ശാന്തത മൗനം

ശാന്തത മൗനം

പാഠം 8 : സ്വാധ്യായ

ഫാ. പീറ്റര്‍ തിരുതനത്തില്‍

നിശബ്ദതയുമായി ചങ്ങാത്തത്തിലായിരുന്നു പ്രവാചകന്മാരെല്ലാം. മരുഭൂമിയിലെ 40 ദിനരാത്രങ്ങളും, സായാഹ്നങ്ങളില്‍ മലമുകളിലേക്കുള്ള പിന്‍വലിയലുമെല്ലാം നിശബ്ദതയെയും മനനത്തെയും യേശു വിലമതിച്ചിരുന്നു എന്നതിന്‍റെ സൂചനകളാണ്. ആള്‍ക്കൂട്ടത്തിനിടയിലെ നിശബ്ദരോദനങ്ങള്‍ തിരിച്ചറിഞ്ഞ് സാന്ത്വനസ്പര്‍ശമാകാനായത് നിശബ്ദതയെ യേശു പ്രണയിച്ചതുകൊണ്ടാകണം. ശക്തന്മാര്‍ക്കേ ശാന്തരാകാന്‍ കഴിയൂ.
ഒറ്റയ്ക്ക് ഒരു മുറിയില്‍ നിശബ്ദമായി ഇരിക്കാന്‍ പറ്റാത്തതാണ് മനുഷ്യന്‍റെ സര്‍വ്വദുഃഖങ്ങളുടെയും കാരണമെന്ന് വിഖ്യാതനായ ബ്ലെയ്സ് പാസ്ക്കല്‍.

പരിശീലിക്കാം:

1) രാത്രിയിലും രാവിലെയും മുറിക്കകത്തുള്ള സര്‍വ്വ ഉപകരണങ്ങളും ഓഫ് ചെയ്ത് അവിടെയുള്ള നിശബ്ദതയെ കണ്ടെത്തി ആസ്വദിക്കുക. (5 മിനിറ്റ് എങ്കിലും)
2) ആയിരിക്കുന്നത് എവിടെയോ അവിടെ തളംകെട്ടി നില്‍ക്കുന്ന നിശബ്ദതയെ തിരിച്ചറിയുക. നമ്മിലുള്ള സ്വാസ്ഥ്യത്തെ ഉത്തേജിപ്പിക്കുന്നത് കണ്ടെത്തുക.
3) വൃക്ഷലതാദികളെയും പൂവിനെയും ധ്യാനവിഷയമാക്കുമ്പോള്‍ നിങ്ങളില്‍ സന്നിവേശിപ്പിക്കപ്പെടുന്ന പ്രശാന്തതയില്‍ മുഴുകുക.
4) കലാസൃഷ്ടികളെ നിശബ്ദമായി വീക്ഷിക്കുക. നിങ്ങള്‍ക്കനുഭവപ്പെടുന്ന ലാഘവത്തെ അറിയുക.
5) നിങ്ങളുടെ ദേവാലയത്തിനകത്തുള്ള വശ്യമായ നിശബ്ദതയുടെ ആഴം തനിച്ചിരുന്ന് കണ്ടെത്തി യേശുവിനോടൊപ്പം ആയിരിക്കുക.

മനനത്തിന്

* ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീ. 46:10).
* അവന്‍ തര്‍ക്കിക്കുകയോ, ബഹളം കൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്‍റെ ശബ്ദം ആരും കേള്‍ക്കുകയില്ല (മത്താ. 12:19).
* നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക (മത്താ. 6:6).
* നിങ്ങള്‍ കിടക്കയില്‍വച്ച് ധ്യാനിച്ചു മൗനമായിരിക്കുക (സങ്കീ. 4:4).
* ഹൃദയത്തില്‍ സര്‍വ്വവും സംഗ്രഹിക്കുന്ന മറിയം (ലൂക്കാ 2:9)
* സഖറിയായുടെ ദീര്‍ഘമൗനം (ലൂക്കാ 1:20).
* ഉള്ളം ശാന്തമായ ഗുരു, കടലിന്‍റെ കോളിനെപ്പോലും നിശബ്ദമാക്കുന്നു (ലൂക്കാ 8:24).
* ഗുരുവിന്‍റെ പാദാന്തികത്തിലിരിക്കുന്ന മറിയം (ലൂക്കാ 10:39)
* സ്നേഹിതന്‍റെ ദുരന്തത്തില്‍ അവനോട് കാണിക്കാവുന്ന ഏറ്റവും വലിയ കാരുണ്യം അവനോടൊപ്പം നിശബ്ദമായിരിക്കുകയാണ് (ജോബ് 2:13).
* മൗനം നമ്മെ കണ്ടെത്താനുള്ള സുന്ദരമായ ഉപാധിയാണ്.
* പറയാതെ പറയുന്ന പ്രിയപ്പെട്ടവന്‍റെ ചേതോവികാരങ്ങള്‍ അറിയണമെങ്കില്‍ മൗനം ആവശ്യമാണ്.
* അനാവശ്യ ഭാഷണങ്ങള്‍ ആത്മീയതയ്ക്ക് പരിക്കേല്പിക്കുന്നവയാണ്.
"സമ്പൂര്‍ണ്ണകുംഭോ ന കരോതി ശബ്ദം."
നിശബ്ദമാണ് നിറകുടം.

frpeterte@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org