്റ്റിന്‍ വര്‍ഗീസ്. ഇപ്പോഴത്തെ ഏറ്റവും വലിയ ഹിറ്റായ ജാതിക്കാത്തോട്ടം എന്ന പാട്ടിന്‍റെ സംഗീതസംവിധായകന്‍.

ജീവിതത്തില്‍ താന്‍ ഏറ്റവുമധികം തവണ പാടിയിട്ടുള്ള പാട്ട് 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍' ആയിരിക്കും എന്ന് ജസ്റ്റിന്‍ ഓര്‍ക്കുന്നു. ഏറ്റവുമിഷ്ടപ്പെട്ട സംഗീതസംവിധായകരില്‍ ഒരാളാണ് അനേകം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ചെയ്ത വയലിന്‍ ജേക്കബ്. ഫാ.തദേവൂസ് അരവിന്ദത്തിന്‍റെ അഞ്ജനമെന്ന ആല്‍ബവും അതിലെ ഗാനങ്ങളും ഒരിക്കലും മറക്കാനാവില്ല. യേശുദാസും എ ജെ ജോസഫും ചേര്‍ന്ന് പുറത്തിറക്കിയ സ്നേഹപ്രതീകം എന്ന ആല്‍ബത്തിലെ കാവല്‍മാലാഖമാരേ എന്നതാണ് എന്നത്തേയും ഇഷ്ടഗാനങ്ങളിലൊന്ന്. അങ്ങിനെയുള്ള താന്‍ പാട്ടു ചെയ്യുമ്പോള്‍ ഭക്തിസംഗീതത്തിന്‍റെ സ്വാധീനമുണ്ടാകുന്നതു സ്വാഭാവികമാണെന്നു ജസ്റ്റിന്‍ പറയുന്നു.

എങ്കിലും, എല്ലാത്തരം പാട്ടുകളും തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഒരവസരം നോക്കിയിരിക്കുകയായിരുന്നു ജസ്റ്റിന്‍. അപ്പോഴാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലെ ഗാനങ്ങളൊരുക്കാന്‍ ക്ഷണിക്കപ്പെടുന്നത്. വ്യത്യസ്തമായ പാട്ടുകളുണ്ടാക്കാന്‍ ഇതു തന്നെ അവസരം എന്നു കരുതി ജസ്റ്റിന്‍. പക്ഷേ സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ സംവിധായകന്‍ അല്‍ത്താഫ് പറഞ്ഞു, "നമുക്കിതില്‍ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ മൂഡിലുള്ള പാട്ടുകളാണു വേണ്ടത്." ജസ്റ്റിന്‍ ചെറുതായി ഞെട്ടി. വീണ്ടും ഭക്തിഗാനമോ? എങ്കിലും പിന്നീടുണ്ടായ ചര്‍ച്ചകളില്‍ ഫണ്‍ എലമെന്‍റുള്ള റൊമാന്‍റിക് ഗാനം വേണമെന്നു നിര്‍ദേശിക്കപ്പെട്ടു. അങ്ങിനെ, "എന്താവോ" എന്ന വ്യത്യസ്തമായ ഗാനം പിറന്നു. "നനവേറെ" എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു.

രണ്ടാമത്തെ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. തികച്ചും പുതുമുഖങ്ങളുടെ ഒരു പടം. ആദ്യ സിനിമയിലെ ഗാനത്തിനു നിവിന്‍ പോളി എന്ന താരത്തിന്‍റെ സാന്നിദ്ധ്യം പിന്‍ബലമേകിയിരുന്നു. അതുപോലെ തന്നെ ഒരു വലിയ സിനിമയാണു രണ്ടാമതു വരാനിരുന്നത്. പക്ഷേ അതിനിടയ്ക്കാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ രംഗപ്രവേശം. താരങ്ങളൊന്നുമില്ലാത്ത ഒരു സിനിമയിലെ പാട്ടു ശ്രദ്ധിക്കപ്പെടുന്നുവെങ്കില്‍ അത് ആ പാട്ടിന്‍റെ മാത്രം ബലത്തിലാണ്. അങ്ങിനെ തികച്ചും സ്വന്തം കാലില്‍ നില്‍ക്കുന്ന പാട്ടുകള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കായി ഒരുക്കാന്‍ ജസ്റ്റിനു കഴിഞ്ഞു. ജാതിക്കാ തോട്ടം എന്ന ഗാനം യുട്യൂബില്‍ പത്തു ലക്ഷം കാഴ്ചകള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്ന ജസ്റ്റിന്‍ ഫിലോസഫി അവസാനവര്‍ഷം പഠിക്കുമ്പോഴാണ് വൈദിക പഠനത്തില്‍ നിന്നു പിന്മാറുന്നത്. തന്‍റെ അഭിരുചികളും നിയോഗവും വ്യത്യസ്തമാണെന്ന തിരിച്ചറിവായിരുന്നു കാരണം. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ അന്നത്തെ മൈനര്‍ സെമിനാരി റെക്ടറായിരുന്ന ഫാ. കുര്യാക്കോസ് പുത്തന്‍മാനായില്‍ സഹായിച്ചു. സെമിനാരിയിലെ സഹപാഠികള്‍ ഇന്നും ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി തുടരുന്നു. സെമിനാരി ജീവിതത്തെ ജീവിതത്തിലെ ആകര്‍ഷകമായ ഒരദ്ധ്യായമായി ഓര്‍ത്തെടുക്കുകയാണ് ജസ്റ്റിന്‍.

ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു നാള്‍ ദല്‍ഹിയില്‍ കറങ്ങി. അരുണാചല്‍ പ്രദേശില്‍ അദ്ധ്യാപകനായി ജോലി നോക്കി. തുടര്‍ന്നാണ് നേരത്തെ തന്നെ മനസ്സിലെടുത്തിരുന്ന തീരുമാനമനുസരിച്ചു ചെന്നൈയില്‍ സൗണ്ട് എന്‍ജിനീയറിംഗിനു ചേര്‍ന്നത്. പില്‍ക്കാലത്തു പ്രസിദ്ധമായ തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡിലെ കലാകാരന്മാര്‍ പലരും അന്നവിടെ സഹപാഠികളായിരുന്നു. എല്ലാവരും സംഗീതവുമായി ബന്ധപ്പെട്ട ജീവിതം സ്വപ്നം കാണുന്നവര്‍.

ആ ബന്ധങ്ങളുടെ സഹായത്താല്‍ ചില സംഗീതസംവിധായകരുമായി പരിചയപ്പെട്ടു. പരീക്ഷണാര്‍ത്ഥം സൃഷ്ടിച്ചിരുന്ന ഈണങ്ങളും ഗാനങ്ങളുമെല്ലാം അവരെ കേള്‍പ്പിച്ചു. അഫ്സല്‍ എന്ന സംഗീതസംവിധായകന്‍ വഴിയായി ഗോപി സുന്ദറിനേയും ബിജിബാലിനേയും ബന്ധപ്പെട്ടു. ഇവര്‍ക്കു വേണ്ടി മ്യൂസിക് പ്രോഗ്രാമറെന്ന നിലയില്‍ ജോലിചെയ്യാന്‍ തുടങ്ങി. 2009 മുതല്‍ ബിജിബാലിനൊപ്പമാണ് പ്രവര്‍ത്തിച്ചത്. ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിച്ച നിരവധി സിനിമകളില്‍ പശ്ചാത്തലസംഗീതത്തിന്‍റെയും പാട്ടുകളുടെയും പ്രോഗ്രാമിംഗും ഓര്‍ക്കസ്ട്രേഷനും നിര്‍വഹിച്ചു. അങ്ങിനെയിരിക്കെയാണ് 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ സ്വതന്ത്ര സംഗീതസംവിധായകനാകാന്‍ അവസരം കിട്ടുന്നത്.

ഇതിനിടയില്‍ ഭക്തിഗാനരംഗത്തും ചില കാര്യങ്ങള്‍ ചെയ്തു. ഫാ. ബിനോജ് മുളവരിക്കല്‍ എഴുതി ഈണമിട്ട ക്രൂശിതനേ ഉത്ഥിതനേ, ഉത്ഥിതനേ സ്നേഹിതനേ എന്നീ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളുടെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് ജസ്റ്റിനാണ്.

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ വളരെ സമ്പന്നമായ ഓര്‍ക്കസ്ട്രേഷനോടു കൂടി തയ്യാറാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന അഭിപ്രായമാണു ജസ്റ്റിന്. ഓരോ സംഗീതസംവിധായകന്‍റേയും ആശയമനുസരിച്ച് പാട്ടുകള്‍ മികച്ചതാക്കുക തന്നെ വേണം. ഓരോ പാട്ടും ഓരോ സംഗീതസൃഷ്ടികള്‍ കൂടിയാണ്. ആല്‍ബങ്ങളില്‍ അവയെല്ലാം അവയുടെ തികവോടു കൂടി വരുന്നതു നല്ലതാണ്.

ഷോര്‍ട് ഫിലിമായാലും ഫീച്ചര്‍ ഫിലിമായാലും സിനിമാപ്പാട്ടായാലും ഭക്തിഗാനമായാലും ഒരേ ക്വാളിറ്റിയോടു കൂടി ചെയ്യണമെന്നതാണ് സംഗീതസംവിധായകനെന്ന നിലയില്‍ ജസ്റ്റിന്‍റെ നിലപാട്. പക്ഷേ ഈ പാട്ടുകള്‍ പള്ളിയില്‍ അതേ പടി പാടണോ എന്നതു വേറൊരു വിഷയമാണ്. ഭക്തിഗാനങ്ങളുടെ അണ്‍പ്ലഗ്ഡ് വെര്‍ഷന്‍ കൂടി ഇറക്കണമെന്ന അഭിപ്രായം പങ്കു വയ്ക്കുകയാണു ജസ്റ്റിന്‍. "പള്ളികളിലെ ഗായകസംഘങ്ങള്‍ അത്യാവശ്യത്തിനു ഉപകരണങ്ങള്‍ മാത്രം വായിച്ച് പാട്ടു പാടാന്‍ തയ്യാറാകണം. വി. കുര്‍ബാനസ്വീകരണത്തിനു എനിക്കിന്നും ഏറ്റവും ഇഷ്ടം വാവാ യേശുനാഥാ എന്ന പാട്ടാണ്. അത് അധികം വാദ്യസംഗീതമില്ലാതെ ആലപിക്കുന്നതാണ് ഇഷ്ടം. ലൗഡായ വാദ്യസംഗീതമുള്ള ഭക്തിഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറ ഉണ്ടായി വരുന്നു എന്നത് നമുക്ക് നിഷേധിക്കാനുമാകില്ല," ജസ്റ്റിന്‍ പറഞ്ഞു.

സംഗീതം ശാസ്ത്രീയമായി പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണെന്നു ജസ്റ്റിന്‍ അഭിപ്രായപ്പെട്ടു. "നമ്മുടെ എല്ലാ പള്ളികളിലും പാട്ടുകാര്‍ക്കും വാദ്യോപകരണങ്ങള്‍ വായിക്കുന്നവര്‍ക്കും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ മുമ്പു നാം അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അതിനു മാറ്റം വരുന്നുണ്ട്. സ്കൂളുകളിലൊക്കെ സംഗീതവും വാദ്യോപകരണങ്ങളുടെ വായനയും പഠിപ്പിക്കുന്നുണ്ടല്ലോ. സംഗീതത്തില്‍ അഭിരുചിയുള്ളവരെ പള്ളികളില്‍ കണ്ടെത്താന്‍ എളുപ്പമുണ്ട്. ഗായകസംഘങ്ങളില്‍ വരുന്ന കുട്ടികളില്‍ സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തി സംഗീതപഠനത്തിനു നിര്‍ദേശിക്കാന്‍ പള്ളിയധികാരികള്‍ക്കും സണ്‍ഡേ സ്കൂളുകാര്‍ക്കും ഒക്കെ കഴിഞ്ഞാല്‍ നല്ലതാണ്."

വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടോ അതതു കാലത്തെ ട്രെന്‍ഡുകള്‍ അനുസരിച്ചോ ഉപരിപഠനത്തിനുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കരുതെന്നതാണ് പുതിയ തലമുറയ്ക്ക് ജസ്റ്റിന്‍ നല്‍കുന്ന നിര്‍ദേശം.

"തിങ്കളാഴ്ചയെ വെറുക്കാത്ത ഒരു ജോലിയില്‍ കയറണം" എന്നതായിരുന്നു ആദ്യം മുതല്‍ തന്നെ ജസ്റ്റിന്‍റെ താത്പര്യം.

"മനസ്സിനിണങ്ങുന്ന മേഖലയില്‍ ജോലി ചെയ്യുക വലിയൊരു അനുഗ്രഹമാണ്. തിരഞ്ഞെടുത്ത രംഗം ഇഷ്ടമാകുന്നില്ലെങ്കില്‍ ഇഷ്ടമുള്ള രംഗത്തേയ്ക്കു തിരിയാന്‍ ഒരിക്കലും വൈകിപ്പോയിട്ടില്ല. ഇഷ്ടപ്പെടാത്ത ജോലികളിലേയ്ക്കും കോഴ്സുകളിലേയ്ക്കും കുട്ടികളെ നിര്‍ബന്ധിച്ചയക്കുന്നതിനെ കുറിച്ച് ഒരു പുനഃവിചിന്തനത്തിനു മാതാപിതാക്കളും തയ്യാറാകണം." -ജസ്റ്റിന്‍ വിശദീകരിച്ചു.

കറുകുറ്റി ബെസ്ലേഹം ഇടവകയിലെ വാഴക്കാല, പരേതനായ വര്‍ഗീസിന്‍റെയും മേരിയുടെയും മകനാണു ജസ്റ്റിന്‍. ഭാര്യ മീര, മകള്‍ തന്‍വി. ഏകസഹോദരന്‍ ജെയ്സണ്‍.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്കു ശേഷം പുതിയ സിനിമകളുടെ ആലോചനകളിലും ചര്‍ച്ചകളിലുമാണ് ജസ്റ്റിന്‍ ഇപ്പോള്‍. ഇതൊന്നും വെറുമൊരു ജോലിയല്ല, ജസ്റ്റിനെ സംബന്ധിച്ച്. അതുകൊണ്ടു സ്റ്റുഡിയോയില്‍ വരാനോ ജോലി ചെയ്യാനോ തിങ്കളെന്നോ ചൊവ്വയെന്നോ രാവെന്നോ പകലെന്നോ നോക്കുന്നില്ല. കാരണം, ഒന്നും തൊഴില്‍ ദിനങ്ങളല്ല, എല്ലാം സംഗീതത്തിന്‍റെ ദിനങ്ങള്‍ മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org