|^| Home -> Suppliments -> ULife -> സൈന്‍ ബോര്‍ഡുകള്‍ നോക്കുക, സ്വന്തമായി നിര്‍മ്മിക്കുക

സൈന്‍ ബോര്‍ഡുകള്‍ നോക്കുക, സ്വന്തമായി നിര്‍മ്മിക്കുക

Sathyadeepam

സണ്ണി ജോസഫ്

ഒരു പഴയ കഥയാണ്. ഏകദേശം 27 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ദിവസം ഞാന്‍ ഏറ്റുമാനൂര്‍ക്കു പോകാന്‍, ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ മരബെഞ്ചില്‍ വേണാട് എക്സ്പ്രസ്സ് കാത്തിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നല്ലോ അത്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നമുക്കു സമയമുണ്ടായിരുന്ന കാലം. അതുകൊണ്ടു തന്നെ ഒരു റെയില്‍വേ ജീവനക്കാരന്‍ ഒരു ബോര്‍ഡ് സ്റ്റേഷന്‍ മാസ്റ്ററുടെ ആപ്പീസിന്‍റെ മുമ്പില്‍ കൊണ്ടു വയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. എഴുന്നേറ്റു ചെന്നു നോക്കി. ബോര്‍ഡില്‍ എഴുതിയിരുന്നത് ‘ട്രെയിന്‍ 30 മിനിറ്റ് വൈകി ഓടുന്നു’ എന്നായിരുന്നു.

“എന്തു പറ്റി?” ഞാന്‍ അയാളോടു ചോദിച്ചു.

“ഷൊര്‍ണൂര്‍ അടുത്ത്, ഒരു ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, അത് എടുത്തു മാറ്റാതെ വേറെ ട്രെയിനുകള്‍ക്ക് വരാന്‍ പറ്റില്ല.”

“അതിനു ഏകദേശം എത്ര സമയം എടുക്കും?” ഞാന്‍ വീണ്ടും ചോദിച്ചു.

“ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം എടുത്തേക്കും,” അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി.

“എന്നാ പിന്നെ എന്തിനാ ഇങ്ങനെ ഒരു ബോര്‍ഡ് വെക്കണേ?” എന്‍റെ ചോദ്യത്തില്‍ നിരാശയും രോഷവും നിസ്സഹായതയും പുച്ഛവും എല്ലാം കലര്‍ന്നിരുന്നു എന്നാണോര്‍മ്മ. ഈ ചോദ്യത്തിനുള്ള അയാളുടെ മറുപടിയാണു കൂടുതല്‍ ഞെട്ടലുണ്ടാക്കിയത്:

“സാറെ, ഈ ബോര്‍ഡ് മാത്രമേ ഇപ്പോള്‍ ഇവിടെ സ്റ്റോക്ക് ഉള്ളൂ.”

ജീവിതത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് ഭാവിയെക്കുറിച്ചുള്ള, സൈന്‍ ബോര്‍ഡുകള്‍ പലപ്പോഴും ഇങ്ങനെയാണ്. ഒരു വിദ്യാര്‍ത്ഥിക്ക് നല്ലൊരു ജോലി കിട്ടാനും അതില്‍ നന്നായി പെര്‍ഫോം ചെയ്യാനും യഥാര്‍ത്ഥത്തില്‍ വേണ്ട കഴിവുകളും വ്യക്തിത്വഗുണങ്ങളും എന്തൊക്കെയാണെന്നു പറഞ്ഞു കൊടുക്കുന്ന സൈന്‍ ബോര്‍ഡുകള്‍ ഒന്നുകില്‍ കിട്ടാനില്ല, ഉണ്ടെങ്കില്‍ തന്നെ, അത് നമ്മള്‍ കാണാറില്ല. വളരെയധികം മാറ്റങ്ങള്‍ ഈയിടെ വന്നിട്ടുണ്ടെങ്കിലും, നമ്മുടെ വിദ്യാഭ്യാസരംഗം ഇപ്പോഴും ഇക്കാര്യത്തില്‍ പിന്നില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ മേഖലയും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമായി നടക്കുന്നില്ല. ഏണസ്റ്റ് & യംഗ്, ഡെലോയ്റ്റ്, റോയിട്ടേഴ്സ് തുടങ്ങിയ വന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യതകളേക്കാള്‍, പ്രധാനമായും ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാട്, തൊഴിലിനോടുള്ള ആഭിമുഖ്യം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ നോക്കി മാത്രം ജോലിക്കെടുക്കുന്നു എന്ന് ഈയിടെ വായിക്കാനിടയായി. പഠനേതര വൈദഗ്ദ്ധ്യങ്ങള്‍ക്കും വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ക്കും സ്വഭാവ സവിശേഷതകള്‍ക്കും നമ്മള്‍ കൊടുക്കേണ്ട പ്രാധാന്യത്തിലേയ്ക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.

ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ജോലി കണ്ടുപിടിക്കുന്നതിനേക്കാള്‍ വിഷമമുള്ള കാര്യം അവിടെ പിടിച്ചു നില്‍ക്കുകയും മാനേജ്മെന്‍റിന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും സ്വന്തം കരിയറില്‍ മുന്നേറുകയും ചെയ്യുക എന്നതാണ്. തൊഴില്‍മേഖല പ്രതീക്ഷിക്കുന്നതെന്താണെന്ന് കൃത്യമായി അറിയാനുള്ള സൈന്‍ ബോര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമല്ല എന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ഭൂരിഭാഗം തൊഴിലുകള്‍ക്കും ആവശ്യമായ കഴിവുകളെല്ലാം നമുക്കു വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നവയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഏതു തൊഴിലിലും ഉപയോഗപ്രദമായ ചില പൊതുയോഗ്യതകളും തിരഞ്ഞെടുക്കുന്ന തൊഴില്‍ മേഖലകളില്‍ ആവശ്യമായ ഏതാനും സവിശേഷ വൈദഗ്ധ്യങ്ങളും ഒരു ഉദ്യോഗാര്‍ത്ഥി കൈവശം വയ്ക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന, അല്ലെങ്കില്‍ നിങ്ങളുടെ മനസിലുള്ള ആ തൊഴില്‍ ഏതാണ്? അതിനാവശ്യമായ കഴിവുകളും പാടവങ്ങളും എന്താണ്? ഒരു സ്ഥാപനത്തില്‍ നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍, നിങ്ങളില്‍ ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങള്‍ എന്തെല്ലാമാണ്? സ്കൂളിലും കോളേജിലും നന്നായി പഠിച്ചതു മാറ്റിയാല്‍ നിങ്ങളാര്‍ജിച്ച അല്ലെങ്കില്‍ പരിശീലിച്ച നൈപുണ്യങ്ങളും യോഗ്യതകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കു നിങ്ങളില്‍ ഉത്തരമില്ല എങ്കില്‍, ഓര്‍ക്കുക, ഈ ഉത്തരങ്ങള്‍ കണ്ടുപിടിക്കാനും അഥവാ, മേല്‍പറഞ്ഞ സൈന്‍ബോര്‍ഡുകള്‍ സ്വന്തമായി നിര്‍മ്മിക്കാനും അതനുസരിച്ച് ആവശ്യമായ പരിശീലനം തുടങ്ങാനും ഏറ്റവും അനുയോജ്യമായ സമയമാണ് ഈ ലോക്ക്ഡൗണ്‍. തൊഴില്‍ കണ്ടെത്താനും കണ്ടെത്തിയ തൊഴിലില്‍ ഉയരാനും ആഗ്രഹിക്കുന്നവര്‍ ഈ സമയം പ്രയോജനപ്പെടുത്തണം. കോവിഡ് കാല മുദ്രാവാക്യം പോലെ ഇക്കാര്യത്തിലും “ഭയമല്ല വേണ്ടത്, കരുതലാണ്!”

തൊഴില്‍മേഖലയില്‍ നന്നായി ശോഭിക്കാന്‍, ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായകമായ ‘സംഗതികളുടെ’ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ലിസ്റ്റ് ഇല്ല. എങ്കിലും, ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്ത ബ്രിട്ടനിലെ ‘പാര്‍ലിമെന്‍ററി ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക് നോളജി’ ഈയടുത്തിടെ പുറത്തിറക്കിയ ഒരു ലിസ്റ്റ് ഇവിടെ പങ്കു വയ്ക്കുകയാണ്:

1. സാമൂഹ്യവും വൈകാരികവുമായ കഴിവുകള്‍:
ഒരാള്‍ സ്വന്തം വികാരങ്ങളെ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും, മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം ചെയ്യാനും, ആരോഗ്യപരമായ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും ഉപയോഗിക്കുന്ന കഴിവുകളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആത്മവിശ്വാസം, നേതൃത്വഗുണങ്ങള്‍, നല്ല രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ്, സഹാനുഭൂതി, സ്വയാവബോധം, സ്വന്തം കഴിവുകളിലുള്ള വിശ്വാസം, സ്വന്തം വികാരങ്ങളെ മനസിലാക്കാനും കൈകാര്യം ചെയ്യാനുള്ള കഴിവ്, മറ്റുള്ളവരുടെ കൂടെ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ആഭിമുഖ്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള പാടവം എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു.

2. നമ്മുടെ മനോഭാവവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും
ജീവിതത്തിന്‍റെ വഴികാട്ടികളായി കുട്ടിക്കാലം മുതല്‍ മനസ്സിലാക്കിയതും വളര്‍ത്തിയെടുത്തതുമായ നമ്മളുടെ അടിസ്ഥാനപരമായ തത്ത്വങ്ങളും പ്രവണതകളുമാണിവ. കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള ആഭിമുഖ്യം, സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവ്, ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള സ്വന്തം കഴിവിലുള്ള വിശ്വാസം, മോഹഭംഗങ്ങളെ കൈകാര്യം ചെയ്യാനുള്ള സഹനശീലം, സത്യസന്ധത, പൗരാധികാരബോധം, ബഹുമാനശീലം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.

3. സര്‍ഗ്ഗശക്തിയും പുതിയ ആശയങ്ങളോടുള്ള സമീപനവും
പുതുതായി എന്തെങ്കിലും ചെയ്യുന്നതിലും കണ്ടുപിടിക്കുന്നതിലുമുള്ള ആഭിമുഖ്യം, കാര്യങ്ങളെ വ്യത്യസ്തരീതികളില്‍ വിഭാവനം ചെയ്യാനും ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനുമുള്ള കഴിവുകള്‍, സ്വന്തമായി പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, വ്യത്യസ്തമായ ആശയങ്ങളോടും വസ്തുതകളോടുമുള്ള ഒരു തുറന്ന മനോഭാവം എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്.

4. സ്വന്തം ചിന്തകളെ പരിചിന്തനം ചെയ്യാനുള്ള കഴിവ്
സ്വന്തം ചിന്തകളെയും, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവുകളേയും കുറവുകളേയും കുറിച്ചുള്ള ഒരു വ്യക്തിയുടെ പരിജ്ഞാനം വളരെ പ്രധാനമാണ്. ശ്രദ്ധാപൂര്‍വകമായ നിരീക്ഷണങ്ങളും കൃത്യമായ തിരഞ്ഞെടുപ്പുകളും നിരന്തരം നടത്തിക്കൊണ്ടിരിക്കണം. അവയനുസരിച്ചു, ജീവിതത്തെ കുറിച്ചു സ്വന്തമായ പദ്ധതികള്‍ തയ്യാറാക്കണം. ആ പദ്ധതികള്‍ നിറവേറ്റുന്നതിനാവശ്യമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു നൈപുണ്യം വളര്‍ത്തിയെടുക്കണം. പ്രശ്നങ്ങള്‍ക്ക് കണിശമായ പരിഹാരം കണ്ടെത്താനുള്ള പാടവം, സമയക്രമീകരണങ്ങളിലൂടെയും മറ്റും സ്വയം സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം സ്വന്തം ജീവിതപദ്ധതി വിജയിപ്പിക്കുന്നതിനാവശ്യമായ ഗൗരവമുള്ള കാര്യങ്ങളാണ്.

ഈ ചെറിയ വലിയ ലിസ്റ്റു കണ്ട് നിങ്ങള്‍… അല്ല, ഭയമല്ല വേണ്ടത്, കരുതലാണ്! ചോദ്യമിതാണ്, എങ്ങനെയാണ് ഈ കഴിവുകള്‍ വളര്‍ത്തിയെടുക്കുക?

ഒരുപക്ഷെ, നിങ്ങള്‍ ഇതിനകം മനസിലാക്കിയതുപോലെ, ഇവയില്‍ കൂടുതലും പുസ്തകങ്ങള്‍ക്കും ക്ലാസ്റൂമിന്‍റെ നാല് ചുമരുകള്‍ക്കും പുറത്തു നിന്നു കണ്ടുപിടിച്ച് വളര്‍ത്തിയെടുക്കേണ്ട സാമര്‍ഥ്യങ്ങളാണ്. ഇതിനായി, പരമാവധി പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, അവധിക്കാല ജോലികളിലോ പാര്‍ട് ടൈം ജോലികളിലോ ഏര്‍പ്പെടുക, വിവിധതരം സന്നദ്ധസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ലഭ്യമായ നേതൃത്വസ്ഥാനം ഏറ്റെടുക്കുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പലതരത്തിലുള്ള മാധ്യമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, അതിലൂടെ സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക, സമൂഹത്തിനാവശ്യമായ മൂല്യങ്ങള്‍ക്കുവേണ്ടി പ്രചാരണങ്ങള്‍ നടത്തുക, യാത്രകള്‍ ചെയ്യുക, നല്ല വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുക, ഒന്നിലധികം ഹോബികളുമായി മുന്നോട്ടു പോകുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും.

ചിലപ്പോഴെങ്കിലും പുതിയ അറിവുകളും അവ നല്‍കുന്ന തിരിച്ചറിവുകളും ഭയവും ആശങ്കയും തന്നെയാണുണ്ടാക്കുക. നമ്മുടെ പരിമിതികളേയും പരാധീനതകളേയും കുറിച്ചറിയുമ്പോഴുള്ള ഞെട്ടല്‍ വേദനാജനകമാണ്. പക്ഷേ, ആ വേദനയും ഭയവും മറികടന്നു കഴിയുമ്പോള്‍ അതു നമ്മെ ഉണര്‍ത്തുകയും കര്‍മ്മോത്സുകരാക്കുകയും ചെയ്യുന്നു. അതു മെച്ചപ്പെട്ട ജീവിതത്തിലേയ്ക്കുള്ള വാതിലുകള്‍ തുറക്കുന്നു.

വായിച്ചറിഞ്ഞ കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ ഈ നിമിഷം മുതല്‍ എന്തു ചെയ്യുന്നു എന്നതാണു പ്രധാനം. സ്വന്തം കഴിവുകള്‍ എന്തൊക്കെയാണെന്ന അവബോധമാര്‍ജിക്കാനും പുതിയ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ഈ ലോക്ക്ഡൗണിനേക്കാള്‍ മികച്ച അവസരം ഇനി ലഭിക്കാനില്ല. ‘നിങ്ങളുടെ ഭാവി, നിങ്ങള്‍ ഇന്ന് എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’ എന്ന രാഷ്ട്രപിതാവിന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. സൈന്‍ ബോര്‍ഡുകളിലേയ്ക്കു കണ്ണുകള്‍ തുറക്കുക, സ്വന്തമായ സൈന്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കുക, ജീവിതവിജയം നിങ്ങള്‍ക്കുള്ളതാണ്.

(ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നിംഹാന്‍സില്‍ നിന്ന് എം.ഫിലും നേടിയ ലേഖകന്‍ നിംഹാന്‍സിലും മണിപ്പാല്‍ ആശുപത്രിയിലും കണ്‍സല്‍ട്ടന്‍റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് & ന്യൂറോ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തു. ഇപ്പോള്‍ തെറാപിസ്റ്റ്, ഫസിലിറ്റേറ്റര്‍ & പേഴ്സണല്‍ കോച്ച് ആയി ബാംഗ്ലൂരില്‍ പ്രൈവറ്റ് പ്രാക്ടീസിംഗ് നടത്തുന്നു. മുരിങ്ങൂര്‍, സാന്‍ജോനഗര്‍ സ്വദേശിയാണ്.

Leave a Comment

*
*