|^| Home -> Suppliments -> Familiya -> സുന്ദരിയാണെന്ന് എന്നോടും പറഞ്ഞൂടെ

സുന്ദരിയാണെന്ന് എന്നോടും പറഞ്ഞൂടെ

Sathyadeepam

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

 

‘എന്‍റെ ഭര്‍ത്താവ് ഏതു ഫങ്ക്ഷന് പോയാലും ഏതു സ്ത്രീകളെ കണ്ടാലും പറയും സുന്ദരിയാണ് എന്ന്. ഭാര്യയായ എന്നോട് മാത്രം പറയില്ല. മറ്റുള്ളവര്‍ ഞാന്‍ സുന്ദരിയാണെന്നു പറഞ്ഞാലും ഭര്‍ത്താവ് മാത്രം നോ കമന്‍റ്സ്. സുന്ദരിയാണെന്നു എന്നോടും പറഞ്ഞൂടെ’. ഫാമിലി കൗണ്‍സിലിംഗിന് വന്ന ഒരു സ്ത്രീയുടെ കമന്‍റ് ഇപ്രകാരം ആയിരുന്നു.

‘ഞാന്‍ അതിരാവിലെ എണീറ്റ് കൃത്യമായി എക്സര്‍സൈസ് ചെയ്ത്, ജിമ്മില്‍ പോയി എന്‍റെ ബോഡി പ്രോപ്പര്‍ ആയി കെയര്‍ ചെയ്തു നടക്കുന്ന ആളാണ്. ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത ആള്‍ എന്ന രീതിയില്‍ എന്‍റെ ഫ്രണ്ട് സും ഓഫീസിലുള്ളവരും ഒക്കെ വളരെ പോസിറ്റീവ് ആയിട്ടാണ് എന്നോടു സംസാരിക്കാറുള്ളത്. പക്ഷെ എന്‍റെ ഭാര്യ മാത്രം കമാന്നൊരക്ഷരം മിണ്ടില്ല. ഞാന്‍ കുടവയറും തടിയും കുറച്ചു എന്‍റെ ഹെല്‍ത്ത് നോക്കുന്നത് കൊണ്ട് എനിക്ക് രോഗങ്ങളില്ല. അഭിനന്ദിക്കത്തില്ല എന്നു മാത്രല്ല പുച്ഛമനോഭാവം.’ ഇത് ഫാമിലി കൗണ്‍സിലിംഗിന് വന്ന ഒരു ഭര്‍ത്താവിന്‍റെ വാക്കുകള്‍.

പറയേണ്ടവര്‍ പറയാതിരിക്കുന്നു. ആരില്‍നിന്നും കേള്‍ക്കണമെന്നാഗ്രഹിക്കുന്നോ അവര്‍ മാത്രം ഒന്നും പറയുന്നില്ല. എല്ലാവരും വാനോളം നമ്മെ പുകഴ്ത്തു മ്പോഴും വേണ്ടപ്പെട്ടവനും വേണ്ടപ്പെട്ടവളും അവഗണിക്കുന്നതിന്‍റ സങ്കടങ്ങള്‍.

എന്നുമെന്നും ഞാന്‍ എന്തിനാണ് ഭാര്യയോട് സുന്ദരിയാണെന്ന് പറയുന്നത്. അഹങ്കാരിയായി പോവില്ലെ.

അവള്‍ക്കത്ര സൗന്ദര്യമൊന്നുമില്ല. മുഖത്തു നോക്കീട്ട് എങ്ങനാ നുണ പറയുന്നത്. അത്രക്കൊന്നുമില്ല. അവള്‍ കുറച്ചൂടെ മിടുക്കിയായി നടക്കട്ടെ. അന്നേരം പറയാം.

അങ്ങേരു എക്സര്‍സൈസ് ചെയ്യട്ടെ. നോക്കാം. എത്ര നാളുകള്‍ പോകുമെന്ന്. ഇതു പല തവണ തുടങ്ങീതാ. ആദ്യമൊക്കെ ഞാന്‍ ഒത്തിരി നല്ലതു പറഞ്ഞിട്ടുണ്ട്. ഇപ്പോ കണ്ടു ശീലമായി. എന്നും പറഞ്ഞാല്‍ ബോര്‍ അടിക്കില്ലേ.

മേല്‍പ്പറഞ്ഞ ചിന്തകള്‍ നല്ലതു പറയുന്നതില്‍ നിന്ന് നമ്മെ തടഞ്ഞേക്കാം. ഏതൊരു ഭര്‍ത്താവിനും തന്‍റെ ഭാര്യ ആയിരിക്കണം ഏറ്റവും സുന്ദരി, ഏതൊരു ഭാര്യയ്ക്കും തന്‍റെ ഭര്‍ത്താവാകണം ഏറ്റവും സുന്ദരന്‍. സ്നേഹത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ മാത്രമേ തന്‍റെ ജീവിത പങ്കാളിയുടെ സൗന്ദര്യം ശരിയായ രീതിയില്‍ നമുക്ക് അനുഭവമാകൂ. കാരണം സ്നേഹമാണ് സൗന്ദര്യം.

ചേതമില്ലാത്ത വാക്കുകള്‍; ചേതമുള്ള ഗുണങ്ങള്‍
നമ്മുടെ വാക്കുകള്‍ക്ക് GST അടക്കേണ്ട. അതുകൊണ്ട് തന്നെ പിശുക്കാതെ നല്ല വാക്കുകള്‍ ഉപയോഗിക്കൂ. ഒരു ചേതവുമില്ലല്ലോ അതിന്. മുതല്‍ മുടക്കില്ല. അധ്വാനമില്ല. കേള്‍ക്കുന്ന ആളുകള്‍ക്കും പറയുന്നവര്‍ക്കും സന്തോഷം. ആ അന്തരീക്ഷം തന്നെ സുന്ദരമാകും. അസ്വസ്ഥതകള്‍ മാറി സ്വസ്ഥമാകും മനസുകള്‍.

നല്ലത് കാണുമ്പോള്‍ സന്തോഷത്തോടെ നല്ല വാക്കുകള്‍ മൊഴിയാന്‍ നല്ലൊരു മനസും വേണം. എത്രയധികം പ്രശംസകള്‍ കൊടുത്താലും നമ്മിലെ നന്മയുടെ ഉറവ വറ്റില്ലാന്നു മാത്രമല്ല മറ്റൊരാളുടെ നന്മ പ്രത്യേ കിച്ചും ജീവിതപങ്കാളിയിലെ നല്ല കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രൊമോട്ട് ചെയ്യുന്നത് ഒരു പുണ്യവുമാണ്.

മുറ്റത്തെ മുല്ലക്ക് മണമില്ലേ?!
മുറ്റത്തെ മുല്ലയുടെ സൗന്ദര്യവും പ്രത്യേകതകളും ആരുടേയും കണ്ണിലുടക്കില്ല. ആരാന്‍റെ മുല്ല സൂപ്പര്‍ ആണെന്ന് പറയാന്‍ വെമ്പി നടക്കുന്നവര്‍ സ്വന്തം വീട്ടിലെ മുല്ല അടിപൊളിയാണെന്നു മനസ്സിലാക്കുന്ന ‘അയല്‍വാസികള്‍’ ചുറ്റുമുണ്ടെന്നുള്ള കാര്യം ഇടയ്ക്കിടക്കെങ്കിലും ഓര്‍ക്കുന്നതു നല്ലതാണ്. മറ്റൊരാള്‍ കണ്ടു ഭ്രമിക്കുന്ന മുല്ലപ്പൂക്കള്‍ വാടാതെ കരിയാതെ നറുസുഗന്ധമായി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അതിന് പരിമളം പരത്താന്‍ വേണ്ട വെള്ളവും വളവുമാണ് നമ്മുടെ സ്നേഹവും അഭിനന്ദനവും നിറഞ്ഞ വാക്കുകള്‍.

വീട്ടില്‍ തനി നിറം; നാട്ടില്‍ അഭിനയം
‘വീട്ടുകാരോട് നല്ല വാക്ക് പറഞ്ഞാലെന്ത് പറഞ്ഞില്ലേലെന്ത് അവരെപ്പോഴും എന്‍റെ ചുറ്റുമുണ്ടാകും. അങ്ങനല്ലല്ലോ നാട്ടുകാരും കൂട്ടുകാരും. അവരോടു നല്ലതൊക്കെ പറഞ്ഞാലല്ലേ നമുക്ക് ഒരു മതിപ്പൊക്കെ കിട്ടൂള്ളൂ.’ എന്നു വിചാരിച്ചു ഉള്ളതും ഇല്ലാത്തതും പുകഴ്ത്തി കളറു കൂട്ടി അടി ക്കുന്നവരുണ്ട്. അവര്‍ ഇല്ലാത്ത കാര്യങ്ങള്‍ പുകഴ്ത്തി പറയുന്നവരായിട്ടാകും പൊതുജനമധ്യത്തില്‍ അറിയപ്പെടുക. ഇത് അവര്‍ അറിയണമെന്നുമില്ല.

ഹാപ്പി ആകണമെങ്കില്‍; ഹാപ്പി ആക്കുക
നമുക്ക് എപ്പോഴും സന്തോഷമുള്ളവരാകാന്‍ ഒരു എളുപ്പവഴിയുണ്ട്. നമുക്ക് ചുറ്റുമുള്ളവരെ ഹാപ്പി ആക്കുക. നമുക്ക് ചുറ്റുമുള്ളവര്‍ ഹാപ്പി ആയിക്കഴിഞ്ഞാല്‍ നമ്മള്‍ സ്വാഭാവികമായും ഹാപ്പി ആകും. നമുക്ക് വേണ്ടപ്പെട്ടവരോട് നല്ല വാക്കുകള്‍ പറയുമ്പോള്‍ അവര്‍ ഹാപ്പിയാകും, അതുവഴി നമ്മളും.

പിശുക്കാതെ പറയാം; ഇനി മുതല്‍
ഇന്നു മുതല്‍ വാക്കുകളില്‍ പിശുക്ക് കൂടാതെ പ്രോത്സാഹനത്തിന്‍റെയും അഭിനന്ദനത്തിന്‍റെയും വാക്കുകള്‍ നമ്മുടെ വീട്ടില്‍ അലയടിക്കട്ടെ. ദമ്പതികള്‍ തമ്മിലും, മക്കള്‍ മാതാപിതാക്കളോടും അവര്‍ തിരിച്ചും മധുരമൂറുന്ന സത്യസന്ധമായ ആത്മാര്‍ത്ഥമായ വാക്കുകള്‍ കൊണ്ട് പരസ്പരം വളര്‍ത്തട്ടെ. ഒരെ ഒരു ജീവിതമേ നമുക്കുള്ളൂ. അതു സുന്ദരമാകട്ടെ. സമാധാന പൂര്‍ണവും.

Leave a Comment

*
*