പാപ്പയോടൊപ്പം ഒരു സെൽഫി

പാപ്പയോടൊപ്പം ഒരു സെൽഫി

ബെഡ്വിന്‍ ടൈറ്റസ് കെ.

സംഭാഷണങ്ങളെയെല്ലാം മുറിച്ചുകൊണ്ട് ഹെലിക്കോപ്റ്ററിന്‍റെ ശബ്ദമെത്തി. വലിയ എസ്യുവികളും ബ്ലാക്ക് സ്യൂട്ടണിഞ്ഞ ആളുകളും – ഏതോ ഹോളിവുഡ് സിനിമാ സെറ്റ് പോലെ തോന്നിച്ചു അതെല്ലാം.

ജീസസ് യൂത്ത് ഇന്‍റര്‍നാഷണലിനെ പ്രതിനിധീകരിച്ചാണു ഞാന്‍ അവിടെയെത്തിയിരുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തു പേരുണ്ടായിരുന്നു ഞങ്ങള്‍. (അമേരിക്ക, ആസ്ത്രേലിയ, പലസ്തീന്‍, ബുര്‍കിനോഫാസ, ഇന്ത്യ, സ്പെയിന്‍, പനാമ). വരാനിരിക്കുന്ന കാര്യങ്ങള്‍ക്കായി ഞങ്ങള്‍ വേണ്ടത്ര ഒരുങ്ങിയിട്ടില്ലെന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കു കുറെ നിര്‍ദേശങ്ങള്‍ തന്നിരുന്നു. അതില്‍ പ്രധാനമായ ഒന്ന് ഇതൊരു അനൗപചാരിക വിരുന്ന് ആയിരിക്കുമെന്നും ഒട്ടും പേടി വേണ്ടെന്നും ഫ്രാന്‍സിസ് പാപ്പ വളരെ ലാളിത്യം നിറഞ്ഞയാളാണെന്നുമായിരുന്നു. രണ്ടാമത്തെ നിര്‍ദേശം, പാപ്പയ്ക്കു പനാമയില്‍ വളരെ തിരക്കു പിടിച്ച പരിപാടികളാണെന്നും അതിനാല്‍ അദ്ദേഹം ക്ഷീണിതനായിരിക്കുമെന്നും ഒട്ടും കാത്തുനിറുത്തരുതെന്നുമായിരുന്നു. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നിര്‍ദേശത്തിനും നമ്മെ തണുപ്പിക്കാനാകുകയില്ല.

പിന്നെ, പാപ്പാ വന്നു. ഒരു ചെറു കാറില്‍ നിന്ന് ഇറങ്ങി അദ്ദേഹം മുറിയിലേയ്ക്കു പ്രവേശിച്ചു. അതോടെ അന്തരീക്ഷമാകെ മാറി. അദ്ദേഹത്തിന്‍റെ പുഞ്ചിരി മുറിയിലാകെ കൃപയും സമാധാനവും നിറച്ചു.

കാണുന്ന ഓരോ വ്യക്തിയേയും പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നതിനായി വളരെ ചെറിയ ചുവടുകള്‍ വച്ചാണ് അദ്ദേഹം നടന്നത്. ഓരോരുത്തരേയും തന്‍റെ മനോഹരമായ പുഞ്ചിരി കൊണ്ട് അദ്ദേഹം അഭിവാദ്യം ചെയ്തു. ഞങ്ങളെല്ലാവരും ഒരു മേശയ്ക്കു ചുറ്റും ഒന്നിച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു അപ്പോഴവിടെ. പാപ്പ ഞങ്ങളെ ഓരോരുത്തരേയും വളരെ മാധുര്യമൂറുന്ന വിധത്തില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വിശക്കുന്നുണ്ടോ എന്നദ്ദേഹം ചോദിച്ചു. ഉവ്വെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു. അദ്ദേഹം പ്രാര്‍ത്ഥിച്ചു, പിന്നെ ആഹാരത്തിനു നേരെ വിരല്‍ ചൂണ്ടി പറഞ്ഞു, "ആക്രമിക്കുക!".

ഇതാ, കത്തോലിക്കാസഭയുടെ തലവനായ പാപ്പായോടൊപ്പം വിരുന്നിനിരിക്കുകയാണു ഞാന്‍. ഈ നിമിഷമെത്തുന്നതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം (വൈകിയ വിമാനം, ലഗ്ഗേജ് വിമാനത്തില്‍ നഷ്ടപ്പെട്ടത്, മേജര്‍ സെമിനാരിയിലേയ്ക്കു ഉന്നത സുരക്ഷാസംവിധാനങ്ങളോടെ നടത്തിയ യാത്ര, അവിടത്തെ വിപുലമായ സജ്ജീകരണങ്ങള്‍ – മറ്റൊരു ലേഖനമെഴുതാന്‍ മാത്രമുണ്ട് അതെല്ലാം) അപ്രത്യക്ഷമാകുകയും ഞാനെവിടെയാണ് ഇരിക്കുന്നതെന്ന് എന്ന ബോധം പൂര്‍ണമായി എന്നിലുണരുകയും ചെയ്തു. ഇതൊരു യാഥാര്‍ത്ഥ്യമാണ്!

ഞങ്ങള്‍ മേശയ്ക്കു ചുറ്റുമിരുന്നു. സ്വയം പരിചയപ്പെടുത്താന്‍ ഞങ്ങളോടു നിര്‍ദേശിക്കപ്പെട്ടു. എന്‍റെയൂഴമെത്തിയപ്പോള്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തുകയും ഇന്ത്യയില്‍ നിന്നാണ് എന്നു പാപ്പയോടു പറയുകയും ചെയ്തു. സ്പാനിഷ് അറിയുമോ എന്നദ്ദേഹം എന്നോടു ചോദിച്ചു. (മുറിയില്‍ ഞാനൊഴികെ മറ്റെല്ലാവരും സ്പാനിഷ് അറിയുന്നവരായിരുന്നു.) എന്‍റെ തൊട്ടടുത്തിരിക്കുന്ന അമേരിക്കയില്‍ നിന്നുള്ള ബ്രെന്‍ഡയ്ക്ക് സ്പാനിഷ് അറിയാമെന്നും പരിഭാഷ നടത്തി സഹായിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ പാപ്പയോടു പറഞ്ഞു. താന്‍ പറയുന്ന എല്ലാം പരിഭാഷപ്പെടുത്തുമെന്നും എല്ലാം എനിക്കു മനസ്സിലാകുമെന്നും ബ്രെന്‍ഡോയോട് പറഞ്ഞ് പാപ്പ ഉറപ്പാക്കി. പാപ്പയുടെ കരുതലും അനുകമ്പയും ഇതില്‍ ദൃശ്യമായിരുന്നു. അവിടെ നടക്കുന്ന സംഭാഷണങ്ങളില്‍ ഞാന്‍ ഒറ്റപ്പെട്ടുപോകരുതെന്ന് അദ്ദേഹം ഉറപ്പാക്കി.

തുടര്‍ന്ന് ഇന്ത്യയില്‍ കൃത്യം എവിടെ നിന്നാണു വരുന്നതെന്നു പാപ്പ എന്നോടു ചോദിച്ചു. കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞതില്‍ അദ്ദേഹം വളരെ സന്തുഷ്ടനായി. ഇവിടെ നിന്നുള്ള മെത്രാന്മാരെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. യുവജനദിനത്തിനു കണ്ടുമുട്ടിയ ഏതാണ്ട് എല്ലാവരോടും കേരളം എവിടെയാണെന്നു വിശദീകരിക്കാന്‍ പാടുപെട്ടു വരികയായിരുന്ന എനിക്ക്, പാപ്പായ്ക്ക് കേരളത്തെ അറിയാമായിരുന്നു എന്നത് വളരെ സന്തോഷകരമായ ഒരു അതിശയമായി. എനിക്കു പൂര്‍ണമായി മനസ്സിലാകുന്നു എന്നുറപ്പാക്കാന്‍ വേണ്ടിയെന്നോണം അദ്ദേഹം തന്‍റെ കരങ്ങള്‍ നെഞ്ചോടു ചേര്‍ത്തുകൊണ്ട് ഇന്ത്യയെ താന്‍ ഹൃദയത്തോടു ചേര്‍ത്തു നിറുത്തിയിരിക്കുന്നു എന്നു പറഞ്ഞു.

പരിചയപ്പെടുത്തലിനു ശേഷം ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. പനാമയിലെ താമസമെങ്ങനെ എന്നു ചോദിച്ചു തുടങ്ങി, പിന്നെ ഗൗരവമുള്ള വിഷയങ്ങളിലേയ്ക്കു കടന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സഭയിലെ ലൈംഗികചൂഷണവിവാദങ്ങളെ കുറിച്ചും ചോദ്യമുണ്ടായി. ഒട്ടും മടിയില്ലാതെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം തുറന്നു മറുപടി പറഞ്ഞു. തികച്ചും സ്വതന്ത്രമായി അദ്ദേഹം ഇടപഴകി, ഒരു കുടുംബവിരുന്ന് കഴിക്കുന്ന പോലെയാണു ഞങ്ങള്‍ക്കതു തോന്നിയത്.

ലൈംഗികചൂഷണം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോള്‍ പാപ്പ എത്രത്തോളം വ്രണിതനാണ് ആ വിഷയത്തില്‍ എന്നത്, ഇരകളെ പ്രതി അദ്ദേഹം എത്രത്തോളം ആകുലത അനുഭവിക്കുന്നുണ്ട് അദ്ദേഹമെന്നത് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. പുരോഹിതസമൂഹത്തിലെ അംഗങ്ങളുടെ ലൈംഗികചൂഷണങ്ങള്‍ക്കിരകളായവരോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഐക്യത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും തീവ്രമായ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഇരകളോട് കൂടെ നടക്കുക, അവര്‍ക്കു സംലഭ്യരായിരിക്കുക എന്നതെല്ലാം പ്രധാനമാണെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു.

പാപ്പ ഒരു വാചകം പറഞ്ഞു കഴിഞ്ഞാല്‍ ബ്രെന്‍ഡ് അതെനിക്കു വേണ്ടി പരിഭാഷപ്പെടുത്തി തരുന്നതിനായി അല്‍പനേരം നിറുത്തും. ബ്രെന്‍ഡ പരിഭാഷപ്പെടുത്തുന്ന കാര്യം മറന്നു പോയാല്‍ പാപ്പ തന്‍റെ സംസാരം നിറുത്തുകയും എന്നെ സഹായിക്കുന്ന കാര്യം ബ്രെന്‍ഡയെ വളരെ സൗമ്യമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യും. വിരുന്നുവേളയിലുടനീളം ആര്‍ക്കും തങ്ങള്‍ വിട്ടുപോകുന്നതായി തോന്നരുതെന്നത് അദ്ദേഹം ഉറപ്പാക്കുന്നുണ്ടായിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നുള്ള അനുമതിക്കായി കാത്തു നില്‍ക്കുകയാണു താനെന്നും വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സമയം വളരെ വേഗം തീര്‍ന്നു പോയി, അതുപോലെ തന്നെ രുചികരമായ പ്രാദേശിക പനാമിയന്‍ വിഭവങ്ങളും. ഞങ്ങളെല്ലാം ചര്‍ച്ചകളില്‍ മുഴുകിപ്പോയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കാര്യം ഓര്‍ത്തതേയില്ല.

ഡെസര്‍ട്ടുകള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പാപ്പ ചോദിച്ചു, കൂടുതല്‍ ചോദ്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന്. പാപ്പ, അങ്ങ് എത്ര മണിക്കൂര്‍ ഉറങ്ങുമെന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പൊട്ടിച്ചിരിച്ചു, എല്ലാ ദിവസവും ആറു മണിക്കൂര്‍ ഉറങ്ങുന്നുണ്ടെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പയോടൊപ്പം വിരുന്നുണ്ണാന്‍ കഴിയും എന്നറിഞ്ഞ ദിവസം മുതല്‍ പാപ്പായ്ക്കു വേണ്ടി എന്താണു പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍ കഴിയുക എന്നു കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. സമാധാനപൂര്‍ണമായി ഉറങ്ങാന്‍ കഴിയുക എത്ര പ്രധാനമാണെന്നും അത്ര ദുഷ്കരമാണെന്നും ജീവിതത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ രാത്രിയും സമാധാനപൂര്‍ണമായി ഉറങ്ങാന്‍ കഴിയട്ടെ എന്നാണ് ഞാന്‍ പാപ്പായ്ക്കു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ഇതിനെ കുറിച്ച് പാപ്പയോടു പറഞ്ഞപ്പോള്‍ ഉണ്ടായ അദ്ദേഹത്തിന്‍റെ മറുപടി ഒരിക്കലും മറക്കുകയില്ല, "നിങ്ങള്‍ നിങ്ങളുടെ പ. പിതാവിനെ നോക്കേണ്ടതുണ്ട്."

വിരുന്നു ശേഷം ഞങ്ങള്‍ പാപ്പയുമായി സമ്മാനങ്ങള്‍ കൈമാറി. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ ഒരു സമ്മാനം ഞാന്‍ പാപ്പയ്ക്കു നല്‍കി. അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനുള്ള എന്‍റെ ആഗ്രഹം അദ്ദേഹം അനുവദിക്കുകയും സന്തോഷപൂര്‍വം സെല്‍ഫിയ്ക്കായി നിന്നു തരികയും ചെയ്തു. തനിക്കായി പ്രാര്‍ത്ഥിക്കുന്നതു തുടരണമെന്ന് അദ്ദേഹം വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചു.

വളരെ സന്തോഷം പകരുന്ന, മാധുര്യവും സ്നേഹവും പിതൃവാത്സല്യവുമുള്ള ഒരാളാണ് പാപ്പ. പരിശുദ്ധപിതാവ് എന്ന സംബോധന അദ്ദേഹത്തിനു തികച്ചും ചേരും. എന്നെന്നും ഓര്‍മ്മിക്കാവുന്ന മനോഹരവും എളിമപ്പെടുത്തുന്നതുമായ ഒരനുഭവമായിരുന്നു അത്. പാപ്പായെ കാണുവാന്‍ ജീസസ് യുത്ത് ഇന്‍റര്‍നാഷണലിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ കൃതാര്‍ത്ഥതയുണ്ട്. ദൈവത്തിന്‍റെ സ്നേഹവും അനുകമ്പയും കൃപയും അദ്ദേഹത്തില്‍ നിന്നു പ്രവഹിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. പിന്നീട് യുവജനദിനാഘോഷത്തിന്‍റെ ജാഗരണപ്രാര്‍ത്ഥനയിലും പേപ്പല്‍ സമൂഹബലിയിലും സംബന്ധിക്കുമ്പോള്‍ എത്ര തിരക്കു പിടിച്ചതാണ് പാപ്പായുടെ ദൈനംദിന പരിപാടികളെന്നതു ശ്രദ്ധിച്ചു. പ്രായത്തേയോ (82 വയസ്സ്!) ആരോഗ്യസ്ഥിതിയേയോ പരിഗണിക്കാതെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം അത്യദ്ധ്വാനം ചെയ്യുന്നു. വിരുന്നിടയിലും അദ്ദേഹം ഒന്നോ രണ്ടോ സെക്കന്‍റ് നേരത്തേയ്ക്ക് ക്ഷീണിച്ചിരിക്കുന്നതും ഉടന്‍ തന്നെ തന്‍റെ ഊര്‍ജം വീണ്ടെടുത്ത് പൂര്‍ണമായ സ്പിരിറ്റിലേയ്ക്കു മടങ്ങിയെത്തുന്നതും ഒന്നോ രണ്ടോ വട്ടം ശ്രദ്ധിച്ചിരുന്നു. നമ്മുടെ കുടുംബത്തിന്‍റെ നാഥന്‍ നമുക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുമ്പോള്‍ നമുക്കെങ്ങിനെ അലസരായിരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാതിരിക്കാനായില്ല.

ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നിങ്ങളും എന്നെപ്പോലെ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു കരുതട്ടെ; ഈ ദുര്‍ഘട കാലഘട്ടത്തിലൂടെ സഭയെ നയിക്കുന്നതിനുള്ള പരിശുദ്ധാത്മാവിന്‍റെ വരങ്ങളും ദാനങ്ങളും അദ്ദേഹത്തിനു ധാരാളമായി ലഭിക്കുന്നതിനു വേണ്ടിയും എല്ലാ ദിവസവും നല്ല ഉറക്കം കിട്ടുന്നതിനു വേണ്ടിയും.

(ലേഖകന്‍ കൊച്ചിയില്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലെ പ്രോജക്ട് മാനേജരും ജീസസ് യൂത്തിന്‍റെ സംഗീതശുശ്രൂഷാവിഭാഗമായ വോക്സ് ക്രിസ്റ്റിയിലെ ഗായകനും ബാന്‍ഡ് മാനേജരുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org