വി. അ​ഗസ്റ്റിൻ (354-430) മെത്രാൻ, വേദപാരം​ഗതൻ

വി. അ​ഗസ്റ്റിൻ (354-430) മെത്രാൻ, വേദപാരം​ഗതൻ

സെയിന്‍റ്സ് കോര്‍ണര്‍

മനിക്കേയന്‍ പാഷണ്ഡതയില്‍ അമര്‍ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെ തന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവായിത്തീര്‍ന്ന അഗസ്റ്റിന്‍റെ മനസ്സിനെ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്‍ത്ഥനകളും വി. അംബ്രോസിന്‍റെ പ്രസംഗങ്ങളും പൗലോസിന്‍റെ ലേഖനങ്ങളും കൂടി 33-ാമത്തെ വയസ്സില്‍ ക്രിസ്തുമതത്തിലേക്കും 36-ാമത്തെ വയസ്സില്‍ പൗരോഹിത്യത്തിലേക്കും 41-ാമത്തെ വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക? പാപിയായ ഈ ബുദ്ധിരാക്ഷസന്‍ ഒരുദ്യാനത്തിലിരുന്ന് ഇങ്ങനെ ചിന്തിച്ചു: "എത്ര നാളാണ് കര്‍ത്താവേ, എത്ര നാളാണ് ഇങ്ങനെ കഴിയുക?… നാളെ… നാളെ… എന്തുകൊണ്ട് ഇപ്പോള്‍ത്തന്നെ ആയിക്കൂടാ?" അപ്പോള്‍ ഒരു ശിശുവിന്‍റെ സ്വരം കേട്ടു. "എടുത്തു വായിക്കുക." അടുത്തിരുന്ന ശ്ലീഹായുടെ ലേഖനം തുറന്നു വായിച്ചു. "അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസൂയയും വെടിഞ്ഞു പകല്‍ സമയത്തെന്നപോലെ വ്യാപരിക്കാം. നമ്മുടെ കര്‍ത്താവീശോമിശിഹായെ ധരിക്കുവിന്‍" (റോമാ 13:13-14). 387-ലെ ഉയിര്‍പ്പ് തിരുനാള്‍ ദിവസം അഗസ്റ്റിനും മകന്‍ ഈശ്വരദത്തനും സ്നേഹിതന്‍ അലീപ്പിയൂസും വി. അംബ്രോസിന്‍റെ കരങ്ങളില്‍ നിന്ന് ജ്ഞാന സ്നാനം സ്വീകരിച്ചു.

391-ല്‍ അഗസ്റ്റിന്‍ വൈദികനായി. 396-ല്‍ ഹിപ്പോയിലെ മെത്രാനായി ആത്മകഥനത്തിനു പുറമേ, ഈശ്വരനഗരം, പരിശുദ്ധത്രിത്വം മുതലായ വലുതും ചെറുതുമായ 103 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനാല്‍ അഗസ്റ്റിന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനും വേദപാരംഗതന്മാരുടെ വേദപാരംഗതനുമാണ്. മനിക്കേയിസം, ഡൊണാറ്റിസം, പെലാജിയനിസം എന്നീ പാഷണ്ഡതകളെ അദ്ദേഹം വിജയപൂര്‍വ്വം എതിര്‍ത്തു.

ഗ്രന്ഥങ്ങളെക്കാള്‍ മെച്ചം അദ്ദേഹത്തിന്‍റെ ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായ പൊസീഡിയസു പ്രസ്താവിച്ചിരിക്കുന്നു. അതെ, അഗസ്റ്റിന്‍ വിശുദ്ധിയില്‍ വച്ച് വിജ്ഞനും വിജ്ഞരില്‍ വച്ച് വിശുദ്ധനുമാണ്.

വിചിന്തനം: "എന്നും പ്രാചീനവും എന്നും അര്‍വ്വചീനവുമായ സൗന്ദര്യമേ, ഞാന്‍ അങ്ങയെ സ്നേഹിക്കാന്‍ എത്ര വൈകിപ്പോയി."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org