നല്ല മാസ് ജീവിതങ്ങള്‍

നല്ല മാസ് ജീവിതങ്ങള്‍

ജോസഫ് ജോര്‍ജ്ജ് ചക്യേത്ത്
പ്രധാനാദ്ധ്യാപകന്‍, സെ. ജോസഫ് ചര്‍ച്ച്, കോക്കുന്ന്

ജോസഫ് ജോര്‍ജ്ജ് ചക്യേത്ത്
ജോസഫ് ജോര്‍ജ്ജ് ചക്യേത്ത്

കുട്ടികളുടെ ജീവിതത്തില്‍ അദ്ധ്യാകര്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. സ്‌കൂളിലെ അദ്ധ്യാപകര്‍ ഒരു പ്രത്യേക വിഷയം കേന്ദ്രീകൃതമായി കുട്ടികളുമായി ഇടപഴകുമ്പോള്‍ ഒരു വേദ പാഠ അദ്ധ്യാപകന്റെ ഇടപഴകലുകള്‍ ഒരു കുട്ടിയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും ഇരിക്കുക. ആത്മാക്കളെ തൊട്ടുണര്‍ത്താന്‍ കഴിവുളളവരാണ് വേദപാഠ അദ്ധ്യാപകര്‍.

മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരുപാടു വേദപാഠ ക്ലാസ്സുകളും അദ്ധ്യാപകരും ചുറ്റുമുള്ളപ്പോഴും ഏറ്റവും ആദ്യം മനസ്സിലേയ്ക്ക് ഓടിയെത്തുക ആറാം ക്ലാസ്സില്‍ പഠിപ്പിച്ച സി. ടി. പൗലോസ് സാറിന്റേതാണ്. തികച്ചും സൗമ്യനായ പൗലോസ് സാറിന്റെ ക്ലാസ്സുകള്‍ ഏറെ സന്തോഷം തരുന്നവയായിരുന്നു. ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടെന്നൊക്കെ കേട്ടതും മനസ്സിലാക്കിയതുമൊക്കെ സാറിന്റെ ക്ലാസ്സില്‍ നിന്നാണ്. വലുതാകുമ്പോള്‍ ആരായി തീരാനാണ് നിങ്ങള്‍ക്കിഷ്ടം എന്നൊരു ചോദ്യം കുട്ടികളോട് ചോദിച്ചുകൊണ്ടാണ് ഒരു ഞായറാഴ്ചയിലെ ക്ലാസ്സ് ആരംഭിക്കുന്നത്. സ്വയം ചിന്തിച്ചു തുടങ്ങിയ കുട്ടികളൊക്കെ തങ്ങളാല്‍ ആവുംവിധം ഏറെ നിറം പിടിപ്പിച്ച ആഗ്രഹങ്ങളൊക്കെ പങ്കുവച്ചു. ഈയുളളവന്റെ ഊഴം വന്നപ്പോള്‍ എന്തു പറയണമെന്നാലോചിച്ചു അല്‍പം കുഴങ്ങിയെങ്കിലും ആരും അതുവരെ പറഞ്ഞിട്ടില്ലാത്ത ഒരാഗ്രഹം ഞാനുമെടുത്ത് വീശി. പുറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഔദ്യോഗികമായി അതൊന്നും ആയിത്തീര്‍ന്നില്ലെങ്കിലും പിന്നിട്ട വഴികളെല്ലാം അന്നു പറഞ്ഞ ആഗ്രഹത്തിന്റെ സഫലീകരണം പയ്യെ സാധ്യമാവുന്നുണ്ടെന്ന് മനസ്സിലായി. ഭാവിയില്‍ ഒരധ്യാപകന്‍ ആകണം എന്നായിരുന്നു അന്ന് ഞാന്‍ പങ്കുവച്ച ആഗ്രഹം. ഒരു സ്‌കൂള്‍ അദ്ധ്യാപകന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസപരിശീലന മേഖലയില്‍ കുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കാന്‍ ദൈവം വിളിച്ചതിനെ ഏറെ സന്തോഷത്തോടെ കാണുന്നു.

ആമുഖത്തില്‍ പറഞ്ഞപോലെ ഒരു പ്രത്യേകവിഷയാസ്പദമായല്ലാതെ കുട്ടികളുടെ ആത്മാവിനെ തന്നെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ അവരുമായി ഇടപഴകാന്‍ വിശ്വാസപരിശീലന പ്രക്രിയ ഉപകരിക്കുന്നുണ്ട്. ഓരോരുത്തരും ദൈവത്തിന്റെ പ്രത്യേക കരവേലകളാണെന്നും ദൈവത്തിന് നമ്മെക്കുറിച്ച് വലിയ സ്വപ്നങ്ങളുമുണ്ടെന്ന് പൗലോസ് സാര്‍ കുട്ടികളായ ഞങ്ങള്‍ക്ക് പറഞ്ഞുതരികയായിരുന്നു. നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോള്‍ എല്ലാം ദൈവമഹത്വത്തിനായി സംഭവിക്കുമെന്നും സാര്‍ ഞങ്ങളെ ഉദ്‌ബോധിപ്പിച്ചു. അന്ന് സാര്‍ ചോദിച്ച ചോദ്യം തന്നെയാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ ഒരു ചൂണ്ടുപലകയായതും ജീവിതത്തോട് തന്നെ അമിതാവേശം കാണിക്കാനും ഞങ്ങളെ പ്രാപ്തരാക്കിയത്. വലിയ വലിയ ലക്ഷ്യബോധങ്ങളിലേയ്ക്ക് ഇളം മനസ്സുകളെ പരുവപ്പെടുത്തിയെടുക്കാന്‍ പൗലോസ് സാറിന്റെ ചെറു ചോദ്യങ്ങള്‍ക്ക് സാധിച്ചു എന്നതില്‍ തര്‍ക്കമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org