Latest News
|^| Home -> Suppliments -> ULife -> സ്പാര്‍ട്ടക്കസ് – 1960 – സ്റ്റാന്‍ലി കുബ്രിക്

സ്പാര്‍ട്ടക്കസ് – 1960 – സ്റ്റാന്‍ലി കുബ്രിക്

Sathyadeepam

ക്രിസ്തുവിനു മുമ്പുള്ള ഒന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകഥാപാത്രമാണ് സ്പാര്‍ട്ടക്കസ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്നിരുന്ന അന്നത്തെ റോമന്‍ സാമ്രാജ്യത്തിന് അനേകായിരം അടിമകളുണ്ടായിരുന്നു. അടിമകളുടെ കൂട്ടത്തിലെ പ്രതിഭാശാലിയും ധീരനും സ്വാതന്ത്ര്യകാംക്ഷിയുമായിരുന്നു സ്പാര്‍ട്ടക്കസ്. അടിമകളെ പോരാളികളായി പരിശീലിപ്പിക്കുകയും മരണം വരെ പരസ്പരം പോരടിക്കുന്ന ദ്വന്ദ്വയുദ്ധം കണ്ട് ആസ്വദിക്കുകയും ചെയ്യുമായിരുന്നു സാമ്രാജ്യാധിപതികള്‍. ദ്വന്ദ്വയുദ്ധമല്ലന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് അടിമകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. സ്പാര്‍ട്ടക്കസിനും ഈ പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതിനും അതു കണ്ടു മറ്റു മനുഷ്യര്‍ ആസ്വദിക്കുന്നതിനും എതിരായിരുന്നു അയാള്‍.

റോമന്‍ സെനറ്റര്‍ ക്രാസൂസിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അതിഥിക്ക് ആസ്വദിക്കാന്‍ ഏര്‍പ്പെടുത്തിയ ദ്വന്ദ്വയുദ്ധത്തില്‍ സ്പാര്‍ട്ടക്കസായിരുന്നു ഒരു പോരാളി. പോരാട്ടത്തില്‍ സ്പാര്‍ട്ടക്കസിനെ നിരായുധനാക്കി കീഴ്പ്പെടുത്തിയ എതിരാളി പക്ഷേ അയാളെ കൊല്ലാന്‍ വിസമ്മതിക്കുന്നു. ആസ്വാദകരായ അധികാരികളുടെ നേരെ ആയുധമെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ അവര്‍ വധിച്ചു.

പ്രാകൃതമായ മല്ലയുദ്ധത്തിനും അടിമത്തത്തിനുമെതിരായ വികാരം അടിമകളില്‍ വളര്‍ന്നു വരുന്നു. മല്ലയുദ്ധപോരാളികളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍ ക്രാസൂസിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചുണ്ടായ പ്രശ്നം കലാപമായി മാറുന്നു. അടിമകള്‍ അക്രമോത്സുകരായി പുറത്തു കടക്കുന്നു. അവരുടെ നേതൃത്വം സ്പാര്‍ട്ടക്കസ് ഏറ്റെടുക്കുന്നു. റോമന്‍ സാമ്രാജ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള വഴികള്‍ അവര്‍ ആരായുന്നു. തങ്ങളുടെ ശക്തി തീരെ ചെറുതല്ലെന്ന് ആത്മവിശ്വാസത്തോടെ അവര്‍ മനസ്സിലാക്കുന്നു.

അടിമകളായ കലാപകാരികളുടെ കൂട്ടം, സ്വന്തം നാടുകളിലേയ്ക്കു മടങ്ങാന്‍ ഇറ്റാലിയന്‍ ഗ്രാമാന്തരങ്ങളിലൂടെ പടയോട്ടം ആരംഭിക്കുന്നു. പടയോട്ടത്തിനിടയില്‍ കൊള്ള നടത്തി അവര്‍ പണവും സമാഹരിക്കുന്നുണ്ട്. റോമായുടെ ശത്രുക്കളില്‍ നിന്ന് ഒരു കപ്പല്‍ വിലയ്ക്കു വാങ്ങിയിട്ടുവേണം സമുദ്രം താണ്ടി അവര്‍ക്കു സ്വന്തം നാടുകളിലേയ്ക്ക് എത്തിച്ചേരുവാന്‍. പടയോട്ടത്തിനിടെ കൂടുതല്‍ അടിമകള്‍ ഇവരുടെ കൂടെ ചേരുകയും അതൊരു വന്‍സൈന്യമായി മാറുകയും ചെയ്യുന്നു. സ്പാര്‍ട്ടക്കസ്, ഈ സ്വാതന്ത്ര്യകാംക്ഷികളുടെ പുതുസൈന്യത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കുന്നു. ഇതിനിടയില്‍ സ്പാര്‍ട്ടക്കസിന്‍റെ പ്രണയിനി ഗര്‍ഭവതിയാകുന്നുണ്ട്.

സ്പാര്‍ട്ടക്കസിന്‍റെ സൈന്യം തീരം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ അവരെ തടയാന്‍ റോമന്‍ സൈന്യം പലവട്ടം നടത്തിയ ശ്രമങ്ങള്‍ പരാജയമായി. പരിഭ്രാന്തരായ സാമ്രാജ്യാധികാരികള്‍ ചതി പ്രയോഗിക്കുന്നു. തങ്ങള്‍ക്കു സഹായം ലഭിക്കും എന്നു അടിമസൈന്യം വിചാരിക്കുന്ന തീരപ്രദേശത്തെ കൊള്ളക്കാരെ റോമാക്കാര്‍ വിലയ്ക്കെടുക്കുന്നു. ഇത്തരം കുതന്ത്രങ്ങളിലൂടെ സാമ്രാജ്യം സ്പാര്‍ട്ടക്കസിന്‍റെ സൈന്യത്തെ വളയുന്നു. അനേകം അടിമകളെ പിന്നില്‍ നിന്നാക്രമിച്ച് അവര്‍ കൂട്ടക്കൊല ചെയ്തു. അവശേഷിക്കുന്ന സ്പാര്‍ട്ടക്കസിനെയും കൂട്ടരെയും സൈന്യം വളഞ്ഞു. പരാജയം അടിമകള്‍ക്ക് ഉറപ്പായി. എന്നാല്‍ ഈ പോരാട്ടത്തിലൂടെ മനുഷ്യരാണു തങ്ങളുമെന്ന് അടിമകള്‍ തെളിയിച്ചതായും അടിമത്തവ്യവസ്ഥിതിക്കു തങ്ങള്‍ കനത്ത ആഘാതം ഏല്‍പിച്ചു കഴിഞ്ഞതായും സ്പാര്‍ട്ടക്കസ് തന്‍റെ സൈനികരോടു പറയുന്നു. കീഴടങ്ങാതെ പോരാടി മരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമകള്‍ അതിനു തയ്യാറായി. അടിമകളെ കീഴ്പ്പെടുത്തിയ സൈന്യം സ്പാര്‍ട്ടക്കസിനെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. സ്പാര്‍ട്ടക്കസിനു മാപ്പു നല്‍കാമെന്നും അടിമത്തത്വത്തിലേയ്ക്കു തിരിച്ചു കൊണ്ടുപോകാമെന്നും വാഗ്ദാനം ചെയ്യുന്നു. നേതാവായ സ്പാര്‍ട്ടക്കസിന് എല്ലാവര്‍ക്കും പാഠമാകുന്ന തരത്തില്‍ പ്രത്യേകമായ ശിക്ഷ നല്‍കുകയാണ് റോമാക്കാരുടെ ലക്ഷ്യമെന്നു വ്യക്തമാകുന്ന അടിമകള്‍ സ്പാര്‍ട്ടക്കസിനെ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നില്ല. ആരാണു സ്പാര്‍ട്ടക്കസ് എന്ന ചോദ്യത്തിന് എല്ലാവരും ഞാനാണു സ്പാര്‍ട്ടക്കസ് എന്ന ആവേശത്തോടെ മറുപടി പറയുന്നു. അതോടെ എല്ലാവരേയും കുരിശില്‍ തറച്ചു കൊല്ലാന്‍ അധികാരിയായ ക്രാസുസ് കല്‍പനയിടുന്നു.

ഇതിനിടെ സ്പാര്‍ട്ടക്കസിന്‍റെ പ്രണയിനിയും കുഞ്ഞും വരുന്നത് ക്രാസുസ് തിരിച്ചറിയുന്നു. അവരെ സ്വാധീനിക്കാനുള്ള ക്രാസുസിന്‍റെ ശ്രമം പാഴായി. സ്പാര്‍ട്ടക്കസിനെയും ക്രാസുസ് തിരിച്ചറിയുന്നു. സ്പാര്‍ട്ടക്കസിനു ഒരു രക്തസാക്ഷിയുടെ പരിവേഷവും ഐതിഹാസിക മാനവും ലഭിക്കുന്നതു ഒഴിവാക്കാന്‍ ക്രാസുസ് ശ്രമിക്കുന്നുണ്ട്. പക്ഷേ ആ തന്ത്രങ്ങളില്‍ സ്പാര്‍ട്ടക്കസ് വീഴുന്നില്ല.

ഇതിനിടെ, ക്രാസുസിന്‍റെ ശത്രുവായ ഗ്രാച്ചുസ്, സ്പാര്‍ട്ടക്കസിന്‍റെ ഭാര്യയെയും മകനെയും ക്രാസുസിന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെടുത്തി സ്വതന്ത്രരാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. അപ്രകാരം അവര്‍ രക്ഷപ്പെട്ടു. ഭാര്യയും മകനും റോമില്‍ നിന്നു രക്ഷപ്പെട്ടു പോകുന്നതിനിടെ സ്പാര്‍ട്ടക്കസിന്‍റെ കുരിശിന്‍ ചുവട്ടിലെത്തുന്നുണ്ട്. സ്പാര്‍ട്ടക്കസ് അവരെ കാണുന്നു. ഭാര്യയും മകനും അടിമത്തത്വത്തില്‍ നിന്നു രക്ഷപ്പെട്ടെന്നും മകന്‍ ഒരു അടിമയായിട്ടല്ല, സ്വതന്ത്രമനുഷ്യനായിട്ടായിരിക്കും ഭാവിയില്‍ ജീവിക്കുകയെന്നും മനസ്സിലാക്കുന്നതിന്‍റെ ആശ്വാസത്തിലാണ് സ്പാര്‍ട്ടക്കസ് വീരചരമം പ്രാപിക്കുന്നത്.

Leave a Comment

*
*