സൂത്രക്കാരനായ ശ്വാനന്‍

സൂത്രക്കാരനായ ശ്വാനന്‍

ഒരിക്കല്‍ ഒരു നായ തന്‍റെ യജമാനന്‍റെ മതില്‍ക്കെട്ടിനു വെളിയില്‍ ഒരു മരച്ചുവട്ടില്‍ കിടന്ന് അലസനായി ഉറങ്ങുകയായിരുന്നു. ഒരു ചെന്നായ തൊട്ടടുത്തു വന്നുനിന്നതും അവനെ ചാടിപ്പിടിച്ചതും പെട്ടെന്നായിരുന്നു. നായ വല്ലാതെ പരിഭ്രാന്തനായി. ചെന്നായ ഇതാ തന്‍റെ കഥ കഴിക്കാന്‍ പോകുന്നു. പക്ഷേ, പെട്ടെന്നൊരു ബുദ്ധി അവന്‍റെ തലയില്‍ ഉദിച്ചു. എന്‍റെ ചെന്നായേ, എന്നെ തിന്നേക്കല്ലേ, ഞാന്‍ പനിയും രോഗവും പിടിച്ചു കിടക്കുകയാണ്. അതാണ് എന്നെ യജമാനന്‍ ഗെയ്റ്റിനു പുറത്താക്കിയിരിക്കുന്നത്. ഇപ്പോള്‍ എന്നെ തിന്നാല്‍ വെറും എല്ലു മാത്രമല്ലേയുള്ളൂ. പോരാത്തതിന് എന്‍റെ രോഗം നിനക്കു പകര്‍ന്നുവെന്നും വരാം."

ഏതായാലും നായയുടെ വാക്കുകള്‍ ലക്ഷ്യം കണ്ടു. ചെന്നായയ്ക്കു സംശയമായി. അവന്‍ വേഗം പിടി അയച്ചു. നായ വീണ്ടും തുടര്‍ന്നു: "പോയി വിളവെടുപ്പിന്‍റെ കാലമാകുമ്പോഴേക്കും വാ. അപ്പോഴേക്കും ഞാന്‍ സൗഖ്യം പ്രാപിക്കും, തടിച്ചു കൊഴുക്കും. നിനക്കു സുന്ദരമായ ഒരു സദ്യയുണ്ണാന്‍ ഭാഗ്യമുണ്ട്."

നായയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത ചെന്നായയ്ക്ക് ഇഷ്ടമായി. "ശരി ഞാന്‍ പോയിവരാം" എന്നു പറഞ്ഞവന്‍ യാത്രയായി. മാസങ്ങള്‍ കഴിഞ്ഞു വസന്തഋതു വന്നപ്പോള്‍ ചെന്നായ വാഗ്ദത്തം ചെയ്യപ്പെട്ട തന്‍റെ സദ്യ ഉണ്ണാനെത്തി. പക്ഷേ, തന്‍റെ യജമാനന്‍റെ ഗെയ്റ്റിനു പുറത്തേയ്ക്കു വരാന്‍ നായ കൂട്ടാക്കിയില്ല. ചെന്നായ് അക്ഷമനായി പറഞ്ഞു, "നായേ, നീ വേഗം ഇറങ്ങി വാ."

"ഒരു രക്ഷയുമില്ല. ഞാന്‍ പുറത്തിറങ്ങിയപ്പോഴാണല്ലോ നീയെന്നെ തിന്നാന്‍ വന്നത്? എനിക്കു സുഖമില്ല എന്നൊക്കെ ഞാന്‍ വെറുതെ പറഞ്ഞതായിരുന്നു. ഇനി ഞാന്‍ നിന്‍റെ കെണിയില്‍ വീഴില്ല."

പാവം ചെന്നായയ്ക്ക് അപ്പോഴാണു നായ തന്നെ ഉപായത്തില്‍ തോല്പിച്ചതാണ് എന്നു മനസ്സിലായത്. അവന്‍ നാണിച്ചു സ്ഥലം വിട്ടു.

അപകടങ്ങളില്‍ അകപ്പെടുമ്പോഴും ബുദ്ധി ഉപയോഗിച്ചാല്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ ലഭിച്ചേക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org