വി. അംബ്രോസ് (340-397) മെത്രാന്‍, വേദപാരംഗതന്‍

വി. അംബ്രോസ് (340-397) മെത്രാന്‍, വേദപാരംഗതന്‍
Published on

ആധുനിക ഫ്രാന്‍സും ബ്രിട്ടനും സ്പെയിനും ആഫ്രിക്കയുടെ ഏതാനും ഭാഗവും ചേര്‍ന്നതാണ് ചരിത്രത്തില്‍ ഗോള്‍ (Gaul) എന്നു പറയുന്ന പ്രദേശം. ഗോളിലെ പ്രീഫെക്ടായിരുന്ന അംബ്രോസിന്‍റെ മകന്‍ തന്നെയാണ് വി. അംബ്രോസ്. ഒരഭിഭാഷകനായി അദ്ദേഹം ജോലി ആരംഭിച്ചു. 33-ാമത്തെ വയസ്സില്‍ മിലാനില്‍ താമസിച്ചു. ലിഗ്ഗുരിയാ, എമിലിയാ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായി ചാര്‍ജെടുത്തു. പിറ്റേ വര്‍ഷം മിലാനില്‍ ഒരു മെത്രാനെ തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ആര്യന്‍ പാഷണ്ഡികളും കത്തോലിക്കരും തമ്മില്‍ പുതിയ മെത്രാന്‍റെ തിരഞ്ഞെടുപ്പിനെപ്പറ്റി തര്‍ക്കമുണ്ടായപ്പോള്‍ സമാധാനപരമായി തിരഞ്ഞെടുപ്പു നടത്താന്‍ ഗവര്‍ണര്‍ അംബ്രോസിനെ ഉദ്ബോധിപ്പിച്ചു. തത്സമയം ഒരു ശിശു "അംബ്രോസുതന്നെ മെത്രാന്‍" എന്നു വിളിച്ചു പറഞ്ഞു. കുട്ടിയുടെ ആഹ്വാനം ജനങ്ങള്‍ ഉറക്കെ പിന്താങ്ങി. "ഞങ്ങള്‍ക്ക് അംബ്രോസിനെത്തന്നെ മെത്രാനായി വേണം." അങ്ങനെ 374 ഡിസംബര്‍ 7-ാം തീയതി അംബ്രോസ് ജ്ഞാനസ്നാനവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ചു. അദ്ദേഹം തന്‍റെ സ്വത്തു മുഴുവന്‍ ദരിദ്രര്‍ക്കും തിരുസ്സഭയ്ക്കുമായി നല്കി.

എല്ലാ ഞായറാഴ്ചകളിലും അംബ്രോസ് മിലാന്‍ കത്തീഡ്രലില്‍ പ്രസംഗിച്ചിരുന്നു. പലപ്പോഴും കന്യാത്വത്തെപ്പറ്റി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. സീസറോയെപ്പോലെ ഒരു വാഗ്മിയായിരുന്ന അംബ്രോസിന് ഗവണ്‍മെന്‍റില്‍ നല്ല സ്വാധീനമുണ്ടായിരുന്നതുകൊണ്ട് ആര്യന്‍ പാഷണ്ഡികളെ ചെറുത്തുനില്ക്കാന്‍ പ്രയാസമുണ്ടായില്ല.

ചക്രവര്‍ത്തിമാരുടെ കുറ്റങ്ങളും ബിഷപ്പ് അംബ്രോസ് വെറുതെ വിട്ടില്ല. ഔക്സെന്‍സിയൂസു ചക്രവര്‍ത്തിയോടുള്ള തര്‍ക്കത്തില്‍ അദ്ദേഹം പറഞ്ഞു: "ചക്രവര്‍ത്തി തിരുസ്സഭയി ലെ ഒരംഗമാണ്; തിരുസ്സഭയ്ക്ക് മേലല്ല" തെസലോനിക്കയില്‍ അനേകരുടെ വധത്തിനു കാരണമായിത്തീര്‍ന്ന തെയോഡോഷ്യസു ചക്രവര്‍ത്തിയെ പരസ്യപ്രായശ്ചിത്തം ചെയ്തതിനുശേഷമേ ദൈവാലയത്തില്‍ കയറാന്‍ അനുവദിച്ചുള്ളൂ.

വി. അഗസ്റ്റിന്‍റെ മാനസാന്തരത്തിനു വി. അംബ്രോസിന്‍റെ പ്രസംഗങ്ങള്‍ വളരെ ഉപകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് അഗസ്റ്റിനെ ജ്ഞാസ്നാനപ്പെടുത്തിയതും. വി.ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം മുതലായ വിഷയങ്ങളെപ്പറ്റി ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പല ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അംബ്രോസിയന്‍ കീര്‍ത്തനങ്ങള്‍ പ്രാചിന കാലങ്ങളില്‍ത്തന്നെ പ്രസിദ്ധമായിരുന്നു. മിലാനില്‍ അംബ്രോസിയന്‍ എന്ന പേരില്‍ ഒരു റീത്തു തന്നെയുണ്ട്; അംബ്രോസിയന്‍ ഗാനങ്ങളാണ് അതിന്‍റെ പ്രത്യേകത. അംബ്രോസിയന്‍ സന്യാസ സഭ എന്നിങ്ങനെ പല സ്ഥാപനങ്ങളും അദ്ദേഹത്തിന്‍റെ നാമത്തിലുണ്ട്. ഒരു രാജ്യത്തെ ഗവര്‍ണര്‍ ഭക്തനായ ഒരു മെത്രാനായി മാറുക കൃപാവരത്തിന്‍റെ ശക്തിയാണ് പ്രദ്യോതിപ്പിക്കുന്നുത്.

വിചിന്തനം: "ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരിച്ച് അധ്വാനിക്കുന്നവര്‍ക്കത്രേ" (വി.അംബ്രോസ്).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org