ശാസ്ത്രവും മതവും

ശാസ്ത്രവും മതവും

ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം ഒരു നിത്യയുദ്ധമായാണല്ലോ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ ശാസ്ത്രത്തിനും മതത്തിനുമിടയില്‍ അഭിപ്രായവ്യത്യാസത്തിന്‍റെ കാലഘട്ടം ഉണ്ടായിരുന്നെങ്കിലും പ്രോത്സാഹനത്തിന്‍റെയും സഹകരണത്തിന്‍റെയും കാലഘട്ടങ്ങളും ഉള്ളതായി നമുക്കു കാണാം. ദിവ്യതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞര്‍ ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടുവരെ പാശ്ചാത്യലോകം മുറുകെപ്പിടിച്ചിരുന്നതു തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ ലോകവീക്ഷണമായിരുന്നു. നിത്യജീവിതത്തിലെ എല്ലാറ്റിനും ഒരു ദൈവിക ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.

വാസ്തവത്തില്‍ ആധുനികശാസ്ത്രത്തിന്‍റെ വക്താക്കളായ എല്ലാ ശാസ്ത്രജ്ഞരും അഭൗമികശക്തിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നവരായിരുന്നു. കോപ്പര്‍നിക്കസ്, ഗലീലിയോ, ന്യൂട്ടണ്‍, കെപ്ലര്‍ തുടങ്ങിയവര്‍ ശക്തരായ ദൈവവിശ്വാസികളായിരുന്നു. ജ്യോതിശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തിന്‍റെ പുരോഹിതരാണെന്നു ജോഹന്നസ് കെപ്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്. മതപുരോഹിതന്മാര്‍ വേദപുസ്തകം വ്യാഖ്യാനിക്കുമ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ പ്രപഞ്ച ഗ്രന്ഥത്തിലെ രഹസ്യങ്ങളെയാണു വ്യാഖ്യാനിക്കുന്നത്.

പ്രാചീന ഭാരതത്തിലെ താപസരും ശാസ്ത്രത്തിന്‍റെ പുരോഗമനത്തിനു ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ശരീരശാസ്ത്രം, കൃഷിശാസ്ത്രം, കൃഷിസമ്പ്രദായം തുടങ്ങിയ ശാസ്ത്രശാഖകള്‍ ഭാരതത്തിലും നിലനിന്നിരുന്നതായി അറിയാമല്ലോ! ആയുര്‍വേദാചാര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു ജീവിച്ചിരുന്നു.

ഗലീലിയോയും കോപ്പര്‍നിക്കസും ഒരിക്കലും ഈശ്വരനെ തള്ളിപ്പറഞ്ഞവരല്ല. അവര്‍ ഈശ്വരനില്‍ അടിയുറച്ചു വിശ്വസിച്ചവരായിരുന്നു. മതപണ്ഡിതര്‍ മാത്രമല്ല അന്നത്തെ ശാസ്ത്രജ്ഞരില്‍ പലരും കോപ്പര്‍നിക്കസത്തെ എതിര്‍ത്തിരുന്നു. തുറവിയുണ്ടായിരുന്ന പല മതപണ്ഡിതരും ദൈവശാസ്ത്രജ്ഞരും ഈ സിദ്ധാന്തത്തെ അനുകൂലിച്ചിരുന്നു. അവര്‍ തമ്മില്‍ പല ധാരണാപ്പിശകുകള്‍ ഉണ്ടായിരുന്നെങ്കിലും ശാസ്ത്രവും മതവും നിത്യയുദ്ധത്തിലാണെന്ന അവകാശവാദം ഒരിക്കലും ശരിയല്ല. രണ്ടും പരസ്പരപൂരകങ്ങളാണ്. ശാസ്ത്രം വസ്തുനിഷ്ഠവും മതം ആത്മനിഷ്ഠവുമാണ്. ശാസ്ത്രം, വിജ്ഞാനം നല്കുന്നു. അതു ഭൗതികലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. മതം ജ്ഞാനം നല്കുന്നു. അത് ഒരുവന്‍റെ ആത്മസത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൗതികപ്രതിഭാസങ്ങളുടെ പൊരുള്‍ തേടിയുളള അന്വേഷണത്തിലും പരീക്ഷണങ്ങളിലും അവസാനം ശാസ്ത്രജ്ഞര്‍ എത്തിച്ചേരുന്നത് ആത്മീയതയുടെ തലത്തിലാണ്. ശാസ്ത്രീയമായി പ്രപഞ്ചത്തെ കൂടുതല്‍ അറിയുമ്പോള്‍ അതിന്‍റെ വിസ്മയ പ്രതിഭാസങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പ്രപഞ്ചത്തോട് അഭേദ്യമായി ബന്ധപ്പെട്ടവനാണെന്ന ബോധം ഉണ്ടാകുന്നു. ഈ ബോധം ആത്മീയതയാണ്. ഞാന്‍ ഒറ്റപ്പെട്ടതല്ല; സമസ്ത ചരാചരങ്ങളും എന്നോടു ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തലത്തിലും മനുഷ്യനും പ്രപഞ്ചവും മനുഷ്യനും പ്രകൃതിയും ഒന്നാണെന്നതാണ് ആത്മീയതയുടെ സത്ത. ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഈ ആത്മീയതലത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നു. പഴയകാല ശാസ്ത്രജ്ഞരില്‍ പലരും സന്യാസികളായിരുന്നു. ശാസ്ത്രത്തെ ആത്മീയാനുഭവത്തിന്‍റെ ഒരു മാര്‍ഗമായിട്ടാണ് അവര്‍ കണക്കാക്കിയത്.

ശാസ്ത്രവും മതവും പരസ്പര പൂരകമായാണു വര്‍ത്തിക്കേണ്ടത്. പ്രപഞ്ച യാഥാര്‍ത്ഥ്യത്തിന്‍റെ രഹസ്യങ്ങളുടെ പൊരുള്‍ അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഈശ്വരന്‍റെ കൈകളാല്‍ നടത്തപ്പെടുന്നവരാണ്. ശാസ്ത്രവും മതവും രണ്ടു ചലനാത്മക ശാഖകളാണ്. വളര്‍ച്ചയ്ക്കനുസരിച്ചു രണ്ടിലും മാറ്റം സംഭവിക്കുന്നു. വിവിധ ഘട്ടങ്ങളിലുണ്ടായ സംഘര്‍ഷവും ഉരസലുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഈ വളര്‍ച്ചയുടെ ഭാഗമാണ്. ആയതിനാല്‍ ശാസ്ത്രവും മതവും ശത്രുക്കളല്ല. മറിച്ച് ഒരേ ലക്ഷ്യത്തില്‍ മുന്നേറുന്ന രണ്ടു ശാഖകളാണ്. ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും വ്യക്തമാക്കുന്നു ഇവ രണ്ടും. ശാസ്ത്രചിന്തയുടെയും ദൈവാവബോധത്തിന്‍റെയും സമന്വയം ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. എങ്കിലേ മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിന്‍റെ നീരുറവ വറ്റാതെ സൂക്ഷിക്കാന്‍ കഴിയുകയുളളൂ; മനുഷ്യരെയും പ്രകൃതിയിലെ ജൈവവ്യവസ്ഥയെയും തകര്‍ക്കുന്ന ആധുനിക സാങ്കേതിക-കച്ചവട താത്പര്യങ്ങള്‍ക്കെതിരെ പോരാടാനും കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org