സത്യസന്ധത

സത്യസന്ധത

ഗാന്ധിജി തന്‍റെ ആത്മകഥയില്‍ സ്കൂള്‍ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസ പരിശോധകന്‍ സ്കൂള്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ കുട്ടികളുടെ അക്ഷരജ്ഞാനം അറിയാന്‍ ഒരു പരീക്ഷ നടത്തി. ഇംഗ്ലീഷില്‍ അഞ്ച് വാക്കുകള്‍ എഴുതാന്‍ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. അവയിലൊന്ന് കെറ്റില്‍ (kettle) ആയിരുന്നു. ആ വാക്ക് ഗാന്ധിജി തെറ്റിച്ചാണ് എഴുതിയതെന്നു കണ്ട് അദ്ധ്യാപകന്‍ അടുത്തെത്തി ബൂട്സിന്‍റെ അറ്റംകൊണ്ട് അടുത്തുള്ള കുട്ടിയുടെ സ്ലേറ്റില്‍ നോക്കി സ്പെല്ലിംഗ് ശരിക്കെഴുതാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഗാന്ധിജി കോപ്പിയടിക്കാന്‍ തയ്യാറായില്ല. അസത്യമായ രീതിയിലൂടെ ജയിക്കുന്നതിനേക്കാള്‍ തോല്ക്കുന്നതാണ് നല്ലത് എന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. തന്‍റെ ജീവിതാവസാനം വരെ സത്യത്തോടുള്ള ഈ നിലപാട് അദ്ദേഹം കാത്തുസൂക്ഷിച്ചു.

സത്യം എന്ന പദത്തിന്‍റെ ധാതു സത് എന്നാണ്. അതിനര്‍ത്ഥം ഉണ്മ എന്നത്രെ. സത്യമല്ലാതെ മറ്റൊന്നും ഇല്ല. അഥവാ മറ്റൊന്നും യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നില്ല. അതുകൊണ്ടാണ് സത് അഥവാ, സത്യം എന്നത് ഈശ്വരന്‍റെ ഏറ്റവും പ്രധാനപ്പെട്ട പേരായിത്തീര്‍ന്നത്. എവിടെയാണോ സത്യമുള്ളത്. അവിടെ യഥാര്‍ത്ഥമായ ജ്ഞാനവുമുണ്ട്. എവിടെ സത്യമില്ലയോ അവിടെ യഥാര്‍ത്ഥമായ ജ്ഞാനവും കാണുകയില്ല. അതുകൊണ്ടാണ് ദൈവത്തോടു ബന്ധപ്പെടുത്തി ചിത് (ജ്ഞാനം) എന്ന പദം ഉപയോഗിക്കുന്നത്. യഥാര്‍ത്ഥമായ ജ്ഞാനം ഉള്ളിടത്ത് എല്ലായ്പ്പോഴും ആനന്ദമുണ്ട്. അവിടെ ദുഃഖത്തിനു സ്ഥാനമില്ല. സത്യം അനശ്വരമാണ്; സത്യത്തില്‍ നിന്ന് ഉറവെടുക്കുന്ന ആനന്ദവും അങ്ങനെതന്നെ, സത്യവും ജ്ഞാനവും ആനന്ദവും ഈശ്വരനില്‍ ഒരുമിക്കുന്നു. അതുകൊണ്ടാണ് ദൈവം നമുക്ക് സച്ചിദാനന്ദനായിത്തീരുന്നത്. (സത്+ചിത് = ആനന്ദം) (ഗാന്ധിജി)

സത്യസന്ധതയില്ലായ്മ ഇന്ന് ഒരു പതിവു കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സത്യസന്ധതയില്ലാതെ അഴിമതി, വഞ്ചന, പണാപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായ പത്രവാര്‍ത്തകള്‍ നാം ദിവസേന കേള്‍ക്കുന്നു. സത്യസന്ധതയില്ലായ്മ ആ ധുനിക ബിസിനസ്സിന്‍റെ മുതല്‍ക്കൂട്ടായും കണക്കാക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org