Latest News
|^| Home -> Suppliments -> Familiya -> സ്നേഹിക്കാനും അറിയട്ടെ

സ്നേഹിക്കാനും അറിയട്ടെ

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

നാട്ടിന്‍പുറങ്ങളിലെ ഒറ്റയടിപ്പാതകളിലൂടെ നടന്നാല്‍ തെങ്ങിലും കമുകിലും മറ്റും പശുക്കളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. കയറിന്‍റെ പരമാവധി നീളം വലിഞ്ഞ് അവ പുല്ലു തിന്നുന്നുണ്ടാവും. ഒരു വാഴക്കന്നോ മറ്റോ കണ്ടാല്‍ കയറു കഴുത്തില്‍ വലിഞ്ഞു മുറുകാവുന്നത്ര വലിച്ചും കഴുത്തും നാവും പരമാവധി നീട്ടിയും വാഴക്കന്നിന്‍റെ നാമ്പ് നക്കിയെടുത്തിട്ടുമുണ്ടാവും.

ശാസ്ത്രവും ടെക്നോളജിയും വിജ്ഞാനശാഖകളും ഒരുപാടു വളര്‍ന്നു. ലോകം വിരല്‍ത്തുമ്പില്‍ത്തന്നെ. എന്നിട്ടും ഭൂരിപക്ഷം മനുഷ്യരും കയറില്‍ കെട്ടിയിട്ട പശുക്കളെപ്പോലെ ശരീരത്തെ മാത്രം പ്രദക്ഷിണം വച്ചുകൊണ്ടേയിരിക്കുന്നു. ജീവിതം ആ ചെറിയ വട്ടത്തിലേക്കു ചുരുക്കുന്നു. ഒരു വിശാലലോകം തുറന്നു കിടന്നിട്ടും അതനുഭവിക്കാനാകുന്നില്ല.

ജിയോ, സ്മിതയെ സ്നേഹിച്ചു നിനക്കുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണെന്നൊക്കെ പറഞ്ഞു പലരോടും അവളെ പ്രതി വഴക്കു കൂടി. എന്നിട്ടും ഒടുവിലവള്‍ പിന്‍വാങ്ങിയപ്പോള്‍ ജിയോ സ്മിതയുടെ മേല്‍ ആസിഡ് ഒഴിച്ച് അവളെ പൊള്ളിച്ചു വിരൂപയാക്കി. ഇതിനെ സ്നേഹം എന്നു വിളിക്കുവാന്‍ കഴിയുമോ? സ്നേഹം ആര്‍ക്കും ഒരു ദ്രോഹവും ചെയ്യില്ലല്ലോ. ജിയോയ്ക്ക് ഇഷ്ടമുണ്ടായിരുന്നു; ആ ഇഷ്ടം ശരീരത്തോടായിരുന്നു. ശരീരത്തിനുപരിയായ സ്നേഹാനുഭവം അവനറിയില്ലായിരുന്നു. ഇതുപോലെയാണു സ്നേഹിച്ചുകൊണ്ടു നടന്നു ലൈംഗികമായി ദുരുപയോഗിക്കുന്നതും.

സ്നേഹം അതിശക്തവും ഏറ്റവും സുഖപ്രദവും സുന്ദരവുമായ അതിഭൗതിക പോസിറ്റീവ് എനര്‍ജിയാണ് എന്നു ചുരുക്കിപ്പറയാം. പൈതലായിരുന്നപ്പോള്‍ നമ്മള്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചു. അന്ന് അതായിരുന്നു ഏറ്റവും വലിയ ആനന്ദം. കുഞ്ഞിനെ സന്തോഷമായും സുഖമായും കിടക്കുവാന്‍ സഹായിക്കുകയാണ് ഒരമ്മയുടെയും ഏറ്റവും വലിയ ആനന്ദം. അതുകൊണ്ടല്ലേ ആ കാലത്ത് അമ്മ മറ്റുളള എല്ലാ വ്യവഹാരങ്ങളും പരിമിതപ്പെടുത്തുന്നത്!

പിന്നീട് കുഞ്ഞു വളരും. അപ്പോള്‍ അവന്‍റെ സ്നേഹപരിധിയും വളരണം. അങ്ങനെ വളരാനവസരം ലഭിക്കണം. പല്ലു മുളയ്ക്കു ന്ന കാലത്തു കുഞ്ഞ് അമ്മയെ കടിക്കും. അമ്മയ്ക്കു നോവും. അപ്പോള്‍ അമ്മയ്ക്കു നോവുന്നു എന്ന് അവനോടു പറയണം. അച്ഛനോ മറ്റു കുടുംബാംഗങ്ങളോ അതു കളിയായി കാണാനും പാടില്ല. ചില വീടുകളില്‍ അങ്ങനെ കണ്ടിട്ടുണ്ട്. കുഞ്ഞ് അമ്മയെ വേദനിപ്പിക്കുമ്പോള്‍ മറ്റുള്ളവരെല്ലാംകൂടി ചിരിച്ചും രസിച്ചും കുഞ്ഞിനെ പ്രോത്സാഹിപ്പിക്കും. ഇതില്‍ അമ്മയോടുള്ള വ്യക്തിവൈരാഗ്യമാണ് ഒളിഞ്ഞിരിക്കുന്നത്.

നല്ല താരാട്ടുപാട്ടുകളും കഥകളും പറഞ്ഞു കേള്‍പ്പിച്ചും പൂക്കളെയും പുഴകളെയും ഓമനിക്കാന്‍ പരിശീലിപ്പിച്ചും കുഞ്ഞുങ്ങളില്‍ സ്നേഹിക്കുവാനുള്ള കഴിവു വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. ഒരു പഴയ സിനിമാക്കഥ ഓര്‍മ വരുന്നു. ബാബുമോന്‍ എന്നൊരു സമര്‍ത്ഥനായ കുട്ടി തന്‍റെ കൂട്ടുകാരന് ഒന്നാംസ്ഥാനം കിട്ടുവാന്‍വേണ്ടി അറിയാവുന്ന ഒരു ചോദ്യത്തിന്‍റെ ഉത്തരം എഴുതാതിരിക്കുന്നു. ആ ഒരു സ്നേഹപ്രകടനംകൊണ്ടു ദരിദ്രനായ കൂട്ടുകാരന് ഒരു സ്കോളര്‍ഷിപ്പ് തരമാക്കാന്‍ അവനു കഴിഞ്ഞു. ഇവിടെ ഒന്നാംസ്ഥാനം തീരെ ചെറുതായിപ്പോയില്ലേ? ഇതിനെയാണു വ്യക്തിത്വവികാസം എന്നു വിളിക്കുന്നത്.

ശരീരത്തിനുപരിയായ ഒരു വലിയ ഊര്‍ജ്ജമണ്ഡലമുണ്ട്. ആ ഊര്‍ജ്ജമണ്ഡലവുമായുള്ള സമ്പര്‍ക്കം പരിചയിച്ചാല്‍ ചില ആറാം ഇന്ദ്രിയാനുഭവങ്ങള്‍ നമുക്കുണ്ടാകും. അതിനെ ഇന്‍ട്യൂഷന്‍ എന്നു പറയും. ഇത്തരം ഇന്‍ട്യൂഷനുകളെ പരിഗണിക്കാന്‍ പരിശീലിച്ചാല്‍ അപകടം ഉണ്ടാകാനുള്ള ഒരു സാദ്ധ്യതയെക്കുറിച്ചു സൂചന ലഭിക്കും. പാമ്പുകള്‍ പിന്‍വലിയുന്നതു കണ്ടിട്ടില്ലേ? അതുപോലെ ചില പിന്മാറ്റങ്ങള്‍ വിജയത്തിലേക്ക് എത്തിച്ചേരുവാന്‍ മനുഷ്യനും ആവശ്യമാണ്.

ഇന്‍ട്യൂഷന്‍ ഒരു ശക്തമായ പ്രേരണയോ തോന്നലോ ആണ്. ഒരപകടസാദ്ധ്യത, അല്ലെങ്കില്‍ ഒരു വിജയസാദ്ധ്യത. ബുദ്ധിപൂര്‍വം ഇത്തരം തോന്നലുകളെ പിന്തുടരാനുള്ള കുട്ടികളുടെ സ്വാഭാവികമായ കൗതുകത്തെ തല്ലിക്കെടുത്താതിരിക്കാം.

മനുഷ്യന്‍റെ മഹത്ത്വം സ്നേഹിക്കുന്നതിലാണ്. സ്നേഹിക്കുന്നതില്‍ മാത്രമാണു മനുഷ്യനു ദൈവത്തിന്‍റെ ഛായ ലഭിക്കുന്നത്. സ്നേഹത്തെ കൂടെ അനുഭവിച്ചും രുചിച്ചും അറിയുന്നവരായി നമ്മു ടെ മക്കള്‍ സന്തോഷത്തോടെ വളരട്ടെ!

Leave a Comment

*
*