ശുഭചിന്തകൾ

ശുഭചിന്തകൾ

ഈയൊരു ആത്മവിശ്വാസം നിങ്ങളില്‍ ഇപ്പോഴുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഏതു പ്രതിബന്ധങ്ങളെയും അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. ജീവിതത്തെ ശുഭകരമായി നോക്കിക്കാണുക. നിഷേധാത്മകമായ ചിന്തകളെ ഒഴിവാക്കുക. കഠിനമായി അദ്ധ്വാനിക്കുക. അനാവശ്യമായി അല്പസമയം പോലും പാഴാക്കരുത്. ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്, കൈവിട്ടുപോയ വാക്കോ സമയമോ നമുക്കു തിരിച്ചുകിട്ടുകയില്ല എന്ന തത്ത്വം ഓര്‍മിക്കുക. ചെയ്യേണ്ട പ്രവൃത്തികള്‍ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുക. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യുക. ഒരിക്കലും നാളത്തേയ്ക്കു മാറ്റിവയ്ക്കരുത്. ജീവിതത്തിന്‍റെ സമൃദ്ധിയില്‍ നിന്നുകൊണ്ട് എന്തെങ്കിലും ആരംഭിക്കാം എന്നു കരുതി ജീവിക്കുന്നവര്‍ ഒരിടത്തും എത്തിച്ചേരുകയില്ല. ഏറ്റവും എളിയ നിലയില്‍ നിന്നും ആരംഭിക്കുക. ക്രമമായി നമ്മുടെ സംരംഭം അല്ലെങ്കില്‍ ജോലിയിലെ മികവു വര്‍ദ്ധിപ്പിക്കുക.

നമ്മുടെ തെറ്റുകളും കഴിവുകളുമെല്ലാം വേര്‍തിരിച്ചു കണ്ടെത്തുക. തെറ്റുകളെയും ദൗര്‍ബല്യങ്ങളെയും തിരുത്തിക്കൊണ്ടു നേരായ വഴിയിലേക്കു മാറിക്കൊണ്ടു നമ്മുടെ കഴിവുകളെ പൂര്‍ണമായും വികസിപ്പിക്കുക. ഒപ്പം ഈശ്വരനിലും ആശ്രയിക്കുക. നാം ആഗ്രഹിക്കുന്ന ലക്ഷ്യം നമുക്കു നേടുവാന്‍ കഴിയും. ഇവിടെ മുന്‍വിധികള്‍ പാടില്ല. ഉണ്ടാകേണ്ടത് ഒരേയൊരു ചിന്തമാത്രം. 'ഞാന്‍ വിജയിക്കും' എന്ന ചിന്തയായിരിക്കണം അത്. വിജയത്തെ സഹയാത്രികനാക്കിക്കൊണ്ട് ഓരോ ദിവസവും നമുക്കു നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ കഴിയും. നമ്മുടെ ഓരോ ദിവസത്തിന്‍റെയും ആരംഭത്തില്‍ ആ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. അതു പൂര്‍ണമായും ചെയ്യുവാന്‍ പരിശ്രമിക്കുക. രാത്രിയില്‍ കിടക്കുന്നതിനുമുമ്പു പകല്‍ നടന്ന കാര്യങ്ങള്‍ മനസ്സിലേക്കു കൊണ്ടുവരിക. പാളിച്ചകള്‍ കണ്ടെത്തുക, തിരുത്തുക, പുതിയ നയങ്ങള്‍ രൂപീകരിക്കുക. പിറ്റേ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാലോചിക്കുക. ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കുക. ഓരോ ദിവസവും എന്തെങ്കിലും ഒരു നന്മയെങ്കിലും മറ്റുള്ളവര്‍ക്കു ചെയ്യുമെന്നു പ്രതിജ്ഞയെടുക്കുക. അതു ചെയ്യുക. നിങ്ങളുടെ മനസ്സിനു വളരെയേറെ സംതൃപ്തി ലഭിക്കും.

ഓരോ ചെറിയ നേട്ടങ്ങളും ഓരോ ദിവസവും പൂര്‍ത്തിയാക്കിയ പ്രവൃത്തികളും നിങ്ങളുടെ മനസ്സിനെ ലക്ഷ്യത്തിലേക്കടുപ്പിക്കും. അവ നിങ്ങളുടെ മനസ്സിന്‍റെ ഭാരം കുറയ്ക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org