സിദ്ധ, യുനാനി, നാച്ചുറോപ്പതി

സിദ്ധ, യുനാനി, നാച്ചുറോപ്പതി

എം. ഷൈറജ്

യുവര്‍ കരിയര്‍

അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സാരീതികളെക്കുറിച്ചും അവയുടെ പഠനത്തിലൂടെ ഭിഷഗ്വരന്മാരാകാനുള്ള വഴികളെക്കുറിച്ചും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവുണ്ട്. എന്നാല്‍ ഇവ കൂടാതെ മറ്റു ചില പാരമ്പര്യചികിത്സാശാഖകളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. അവയില്‍ പ്രധാനമായവയാണു സിദ്ധ, യുനാനി, പ്രകൃതിചികിത്സ, യോഗ എന്നിവ. ഈ ചികിത്സാരീതികളിലെ പഠനാവസരങ്ങളെക്കറിച്ചുള്ള അവബോധം നമ്മുടെ കുട്ടികളില്‍ കുറവാണ്.

ആയുഷ് (Ayush): മേല്പറഞ്ഞ ശാഖകളില്‍ പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യം അറിഞ്ഞിരിക്കേണ്ടതു കേന്ദ്രസര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയത്തെക്കുറിച്ചാണ്. ആയുര്‍വേദം, യോഗ-പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളിലുള്ള പഠന-ഗവേഷണങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മന്ത്രാലയവും രൂപീകൃതമായത്. ഇതര പാരമ്പര്യ ചികിത്സാമേഖലകളും ഈ വകുപ്പിന്‍റെ കീഴിലാണു വരുന്നത്.
പാരമ്പര്യ ചികിത്സാധാരകളിലെ കോഴ്സുകളും പഠനരീതിയും പാഠ്യക്രമവും സ്ഥാപനങ്ങളുടെ അംഗീകാരവുമൊക്കെ ആയുഷ് വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്. അതിനാല്‍ ഈ ചികിത്സാവിഭാഗങ്ങളിലേതെങ്കിലുമൊന്നില്‍ ഡോക്ടറാകുവാന്‍ ശ്രമിക്കുന്നവര്‍ പഠിക്കുവാന്‍ പോകുന്ന കോഴ്സിന്‍റെയും സ്ഥാപനത്തിന്‍റെയും അംഗീകാരം ആയുഷ് വകുപ്പിന്‍റെ വെബ്സൈറ്റില്‍ പോയി ഉറപ്പാക്കണം. അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക ഓരോ വര്‍ഷവും പുതുക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍ ഏറ്റവും പുതിയ ലിസ്റ്റ് തന്നെ പരിശോധിക്കണം.

സിദ്ധവൈദ്യം:
പൗരാണിക ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളിലൊന്നാണു സിദ്ധവൈദ്യം. അഗസ്ത്യമുനിയുടെ ശിക്ഷണത്തില്‍ രൂപംകൊണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ ശാഖ തെക്കേ ഇന്ത്യയില്‍ പ്രധാനമായും തമിഴ്നാട്ടിലാണു പ്രചാരത്തിലായത്. സിദ്ധവൈദ്യത്തിന്‍റെ പ്രധാന ഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴിലാണുള്ളത്. നാഡിമിടിപ്പ്, മൂത്രം, കണ്ണുകള്‍, ശബ്ദം, ശരീരത്തിന്‍റെ നിറം, നാക്ക്, ദഹന വ്യവസ്ഥയുടെ സ്ഥിതി എന്നിവയുടെ പരിശോധനയിലൂടെയാണു സിദ്ധവൈദ്യത്തില്‍ രോഗനിര്‍ണയം നടത്തുന്നത്. രോഗത്തിനു മാത്രമായി ചികിത്സിക്കുന്നതിനു പകരം ഓരോ രോഗിക്കും അയാളുടെ വ്യക്തിയധിഷ്ഠിതമായ ഘടകങ്ങളനുസരിച്ചു ചികിത്സ നല്കുകയാണു ചെയ്യുക. ആയുര്‍വേദവുമായി അടുത്തു നില്ക്കുന്ന ചികിത്സാരീതിയാണിത്.

ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BSMS) ആണ് സിദ്ധ ഡോക്ടറാവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. MBBS/ BDS പ്രവേശനത്തിനു ദേശീയതലത്തില്‍ CBSE നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ NEET-ല്‍ യോഗ്യത നേടിയിരിക്കണമെന്നാണു നിലവിലുള്ള ചട്ടം. നീറ്റ് യോഗ്യതയുള്ളവര്‍ അതാതു സംസ്ഥാന തലത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കണം.

കേരളത്തില്‍ തിരുവനന്തപുരത്ത് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ BSMS കോഴ്സുണ്ട്. 50 സീറ്റുകളാണുള്ളത്. തമിഴ്നാട്ടില്‍ തിരുനെല്‍വേലി, കന്യാകുമാരി, വില്ലുപുരം, സേലം എന്നിവിടങ്ങളിലായി അഞ്ചു കോളേജുകളുണ്ട്. ആയുഷ് വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.

സിദ്ധവൈദ്യത്തില്‍ ഉപരിപഠനത്തിനും അവസരമുണ്ട്, MD, Phd തുടങ്ങിയവ. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് സിദ്ധയാണു മുന്‍നിര സ്ഥാപനം.

യുനാനി:
ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞന്‍ ഹിപ്പോക്രാറ്റസിന്‍റെയും റോമന്‍ വൈദ്യശാസ്ത്രജ്ഞന്‍ ഗാലന്‍റയുടെയും ഗവേഷണത്തെ അടിസ്ഥാനമാക്കിയ വൈദ്യശാസ്ത്രശാഖയായാണു യുനാനി കണക്കാക്കപ്പെടുന്നത്. ഇതൊരു സമ്പൂര്‍ണ ചികിത്സാരീതിയായി വികസിപ്പിച്ചത് അറബികളും അവിസെന്നയെപ്പോലുള്ള പേര്‍ഷ്യന്‍ വൈദ്യന്മാരുമായിരുന്നു. അതിനാല്‍ ഒരു പേര്‍ഷ്യന്‍-അറബി പാരമ്പര്യവൈദ്യശാഖയായി യുനാനിയെ കാണാവുന്നതാണ്. മുഗള്‍ ഭരണത്തോടെയാണു യുനാനി ഇന്ത്യയില്‍ വേരൂന്നിയതെന്ന് അനുമാനിക്കാം.

ബാച്ച്ലര്‍ ഓഫ് യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BUMS) ആണു യുനാനി ഡോക്ടറാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സാവണം. നീറ്റ് യോഗ്യതയും വേണം.

കേരളത്തില്‍ കോഴിക്കോട്, മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജില്‍ യുനാനി BUMS കോഴ്സുണ്ട്. 60 സീറ്റുകളാണുള്ളത്. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ കൂടുതല്‍ കോളുകളും ഉത്തരേന്ത്യയിലാണുള്ളത്. അംഗീകാരമുള്ള 40-ഓളം സ്ഥാപനങ്ങള്‍ രാജ്യത്തൊട്ടാകെയുണ്ട്.

യുനാനിയുടെ ഗവേഷണത്തിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ ബാംഗ്ലൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ന്യൂഡല്‍ഹി ആസ്ഥാനമാക്കി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിനും പ്രവര്‍ത്തിക്കുന്നുണ്ട്.

നാച്ചുറോപ്പതി/യോഗ:
പൊതുവേ ഔഷധരഹിത ചികിത്സ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചികിത്സാരീതിയാണു നാച്ചുറോപ്പതി അഥവാ പ്രകൃതിചികിത്സ. ശരീരത്തിനു രോഗത്തെ സ്വയം മാറ്റിയെടുക്കുവാന്‍ കഴിവുണ്ട് എന്നാണ് ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം. വിശ്രമം, ഉപവാസം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ മിതമായി കഴിക്കല്‍, ശരീരഭാഗങ്ങളില്‍ മണ്ണു പൊതിയുക, ജലത്തില്‍ മുക്കുക തുടങ്ങിയവയൊക്കെയാണു ചികിത്സാരീതികള്‍.

നാച്ചുറോപ്പതിയും യോഗയും ഉള്‍പ്പെടുത്തി ഒരു പഠന-ചികിത്സാശാഖയായി രൂപപ്പെട്ടിട്ടുണ്ട്.

നാച്ചുലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ് (BNYS) ആണു പ്രകൃതിചികിത്സാ ഡോക്ടറാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ്ടു പാസ്സായശേഷം പഠനം നടത്താം. നിലവിലുള്ള നിയമമനുസരിച്ചു നീറ്റ് യോഗ്യത വേണ്ടതില്ല. എന്നാല്‍ ഈ വ്യവസ്ഥ മാറുമെന്നാണു കരുതപ്പെടുന്നത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും തെലുങ്കാനയിലുമുള്‍പ്പെടെ നിരവധി പഠനകേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്.

നാച്ചുറോപ്പതിയില്‍ എം.ഡി. ഉപരിപഠന സാദ്ധ്യതയുമുണ്ട്.

തെരഞ്ഞെടുക്കുംമുമ്പ്:
പാരമ്പര്യ വൈദ്യശാഖ പഠനത്തിനായി തെരഞ്ഞെടുക്കുന്നതിനുമുമ്പു നാം ലക്ഷ്യം വയ്ക്കുന്ന ചികിത്സാരീതിയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതു നന്നായിരിക്കും. പ്രസ്തുത ശഖയിലെ ഒരു പ്രൊഫഷണല്‍ ഡോക്ടറെയും ചികിത്സാകേന്ദ്രവും സന്ദര്‍ശിക്കുന്നതു പ്രയോജനപ്രദമായിരിക്കും.

വെബ്സൈറ്റ്:www.aush.gov.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org