സന്യാസം

സന്യാസം

എല്ലാ മനുഷ്യരേയും യേശു സ്നേഹിക്കുന്നു. ഈ സ്നേഹം എന്നെങ്കിലും തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ചിട്ടല്ല. അത് ആത്മദാനമാണ്. ഓരോരുത്തനും എല്ലാവര്‍ക്കും മുഴുവനായി നല്കുന്ന സ്നേഹം. അതാകട്ടെ, സ്ത്രീപുരുഷ വ്യത്യാസത്തില്‍ നിന്നുരിത്തിരിയുന്ന രക്തബന്ധത്തിന്‍റെയും വിവാഹ ബന്ധത്തിന്‍റെയും പിരിധിക്കും പരിമിതിക്കും അതീതമായി നില്‍ക്കുന്നു. സ്നേഹത്തിന്‍റെ ഈ സംലഭ്യതയ്ക്ക് സാക്ഷ്യംവഹിക്കലാണ് സന്യാസജീവിതം. ഒരു സന്യാസി യാതൊരു സ്ത്രീയുടെയും അവകാശമല്ല. അതുപോലെ ഒരു സന്യാസിനി യാതൊരു പുരുഷന്‍റെയും അവകാശമല്ല. ഒരാളിനെയോ ഒരു കുടുംബത്തെയോ സ്നേഹിക്കുന്നതിനുപകരം എല്ലാ മനുഷ്യരേയും, എല്ലാ കുടുംബങ്ങളെയും സ്വന്തമായി സ്വീകരിക്കാന്‍ പോരുന്ന വിശാലഹൃദയവും വിശ്വസ്നേഹവും ബ്രഹ്മചാരികള്‍ക്കു കരഗതമാകുന്നു. അതുകൊണ്ടാണ് അവരെ ആധ്യാത്മികപിതാക്കന്മാരെന്നും മാതാക്കളെന്നും വിളിക്കുന്നത്.

ഇങ്ങനെയൊരു സന്ന്യാസജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുവാന്‍ യേശുവിന്‍റെ തണലില്‍ ഇരുന്നേ പറ്റൂ. യേശുവിന്‍റെ ജീവിതമാണ് സന്യാസികളുടെ മാതൃക. അവര്‍ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിക്കുന്നു. അവര്‍ യേശുവിന്‍റെ മാതൃകയനുസരിച്ച്, ദൈവജനത്തെ സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു.

സന്യാസജീവിതം സ്വീകരിച്ചിരിക്കുന്ന വൈദിക സമൂഹങ്ങളും സഹോദര (ബ്രദേഴ്സ്) സമൂഹങ്ങളും സഹോദരി സമൂഹങ്ങളുമുണ്ട്. വൈദികസമൂഹങ്ങളില്‍ മിക്കതിലും സഹോദരന്മാരുമുണ്ടായിരിക്കും. എന്നാല്‍, സന്യാസി എന്ന നിലയില്‍ ഇവര്‍ ഓരോരുത്തരും സ്വീകരിക്കുന്ന വ്രതങ്ങളെ സംബന്ധിച്ചോ ലക്ഷ്യത്തെ സംബന്ധിച്ചോ വ്യത്യാസമില്ല. (സന്യാസജീവിതം 10)

സന്യാസിനികളുടെ വലിയൊരു വിഭാഗം സഭയിലുണ്ട്. കാലത്തിന്‍റെ ആവശ്യങ്ങളും സേവനത്തിന്‍റെ തരഭേദങ്ങളും പരിഗണിച്ച് രൂപംകൊണ്ടതാണിവ. സഭയുടെ വളര്‍ച്ചയ്ക്കും ദൈവജനത്തിന്‍റെ ഉയര്‍ച്ചയ്ക്കും വമ്പിച്ച സംഭാവനകളര്‍പ്പിച്ചിട്ടുള്ളവരാണ് സന്യാസിനികള്‍. അവൈദിക സന്യാസ ജീവിതത്തെ (പുരുഷന്മരുടേതും, സ്ത്രീകളുടേതും) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വളരെ ശ്ലാഘിക്കുന്നുണ്ട്. (സന്യാസജീവിതം 10)

തിരുസഭയില്‍ സമര്‍പ്പിത ജീവിത(Consecrated life)ത്തിന്‍റെ ആധികാരിക രൂപങ്ങള്‍ നാലാണ്.

1) കാനോനിക വ്രതങ്ങളും (vows) സമൂഹജീവിതവും അനുപേക്ഷണീയമായ സന്യാസജീവിതം (Religious Life).

2) കാനോനിക വ്രതങ്ങള്‍ കൂടാതെ സമൂഹജീവിതം നയിക്കുന്ന പൊതുജീവിത സമൂഹങ്ങള്‍ (Societies of Common Life)

3) Societies of Apostolic Life (CCEO-572)

4) കാനോനിക വ്രതങ്ങളോ സമൂഹജീവിതമോ നിര്‍ബന്ധിതമല്ലാത്ത സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (Secular Institues). ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നിവ ഇവര്‍ ദൈവത്തോടു പ്രതിജ്ഞ (Promise) ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org