സിസ്റ്റൈൻ ചാപ്പൽ

സിസ്റ്റൈൻ ചാപ്പൽ

നാലാം സിക്സ്റ്റസ് പാപ്പാ നിര്‍മ്മിച്ചതിനാലാണ് (1475-85) 'സിസ്റ്റൈന്‍' എന്ന്റോമിലെ ഈ പള്ളിക്ക് പേര് വന്നത്. വത്തിക്കാന്‍ കൊട്ടാരത്തിന്‍റെ കപ്പേളയാണിത്. ജിയോവന്നീനോ ദെ ദോള്‍ചിയും ബാച്ചിയോ പൊന്തെല്ലിയുമായിരുന്നു ശില്പികള്‍. ഇന്നും വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന ഈ കപ്പേളയിലാണ് മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് കൂടുന്നതെന്ന് പറയേണ്ടതില്ലല്ലൊ. 40 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഈ പള്ളിക്ക് മാര്‍ബിള്‍ തറയും ഹൈക്കലായെ മദ്ബഹായില്‍ നിന്നും വേര്‍തിരിക്കുന്ന മാര്‍ബിള്‍ അഴിക്കാലുകളും ഉണ്ട്. ഗായകര്‍ക്കുള്ള പ്രത്യേക സ്ഥലവും കപ്പേളയിലുണ്ട്.

ഭിത്തിയുടെ മേല്‍ഭാഗത്തായി 24 മാര്‍പാപ്പമാരുടെ പൂര്‍ണ്ണകായ ചിത്രങ്ങളുണ്ട്. ഗിര്‍ലാന്തായിയോ, ബോത്തിസെല്ലി മുതലായവരാണ് ഇവ രചിച്ചത്.

സിസ്റ്റൈന്‍ കപ്പേളയുടെ മച്ചില്‍ ഒരു നീലാകാശവും അതില്‍ കുറെ നക്ഷത്രങ്ങളും മാത്രമേ ചിത്രണം ചെയ്യപ്പെട്ടിരുന്നുള്ളൂ. 1508-ല്‍ ജൂലിയസ് രണ്ടാമന്‍ പാപ്പാ അവിടെ ചിത്ര രചന നടത്താന്‍ മൈക്കലാഞ്ചലോയോട് ആവശ്യപ്പെട്ടു. ശില്പിയായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ഈ ദൗത്യം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും പാശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിലെ അതിപ്രധാനമായൊരു ഗിരിശൃംഗം മൈക്കലാഞ്ചലോ അവിടെ സൃഷ്ടിക്കുക തന്നെ ചെയ്തു. അദ്ദേഹം തന്നെ രൂപകല്പന ചെയ്ത് ഒരു മഞ്ചലില്‍ മലര്‍ന്നു കിടന്നുകൊണ്ട് വരച്ച ഈ ചിത്രപരമ്പര അത്ഭുതാദരങ്ങളോടെയേ നോക്കിക്കാണാന്‍ പറ്റൂ. "ചിത്രം വരക്കാന്‍ എനിക്കു കഴിവില്ല" എന്നു മൈക്കലാഞ്ചലോ പറഞ്ഞതായാണു കേള്‍വി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org