വി.കുർബാനയിലെ ആം​ഗ്യങ്ങളുടെ അർത്ഥങ്ങൾ

വി.കുർബാനയിലെ ആം​ഗ്യങ്ങളുടെ അർത്ഥങ്ങൾ

കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വി.കുര്‍ബാന സഭാ ജീവിതത്തിന്‍റെ അത്യുച്ചസ്ഥാനമാണ്. സുരക്ഷിതത്ത്വവും ബന്ധത്തിന്‍റെ ഉറപ്പും നല്കുന്ന വേദിയാണ് കര്‍ത്താവിന്‍റെ അത്താഴമായ വി.കുര്‍ബാന. മാമ്മോദീസയിലൂടെ രാജകീയ പൗരോഹിത്യത്തിലേക്ക് കടന്നുവന്ന് ലേപനത്താല്‍ ആത്മാഭിഷിക്തരായി ദൈവജനം പരി.കുര്‍ബാനയിലൂടെ കര്‍ത്താവിന്‍റെ രക്ഷാകരബലിയില്‍ സര്‍വ്വസഭാസമൂഹത്തോടുമൊത്ത് പങ്കുചേരുന്നു. (ഇഇഇ1322) അതിനാല്‍ തന്നെ ഉന്നതമായ ഈ ദിവ്യരഹസ്യത്തെ ആഴത്തില്‍ അറിയുക അനിവാര്യമാണ്.

വാക്കുകള്‍ക്കു വിരാമമാകുമ്പോള്‍ അടയാളങ്ങള്‍ കടന്നുവരുന്നു. അടയാളങ്ങള്‍ വാക്കുകളെ ആഴപ്പെടുത്തുന്നു. വാക്കുകള്‍ അടയാളങ്ങളെ പ്രകാശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൗദാശിക രഹസ്യങ്ങളെ വിശുദ്ധ അടയാളങ്ങളെന്നാണ് വി. അഗസ്തീനോസ് നിര്‍വ്വചിക്കുന്നത്. കൂദാശകളുടെ കൂദാശയായ വി. കുര്‍ബാനയില്‍ പലവിധത്തിലുള്ള അടയാളങ്ങളും തനതായ ആന്തരിക അര്‍ത്ഥങ്ങളും ഉണ്ട്

ആംഗ്യങ്ങള്‍
കൈകള്‍ വിരിച്ചു പിടിക്കുന്നത് മാധ്യസ്ഥതയെയും കൂപ്പിപ്പിടിക്കുന്നത് പ്രാര്‍ത്ഥനാഭാവത്തെയും ഭയഭക്തിബഹുമാനത്തെയും സൂചിപ്പിക്കുമ്പോള്‍, കൈകള്‍ മുമ്പോട്ട് മലര്‍ത്തിപ്പിടിക്കുന്നത് (ഉയര്‍ത്തിപ്പിടിക്കുന്നത്) യാചനാഭാവത്തെയും കുനിഞ്ഞുനില്ക്കുന്നത് ബഹുമാനം, ഭയം, ഭക്തി, വിനയം തുടങ്ങിയവയെയും വ്യക്തമാക്കുന്നു.

മുട്ടുകുത്തുന്നത് അനുതാപത്തിന്‍റെയും പ്രായശ്ചിത്തഭാവത്തിന്‍റെയും സൂചന നല്കുന്നു. എഴുന്നേല്ക്കുന്നതും നില്ക്കുന്നതും സന്തോഷം, ഉത്ഥാനം, ദൈവമക്കളുടെ സ്വാതന്ത്ര്യം, പെസഹാഭക്ഷണം, പ്രാര്‍ത്ഥനാഭാവം ഇവയെല്ലാം അര്‍ത്ഥമാക്കുന്നു. കൈകള്‍ കമിഴ്ത്തി പിടിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ ആവാസത്തെയും റൂശ്മ ചെയ്യുന്നത് വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു.

കണ്ണുകള്‍ ഉയര്‍ത്തുന്നത് സ്വര്‍ഗ്ഗ ത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നതിന്‍റെയും പ്രത്യാശയുടെയും, കണ്ണുകള്‍ താഴ്ത്തുന്നത് വിനയത്തിന്‍റെയും അനുതാപത്തിന്‍റെയും പ്രതീകമാണ്. മൗനം ധ്യാനാത്മകതയുടെ അടയാളമാണ്. ഉയര്‍ന്ന സ്വരം പ്രഘോഷണം, ആഹ്ലാദം ഇവയെ അര്‍ത്ഥമാക്കുന്നു. താഴ്ന്ന സ്വരം ധ്യാനാത്മകത, പ്രാര്‍ത്ഥനയുടെ കൂടുതല്‍ പ്രാധാന്യം ഇവ സൂചിപ്പിക്കുന്നു.

സ്ലീവായുടെ അടയാളം ആശീര്‍വ്വാദമാണ് നല്കുക. അതുവഴി നാം വിശുദ്ധീകരിക്കപ്പെടുന്നു. വ്യത്യസ്തമായ ഈ പ്രതീകങ്ങള്‍ വിശുദ്ധ കുര്‍ബാന എന്തെന്നും അതില്‍ എപ്രകാരം സംബന്ധിക്കണമെന്നും നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org