|^| Home -> Suppliments -> Familiya -> പ്രണയവിവാഹിതരുടെ കുടുംബജീവിതം – തല്ലും തലോടലും

പ്രണയവിവാഹിതരുടെ കുടുംബജീവിതം – തല്ലും തലോടലും

Sathyadeepam

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

നവദമ്പതികളായ റോയിയും മീനുവും (പേര് വ്യാജം) ഒരേ കോളേജില്‍ നിന്നാണ് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. സീനിയര്‍ ജൂനിയര്‍ ആയി പഠിച്ച അവര്‍ക്കിടയില്‍ പ്രണയം തളിര്‍ക്കുകയും പൂവിടുകയും ചെയ്ത അത്യാവശ്യം സംഭവബഹുലമായൊരു ക്യാമ്പസ് കാലം ഉണ്ടായിരുന്നു. അല്പം കൂടുതല്‍ ന്യൂജെന്‍ സ്റ്റൈല്‍ പരീക്ഷിച്ചതിന്‍റെ പേരില്‍ അദ്ധ്യാപകര്‍ക്കും വീട്ടുകാര്‍ക്കും ഒരു ഘട്ടത്തില്‍ നാട്ടുകാര്‍ക്കും വരെ കാര്യമായി ഇടപെടേണ്ട കുറച്ചധികം സീനുകള്‍ രണ്ടാളും കൂളായി ചെയ്തു കൂട്ടീട്ടുമുണ്ട്. ചത്താലും ഞങ്ങള്‍ വച്ച കാല്‍ പിന്നോട്ട് കുത്തില്ലെന്നുള്ള പിടിവാശി പുലര്‍ത്തിയ കാമുകനെയും കാമുകിയെയും ഒടുവില്‍ വീട്ടുകാര്‍ കെട്ടിച്ചു. ഇപ്പോ കേട്ടീട്ടു ഏതാണ്ടൊരു ആറുമാസം കഴിഞ്ഞു. കറങ്ങാന്‍ പറ്റുന്ന അത്യാവശ്യം സ്ഥലങ്ങളിലെല്ലാം ഹണിമൂണ്‍ ആഘോഷിച്ചു, വീട്ടുകാരുടെ സമ്പാദ്യം കാര്യമായിട്ടൊന്നു കൈകാര്യം ചെയ്തു തുടക്കം അധികം ഗംഭീരമാക്കി നവദമ്പതികള്‍. ഇനിയങ്ങോട്ട് അടിച്ചുപൊളിച്ചു കളയാന്‍ കാശു തരാനില്ലെന്നു രണ്ടു വീട്ടുകാരും കട്ടായം പറയുകയും വീട്ടുകാരുടെ ബിസിനസ്സിലേക്കോ അവരവര്‍ പഠിച്ച ഫീല്‍ഡിലുള്ള ജോലിയിലേക്കോ കയറാന്‍ ഉള്ള ആഭ്യന്തര സമ്മര്‍ദ്ദങ്ങളും നിര്‍ബന്ധവും വന്നു. വീട്ടില്‍ സീന്‍ കോണ്‍ട്രാ ആയപ്പോളാണ് നായകനും നായികയും ജീവിതത്തെക്കുറിച്ചു സീരിയസ് ആയി ചിന്തിച്ചു തുടങ്ങിയത്. സ്വന്തമായി പത്തു കാശുണ്ടാക്കണേല്‍ സ്വന്തമായി അധ്വാനിക്കണം എന്ന ഓള്‍ഡ് ഫിലോസഫി ഇപ്പോഴും മാറീട്ടില്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍ പണി എടുത്തു ശീലമില്ലാത്ത യുവമിഥുനങ്ങള്‍ പ്രതിസന്ധിയിലായി.

അപ്പോ എങ്ങനാ കാര്യങ്ങളൊക്കെ?
വീട്ടുകാര്‍ ചോദ്യങ്ങള്‍ നിര്‍ത്തിയില്ല… നാട്ടുകാരും കൂട്ടുകാരും ഒക്കെ ചോദ്യങ്ങള്‍ തുടങ്ങി. കൂട്ടത്തില്‍ കുറച്ചുകൂടെ സീരിയസ് ആയ ഭാര്യ മീനു ഓള്‍ഡ് ലവ്വറും ഇപ്പോള്‍ ഭര്‍ത്താവുമായ റോയ് ബ്രോയോട് ജീവിതത്തെക്കുറിച്ചു സീരിയസ് ആയ കാര്യങ്ങള്‍ സംസാരിക്കാന്‍ ആദ്യമായി ശ്രമിച്ചു. തന്‍റെ കെട്ടിയോന് ഒന്നിനെക്കുറിച്ചും ഒരു സീരിയസ്നെസ്സ് ഇല്ലാന്ന് പണ്ടേ തോന്നിയിരുന്നെങ്കിലും പ്രണയത്തിന്‍റെയും ഹണിമൂണിന്‍റെയും ഓലപ്പുറത്തു മീനുവും ഒരൊറ്റ സീരിയസ് മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളു. അതു കല്യാണമായിരുന്നു. അതും താന്‍ മുന്‍കൈ എടുത്തില്ലാരുന്നേല്‍ നടക്കില്ലായിരുന്നു എന്നതും മീനുവിന് നല്ല ഓര്‍മ വന്നു. കാരണം ഇന്നേവരെ ജീവിതത്തില്‍ മാന്യമായ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാത്ത റോയ് കെട്ടിക്കഴിഞ്ഞുള്ള പല കാര്യങ്ങളിലും സ്വന്തമായ ഒരു നിലപാടെടുക്കാതെ വന്നപ്പോള്‍ മീനുവിന് പിടിവിട്ടു. അധികം താമസിയാതെ ഇണക്കുരുവികള്‍ കീരിയും പാമ്പും കളി തുടങ്ങി. അപ്പോളേക്കും വിവാഹം കഴിഞ്ഞു 9 മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു അവര്‍

അപ്പോ അങ്ങനാണ് കാര്യങ്ങള്‍
പോസ്റ്റ് മാരിറ്റല്‍ കോണ്‍സള്‍റ്റേഷനും കൗണ്‍സിലിംഗിനുമായി കളമശ്ശേരിയിലുള്ള എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോഴണ് ഞാന്‍ ഇവരെ പരിചയപ്പെട്ടത്. വാക്ക് തര്‍ക്കങ്ങളും ചേര്‍ച്ചയില്ലായ്മയും അമിത ദേഷ്യവും അത്യാവശ്യം തല്ലും പിടിത്തവുമൊക്കെ ആയി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു അപ്പോള്‍ അവര്‍.

പരസ്പര ബഹുമാനം കുറഞ്ഞു തുടങ്ങുന്നുവെന്നും പഴയപോലൊരു വൈബ് തങ്ങള്‍ക്കിടയില്‍ ഇപ്പോഴില്ലെന്നും സെക്ഷ്വല്‍ ലൈഫില്‍ വരെ ഗ്യാപ്പുകള്‍ വരുന്നു എന്നും തങ്ങള്‍ ഇപ്പോള്‍ ഹാപ്പി അല്ലാ എന്നും ഒറ്റയ്ക്ക് അവരോടു സംസാരിച്ചപ്പോള്‍ അവര്‍ തുറന്നു പറഞ്ഞു. അവരുടെ രണ്ടാളുടെയും ജീവിതത്തില്‍ വിവാഹത്തിന് ശേഷം സംഭവിച്ച കാര്യങ്ങളെ ഓരോന്നായി പരിശോധിച്ച് പല സെഷനുകളിലൂടെ അവര്‍ക്കിടയിലെ ഗ്യാപ് പരിഹരിച്ചു രണ്ടാളുടേം പെരുമാറ്റത്തിലും സംസാരത്തിലും ഉള്ള കുറവുകള്‍ പരിഹരിക്കാന്‍ പര്യാപ്തമായ അവബോധം സൃഷ്ടിക്കാനും സാധിച്ചപ്പോള്‍ ഹാപ്പി ഫാമിലി ആയി അവര്‍ ജീവിതം തുടര്‍ന്നു.

പ്രേമിച്ചു കെട്ടിയാല്‍ ലൈഫ് കോണ്‍ട്രാ ആകുമോ?
പരസ്പരം കണ്ടിഷ്ടപ്പെട്ടു, പ്രണയിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി എന്നതുകൊണ്ട് കുടുംബജീവിതം അലമ്പാകുമെന്നു പറഞ്ഞാല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരില്‍ വളരെ ഹാപ്പി ആയി ജീവിതം കൊണ്ടുപോകുന്നവര്‍ ഒരിക്കലും സമ്മതിക്കില്ല. പക്ഷെ മറ്റൊരു കൂട്ടര്‍ ഇത് ശരി വച്ചു പ്രണയവിവാഹത്തെ എതിര്‍ത്തു സംസാരിച്ചെന്നിരിക്കും. ‘വേണ്ടായിരുന്നു ഈ ബന്ധം. അന്നത്തെ ആവേശത്തില്‍ ചാടിപ്പുറപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല’ എന്ന സങ്കടം പേറുന്ന, ഹാപ്പി അല്ലാതെ ജീവിക്കുന്ന അനേകര്‍ ചുറ്റുമുണ്ട്. അപ്പോള്‍ പ്രണയിച്ചു വിവാഹം കഴിച്ചവരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ഹാപ്പി കപ്പിള്‍സും അത്ര ഹാപ്പി അല്ലാത്ത കപ്പിള്‍സും. എന്തൊക്കെയോ ചില ഘടകങ്ങള്‍ പ്രണയവിവാഹ ജീവിതം അനുകൂലമാക്കുന്നു. മറ്റു ചില ഘടകങ്ങള്‍ പ്രണയവിവാഹിതരുടെ ജീവിതം പ്രതികൂലമാക്കുന്നു എന്നു ചുരുക്കം.

പ്രേമിച്ചു കെട്ടിയാല്‍ ഗുണമുണ്ടാകുമോ
ആര് ആരെ പ്രണയിക്കുന്നു എന്നതാണ് പ്രണയവിവാഹ വിജയത്തിന്‍റെ കാതല്‍. രണ്ടാളുടെയും വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍, ഏതു വീട്ടിലേക്കു ചെല്ലുന്നു, വിവാഹശേഷമുള്ള രണ്ടു വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും ഇടപെടലുകളും രീതികളും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചുറ്റുപിണഞ്ഞു കിടക്കുന്ന മേഖലയാണ് വിവാഹം. അതുകൊണ്ട് തന്നെ പരസ്പരം കണ്ടിഷ്ടപ്പെട്ടു, അടുത്ത് കഴിഞ്ഞപ്പോള്‍ കുറവുകളടക്കം അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കി അംഗീകരിച്ചു ജീവിതത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് പൊരുത്തപ്പെട്ടു പോകാന്‍ എളുപ്പമായിരിക്കും. രണ്ടാള്‍ക്കും രണ്ടു വീട്ടിലേയും ആള്‍ക്കാരേയും അവരുടെ പെരുമാറ്റത്തിലുള്ള രീതികളും മറ്റും അറിയാമെങ്കില്‍ ഇടപെടാന്‍ എളുപ്പമായി. രണ്ടു വീടുകളുടേം സാമ്പത്തിക കാര്യങ്ങളും സാമൂഹ്യ സാഹചര്യങ്ങളും ഒക്കെ ഷെയര്‍ ചെയ്തു മനസൊരുക്കി ജീവിതത്തിലേക്ക് ഒരുമിച്ചു മുന്നേറാന്‍ പറ്റുന്ന മെച്യൂരിറ്റി ഉള്ള പങ്കാളികള്‍ക്ക് പ്രണയ വിവാഹജീവിതം സ്വര്‍ഗതുല്യമായിരിക്കും. പരസ്പരം അടുപ്പമുള്ളതുകൊണ്ടും പണ്ടേ പരിചിതരായതുകൊണ്ടും ലൈംഗിക ജീവിതത്തില്‍ ഭയമോ സമ്മര്‍ദ്ധമോ നാണക്കേടോ കൂടാതെ ഇടപഴകാനും ഇവര്‍ക്ക് അല്പം കൂടെ എളുപ്പമുണ്ടാകും. ഏതു പ്രശ്നമുണ്ടെലും പങ്കാളി എന്ത് വിചാരിക്കും എന്ന ചിന്തയില്‍ മൂടി വയ്ക്കാതെ എന്തും തുറന്നു സംസാരിക്കുകയും സാമ്പത്തിക കാര്യങ്ങളടക്കം കൃത്യമായി പ്ലാന്‍ ചെയ്തു നല്ലൊരു ടീം വര്‍ക്കില്‍ ജീവിതം നന്നായി മുന്നോട്ടു കൊണ്ട് പോകുന്നവരുമുണ്ട്.

കെട്ടിക്കഴിഞ്ഞപ്പോള്‍ സ്വഭാവം മാറിയോ
പങ്കാളികളുടെ സ്വഭാവം മറ്റൊരു വില്ലനാണ്. പ്രണയകാലത്തു കണ്ണടച്ച് വിട്ട പലതും പിന്നീട് ലാഘവത്തോടെ ചെയ്താല്‍ പഴയ കാമുകി അഥവാ ഇപ്പോഴത്തെ ഭാര്യ വെറുതെ ഇരിക്കില്ല. മദ്യപാനമായിക്കോട്ടെ പുകവലിയായിക്കോട്ടെ മൊബൈലില്‍ കുത്തിക്കളിച്ചു ചാറ്റ് ചെയ്യലാകട്ടെ വീഡിയോ കാണലാകട്ടെ എന്തും. തന്‍റെ പ്രാണപ്രിയ ഭാര്യ റോളില്‍ എത്തിയപ്പോള്‍ അവള്‍ക്കെന്നോടൊരു ബഹുമാനമില്ല എന്ന് തോന്നുന്ന യുവ ഭര്‍ത്താവും, പ്രണയകാലത്തെ ‘ഐ മിസ്സ് യു ഡാ’ വിളിയുമായി പിന്നാലെ നടന്നിരുന്ന പഴയ കാമുകന്‍ ഭര്‍ത്താവായപ്പോള്‍ അവന്‍ തന്നെ ഭരിക്കാന്‍ വരുന്നു എന്ന് തോന്നിത്തുടങ്ങുന്ന യുവ ഭാര്യയും പരസ്പരം തങ്ങളുടെ അതൃപ്തികളുടെ പറത്തി പ്പുസ്തകം തുറന്നു തുടങ്ങാന്‍ ഒരു മാസം പോലും എടുക്കില്ല. പഴയ ഇഷ്ടം ഇപ്പോളെന്നോടില്ല എന്നത് സഹിക്കാന്‍ ഓള്‍ഡ് കാമുകിക്കും കാമുകനും പറ്റാതാവുമ്പോള്‍ പഴയ ഫ്രീഡം മനസ്സില്‍ വച്ചു ബെല്ലും ബ്രേക്കും ഇല്ലാതെ ചീത്ത വിളിക്കുമ്പോള്‍ രണ്ടാളുടേം ഒറിജിനല്‍ സെല്‍ഫ് വിഷം ചീറ്റി പുറത്തു വരും. പിന്നെ പടകാളി ചാണ്ടിച്ചങ്കരി പോരാട്ടം. വീട്ടുകാര്‍ക്ക് ശോകം. നാട്ടുകാര്‍ക്ക് പൂരം.

പ്രണയിക്കുന്നവര്‍ കെട്ടും മുന്‍പ്
ലവ് ബിഫോര്‍ മാര്യേജ് ആന്‍ഡ് ആഫ്റ്റര്‍ മാര്യേജ് ഈസ് ഡിഫറെന്‍റ് എന്നൊരു സൂപ്പര്‍ ഡയലോഗ് ‘അലൈ പായുതേ’ എന്ന തമിഴ് സിനിമയില്‍ നമ്മള്‍ കണ്ടു. ഇഷ്ടമാണ് എന്നത് കൊണ്ട് മാത്രം ചാടിക്കേറി കെട്ടാന്‍ പോകല്ലേ. അതിനു ചില പൊടിക്കൈകള്‍ ആധുനിക മനഃശാസ്ത്രം പറയുന്നുണ്ട്.

അതിലൊന്ന് ഒരു മനഃശാസ്ത്രഞ്ജന്‍റെ സഹായത്തോടെ നടത്തുന്ന പ്രീ മാരിറ്റല്‍ ഡിസിഷന്‍ മേക്കിങ് കണ്‍സല്‍റ്റേഷന്‍ മാരിറ്റല്‍ കോംപാറ്റിബിലിറ്റി ബിഹേവിയര്‍ അസ്സെസ്സ്മെന്‍റുമാണ്. പ്രണയിക്കുന്ന രണ്ടാളുകളും മനസ് തുറന്നു സംസാരിക്കുന്നത് വഴി അവരെ ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന റോളിലാണ് സൈക്കോളജിസ്റ്റ് പ്രവര്‍ത്തിക്കുക.

മറ്റൊന്ന് കമിതാക്കളുടെ ആത്മബന്ധത്തിന്‍റെ ആഴം അവര്‍ക്കു സ്വയം മനസിലാക്കാന്‍ വേണ്ട സെല്‍ഫ് ടെസ്റ്റ് ആണ്. നമ്മുടെ ഉള്ളിലെ ഇഷ്ടം സ്ട്രോങ്ങ് ആണോന്നറിയാന്‍ എന്നും കണ്ടും മിണ്ടീമിരുന്നാല്‍ പറ്റില്ല. വിവാഹത്തിലേക്കെന്നുള്ള തീരുമാനം എടുക്കപ്പെടും മുന്‍പ് ഒരു ഐഡിയല്‍ ഗ്യാപ് വേണം. പരസ്പരം തീരുമാനിച്ചുറക്കുന്ന, അധികം ആശയവിനിമയം നടത്താത്ത ഒരു ഗ്യാപ്. ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള ഈ ഗ്യാപ്പിനു ശേഷവും രണ്ടാള്‍ക്കും ഒന്നാകാനുള്ള മനസു ശക്തമായി നില്‍ക്കുന്നുണ്ടെങ്കില്‍, ഐ ഡോണ്ട് വാണ്ട് ടു മിസ്സ് യു എന്ന ഫീല്‍ അപ്പോഴും ഉണ്ടെങ്കില്‍ അവര്‍ വിവാഹജീവിതത്തില്‍ ഒന്നാകേണ്ടവരാണ്. രണ്ടിലൊരാള്‍ക്കെങ്കിലും താത്പര്യമില്ലെന്ന് കണ്ടാല്‍ ആ ബന്ധം തുടരാതിരിക്കുന്നതാണ് നല്ലത്. 40-50 വര്‍ഷമൊക്കെ ഒരുമിച്ചു മുന്നേറേണ്ട ദാമ്പത്യ ജീവിതത്തിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഒരു ഗ്യാപ് ഇടുന്നത് പക്വതയാര്‍ന്ന തീരുമാനമാണോ ഞങ്ങളെ ഒരുമിപ്പിക്കുന്നതെന്നു തിരിച്ചറിയാനാണ്. അത്തരമൊരു തിരിച്ചറിവിലൂടെ ഒന്നാകാന്‍ പറ്റുന്നവര്‍ വിവാഹശേഷം രണ്ടാകില്ല. ദൈവം യോജിപ്പിച്ചത് പാറമേല്‍ പണിത പാവനമായി നിലകൊള്ളും.

Mob:97440 75722
Email: vipinroldantofficial@gmail.com

Leave a Comment

*
*