ശതാധിപന്‍

ശതാധിപന്‍

ശതാധിപന്‍ ആരാണെന്ന് അറിയണ്ടേ? റോമന്‍ പട്ടാളത്തെ ലീജിയണുകളായി തിരിച്ചിരുന്നു. ഒരു ലീജിയണില്‍ ആറായിരം പട്ടാളക്കാരുണ്ടായിരുന്നു. ലീജിയനെ നൂറു പേര്‍ വീതമുള്ള അറുപതു കൂട്ടങ്ങളായി തിരിച്ചിരുന്നു. നൂറു പേരുള്ള കൂട്ടത്തിന്‍റെ നേതാവിനെയാണു ശതാധിപന്‍ എന്നു വിളിക്കുക. ശതാധിപന്മാര്‍ യഹൂദരല്ല. റോമന്‍ ചക്രവര്‍ത്തിയുടെയും രാജ്യത്തിന്‍റെയും സംരക്ഷണത്തിനായി മരിക്കാന്‍പോലും തയ്യാറായി കഴിയുന്നവരാണിവര്‍. ഒരു കാര്യം ശ്രദ്ധിക്കുന്നതു നല്ലതുതന്നെ. പുതിയ നിയമത്തില്‍ നാം പരിചയപ്പെടുന്ന ശതാധിപന്മാര്‍ യേശുവിനെയും അനുയായികളെയും സഹായിച്ചവരാണ്. യേശു ദൈവപുത്രനാണെന്നു കുരിശില്‍ കിടക്കുന്ന യേശുവിനെ നോക്കി ഒരു ശതാധിപന്‍ പ്രഖ്യാപിച്ചു (മത്താ. 27:34). ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ പുറജാതിക്കാരന്‍ ശതാധിപനായ കൊര്‍ണേലിയൂസ് ആണ്. (അപ്പ. 10:22). വി. പൗലോസിനു റോമന്‍ പൗരത്വമുണ്ടെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തെ രക്ഷിച്ചത് ഒരു ശതാധിപനാണ് (അപ്പ. 23:17). കപ്പല്‍ അപകടത്തില്‍പ്പെട്ട അവസരത്തില്‍ തടവുകാരെയെല്ലാം കൊല്ലാന്‍ ഭടന്മാര്‍ പറഞ്ഞെങ്കിലും ഒരു ശതാധിപന്‍ പറഞ്ഞു, അങ്ങനെ ചെയ്യേണ്ടാ. അതു പൗലോസിനെ രക്ഷിക്കാന്‍വേണ്ടിയായിരുന്നു (അപ്പ. 27:43). കഫര്‍ണാമിലെ ശതാധിപന്‍ ഒരു റോമാക്കാരനാണ്. റോമാക്കാര്‍ അടിമകള്‍ക്കു കാര്യമായ സ്ഥാനമൊന്നും സമൂഹത്തില്‍ നല്കിയിരുന്നില്ല. അരിസ്റ്റോട്ടില്‍ എഴുതി: അടിമയുമായി സ്നേഹബന്ധത്തിനു സാദ്ധ്യതയില്ല. ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഉപകരണമാണ് അടിമ. ഏതാണ്ട് ഇതേ അഭിപ്രായമാണു റോമന്‍ എഴുത്തുകാരായ ഗായൂസും (Gaius) വാറോയും (Varro) പറഞ്ഞത്. എന്നാല്‍ ഈ ശതാധിപന്‍ തന്‍റെ അടിമ സുഖം പ്രാപിക്കണമെന്ന് ആഗ്രഹിച്ചു. ഇതു റോമാക്കാരുടെയിടയില്‍ അസാധാരണമായ പെരുമാറ്റ രീതിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org