സന്ന്യാസത്തെ ജനപ്രിയമാക്കുന്നത്…

സന്ന്യാസത്തെ ജനപ്രിയമാക്കുന്നത്…

സിസ്റ്റര്‍ റാണി മോളത്ത് SABS

സന്ന്യാസജീവിതം വളരെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നതെന്നു പലരും പറയും. എനിക്കു തോന്നുന്നു, സന്ന്യാസജീവിതം കൂടുതല്‍ തെളിമയോടെ പ്രകാശിക്കാന്‍ പോകുന്ന ഒരു കാലമാണു വരാന്‍ പോകുന്നത്. പൊതുസമൂഹത്തിനു മുമ്പില്‍ സന്ന്യാസിനികള്‍ ഒരുപാടു ഹൃദയവ്യഥകള്‍ പേറി, മൗനനൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി ജീവിതം കണ്ണീര്‍ക്കടലാക്കി തള്ളിനീക്കുന്നവരാണെന്നുള്ള ഒരു ചിത്രം എങ്ങനെയൊക്കെയോ പകര്‍ന്നു കൊടുക്കപ്പെട്ടു. സമര്‍പ്പണ വഴി ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല. ദൈവം വിളിക്കുന്നവര്‍ മാത്രമാണ് ഈ വഴികളിലേക്കു കടന്നുവരുന്നത്. യഥാര്‍ത്ഥമായ ദൈവവിളി ഇല്ലാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സന്ന്യാസം ഒരു ഭാരമായി അനുഭവപ്പെടാം. എന്നാല്‍ വിളി ലഭിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരാള്‍ക്കു സന്ന്യാസം ഒരിക്കലും ഭാരമാവില്ല. സഹനങ്ങള്‍ പോലും ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളിലുള്ള പങ്കുചേരലായി അനുഭവപ്പെടും. സന്ന്യാസജീവിതത്തിന്‍റെ മഹത്ത്വവും അവിടെത്തന്നെയാണ്. മറ്റുള്ളവര്‍ക്കു വഹിക്കാന്‍ കഴിയുന്ന ഭാരങ്ങള്‍ എടുക്കാന്‍വേണ്ടി മാത്രമാണു നമ്മള്‍ ഇറങ്ങി പുറപ്പെടുന്നതെങ്കില്‍ തീര്‍ച്ചയായും വിളി ഒരു ഭാരമാകും. എന്നാല്‍ ക്രിസ്തുവിനെ കൊടുക്കാനുള്ള അവസരങ്ങളായി ഓരോ നിമിഷവും മാറ്റുവാന്‍ കഴിയുമ്പോള്‍ സന്ന്യാസത്തിനു ദൈവികഭാവങ്ങള്‍ കൈവരും. സന്ന്യാസം ഒരിക്കലും കയ് പേറിയ അനുഭവമായി തോന്നില്ല. എല്ലാ കാലഘട്ടങ്ങളെയുംകാള്‍ കൂടുതല്‍ സന്ന്യാസജീവിതത്തിനു പ്രസക്തിയുള്ള ഒരു കാലഘട്ടമാണ് ഇത്. പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ സന്ന്യാസം ജീവിക്കുക എന്നുള്ളത് അതില്‍ത്തന്നെ ഒരു വിശുദ്ധിയുടെ അടയാളമാണ്. ബന്ധങ്ങള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ കാലഘട്ടത്തില്‍ അമ്മയായി, സഹോദരിയായി, ആശ്വാസമായി, ക്രിസ്തുവിന്‍റെ കരുണ ഒഴുകാന്‍ കൈവഴികളായി മാറുക എന്നതിലാണ് ഏറ്റവും വലിയ പ്രസക്തി. ലോകം എല്ലായിടത്തും പരാതി പറയുന്ന ഈ കാലത്തു പരാതികളില്ലാതെ ജീവിക്കാന്‍ കഴിയുമ്പോഴാണു സന്ന്യാസത്തിന്‍റെ മധുരം ഏറ്റവുമധികം അനുഭവിക്കാന്‍ കഴിയുന്നത്. ക്രിസ്തു ജീവിച്ചു കാണിച്ചുതന്ന പോസിറ്റീവായ ഒരു ജീവിതരീതിയും ചിന്താധാരയും സന്ന്യാസത്തിന് ഉണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം.

പരാതി പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടാകാം. പക്ഷേ, അതിനെയൊക്കെ പോസിറ്റീവായി സമീപിക്കാന്‍ കഴിയുമ്പോള്‍ വ്യത്യസ്തമായ ഒരു ജീവിതശൈലി ലോകത്തിനു സമ്മാനിക്കാന്‍ കഴിയും. അവിടെ ക്രിസ്തു സ്വപ്നം കണ്ട സുവിശേഷജീവിതം ജീവിച്ചു കാണിച്ചുകൊടുക്കാന്‍ നമുക്കാകും. സമൂഹം നമ്മെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ളതു നമ്മുടെ സഹനവഴികള്‍ കൊണ്ടുതന്നെയാണ്. അമ്മയായും സഹോദരിയായും വിശക്കുന്നവന് അന്നം കൊടുക്കുന്ന ദൈവമായുമൊക്കെ മാറിയ സന്ന്യാസിനികള്‍ തന്നെയാണ് സമൂഹം നമ്മെ ബഹുമാനിക്കാനുള്ള കാരണം. സ്വന്തം അസ്തിത്വവും പേരും പെരുമയും നോക്കാതെ ദൈവത്തിനുവേണ്ടി ജീവിച്ച, മറ്റുള്ളവരില്‍ ഈശോയെ കണ്ട കുറേ വിശുദ്ധ ജീവിതങ്ങള്‍ ഈ വഴി കടന്നുപോയിട്ടുണ്ട്. അത്തരം ഓര്‍മ്മകളാണു സന്ന്യാസത്തെ ഇന്നും ജനപ്രിയമാക്കുന്നത്. സ്നേഹവും കരുതലും കരുണയും വാത്സല്യവും പ്രോത്സാഹനവും കൊടുക്കുന്ന നല്ല അമ്മമാരെ ലോകത്തിന് ഇനിയും ആവശ്യമുണ്ട്. സന്ന്യാസത്തിന്‍റെ മാതൃഭാവങ്ങള്‍ നഷ്ടപ്പെടാതെ നടക്കുന്ന സമര്‍പ്പിതരുടെ ഓര്‍മ്മകള്‍ പോലും സമൂഹത്തിന് ആനന്ദം പകരുന്നുണ്ട്. മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന, സ്വയം മറക്കുന്ന സമര്‍പ്പിതരെ ലോകം എന്നും ആദരിക്കും. വിശുദ്ധിയോടും ദൈവികഭാവങ്ങളോടുംകൂടി ജീവിക്കുന്ന സമര്‍പ്പിതര്‍ ലോകത്തിന്‍റെ വെളിച്ചമാവുക തന്നെ ചെയ്യും.

ലോകത്തിനു വഹിക്കാനാകാത്ത സ്നേഹത്തിന്‍റെ കുരിശ് പ്രിയ സമര്‍പ്പിതരേ നമുക്കു വഹിച്ചു കാണിച്ചുകൊടുക്കാം. ലോകത്തിനു മുമ്പില്‍ സാക്ഷികളായി നമുക്കു തീരാം. തിരുസഭയോടു പൂര്‍ണമായി ചേര്‍ന്നു ജീവിക്കുന്ന സന്ന്യാസ സമൂഹത്തിലെ കാരിസങ്ങള്‍ ഹൃദയത്തിലേറ്റി വിശുദ്ധിയുടെ പടവുകള്‍ നമുക്കു കയറി ലോകത്തിനു മാതൃകയാകാം. അവിടെ ദൈവം കൂടെയുണ്ടാകും. വിശുദ്ധിയുടെ പരിമളം പരത്തി അനേകരെ ക്രിസ്തുവിലേക്കു നമുക്ക് ആനയിക്കാം. സന്ന്യാസജീവിതം ദുരിതപൂര്‍ണമാകുന്നു എന്നു പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ സന്ന്യാസത്തെ ഭയപ്പെടുന്നവരാണ്. സമര്‍പ്പിതരുടെ വില നശിപ്പിച്ചുകളഞ്ഞ സഭയുടെ ജനകീയ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും പരാജയപ്പെടുകതന്നെ ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org