വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍

യുവര്‍ കരിയര്‍

എം. ഷൈറജ്

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കു ന്ന വിദ്യാര്‍ത്ഥികള്‍ക്കു സഹായം നല്കാനായി നിരവധി സ്കോളര്‍ഷിപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിന്നോക്ക-മുന്നോക്ക പരിഗണന കൂടാതെ പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നല്കുന്ന സ്കോളര്‍ഷിപ്പുകളുമുണ്ട്. എന്നാല്‍ ഈ സാദ്ധ്യതകളെക്കുറിച്ചുള്ള കൃത്യമായ അറിവ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം. ഈ അവസ്ഥയ്ക്കു പരിഹാരമായി വിവിധ സ്കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

സ്കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ വെബ്സൈറ്റുകളെയും പ്രധാനപ്പെട്ട ചില സ്കോളര്‍ഷിപ്പുകളെയും നമുക്കു പരിചയപ്പെടാം.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലകസംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളിലെത്തിക്കുവാനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി യാണു നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (www.scholarships.gov.in). ന്യൂനപക്ഷവകുപ്പ്, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള വകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ്, തൊഴില്‍ വകുപ്പ്, ഗോത്രക്ഷേമവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തരവകുപ്പ്, റെയില്‍വേ, പാരാമിലിട്ടിറി തുടങ്ങിയവയിലൂടെയൊക്കെ ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ അറിയുവാനും അപേക്ഷിക്കുവാനും ഈ വെബ് സൈറ്റിലൂടെ കഴിയും.

സ്കോളര്‍ഷിപ്പുകള്‍ക്കു അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ആധാര്‍ നമ്പറും ദേശസാത്കൃത ബാങ്കുകളിലൊന്നില്‍ അക്കൗണ്ടും നിര്‍ബന്ധമാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് : കേരള സര്‍ക്കാരിന്‍റെ ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ വെബ്സെറ്റില്‍ കോളജ് പഠനത്തിനു ലഭ്യമായ സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങളുണ്ട് ( www.dcescholarship.kerala.voc.in). 2018 ലെ കേന്ദ്ര-സംസ്ഥാന സ്കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. പ്രധാനപ്പെട്ട ചില സ്കോളര്‍ഷിപ്പുകള്‍ ഇനി പറയുന്നവയാണ്.

നാഷണല്‍ ടാലന്‍റ് സര്‍ച്ച് എക്സാമിനേഷന്‍: എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പാണിത്. എന്നാല്‍ മറ്റു സ്കോളര്‍ഷിപ്പുകളില്‍നിന്നു വ്യത്യസ്തമായി മത്സരപരീക്ഷയിലൂടെയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ്സില്‍ ഉയര്‍ന്ന നിലവാരത്തോടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു മുതല്‍ ഗവേഷണ പഠനംവരെയുള്ള കാലഘട്ടത്തില്‍ 5000 രൂപ പ്രതിമാസം ഈ സ്കോളര്‍ഷിപ്പിലൂടെ ലഭിക്കും. NCERT ആണ് മത്സരപരീക്ഷ നടത്തുന്നത് ദേശീയതലത്തില്‍ പ്രതിവര്‍ഷം ആയിരം പേരെയാണു തിരഞ്ഞെടുക്കുന്നത് (www.ncert.nic.in).

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്: ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണീ സ്കോളര്‍ഷിപ്പ് വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. മുമ്പത്തെ ക്ലാസ്സിലെ വാര്‍ഷികപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കുകയും വേണം.

പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്: പ്ലസ് വണ്‍ മുതല്‍ Ph.D. വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണു യോഗ്യത. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപ വരെ. അവസാനമെഴുതിയ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

മെറിറ്റ് കം വീന്‍സ് സ്കോളര്‍ഷിപ്പ്: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് NCERT നല്കുന്ന സ്കോളര്‍ഷിപ്പാണിത്. സംസ്ഥാനതല പ്രതിഭാനിര്‍ണ പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ തിരഞ്ഞെുക്കുന്നത്. പ്ലസ് ടു തലം വരെ സ്കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കും (www.scert.kerala.gov.in).

മെറിറ്റ് സ്കോളര്‍ഷിപ്പ്: മുന്നോക്ക സമുദായത്തില്‍പ്പെട്ടതും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പാണിത്. സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം (www.kswcfc,org).

സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്: പരിവര്‍ത്തിത ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്കുള്ളതാണീ സ്കോളര്‍ഷിപ്പ്. ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. യോഗ്യതാപരീക്ഷയില്‍ 50% മാര്‍ക്കും നേടിയിരിക്കണം (www.dcescholarship.kerala.voc.in).

ഒറ്റ പെണ്‍കുട്ടിക്കായുള്ള സ്കോളര്‍ഷിപ്പ്: ബിരുദ-ബിരുദാനന്തര തലത്തില്‍ പഠിക്കുന്ന 'ഒറ്റ പെണ്‍കുട്ടിക്ക്' CBSE സ്കോളര്‍ഷിപ്പ് നല്കുന്നുണ്ട്. പ്ലസ് ടു പഠിക്കുന്നതിനും സമാനരീതിയിലുള്ള സ്കോളര്‍ഷിപ്പുണ്ട്. പേരു വ്യക്തമാകുംപോലെ കുടുംബത്തിലെ ഏക സന്താനമായിരിക്കണം അപേക്ഷക (www.cbse.nic.in)

ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒറ്റ പെണ്‍കുട്ടിക്കു ലഭിക്കാവുന്ന മറ്റൊരു സ്കോളര്‍ഷിപ്പ് ഇന്ദിരാഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പാണ് (www.ugc.ac.in/sgc).

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാന്‍ യോഗ്യതയുള്ളത്. എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയിരിക്കണം പ്രതിവര്‍ഷം 1000 പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കും (www.kshec.kerala.gov.in).

ജില്ലാതല മെറിറ്റ് സ്കോളര്‍ഷിപ്പ്: SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കു സംസ്ഥാന കോളജ് വിദ്യാഭ്യാസവകുപ്പ് നല്കുന്ന സ്കോളര്‍ഷിപ്പാണിത്.
(www.dcescholarship.kerala.gov.in)

പട്ടികജാതി, പട്ടികവര്‍ഗ സ്കോ ളര്‍ഷിപ്പുകള്‍: SSLC, പ്ലസ് ടു, പോളി ടെക്നിക്, TTC, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയിലൊക്കെ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. അതാതു ജില്ലാ പട്ടികജാതി/വര്‍ഗ വികസന ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്കണം.

മൗലാന ആസാദ് ഫൗണ്ടേഷന്‍: കേന്ദ്ര സര്‍ക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് IX-ാം ക്ലാസ്സ് മുതല്‍ XII-ാം ക്ലാസ്സ് വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു നല്കുന്ന സ്കോളര്‍ഷിപ്പാണിത്. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്സി, ജൈന, ബുദ്ധ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കുറവായിരിക്കണം (www.maef.nic.in).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org