പെരും നുണകള്‍ സത്യമാകുന്ന സത്യാനന്തര കാലം!

പെരും നുണകള്‍ സത്യമാകുന്ന സത്യാനന്തര കാലം!

ഡോ. തോമസ് പനക്കളം

പെരുംനുണകള്‍ സത്യമാകുന്ന സത്യാനന്തര കാലത്താണു മലയാളിജീവിതവും. ഇവിടെ സത്യം എന്നതു പ്രതീതിലോകത്തെ സത്യം മാത്രമാകുന്നു. പ്രതീതിലോകത്തിന് ഉള്‍ക്കാഴ്ചകളില്ല, കാഴ്ചകള്‍ മാത്രമേയുള്ളൂ. ഒറ്റക്കാഴ്ചയില്‍ അവര്‍ അര്‍ത്ഥങ്ങള്‍ പാകപ്പെടുത്തും (അതു പലപ്പോഴും അനര്‍ത്ഥമാണെങ്കിലും). മനഷ്യന്‍ ഒരു സത്യാനന്തരജന്തു വര്‍ഗമാണ് എന്നാണു യുവല്‍ നോവ ഹരാരി പറയുന്നത്. കെട്ടുകഥകള്‍ മെനയാനും അനേകരെ അതു വിശ്വസിപ്പിക്കാനും മനുഷ്യനു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറയുന്നു. പക്ഷേ, സത്യാനന്തരകാലത്തു നാം കെട്ടിയുണ്ടാക്കുന്ന കഥകളും നാം പടച്ചുവിടുന്ന വാര്‍ത്തകളും അന്യന്‍റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയാലോ? വളരെ പ്രസക്തമായ ഈ ചോദ്യമാണു സമീപകാലത്തു പുറത്തിറങ്ങിയ 'വികൃതി' എന്ന ചിത്രം നമുക്കു മുമ്പില്‍ വയ്ക്കുന്നത്.

ഈ പുതിയ കാലം സൃഷ്ടിച്ച കുറേ വാക്കുകളിലൊന്നാണ് 'വൈറലാവുക' എന്നത്. അതെ ഒരു വൈറസ് പോലെ എല്ലായിടത്തും പ്രചരിക്കുകയും ആളുകളുടെ ലൈക്കും ഷെയറും നേടുകയുമാണു വൈറലാവുക എന്നു പറഞ്ഞാല്‍ അര്‍ത്ഥം.

മാളികമുകളേറിയ മന്നനു മാറാപ്പെന്നപോലെ താഴ്ചയും ഓര്‍ക്കാപ്പുറത്തൊരു ലോട്ടറിപോലെ ഉയര്‍ച്ചയും തരാന്‍ കഴിവുള്ള പുതിയ കാലത്തിന്‍റെ വാക്കാണിത്. ചിലര്‍ വാഴുന്നു, മറ്റു ചിലര്‍ വീഴുന്നു. തെരുവുഗായിക സിനിമയില്‍ പാടുന്നു. ചെവിയില്‍ പറഞ്ഞതു ലോകം അറിയുന്നു. നന്മമരം കടപുഴകി വീഴുന്നു, പലരുടെയും പൂച്ചുകള്‍ പുറത്താകുന്നു. ചിലര്‍ പി.ആര്‍. ജോലിക്കാരെക്കൊണ്ടു നിരന്തരം മുഖം മിനുക്കിക്കൊണ്ടേയിരിക്കുന്നു.

ഭിന്നശേഷിക്കാരനായ എല്‍ദോ എന്ന അങ്കമാലിക്കാരന്‍ മെട്രോയില്‍ കിടന്നുറങ്ങിയതു ക്ഷീണവും തളര്‍ച്ചയുംകൊണ്ട്. പക്ഷേ, അയാളുണരുംമുമ്പു ലോകം അയാളെ കണ്ടു. കണ്ടതു പക്ഷേ, മെട്രോയില്‍ കയറിയ പാമ്പായാണ് (അടിച്ചു പൂസായി അയാള്‍ ഉറങ്ങിയെന്ന കഥയാണു പ്രചരിച്ചത്). അതയാളുടെ ജീവിതത്തെ വല്ലാതെ മുറിവേല്പിച്ചു; മാനം കെടുത്തി. തിരിച്ചറിഞ്ഞു മറുപോസ്റ്റിട്ടപ്പോഴേക്കും സംഗതി വൈറലായി മാറിയിരുന്നു. ഇന്നും പോസ്റ്റിട്ടയാള്‍ അജ്ഞാതനായി തുടരുന്നു.

ഈ യഥാര്‍ത്ഥ സംഭവത്തെ വൈകാരികത ചോര്‍ന്നുപോകാതെ – എന്നാല്‍ കയ്യടക്കത്തോടെ ഹാസ്യത്തിന്‍റെ മേമ്പൊടികൂടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു വികൃതിയില്‍.

ഇരയെയും വേട്ടക്കാരനെയും മുന്നില്‍ നിര്‍ത്തിയുള്ള ആഖ്യാനത്തിനു പകരം ഏറ്റവും നിഷ്കളങ്കരായ മനുഷ്യരെപ്പോലും സാമൂഹ്യമാധ്യമങ്ങള്‍ എങ്ങനെ അടിമകളാക്കുന്നുവെന്നും അത് അന്യരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ആദര്‍ശവത്കരണങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.

'സമീര്‍' എന്ന ചെറുപ്പക്കാരന്‍ നവയുവതയുടെ പ്രതീകമാണ്. അയാള്‍ ആകെ ബേജാറാകുന്നതു ലൈക്കിലും ഷെയറിലും മാത്രമാണ്. എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാനെത്തുന്ന കൂട്ടുകാരനോട് 'എന്തുണ്ട് വിശേഷം?' എന്നല്ല നീ എന്‍റെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാത്തതെന്താണ് എന്നു മാത്രമാണ് അയാളുടെ ചോദ്യം. അയാള്‍ക്കു സാമൂഹ്യബന്ധങ്ങളുണ്ട്. നല്ല കുടുംബമുണ്ട്, പ്രണയിനിയുണ്ട്. ഏതൊരാള്‍ക്കും ഒരു ദ്രോഹവും വരണമെന്നു മനസ്സാ വിചാരിക്കുന്ന ആളുമല്ല സമീര്‍.

മെട്രോയില്‍ കയറിയപ്പോള്‍, ഒരാള്‍ ബോധംകെട്ട് ഉറങ്ങുന്നതു കാണുമ്പോള്‍ അയാളുടെ 'ലൈക്ക് ജേര്‍ണലിസ്റ്റ്' ഉണര്‍ന്നു. അതു ഫോട്ടോയെടുത്ത് ഒരടിക്കുറുപ്പും നല്കി പോസ്റ്റിട്ടു. കിടന്നുറങ്ങിയ എല്‍ദോ താന്‍പോലുമറിയാതെ അനേകര്‍ക്കു ചിരിക്കും പരിഹാസത്തിനും വിഷയമായി. സംഭവം വൈറലായി മാറിയതോടെ സംസാരശേഷിയില്ലാത്ത 'എല്‍ദോ' പാമ്പായി ചിത്രീകരിക്കപ്പെട്ടു. മദ്യം കഴിക്കാത്ത അയാള്‍ മുഴുക്കുടിയനായി മുദ്രകുത്തപ്പെട്ടു.

മകന്‍ അപ്പനെ തള്ളിപ്പറയുന്നു. ഉണ്ടായിരുന്ന പ്യൂണ്‍ ജോലി പോയി. പുറത്തിറങ്ങിയാല്‍ ആളുകള്‍ 'പാമ്പേ' എന്നു വിളിക്കുന്ന സ്ഥിതിയുമായി. ഇതിനിടയില്‍ 'സത്യാവസ്ഥ' ബോദ്ധ്യപ്പെടുത്തി 'എല്‍ദോ'യുടെ അയല്ക്കാരന്‍റെ മകളുടെ പോസ്റ്റ് വന്നു. സംഗതിയപ്പോള്‍ കീഴ്മേല്‍ മറിഞ്ഞു. പോസ്റ്റിട്ടവനെക്കുറിച്ചായി പിന്നെ ചര്‍ച്ച. സമീര്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയാണ്. സ്കൂള്‍ കാലം മുതല്‍ മനസ്സിലൊളിപ്പിച്ച പ്രണയം പറഞ്ഞു വിവാഹദിനത്തിലെത്തുമ്പോള്‍ അതില്‍ ആഹ്ലാദിക്കാന്‍ കഴിയാത്ത വിധം അയാളും പ്രതിസന്ധിയിലാവുകയാണ്. കായംകുളം വാള്‍പോലെ ഇരുതലമൂര്‍ച്ചയുള്ള വാളാണു സോഷ്യല്‍ മീഡിയ. ചിലപ്പോള്‍ സ്നേഹിച്ചു കൊല്ലും, ചിലപ്പോള്‍ പൊങ്കാലയിടും. ഒടുവില്‍ സമീറിന്‍റെ പെറ്റമ്മയുടെ കണ്ണീരിനു മുന്നില്‍ താനേറ്റ അപവാദങ്ങള്‍ക്കും മാനഹാനിക്കും എല്‍ദോ മാപ്പു നല്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു.

എന്താണ് ഈ ചിത്രത്തിനു പറയാനുണ്ടാവുക. അതു ടാഗ് ലൈനില്‍ത്തന്നെ പറയുന്നുണ്ട്. 'വാവിട്ട വാക്കും സെന്‍ഡ് ചെയ്ത പോസ്റ്റും' തിരിച്ചെടുക്കാന്‍ കഴിയില്ല. നമ്മുടെ തമാശയോ വികൃതിയോപോലും ഈ സോഷ്യല്‍ മീഡിയാക്കാലത്ത് അന്യര്‍ക്ക് അവിഹിതമാകാം. ചിലപ്പോള്‍ അപകടകരവും. സാമൂഹ്യമാധ്യമങ്ങള്‍ തുറക്കുന്ന അനന്തമായ സാദ്ധ്യതകള്‍ക്കൊപ്പം നമ്മുടെ വികൃതികൊണ്ടും കൈക്കുറ്റപ്പാടുകൊണ്ടും നാം തീര്‍ക്കുന്ന ചങ്ങലക്കുരുക്കുകള്‍ സിനിമയിലെപ്പോലെ ജീവിതത്തില്‍ അഴിഞ്ഞുപോകണമെന്നില്ല. നമ്മുടെ ജീവിതവും ഭാവിയും അതില്‍ കുരുങ്ങിപ്പോകാനും മതി. എ. എയ്യപ്പന്‍റെ കവിതയില്‍ പറയുംപോലെ:

'വിശപ്പുള്ളവന്‍
ചെരുപ്പു തിന്നതു കണ്ട്
ചിരിച്ചവനാണു ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്
ഇന്നു ഞാന്‍ കരയുന്നു'
ഇന്നത്തെ കോമാളിത്തമോര്‍ത്ത് നാളെ നമ്മള്‍ കരയാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org